Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:58 pm
  • 9th August, 2026
  • Light Rain
28.36°C28.36°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: പ്രസവശേഷം മറുപിള്ള വേര്‍പെടാതെ അമിതരക്തസ്രാവത്തിന് വഴിവയ്ക്കുന്ന ഗുരുതരാവസ്ഥയിലുള്ള യുവതിയെ എസ് എ ടി ആശുപത്രിയില്‍ അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. മറ്റൊരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ സങ്കീർണാവസ്ഥ തിരിച്ചറിഞ്ഞതിനെ തുടർന്ന് എസ് എ ടി യിലേക്ക് അയയ്ക്കുകയായിരുന്നു. ജൂലായ് നാലാംതീയതി നടന്ന ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയിലായിരുന്ന യുവതി സുഖം പ്രാപിച്ചതോടെ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. പ്ലാസന്‍റ അക്രീറ്റ സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അവസ്ഥ അമിത രക്തസ്രാവമുണ്ടാക്കുന്നതാണ്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ നിര്‍മ്മലയുടെയും മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ വാസുദേവന്‍റെയും നേതൃത്വത്തിലാണ് മൂന്നു മണിക്കൂറോളം നീണ്ട അതിസങ്കീര്‍ണ ശസ്ത്രക്രിയ നടന്നത്. ഗൈനക്കോളജിസ്റ്റുമാരായ ഡോ ജയശ്രീ, ഡോ ശില്‍പ, യൂറോളജി വിഭാഗത്തിലെ ഡോ ദീപു, അനസ്തേഷ്യാവിഭാഗത്തിലെ ഡോ ഷീല, ഡോ ദിവ്യ, ഡോ നന്ദകുമാർ, സ്റ്റാഫ് നേഴ്സ് ആശ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി. യുവതിയുടെആദ്യപ്രസവം സിസേറിയനിലൂടെയായിരുന്നു. രണ്ടാമത്തെ പ്രസവത്തിനായാണ് ഇവർ ആശുപത്രിയിലെത്തിയത്. ഇതില്‍ ഇരട്ടക്കുട്ടികളാണ് ജനിച്ചത്.
ഏതു സാഹചര്യത്തിലും ആദ്യത്തെ പ്രസവം സിസേറിയൻ ആയാൽ രണ്ടാമതും ഗര്‍ഭം ധരിക്കുമ്പോള്‍ മറുപിള്ള ആദ്യം സിസേറിയന്‍ ചെയ്ത മുറിവില്‍ പറ്റിപ്പിടിക്കാനുള്ള സാധ്യത ഏറെയാണ്. ഈ അവസ്ഥയെ പ്ലാസന്‍റ അക്രീറ്റ, ഇന്‍ക്രീറ്റ, പെര്‍ക്രീറ്റ എന്നിങ്ങനെ മൂന്നുതരത്തില്‍ വേര്‍തിരിച്ചിരിക്കുന്നു. ഇത്തരം അവസ്ഥകള്‍ അടുത്തകാലത്തായി കൂടിവരുന്നുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയ്ക്ക് വേണ്ട രക്തവും പോഷകവും എത്തിച്ചുകൊടുക്കുന്ന ജോലിയാണ് മറുപിള്ളയ്ക്കുള്ളത്. കുഞ്ഞിനെ പ്രസവിച്ചശേഷം മറുപിള്ള വേര്‍പെട്ട് പുറംതള്ളപ്പെടും. പ്ലാസന്‍റ അക്രീറ്റ സ്പെക്ട്രം ഡിസോര്‍ഡേഴ്സില്‍ മറുപിള്ള ഗര്‍ഭപാത്രത്തിന്‍റെ ഭിത്തിയോടും മൂത്രസഞ്ചിയോടും ഒട്ടിപ്പിടിച്ചിരിക്കുന്നു. ഇത് പ്രസവശേഷം വേര്‍പെടാതെ അമിതരക്തസ്രാവമുണ്ടാക്കി അമ്മയുടെ ജീവഹാനിക്കുവരെ കാരണമാകുന്നുണ്ട്. അതീവ ഗുരുതരമായ അവസ്ഥയാണിത്. സംസ്ഥാനത്ത് സിസേറിയന്‍ നിരക്കില്‍ കണ്ടുവരുന്ന വര്‍ധന പ്ലാസന്‍റ അക്രീറ്റ സ്പെക്ട്രം ഡിസോര്‍ഡേഴ്സിന്‍റെയും എണ്ണവും വര്‍ധിപ്പിക്കുന്നു. 2017ല്‍ മുപ്പത്തേഴും 2018-ല്‍ മുപ്പത്തേഴും പ്ലാസന്‍റ അക്രീറ്റ സ്പെക്ട്രം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആശങ്കാജനകമായ റിപ്പോര്‍ട്ടുകളാണിവ. പ്ലാസന്‍റ അക്രീറ്റ സ്പെക്ട്രം ഡിസോര്‍ഡേഴ്സിന് ഗൈനക്കോളജിസ്റ്റ്, യൂറോളജിസ്റ്റ്, അനെസ്തറ്റിസ്റ്റ് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെയാണ് ശസ്ത്രക്രിയകള്‍ നടക്കുന്നത്. പത്തുമുതല്‍ 50 യൂണിറ്റ് രക്തം വരെ കയറ്റേണ്ട സാഹചര്യം ഇത്തരം ശസ്ത്രക്രിയകളില്‍ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ നിരവധി അപകടങ്ങള്‍ ഉള്ളതിനാല്‍ ഫലപ്രദമായ മുന്‍കരുതലുകള്‍ എടുത്താല്‍ മാതൃമരണം ഒരളവു വരെ നിയന്ത്രിക്കാന്‍ കഴിയും. അനാവശ്യ സിസേറിയന്‍ ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റിയുള്ള ബോധവത്കരണം അത്യാവശ്യമാണ്.

Readers Comment

Add a Comment