Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രാഥമിക ചികിത്സ കേന്ദ്രങ്ങളില്‍ വരുന്ന നല്ലൊരു ശതമാനം പേരിലും വയറെരിച്ചില്‍, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍, വയറ് വീര്‍പ്പ് എന്നീ ലക്ഷണങ്ങള്‍ കാണാറുണ്ട്. വയറെരിച്ചില്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന അസിഡിറ്റി പലപ്പോഴും ദഹനവ്യവസ്ഥയില്‍ സംഭവിക്കുന്ന തകരാറുകളുടെ സൂചനയാണ്. ചില രോഗികളില്‍, വളരെ നിസ്സാരമായ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന ഈ അവസ്ഥ മറ്റുചിലരില്‍ നിത്യജീവിതത്തില്‍ വളരെയധികം പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു. 'അസിഡിറ്റി' ഒരു ലക്ഷണമായതിനാല്‍ തന്നെ, ആമാശയത്തിലേയോ കുടലിലേയോ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അസിഡിറ്റിയുടെ ചികിത്സയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അസിഡിറ്റിയുടെ പ്രധാന കാരണം അള്‍സറാണെങ്കിലും മറ്റു കാരണങ്ങള്‍ കൊണ്ടും അസിഡിറ്റിയുണ്ടാകാറുണ്ട്. 'നോണ്‍ അള്‍സര്‍ ഡിസ്‌പെപ്‌സിയ' എന്നാണ് അത്തരം അവസ്ഥയ്ക്ക് പറയുന്നത്.
ഏത് പ്രായക്കാരിലും അസിഡിറ്റി കാണുമെങ്കിലും, ഇപ്പോള്‍ കൗമാരപ്രായക്കാരില്‍ കൂടുതലായി കണ്ടുവരുന്നു. ക്‌ളാസുകളും ട്യൂഷനും മറ്റുംകാരണം സമയംതെറ്റിയ ആഹാരക്രമം, ഫാസ്റ്റ്ഫുഡ്, കാര്‍ബണേറ്റഡ് പാനീയങ്ങളുടെ അമിതോപയോഗം, ആകാംക്ഷ എന്നിവ ഇതിന് കാരണമാകാറുണ്ട്. പുകയിലയും മദ്യപാനവും അസിഡിറ്റിയുടെ പ്രധാന കാരണമായതിനാല്‍ പുരുഷന്മാരില്‍ ഇത് കൂടുതലായി കണ്ടുവരുന്നു. ആമാശയത്തേയും ചെറുകുടലിനെയും അന്നനാളത്തേയും, ആമാശയം ഉത്പാദിപ്പിക്കുന്ന ഹൈട്രോകേ്‌ളാറിക് ആസിഡിന്റെ വീര്യത്തില്‍ നിന്നും രക്ഷിക്കുന്നത് അവയ്ക്കുള്ളില്‍ ആവരണമായി നില്‍ക്കുന്ന ക്ഷാരഗുണമുള്ള മ്യൂക്കസ് പാളിയാണ്. ആ സന്തുലിതാവസ്ഥയ്ക്ക് കോട്ടംതട്ടുമ്പോഴാണ് അസിഡിറ്റിയും അള്‍സറുമൊക്കെ ഉണ്ടാവുന്നത്. പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകുന്നു. പ്രധാനമായും എച്ച്-പൈലോറി എന്ന ബാക്ടീരിയയുടെ ആക്രമണം, വേദനസംഹാരികളുടെ അമിതോപയോഗം, പുകവലി, മദ്യപാനം എന്നിവയാണ് കാരണമാകുന്നത്.
ആമാശയത്തിലെ അസിഡിക് സാഹചര്യങ്ങളില്‍ വളരുന്ന ഒരേയൊരു ബാക്ടീരിയയാണ് എച്ച്-പൈലോറി. ഇത് ആമാശയത്തിലെ മ്യൂക്കസ് പാളിയില്‍ സുഷിരങ്ങളുണ്ടാക്കുകയും അതുമൂലം ആസിഡിന് മാംസപേശികളുമായി സമ്പര്‍ക്കം ഉണ്ടാവുകയും ചെയ്യുന്നു. അതോടെ, ആമാശയത്തില്‍ പുകച്ചിലും നീറ്റലും അനുഭവപ്പെടുന്നു. മാംസപേശികളില്‍ അള്‍സറുകള്‍ ഉണ്ടാകുന്നതോടൊപ്പം കഠിനമായ വേദനയും ഉണ്ടാകുന്നു.
വേദനസംഹാരികളായി ഇന്നുപയോഗിച്ചുവരുന്ന 'നോണ്‍സ്റ്റിറോയിഡ് ആന്റി ഇന്‍ഫ്‌ളമേറ്ററി' ഔഷധങ്ങളുടെ ദീര്‍ഘകാല ഉപയോഗവും അമിതോപയോഗവും ആമാശയത്തിലെ മ്യൂക്കസ് ഉത്പാദനത്തെ സഹായിക്കുന്ന 'പ്രോസ്റ്റാഗ്‌ളാന്‍ഡി'ന്റെ പ്രവര്‍ത്തനത്തെ തടയുന്നു. മ്യൂക്കസ് ഉത്പാദനം കുറയുന്നതിനാല്‍ 'ആസിഡ്-ആല്‍ക്കലൈന്‍ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് അസിഡിറ്റിക്കും അള്‍സറിനും കാരണമാകുന്നു.
പുകയില, മദ്യം എന്നിവയില്‍ അടങ്ങിയിട്ടുള്ള രാസപദാര്‍ത്ഥങ്ങള്‍ ആമാശയത്തിലെ മ്യൂക്കസ് പാളിയെ ഉപദ്രവിക്കുന്ന ഇതര ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ അവ ഉപയോഗിക്കുന്നവരില്‍ അസിഡിറ്റി ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. മാത്രമല്ല ഇവരില്‍ രോഗം ഭേദമാകാന്‍ കാലതാമസവും രോഗം ആവര്‍ത്തിച്ച് വരാനുള്ള സാദ്ധ്യതയും കൂടുതലാണ്.
പ്രധാന പ്രശ്‌നം
അസിഡിറ്റി ഉള്ളവര്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് വയര്‍വീര്‍പ്പ് അഥവാ 'ഗ്യാസ്ട്രബിള്‍' . വയര്‍വേദന, വയര്‍വീര്‍ത്തിരിക്കുന്നതായി തോന്നുക, ഏമ്പക്കം, വയറില്‍ സ്തംഭനം പോലെ അനുഭവപ്പെടുക ഇതൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.
ഗ്യാസ് തലയില്‍ കയറി, മുതുകില്‍ കയറി എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ ഇതൊരു സ്വതന്ത്രരോഗമല്ല, പലപ്പോഴും ജി.ഇ.ആര്‍.ഡി, അള്‍സര്‍, മലബന്ധം തുടങ്ങിയ അവസ്ഥകളില്‍ ഗ്യാസ്ട്രബിള്‍ കാണാറുണ്ട്. എന്നാല്‍ ഒരിക്കലും അവഗണിക്കാന്‍ പാടുള്ള അവസ്ഥയല്ല ഇത്; കാരണം ഹൃദയാഘാതം പോലുള്ള രോഗങ്ങളില്‍' വെറും ഗ്യാസ്ട്രബിള്‍ ആണെന്ന് അവഗണിച്ച് ചികിത്സ വൈകി അപകടത്തിനുള്ള സാഹചര്യം ഉണ്ടാകാറുണ്ട്. ശരിയായ ഭക്ഷണക്രമത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ഗ്യാസ്ട്രബിള്‍ ഉണ്ടാകുന്നത് നല്ല പരിധിവരെ ഒഴിവാക്കാനാകും.
28.35°C







