Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അലോപ്പതി ചികിത്സാ പഠനത്തിന്റെ ഗ്‌ളാമറോ ഗരിമയോ ഒന്നുമില്ലാതെ, ഡോക്ടര്‍ എന്നു പറഞ്ഞാല്‍പ്പോലും പൊതുസമൂഹം സംശയദൃഷ്ടിയോടെ കാണുന്ന ആയുര്‍വേദ ബിരുദധാരികളില്‍ ആത്മവിശ്വാസമുണര്‍ത്താനും, ആയുര്‍വേദ പഠനത്തിലേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കാനും എന്തു വഴി? ഏതു മേഖലയിലും പ്രോത്സാഹനത്തിന് എളുപ്പവഴി പുരസ്‌കാരമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആയുര്‍വേദ ചികിത്സാ പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പുരസ്‌കാര സമര്‍പ്പണം നാളെ നടക്കും. തനതു ചികിത്സാ സമ്പ്രദായത്തിന്റെ ഉന്നമനത്തിനായുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ ശ്രമങ്ങള്‍ ഈ പുരസ്‌കാരങ്ങളില്‍ ഒതുങ്ങുമോ?

ആയുര്‍വേദ ചികിത്സാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അഷ്ടാംഗരത്‌ന പുരസ്‌കാരം, ചികിത്സാ- ഗവേഷണ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള ധന്വന്തരി പുരസ്‌കാരം, സ്വകാര്യ മേഖലയില്‍ ആയുര്‍വേദ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഗ്ഭട പുരസ്‌കാരം, ആയുര്‍വേദ അധ്യാപകര്‍ക്കുള്ള ആത്രേയ പുരസ്‌കാരം, മികച്ച ഡോക്ടര്‍മാര്‍ക്കുള്ള ചരക പുരസ്‌കാരങ്ങള്‍.... ഇങ്ങനെയാണ് ആയുര്‍വേദ മേഖലയിലെ സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍. ഫലകവും പ്രശംസാപത്രവും മാത്രമല്ല, തരക്കേടില്ലാ ക്യാഷ് പ്രൈസുമുണ്ട്, ഓരോന്നിനും. പക്ഷേ, ഒരു സംശയം: പുരസ്‌കാര നിര്‍ണയത്തിന്റെ മാനദണ്ഡങ്ങള്‍ എന്തായിരുന്നു? അതതു മേഖലകളില്‍ യോഗ്യരായവരെ എങ്ങനെ കണ്ടെത്തി?

പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ നെറ്റിചുളിക്കാനല്ല ഈ കുറിപ്പ്. അതിനു പിന്നില്‍ എന്തെങ്കിലും മായം ചേര്‍ന്നുവെന്ന പരാതിയുമില്ല. പക്ഷേ, ആയുര്‍വേദവും ആയുര്‍വേദ ചികിത്സാരംഗവും എവിടെ നില്‍ക്കുന്നുവെന്ന ചിന്ത ഈ അവസരത്തില്‍പ്പോലും ആരുടെ മനസ്സിലും ഉയരുന്നില്ലല്ലോ എന്ന ഉത്കണ്ഠ മാത്രം. ഭാരതത്തിന്റെ തനതു ചികിത്സാ സമ്പ്രദായമായ ആയുര്‍വേദത്തിന് ലോകം മുഴുവന്‍ ആരാധകരും ആവശ്യക്കാരുമുണ്ട്. ആയുര്‍വേദത്തിന്റെ ഫലപ്രാപ്തി ലോകമാകെ അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ, ഈ അനൂകലസ്ഥിതി പ്രയോജനപ്പെടുത്തി, ആയുര്‍വേദരംഗത്തെ അപചയങ്ങള്‍ക്കു പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എന്തു ചെയ്തു, ഇനി എന്തു ചെയ്യാന്‍ പോകുന്നു എന്നതാണ് ചോദ്യം.

ആയുര്‍വേദത്തിലെ തനതു ചികിത്സാരീതികളേക്കാള്‍ കൂടുതല്‍ പ്രചാരം നേടിയത് തട്ടിപ്പുവിദ്യകളാണ്. നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ആയുര്‍വേദിക് മസാജ് സ്പാകളില്‍ നിന്നു തുടങ്ങുന്നു ആ തട്ടിപ്പ്. തേച്ചുകുളിയും തിരുമ്മലും കിഴിയുമല്ല, കലര്‍പ്പില്ലാത്ത ചൂഷണമാണ് ഇത്തരം അനധികൃത കേന്ദ്രങ്ങളിലെന്ന പരാതിക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. എത്‌നിക് എന്ന പേരില്‍ ഓലപ്പുര കെട്ടിമറച്ച്, അതിനകത്ത് വിദേശികളെ വിവസ്ത്രരാക്കി നടത്തുന്ന ബോഡി മസാജിന് ചികിത്സയേക്കാള്‍ അടുപ്പം സെക്‌സിനോടാണെന്നും ആക്ഷേപമുണ്ട്. ആയുര്‍വേദം എന്തെന്നറിയാത്ത വിദേശികളുടെ വിചാരം, ഇതെല്ലാം പരമ്പരാഗത ചികിത്സയുടെ ഭാഗമെന്നത്രേ.

ആയുര്‍വേദത്തിന് പ്രചാരം നല്‍കാന്‍ പെടാപ്പാടു പെടുന്ന ഭാരതീയ ചികിത്സാ വകുപ്പിന് കേരളത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ തന്നെ ആഭിമുഖ്യത്തില്‍ അംഗീകൃത സുഖചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ വല്ല തടസ്സവുമുണ്ടോ? അതിനു പകരം, സ്വകാര്യ മേഖലയിലെ ഹോട്ടലുകള്‍ക്ക് ആയുര്‍വേദത്തിന്റെ കുത്തക നല്‍കുക വഴി അതിനെ വില്പനച്ചരക്കാക്കുന്നത് സര്‍ക്കാര്‍ തന്നെയല്ലേ?

ആയുര്‍വേദത്തിന്റെ ലേബലില്‍ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഫലപ്രാപ്തിയും ഉറപ്പാക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നില്ല. സന്ധിവേദന, ആസ്ത്മ, അലര്‍ജികള്‍, മുടികൊഴിച്ചില്‍ എന്നീ പ്രശ്‌നങ്ങള്‍ക്കുള്ള ആയുര്‍വേദ മരുന്നുകളുടെ വില്പനയിലൂടെ മാത്രം സ്വകാര്യ ആയുര്‍വേദ ഉത്പന്ന നിര്‍മ്മാതാക്കള്‍ കേരളത്തില്‍ നിന്ന് കൊയ്‌തെടുക്കുന്നത് പ്രതിവര്‍ഷം പതിനായിരം കോടിയുടെയെങ്കിലും ബിസിനസ് ആണ്!

അംഗീകൃത ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ പോലുമില്ലാതെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് രോഗിക്ക് നേരിട്ടു വാങ്ങി കഴിക്കാവുന്നതും പ്രയോഗിക്കാവുന്നതുമായ ഇത്തരം ആയുര്‍വേദ മരുന്നുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് വഴിയൊരുക്കുന്ന കൃത്രിമ രാസഘടകങ്ങള്‍ ചേര്‍ന്നതാണെന്ന് നേരത്തെ മുതല്‍ സംശയമുണ്ട്. കോര്‍ട്ടിസോള്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ അടങ്ങിയ മരുന്നുകളുടെ ചേരുവ പരിശോധിക്കാനുള്ള ആധുനിക ലബോറട്ടറി സൗകര്വവും സംസ്ഥാനത്തില്ല. ലൈംഗിക രോഗങ്ങള്‍ക്കും കരള്‍ രോഗങ്ങള്‍ക്കും അര്‍ബുദത്തിനും വരെ ആയുര്‍വേദ മരുന്ന് വിറ്റഴിക്കപ്പെടുന്ന സംസ്ഥാനത്ത്, ഇക്കാര്യങ്ങളില്‍ പൊതു ബോധവത്കരണത്തിനുള്ള ശ്രമം പോലും വേണമെന്നു തോന്നാത്ത സര്‍ക്കാരാണ് ആയുര്‍വേദ ചികിത്സാ പ്രോത്സാഹനത്തിന് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്!

അലോപ്പതി മരുന്നു നിര്‍മ്മാണത്തില്‍ ബഹുരാഷ്ട്ര കുത്തകകളോടു മത്സരിക്കാന്‍ നമുക്ക് പരിമിതികളുണ്ടാകാം. പൊതുമേഖലയില്‍ നമുക്കുള്ള മരുന്നു നിര്‍മ്മാണ കമ്പനിയായ കേരള ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ (കലവൂര്‍, ആലപ്പുഴ) നിന്ന് സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി രോഗികള്‍ക്കു നല്‍കാനുള്ള സാധാരണ രോഗങ്ങള്‍ക്കുള്ള ഗുളികകള്‍ പോലും നേരെചൊവ്വേ ഉത്പാദിപ്പിക്കാന്‍ നമുക്കു കഴിയുന്നില്ല. ഔഷധി എന്ന പേരില്‍ നിലവില്‍ സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന ആയുര്‍വേദ മരുന്നു വിഭാഗത്തെ ഏതെങ്കിലും വിധത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തുനിയാത്തതെന്ത്? ആ ബ്രാന്‍ഡിനു കീഴില്‍ ആശുപത്രികളും തിരുമ്മു കേന്ദ്രങ്ങളും ഉള്‍പ്പെടെ എന്തെല്ലാം ആകാം?

പുരസ്‌കാരം കൊണ്ട് ആയുര്‍വേദം രക്ഷപ്പെടില്ല. കാലാനുസൃതമായ മാറ്റങ്ങളോടെയും അതേസമയം തനതു ഫലം കുറയാതെയും കൂടുതല്‍ പേരിലേക്ക് ആയുര്‍വേദ ചികിത്സയുടെ ഗുണങ്ങളെത്തിക്കാനുള്ള പരിശ്രമങ്ങള്‍ കൂടി ഒപ്പം വേണം. അപ്പോഴേ സംസ്ഥാന സര്‍ക്കാരിന്റെ ഈ പുരസ്‌കാരങ്ങള്‍ക്ക് യഥാര്‍ത്ഥ മൂല്യം കൈവരൂ.

Readers Comment

Add a Comment