Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മഹാത്മാ ഗാന്ധിക്കു ഏറ്റവും പ്രിയപ്പെട്ട പ്രാർത്ഥനാ ഗാനങ്ങളിൽ ഒന്നായിരുന്നു ഈ പാട്ട്. ഭാരതത്തിന്റെ റിപ്പബ്ലിക് ദിന പരേഡിൽ സൈന്യം ആലപിക്കുന്ന രാഗങ്ങളിൽ ഒന്ന് ഇതായിരുന്നു. നിർഭാഗ്യ വശാൽ ഇതു ഈ പ്രാവശ്യം മുതൽ ഒഴിവാക്കപ്പെടുന്നു.
ജീവിതത്തിന്റെ ദുർഘട സന്ദർഭങ്ങളിൽ ദൈവം അല്ലാതെ ആശ്രയ സ്ഥാനം ഇല്ലായെന്നു പ്രസ്ഥാവിക്കുന്ന ഗാനമാണിത്.
ചരിത്രത്തിലെ എറ്റവും വലിയ പ്രതിസന്ധികളിലൊന്നു നാം കോവിഡ് മഹാമാരിയായി അനുഭവിക്കുന്ന ഇക്കാലത്തു ഈ ഗാനം കൂടുതൽ ആത്മാർത്ഥതയോടെ പാടുവാൻ എല്ലാവർക്കും കഴിയേണ്ടതുണ്ട്.
സ്കോട്ടീഷ് ആംഗ്ളിക്കൻ പട്ടക്കാരൻ ആയിരുന്ന ഹെൻറി ഫ്രാൻസിസ് ലൈറ്റ് ആണ് ഈ ഗാനത്തിന്റെ രചയിതാവ്. വില്യം ഹെൻറി മോങ്ക് ആണ് ഇതിനു ഈണം നൽകിയത്. 1847ൽ ഈ വരികൾ രചിക്കപ്പെട്ടു. ലുക്കോസ് 24:29 ആസ്പദമാക്കിയാണ് ഈ രചന. എമ്മാവുസിലേക്ക് യാത്ര ചെയ്ത ശിഷ്യരോടൊപ്പം ഉയർത്തെഴുന്നേറ്റ കർത്താവ് ചേർന്നു നടന്നു. അവർ എത്തേണ്ട സ്ഥലമായപ്പോൾ യേശു മുൻപോട്ടു നടന്നു പോകാൻ ഭാവിച്ചപ്പോൾ, നേരം ഇരുട്ടായല്ലോ തങ്ങളോടൊപ്പം പാർക്ക എന്നു യേശുവിനോടു ആ സഞ്ചാരികൾ ആവശ്യപ്പെട്ടു. യേശു അവരോടൊപ്പം അത്താഴം കഴിക്കാൻ ഇരിക്കുകയും അപ്പം നുറുക്കുകയിൽ അവർക്കു യേശുവിനെ തിരിച്ചറിയാൻ കഴിയുകയും ചെയ്തു. ആശയക്കുഴപ്പത്തിന്റെ ഇരുട്ട് മാറ്റി പ്രകാശത്തിലേക്കു യാത്ര ചെയ്യാൻ ആ ശിഷ്യർക്കു കഴിഞ്ഞു. ഉയർത്തെഴുന്നേൽപ്പിന്റെ പ്രകാശത്തിൽ അന്ധകാര മധ്യത്തിലും സഞ്ചരിച്ചു പൂർണ സത്യത്തിൽ എത്താൻ ദൈവ സഹായം അനിവാര്യമാണ്. ഗാന്ധിജി ആ സത്യം മനസ്സിലാക്കിയതു കൊണ്ടാവാം ഈ കീർത്തനം ഇഷ്ടപ്പെട്ടത്.
വ്യത്യസ്ത ആദ്ധ്യാത്മിക ധാരകളെ സമന്വയിപ്പിച്ച സ്വതന്ത്ര ഭാരതം അതുകൊണ്ടാവാം പ്രൗഡമായ റിപ്പബ്ലിക് ദിന പരേഡിൽ അതിനു സ്ഥാനം നൽകിയത്.
തന്റെ ശൂസ്രൂഷയുടെ ആരംഭ നാളുകളിൽ എപ്പോളോ അദ്ദേഹം മരണാസന്നൻ ആയ ഒരു സ്നേഹിതന്റെ അടുത്തു ധാരാളം സമയം ചെലവഴിച്ചിരുന്നു. മരിക്കുവാൻ പോകുന്ന ആൾ ഈ പട്ടക്കാരനോട് അവിടെത്തന്നെ ഇരിക്കണമെന്ന് ആവശ്യപ്പെട്ടു. "Abide with me" എന്നു അയാൾ ആവർത്തിച്ചു കൊണ്ടിരുന്നു. ആ സാഹചര്യമാണ് ഈ വരികൾ കുറിക്കാൻ കാരണമായതു. പിന്നീട് തന്റെ അന്പത്തി നാലാമത്തു വയസ്സിൽ, ക്ഷയ രോഗം ബാധിച്ചു, തന്റെ സ്വർഗ്ഗ യാത്രക്ക് സമയമായി എന്നു മനസ്സിലായപ്പോൾ, ഒരു വചന ശുസ്‌റൂഷക്ക് ശേഷം താൻ വർഷങ്ങൾക്കു മുൻപു കുറിച്ച വരികൾ തന്റെ ബന്ധുവിനെ ഏല്പിക്കുകയും അതു ലോക പ്രശസ്ത ആദ്ധ്യാത്മിക ഗീതം ആയി അസംഖ്യം പേരെ പ്രചോദിപ്പിക്കുകയും ചെയ്തു. രോഗം ശീലിച്ചിരുന്ന ക്ഷീണിതൻ ക്രിസ്തുബലത്താൽ ശക്തൻ ആയ അനുഭവമാണ് ഫ്രാൻസിസ് ലൈറ്റിന്റേത്.
ശക്തി ക്ഷയിക്കുമ്പോൾ മനുഷ്യ ഊർജത്തിന്റെ സ്രോതസ്സ് എന്താണ്?
അങ്ങനെ ഒരു സ്രോതസ്സ് ഉണ്ടോ?
ദൈവശ്രിതർക്ക് അനുഭവമാകുന്ന ഈ ശക്തി സ്രോതസ്സിനെക്കുറിച്ച് സങ്കീർത്തകൻ പാടിയിട്ടുണ്ട്.
ദൈവ രഹിതർ വഴുവഴുപ്പിൽ നിൽക്കുകയും ചെറിയ പ്രകോപനങ്ങളിൽ വീണു പോകുകയും, അകാരണ ഭയങ്ങളാൽ മുടിഞ്ഞു പോവുകയും ചെയ്യും. (സങ്കീ 73:18-19).
എന്നാൽ ദൈവ സഹിതരോട് കൂടെ ദൈവം വസിക്കും.
വലം കൈക്കു പിടിക്കും ആലോചനയാൽ നടത്തും.
പിന്നത്തേതിൽ മഹത്വത്തിലേക്കു നടത്തും.
വർത്തമാനകാലത്തിന്റെ സകല വിഹ്വലതകൾക്കും അപ്പുറം മരണത്തിനും അപ്പുറം മഹത്വത്തിന്റെ വാതിൽ തുറന്നു കാണുന്നതാണ് ക്രിസ്തു കൂടെ ഇരിക്കുന്നതിന്റെ പ്രത്യാശ.
ഇരുപതാം നൂറ്റാണ്ടിലെ നിരീശ്വര പ്രത്യയ ശാസ്ത്രകാരൻ മരണം സമീപിക്കുമ്പോൾ പറഞ്ഞു....
"നിരാശ എന്നെ പരീക്ഷിക്കാൻ വരുന്നു, ലോകം എത്രയും വൃത്തി കെട്ടതായി, മോശപ്പെട്ടതായി, യാതൊരു ആശക്കും വകയില്ലാത്തതായി കാണുന്നു "
മനുഷ്യ പ്രത്യാശയുടെ അടിസ്ഥാനം ഉയർത്തെഴുന്നേറ്റ കർത്താവും ഒഴിഞ്ഞ കല്ലറയും ആണ്.
ഒടുവിലത്തെ ശത്രു ആയി മരണം നീങ്ങിപ്പോയി.
മരണത്തെ ഭയപ്പെടാതെ മരിക്കാൻ വിശ്വാസിക്ക് കഴിയും.
ആസന്ന മരണൻ ആയ കരിമ്പിൽ ചെറിയാച്ചന്റെ അടുത്തു ആത്മീയ പിതാവും സ്നേഹിതനുമായ എബ്രഹാം മാർത്തോമാ തിരുമേനി എത്തി:
"ചെറിയാച്ചാ, മരിക്കാൻ ഭയമുണ്ടോ?"
"എന്തിനു പേടിക്കാൻ തിരുമേനി, ഉടഞ്ഞാലും മരവിയിൽ അല്ലേ?"
കൃത്യമായ മറുപടി. പ്രത്യാശയുടെ വിളംബരം.
കരിമ്പു കർഷകൻ ഉണ്ടശർക്കര പിടിക്കുമ്പോൾ കയ്യിൽ ഉടയുന്നതു കരിമ്പു നീര് പാകമാക്കി വയ്ക്കുന്ന മരവിയിലേക്ക് തന്നെ വീഴും. വിശ്വാസി വീണുടഞ്ഞാൽ ക്രിസ്തുവിലേക്കു....
മരണത്തെയും നാശത്തെയും അതിജീവിക്കുന്ന പ്രത്യാശയുടെ അലയൊലികൾ എത്രയോ വരികളിലൂടെ ജീവിതത്തെ പ്രത്യാശ നിർഭരമാക്കി!
കൂടെ പാർക്കുന്ന ദൈവ സാന്നിധ്യം പോലെ പ്രചോദനം നൽകുന്നതെന്തുണ്ട്?
കെടുതികളുടെ മഹാമാരിയിൽ ചിരകാല പ്രസക്തമായി നമുക്കും പ്രാർത്ഥിക്കാം...
" കൂടെ പാർക്ക... കൂരിരുൾ ഏറുന്നു.. പാർക്ക ദേവ..."
എ. ടി. സക്കറിയ അച്ചൻ
30.82°C








