Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:48 am
  • 19th April, 2024
  • Overcast Clouds
26.32°C26.32°C
  • Humidity: 94 %
  • Wind: 0.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജീവന്‍ മശായ്. അങ്ങനെയൊരു പേര് പുതിയ കാലത്തെ എം.ബി.ബി.എസുകാരാരും കേട്ടിരിക്കാനിടയില്ല. ജ്ഞാനപീഠ പുരസ്‌കാരം നേടിയ വിശ്രുത ബംഗാളി നോവലിസ്റ്റ് താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ ആരോഗ്യനികേതനമെന്ന ഇതിഹാസ കഥയിലെ നായകപാത്രമാണ് ജീവന്‍ മശായ്. നാഡിമിടിപ്പ് തൊട്ടറിഞ്ഞ്, മുന്നിലിരിക്കുന്ന രോഗിയുടെ ശരീരശാസ്ത്രം മുഴുവന്‍ മനസ്സുകൊണ്ടു വായിക്കുന്ന ചികിത്സകന്‍.

പുതിയ കാലത്ത് ജീവന്‍ മശായിമാരെ പ്രതീക്ഷിക്കുന്നത് അവിവേകം. പക്ഷേ, രോഗി പറയുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കേട്ടും കണ്ടും,  ശരീരപരിശോധനകൊണ്ടും, അതു കഴിഞ്ഞ് നിര്‍വഹിക്കുന്ന റേഡിയോളജി, ലബോറട്ടറി പരിശോധനാ ഫലങ്ങളിലെ സൂചന തിരിച്ചറിഞ്ഞും കൃത്യമായ രോഗനിര്‍ണയം സാധിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം പോലും കുറഞ്ഞുവരുമ്പോള്‍ ഇരയാകുന്നത് രോഗികളാണ്.

ചികിത്സ ഫലപ്രദമാകണമെങ്കില്‍ രോഗനിര്‍ണയം കൃത്യമാകണം. രോഗനിര്‍ണയം ഏറക്കുറെ പൂര്‍ണമായും സാങ്കേതികവത്കരിക്കപ്പെട്ടതാണ് പുതിയ സാഹചര്യം. രോഗിയെ പരിശോധിക്കുന്ന ഡോക്ടര്‍ ഒരു നിഗമനത്തിലുമെത്തുന്നില്ല. പകരം, നാലാ അഞ്ചോ പരിശോധനകള്‍ക്ക് എഴുതിക്കൊടുക്കുന്നു. രോഗിയുടെ ശാരീരികാവസ്ഥ മനസ്സിലാക്കുന്നത് യന്ത്രങ്ങളാണ്. റേഡിയോളജി ലബോറട്ടറി റിപ്പോര്‍ട്ടുകള്‍ ആധാരമാക്കിയാണ് രോഗനിര്‍ണയവും ചികിത്സാ നിര്‍ണയവും. നല്ലതു തന്നെ. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം, രോഗിക്ക് സര്‍ജറി വേണ്ടിവരുമോ എന്നൊക്കെ സ്‌കാനിംഗ് സെന്ററുകാര്‍ തന്നെ പറഞ്ഞുതരും. അപ്പോള്‍, ഡോക്ടര്‍മാരുടെ റോള്‍ എന്താണ്?

പാഠപുസ്തകവിജ്ഞാനം കൊണ്ടോ ലക്ചര്‍ ക്‌ളാസുകളിലെ കൃത്യമായ ഹാജര്‍ കൊണ്ടോ ആര്‍ജ്ജിച്ചെടുക്കാവുന്നതല്ല ചികിത്സാവൈദഗ്ദ്ധ്യം. അതിന് പച്ചയായ അനുഭവം വേണം. പഠന കാലത്തെ ക്ലിനിക്കൽ പോസ്റ്റിംഗിലും , ഹൗസ് സര്‍ജന്‍സി കാലയളവിലും  ആയിരക്കണക്കിനു കേസുകള്‍ നേരിട്ടു കണ്ടും പഠിച്ചും ചികിത്സിച്ചും പരിചയം വേണം. രോഗികളെ നേരിട്ടു പരിശോധിച്ച് രോഗനിര്‍ണയം ശീലിക്കണം. ചികിത്സയുടെ ഫലപ്രാപ്തി വിലയിരുത്താന്‍ അവസരം വേണം...  മറ്റൊരു പ്രൊഫഷനും പോലെയല്ല വൈദ്യവൃത്തി. ഇവിടെ രോഗി, പൂര്‍ണ വിശ്വാസത്തോടെ കൈകളിലേല്പിച്ചിരിക്കുന്നത് അയാളുടെ ജീവനാണ്.

സര്‍ക്കാര്‍ മെഡി. കോളേജ് ആയാലും സ്വാശ്രയമായാലും എം.ബി.ബി.എസ് ജയിച്ചാല്‍ കിട്ടുന്ന സര്‍ട്ടിഫിക്കറ്റിലെ നാലക്ഷരങ്ങള്‍ക്ക് വ്യത്യാസമില്ല. ഡോക്ടേഴ്‌സ് ഓത്ത് എന്ന് പ്രതിജ്ഞാവാചകത്തിനും വ്യത്യാസമില്ല. വ്യത്യാസമുള്ളത് പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരുടെ പ്രവൃത്തിപരിചയത്തിലാണ്. ഒ.പിയില്‍ എല്ലാ വിഭാഗങ്ങളിലുമായി ദിവസവും മൂവായിരത്തിനും നാലായിരത്തിനുമിടയില്‍ കേസുകള്‍ കൈകാര്യം ചെയ്യേണ്ടിവരുന്ന ഗവ. മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു കിട്ടുന്ന അവസരങ്ങളെവിടെ, കഷ്ടിച്ച് അമ്പതു രോഗികള്‍ പോലും തേടിച്ചെല്ലാത്ത സ്വകാര്യ സ്വാശ്രയ മെഡി. കോളേജുകളുടെ ദുരവസ്ഥ എവിടെക്കിടക്കുന്നു!

മികച്ച ഡോക്ടര്‍മാരുടെ സേവനസാന്നിധ്യമോ, ചികിത്സാ വൈദഗ്ദ്ധ്യത്തിന്റെ ട്രാക്ക് റെക്കോർഡോ ഇല്ലെങ്കില്‍ കേരളത്തിന്റെ കുന്നിന്‍പുറങ്ങളിലും ഓണംകേറാമൂലകളിലുമായി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ മെഡി. കോളേജ് ആശുപത്രികളെ ആര് തേടിച്ചെല്ലാന്‍? രോഗികളില്ലാത്ത ആശുപത്രിയില്‍, അവിടത്തെ മെഡി. വിദ്യാര്‍ത്ഥികള്‍ക്ക് എവിടെനിന്ന് പ്രവൃത്തിപരിചയം കിട്ടാന്‍? മിക്കപ്പോഴും പരീക്ഷാ ദിവസമായിരിക്കും നാളത്തെ ഡോക്ടര്‍ ജീവിതത്തിലാദ്യമായി കണ്‍മുന്നില്‍ ഒരു ഒറിജിനല്‍ കേസ് കാണുന്നത്!

ഓരോ ദിവസവും ജലദോഷപ്പനി മുതല്‍ ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ വരെ ബാധിച്ച് ഒ.പിയില്‍ എത്തുന്നവര്‍, വാര്‍ഡുകളില്‍ കട്ടിലുകള്‍ തികയാഞ്ഞ് നിലത്തും ഇടനാഴിയിലും വാരന്തയിലുമൊക്കെ നിറയുന്ന ഐ.പി രോഗികള്‍, നൂറുകണക്കിന് ശസ്ത്രക്രിയകള്‍, അതിസങ്കീര്‍ണ സ്വഭാവമുള്ളവ ഉള്‍പ്പൈടെയുള്ള പ്രസവങ്ങള്‍, അപകടങ്ങളെ തുടര്‍ന്നും മറ്റുമെത്തുന്ന പോളി ട്രോമാ കേസുകള്‍.... ഇവയെല്ലാം ദിവസവും കണ്ടും മനസ്സ് പരുവപ്പെട്ടും സീനിയര്‍ ഡോക്ടര്‍ക്കൊപ്പം സഹായിയായി നിന്നു പരിചയിച്ചും പഠിച്ചും പകര്‍ത്തിയുമാണ് ഓരോ യഥാര്‍ത്ഥ ഡോക്ടറും പിറക്കേണ്ടത്. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിൽ പഠിക്കുന്നവര്‍ക്ക് ഇത്തരം അവസരം പ്രതീക്ഷിക്കാനാവില്ലെന്നിരിക്കെ, വര്‍ഷാവര്‍ഷം ഇവിടെ നിന്ന്  പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ എങ്ങനെ ചികിത്സിക്കുന്നു?

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ മികവും ഗുണനിലവാരവും ഏകീകരിക്കാന്‍ 1934 ല്‍ രൂപീകരിക്കപ്പെട്ടതാണ് മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ. 1956 ല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് അനുസരിച്ച് അത് പുനസ്സംഘടിപ്പിക്കപ്പെട്ടു.  മെഡിക്കല്‍ കോഴ്‌സുകളുടെ അംഗീകാരം, വിദേശപഠനം കഴിഞ്ഞെത്തുന്ന മെഡി. വിദ്യാര്‍ത്ഥികളുടെ അംഗീകാരം, മെഡി. കോളേജുകളുടെ അക്രഡിറ്റേഷന്‍, ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ തുടങ്ങി വലിയ ഉത്തരവാദിത്വങ്ങളുണ്ട് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ എന്ന എം.സി.ഐയ്ക്ക്.

നീതി ആയോഗ് ശുപാര്‍ശയനുസരിച്ച് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ആണ് എം.സി.ഐക്കു പകരം നിര്‍ദ്ദേശിക്കപ്പെട്ട പുതിയ സംവിധാനം. ഇതു സംബന്ധിച്ച നിയമ നിര്‍മ്മാണ നടപടികള്‍ പുരോഗമിക്കുന്നതേയുള്ളൂ. ഇനി, എന്‍.എ.ബി.എച്ച് എന്നൊരു സംഭവമുണ്ട്- നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ്.  2005 ല്‍ നിലവില്‍ വന്ന ഗുണനിലവാര പരാശോധനാ സമിതിയാണിത്.

മെഡിക്കല്‍ അധ്യയനം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയുടെ മികവും നിലവാരവും എം.സി.ഐക്കു കീഴിലായിരിക്കുമ്പോള്‍ ആശുപത്രികളില്‍ രോഗികള്‍ക്കു ലഭിക്കുന്ന ചികിത്‌സാ പരിചരമണത്തിന്റെ മികവ്, ആശുപത്രിയുടെ പരിപാലനം, രോഗികളുടെ അവകാശ സംരക്ഷണം, എച്ച്.ആര്‍ മാനേജ്‌മെന്റ് തുടങ്ങി ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മികവ് സാക്ഷ്യപ്പെടുത്തുന്നത് എന്‍.എ.ബി.എച്ച് ആണ്.

രോഗികളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ എന്‍.എ.ബി.എച്ച് സര്‍ട്ടിഫിക്കേഷന്‍ അഭിമാനപൂര്‍വം പ്രദര്‍ശിപ്പിക്കുന്നവരാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍. മെഡിക്കല്‍ അധ്യയനത്തിലും പരിശീലനത്തിലും മികവു പുലര്‍ത്തുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് രോഗികളുടെ പരിപാലനത്തിന് എന്‍.എ.ബി.എച്ച് നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരങ്ങളും മികവുകളും വേണ്ടേ? അത് ആര് ഉറപ്പാക്കുന്നു?

(പരമ്പര നാളെ തുടരും)

 

 

Readers Comment

Babu Ninan

Good Keep it up. കഷ്ട്ടം എന്തെന്ന് വച്ചാൽ കാള pettennu കേൾക്കുമ്പോ കയറെടുക്കുന്ന യൂത്ത്‌ സംഘടകളൊന്നും ആരോഗ്യ രംഗത്ത് നടക്കുന്ന അനീതികളെ പറ്റി പഠിക്കുകയോ ആരോഗ്യകരമായ രീതിയിൽ പ്രതികരിക്കുകയോ ചെയ്യുന്നില്ല എന്നതാണ്.

Add a Comment