Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:53 pm
  • 18th April, 2024
  • Overcast Clouds
33.82°C33.82°C
  • Humidity: 76 %
  • Wind: 2.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ആരോഗ്യം എന്നതിന് ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍വചനത്തില്‍ ആവശ്യ ഘടകമാണ് മാനസിക ആരോഗ്യം. ഒരു വ്യക്തിയുടെ ആരോഗ്യം പൂര്‍ണ്ണമാവണമെങ്കില്‍ മാനസിക ആരോഗ്യം കൂടി കൈവരിക്കേണ്ടതാണ്. സമ്പൂര്‍ണ്ണ ആരോഗ്യം എന്നത് കേവലം രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, അത് ശാരീരീകവും, മാനസികവും സാമൂഹ്യവുമായ ഒരു സ്ഥിതിയാണ്. 

ലഘുവായതും കഠിനവുമായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കോവിഡ് മൂലം ഉണ്ടാവുന്നുണ്ട്. അമിതമായ ആശങ്ക, ഉത്കണ്ഠ, ഭയം, വിഷാദം എന്നിവയാണ് പ്രധാനം. രോഗം തനിക്കും കുടുംബത്തിനും, പ്രിയപ്പെട്ടവര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും വരുമോ എന്ന ആശങ്ക അധികമായി ഉണ്ടാവുന്നു. എപ്പോഴും അതീവ ജാഗ്രതയോടെ ഇരിക്കും. വല്ലാത്ത പിരിമുറുക്കം ഉണ്ടാവും. സാധാരണ ടെന്‍ഷന്‍ എന്ന് എല്ലാവരും പറയുന്ന അവസ്ഥ
അധികമായുണ്ടാവും.

ഉറക്കം കുറയുക, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദനയും കഴപ്പും അനുഭവപ്പെടുക, വിശപ്പ് കുറയുക, ശ്രദ്ധ കുറയുക, സന്തോഷം അനുഭവപ്പെടാതിരിക്കുക ഉത്സാഹം കുറയുക, ഉന്മേഷം കുറയുക, തീരുമാനങ്ങളെടുക്കാന്‍ പ്രയാസം നേരിടുക, മറവി, ശാരീരികവും മാനസികവുമായ മന്ദത ഉണ്ടാവുക, സങ്കടം, കരച്ചില്‍, വിഷാദ ഭാവം ഇങ്ങനെ വ്യത്യസ്തമായ ലക്ഷണങ്ങള്‍ പ്രകടമാകും. രണ്ടാഴ്ചയോ അതിലേറെയോ എപ്രകാരമുള്ള ലക്ഷണങ്ങള്‍ നിലനിന്നാല്‍ ആയത് വിഷാദ രോഗത്തിന്റെ സൂചനയാകാം. ആത്മഹത്യാ ചിന്തയും ഉണ്ടാവാന്‍ ഇടയുണ്ട്. ജനിതക ഘടകങ്ങള്‍, ജീവിത സാഹചര്യങ്ങള്‍, മനോഭാവം, പ്രതിസന്ധികളെ നേരിടുന്ന ശൈലി ഇവയെല്ലാം മാനസിക ആരോഗ്യത്തെ സ്വാധീനിക്കും. വ്യക്തികള്‍ തമ്മിലുള്ള ആശയ വിനിമയം ഫലപ്രദമാവാതെ വരാം. സംസാരത്തിലും, വികാര പ്രകടനങ്ങളിലും സാരമായ വ്യതിയാനങ്ങള്‍ ഉണ്ടാവാം. ദേഷ്യവും ക്ഷമ ഇല്ലായ്മയും അനുഭവപ്പെടാം.

വ്യക്തി ബന്ധങ്ങള്‍, ദാമ്പത്യ ബന്ധം ഇവ ശിഥിലമാവാതെ നോക്കണം. ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. പുരുഷന്മാരില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ദുരുപയോഗം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും, രോഗം വരാതെ ജാഗ്രതയോടെ ഇരിക്കുകയും വേണം. ഫോണ്‍ വഴി ആശയ വിനിമയം നടത്തുക, പ്രിയപ്പെട്ടവരോട് സംസാരിക്കുക, ആശങ്കകള്‍ പങ്കുവയ്ക്കുക, തുറന്നു സംസാരിക്കുക, പാട്ടു കേള്‍ക്കുക ക്രമാതീതമായി സമയം
ചെലവഴിക്കാന്‍ ശ്രമിക്കുക, പടം വരയ്ക്കുക, കൃഷി പണികള്‍ ചെയ്യുക, പൂന്തോട്ടം നിര്‍മ്മിക്കുക, ചെടികള്‍ വച്ച് പിടിപ്പിക്കുക, അടുക്കളത്തോട്ടം തയ്യാറാക്കുക, പച്ചക്കറി വിത്തുകള്‍ വാങ്ങി നടുകയും പരിപാലിക്കുകയും ചെയ്യുക, ടെലിവിഷനില്‍ വിനോദ പരിപാടികള്‍ കാണുക, ജീവിതത്തെക്കുറിച്ചു ഒരു ഇതിനൊട്ടം നടത്തുക, സ്വന്തം ജീവിതാനുഭവങ്ങളിലെ നല്ല കാര്യങ്ങളും നിര്‍ണ്ണായക സംഭവങ്ങളും വഴിത്തിരിവുകളും, പ്രതിസന്ധികളും അവയുടെ അതിജീവനവും ഒക്കെ ഓര്‍ത്തെടുക്കാനും പറ്റുമെങ്കില്‍ പറയാനും എഴുതാനും ശ്രമിക്കുക. മക്കളുടെയോ മറ്റു സഹായികളുടെയോ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്.

കുട്ടികളെയും, സ്ത്രീകളെയും, മുതിര്‍ന്ന പൗരന്മാരെയും അവരുടെ മാനസികാരോഗ്യത്തെയും കൊവിഡ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നത് യഥാസമയം തിരിച്ചറിയുകയും മാനസികാരോഗ്യം വീണ്ടെടുക്കുകയും വേണം. അല്ലെങ്കില്‍ ജീവിത ഗുണ
നിലവാരത്തെ  സാരമായി ബാധിക്കും. നേരത്തെ സൂചിപ്പിച്ച പ്രകാരമുള്ള ക്രിയാത്മക കാര്യങ്ങളില്‍ ഇടപെടുക, പ്രാര്‍ത്ഥന, ഭജന്‍ ആലാപനം, യോഗ, മെഡിറ്റേഷന്‍ ഇവയൊക്കെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ സഹായകരമാണ്.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ ഒക്കെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും പിരിമുറുക്കത്തിലും ആവുന്നത് യഥാസമയം തിരിച്ചറിയണം. കോവിഡ് മുന്നണിപ്പോരാളികള്‍ എന്ന നിലയില്‍ സ്വയം രക്ഷ നോക്കുക. പിരിമുറുക്കം ലഘൂകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും വേണം.ആരും തന്നെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് അതീതരല്ല. എത്ര സൗരഭ്യം പരത്തുന്ന പൂവും വാടും.

അപ്രകാരം തന്നെ നമ്മുടെ മനസ്സും മനസ്സ് വാടുക എന്നാല്‍ മാനസികാരോഗ്യം കുറയുക എന്നതാണ്. കൊവിഡ് ബാധിതരുടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഗൗരവതരമാണ്. ബന്ധുക്കളില്‍ നിന്നും അകന്ന് കഴിയേണ്ടി വരുന്നതുമൂലം ഒറ്റപ്പെടലും വിഷമവും മനഃപ്രയാസവും ഉണ്ടാവുന്നു. തന്നില്‍ നിന്നും മറ്റുള്ളവര്‍ക്ക് പകര്‍ന്നിരിക്കുമോ എന്നും, മറ്റുള്ളവര്‍ കോവിഡ് ബാധിച്ച തന്നെ എങ്ങനെ നോക്കിക്കാണും എന്നൊക്കെ ചിന്തിച്ചു മനസ്സ് വിഷാദാത്മകമാവും. അവര്‍ക്കു ആത്മവിശ്വാസം പകര്‍ന്നു നല്‍കണം. ബന്ധുക്കളും സുഹൃത്തുക്കളും സഹ പ്രവര്‍ത്തകരും അവരോട് ഫോണ്‍ വഴി സംസാരിക്കണം. നാം ഒപ്പമുണ്ട് എന്ന് ബോധ്യപ്പെടുത്തണം. രോഗം ബാധിച്ചവര്‍ ലാഘവമായി കാണാനും പാടില്ല. ചികിത്സാ ടീമിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഒറ്റപ്പെട്ട ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് രോഗിയെയും കുടുംബത്തെയും ഒറ്റപ്പെടുത്തുന്ന തരത്തില്‍ വിവേചനം കാട്ടിയ ആളുകളും ഉണ്ട്. അപ്രകാരം ആവാതിരിക്കാന്‍ ശരിയായ ബോധവത്ക്കരണം ഉടന്‍ ഉണ്ടാവുകയും പൊതു സമൂഹത്തിന്റെ പിന്തുണയും കരുതലും ഉണ്ടാകുവാന്‍ സര്‍ക്കാര്‍ യഥാസമയം ഇടപെടുകയും ചെയ്യുകയുണ്ടായി. കൊവിഡ് രോഗാണു മൂലമുള്ള ശാരീരിക പ്രശ്നങ്ങളോടൊപ്പം ഉണ്ടാകുന്ന ചെറുതും വലുതുമായ മാനസികാവസ്ഥകളെയും മാനസിക പ്രശ്നങ്ങളെയും യഥാസമയം തിരിച്ചറിയുവാന്‍ നമുക്ക് കഴിയണം. തുറന്നു സംസാരിക്കണം. അത് കേള്‍ക്കാന്‍ സന്നദ്ധരായ ആളുകള്‍ ഉണ്ടാവണം. ദിശ ഹെല്‍പ് ലൈന്‍ 1056 എന്ന നമ്പറില്‍ വിളിച്ച്. സംശയങ്ങള്‍ ദൂരീകരിക്കുകയും കൗണ്‍സിലിംഗ് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യണം.

എല്ലാ ജില്ലകളിലെയും മാനസികാരോഗ്യ പരിപാടി ക്ലിനിക്കുകള്‍ വഴിയും, തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും ക്ലിനിക്കുകള്‍ വഴിയും, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താലൂക്ക് ആശുപത്രികള്‍, കൊവിഡ് ആശുപത്രികള്‍ എന്നിവ വഴിയും മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനും മാനസികമായ പ്രഥമ ശുശ്രുഷയും ആവശ്യമെങ്കില്‍ ഔഷധ ചികിത്സയും നല്‍കി മാനസികാരോഗ്യം എല്ലാവര്‍ക്കും കൈവരിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട് എന്നത് ഏറെ അഭിമാനകരമാണ്.

Readers Comment

Add a Comment