Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:02 am
  • 19th April, 2024
  • Broken Clouds
30.82°C28.17°C
  • Humidity: 79 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന വ്യാപകമായി മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ സമരത്തിലാണ്. അത്യാഹിത വിഭാഗം, തീവ്രപരിചരണം, അടിയന്തര ശസ്ത്രക്രിയ എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഫലത്തില്‍ സംസ്ഥാനത്ത് 24 മണിക്കൂര്‍ സമയം രോഗികള്‍ ജീവന്‍ കയ്യില്‍പ്പിടിച്ചു വേണം കഴിയാന്‍. ലോക്‌സഭ തിങ്കളാഴ്ച പാസാക്കിയ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ (എന്‍.എം.സി) ബില്ലിന് എതിരെയാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം.

നിലവില്‍, ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനുമുള്ള ചക്രവര്‍ത്തിപദം മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയ്ക്കാണ് (എം.സി.ഐ). രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ കോളേജുകളുടെ രജിസ്‌ട്രേഷന്‍, അനുമതി, വര്‍ഷാവര്‍ഷമുള്ള പരിശോധനകള്‍, അഫിലിയേഷന്‍, ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇവയെല്ലാം എം.സി.ഐയുടെ കുത്തകയാണ്. എം.സി.ഐ സ്വകാര്യ- സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ അഴിമതിക്കും ക്രമക്കേടുകള്‍ക്കും ചൂട്ടുപിടിക്കുന്ന കറക്കുകമ്പനിയായി മാറിയെന്നത് തെളിവു സഹിതം പുറത്തു വന്ന യാഥാര്‍ത്ഥ്യം. 

2010 ല്‍ അന്ന് എം.സി.ഐ അധ്യക്ഷനായിരുന്ന കേതന്‍ ദേശായി സി.ബി.ഐയുടെ അറസ്റ്റിലായതോടെയാണ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അഴിമതികളുടെ ഭീകരരൂപം ജനങ്ങളറിഞ്ഞത്. അന്ന്, എം.സി.ഐ തന്നെ പിരിച്ചുവിട്ട് രാഷ്ട്രപതി ഉത്തരവിറക്കുകയും ചെയ്തു. കേതന്‍ ദേശായിയുടെ ഓഫീസില്‍ നിന്ന് സി.ബി.ഐ സംഘം പിടിച്ചെടുത്തത് ഒന്നര കിലോ സ്വര്‍ണവും 80 കിലോ വെള്ളിയും. അഹമ്മദാബാദിലെ അദ്ദേഹത്തിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് 35 ലക്ഷം രൂപയും അന്വേഷണസംഘം പിടിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ദേശായി സമ്പാദിച്ചു കൂട്ടിയത് നാനൂറിലധികം വസ്തുവകകളാണെന്നാണ് റിപ്പോര്‍ട്ട്.

മെഡിക്കല്‍ കൗണ്‍സിലിന് ഒരു പകരം സംവിധാനത്തെക്കുറിച്ച് അന്നേ തുടങ്ങിയ ചര്‍ച്ചകളാണ് ദേശിയ മെഡിക്കല്‍ കമ്മിഷന്‍ എന്ന ആശയത്തിലേക്ക് എത്തിയത്. മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ പിരിച്ചുവിട്ട്, വിപുലമായ അധികാരങ്ങളോടെയുള്ള എന്‍.എം.സിക്ക് രൂപം നല്‍കുന്നതിന് എതിരെയാണ് ഡോക്ടര്‍മാരുടെ സമരം.

ദേശീയ മെഡിക്കല്‍ കമ്മിഷന്റെ നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങളിലൊന്നാണ്, എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷയും പി.ജി പ്രവേശനപരീക്ഷയും നെക്സ്റ്റ് എക്‌സാം എന്ന പേരില്‍ ഒന്നാക്കുക എന്നത്. ഈ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും മെഡിക്കല്‍ പി.ജി കോഴ്‌സുകളിലേക്കുള്ള പ്രവേശനം. വിദേശ രാജ്യങ്ങളില്‍ നിന്ന് എം.ബി.ബി.എസ് നേടിയവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് അനുവദിക്കുന്നതിന് ലൈസന്‍സ് നല്‍കാനുള്ള യോഗ്യതാ പരീക്ഷയും ഇതുതന്നെയായിരിക്കും.

ദേശീയ മെഡിക്കല്‍ കമ്മിഷന്‍ നിലവില്‍ വരുന്നതോടെ രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെ അഫിലിയേഷന്‍ അതിനു കീഴിലാകും. നീറ്റ്, എക്‌സിറ്റ് പരീക്ഷകളുടെ നടത്തിപ്പു മാത്രമല്ല, സ്വാശ്രയ മേഖലയിലേത് ഉള്‍പ്പെടെ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റില്‍ ഫീസ് ഘടന നിശ്ചയിക്കുന്നതും കമ്മിഷന്‍ ആയിരിക്കും. പക്ഷേ, ഈ രണ്ടു വിഷയങ്ങളും അധികം ബാധിക്കുന്നത് സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകളെയാണെങ്കില്‍ ഡോക്ടര്‍മാരുടെ വേവലാതി അതല്ല.

ബി.ഡി.എസ് (ഡെന്റല്‍ കോഴ്‌സ്) ഉള്‍പ്പെടെ മറ്റു മെഡിക്കല്‍ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും, മറ്റു ചികിത്സാശാഖകള്‍ പരിശീലിച്ചവര്‍ക്കും എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്കു തുല്യമായി അലോപ്പതി ചികിത്സ നടത്താന്‍ അനുമതി നല്‍കുന്ന ഒരു പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ മനസ്സിലുണ്ട്. ഗ്രാമീണ മേഖലകളില്‍ ഡോക്ടമാരുടെ കുറവ് നികത്താനാണ് ഇതെന്നാണ് വാദം. ഇവര്‍ക്കെല്ലാം രോഗികളെ പരിശോധിച്ച് അലോപ്പതി മരുന്നുകള്‍ കുറിച്ചുനല്‍കാനുള്ള അവസരം കൈവരും. അതിനു യോഗ്യത നല്‍കാനുള്ള ബ്രിഡ്ജ് കോഴ്‌സിന്റെ സ്വഭാവം സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതേയുള്ളൂ. ദേശീയ മെഡിക്കല്‍  കമ്മിഷന്‍ നിലവില്‍ വന്നാല്‍ അതിനു കീഴില്‍ ബ്രിഡ്ജ് കോഴ്‌സും യാഥാര്‍ത്ഥ്യമാകും എന്നതാണ് ഇപ്പോഴത്തെ സമരങ്ങള്‍ക്കു പിന്നില്‍.

എന്തൊരു അപകടംപിടിച്ച ആലോചനയെന്ന് ആര്‍ക്കായാലും തോന്നും. എന്നാല്‍, അതിനൊപ്പം പരിഗണിക്കേണ്ടുന്ന മറ്റു ചില വിഷയങ്ങള്‍ കൂടിയുണ്ട്. സ്വതന്ത്രമായി വേണം വിലയിരുത്താന്‍.

1. രാജ്യത്ത് എം.ബി.ബി.എസിനു താഴെ, ബി.ഡി.എസ്, ബി.എ.എം.എസ് തുടങ്ങിയ കോഴ്‌സുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളാരും ആ കോഴ്‌സുകളോടുള്ള പ്രത്യേക അഭിരുചി കാരണമല്ല അതു തിരഞ്ഞെടുത്തത്. റാങ്ക് ലിസ്റ്റില്‍ അല്പം താഴെയായിപ്പോയി എന്നേയുള്ളൂ. അഭിരുചി അലോപ്പതി ചികിത്സയോടു തന്നെയാകും.

2. രാജ്യത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പരിമിതികളും വിദ്യാര്‍ത്ഥി പ്രവേശനത്തിലെ അഴിമതിയും മറ്റും എല്ലാവര്‍ക്കും അറിയാം. അഭിരുചി കാരണമല്ല, ഡോക്ടര്‍ ബിരുദത്തിന്റെ അന്തസ്സും പണക്കൊതിയുമാണ് അവരുടെ നോട്ടം (പലപ്പോഴും രക്ഷിതാക്കളുടെയും). അവിടെ അഭിരുചിക്ക് ഒരു സ്ഥാനവുമില്ല.

3. സ്വാശ്രയ കോളേജുകളില്‍ പഠിച്ചു പുറത്തിറങ്ങുന്നവരില്‍ തിരുമണ്ടന്മാര്‍ നൂറുകണക്കിനു കാണും. വീട്ടുകാരുടെ ബാങ്ക് അക്കൗണ്ടിന്റെ വലുപ്പംകൊണ്ടു മാത്രം എം.ബി.ബി.എസ് നേടുന്നവര്‍. അഭിരുചിയോ മതിയായ പരിശീലനമോ പ്രാവീണ്യമോ ഇല്ലാത്ത ഇക്കൂട്ടര്‍ക്ക് ചികിത്സയ്ക്ക് ലൈസന്‍സ് നല്‍കുന്നതു തന്നെ അപകടം. മറ്റു ചികിത്സാ ശാഖകളില്‍ പഠിച്ച് യോഗ്യതയും പരിചയസമ്പത്തും നേടിയവര്‍ക്ക്, പ്രത്യേക കോഴ്‌സ് വഴി അലോപ്പതി ചികിത്സയില്‍ക്കൂടി വിജ്ഞാനം പകര്‍ന്ന് യോഗ്യതാ പരീക്ഷയ്ക്കു ശേഷം ലൈസന്‍സ് നല്‍കുന്നതില്‍ അപാകതയുണ്ടോ?

4. ഡെന്റല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയാണ് ആദ്യം ഇത്തരമൊരു പദ്ധതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. മെഡിക്കല്‍ കൗണ്‍സില്‍ അതുമായി ബന്ധപ്പെട്ട് ചര്‍ച്ച തുടരുകയാണ്. പദ്ധതി ഫലപ്രദമാകുമോ, കോഴ്‌സ് ഘടന എങ്ങനെ വേണം, സിലബസ് സ്വഭാവം എന്നിവയെല്ലാം പരിശോധിക്കും. അതിന്റെ ഉദ്ദേശ്യശുദ്ധിയെ കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാകില്ല. നിര്‍ദ്ദിഷ്ട ബ്രിഡ്ജ് കോഴ്‌സിന്റെ ആധികാരികതയും പരീക്ഷാ നടത്തിപ്പും ലൈസന്‍സ് നല്‍കലും സുതാര്യവും സത്യസന്ധവുമായിരിക്കുമെന്ന് ഉറപ്പാക്കാനാകുമോ?

5. ലോക്‌സഭ പാസാക്കിയ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ രാജ്യസഭ കൂടി പാസാക്കിയാല്‍ നിയമമാകും. ഈ പറഞ്ഞതെല്ലാം പ്രാബല്യത്തിലാകും. എം.സി.ഐ എന്ന അഴിമതിസംഘത്തിനു പകരം, അതേ സ്വഭാവത്തിലാണ് വരാനിരിക്കുന്ന മെഡിക്കല്‍ കമ്മിഷന്‍ എങ്കില്‍ ഒരു കാര്യവുമില്ല. പിടിച്ചതിനേക്കാള്‍ വലിയതാണല്ലോ ദൈവമേ, മാളത്തിലിരിക്കുന്നത് എന്ന അവസ്ഥയാകും.

6. ആരോഗ്യ വിദ്യാഭ്യാസരംഗത്തെ അഴിമതിയുടെ പുഴുക്കുത്തുകള്‍ സമൂലം നീക്കി, പുതിയ ആരോഗ്യവിദ്യാഭ്യാസ സംസ്‌കാരം രാജ്യത്ത് നടപ്പിലാക്കാനാണെങ്കില്‍ നല്ലത്. ഏതു സമിതിക്കും, അതിനു മീതെ ഉന്നതാധികാര പരിശോധക സമിതി വേണം. ആ സമിതികളില്‍ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ദ്ധര്‍ വേണം. രാഷ്ട്രീയ നോമിനികള്‍ പാടില്ല. ഒരു സംവിധാനം പരാജയമെന്നു കാണുമ്പോള്‍ പുതിയ സംവിധാനം ആലോചിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതാണ് ലോകത്തെവിടെയും ഏതു മേഖലയിലെയും പ്രൊഫഷണല്‍ രീതി. അതില്‍ രാഷ്ട്രീയമോ, അധികാര ഗര്‍വോ, അധികാരനഷ്ടത്തിന്റെ ചൊരുക്കോ ഒന്നും മനസ്സില്‍ സൂക്ഷിക്കേണ്ടതില്ല. കാരണം ഏതു രാജ്യത്തിന്റെയും ശക്തി, പൗരന്മാരുടെ ആരോഗ്യമാണ്.

Readers Comment

Add a Comment