Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആരോഗ്യരക്ഷയിലെ കേരള മോഡല്‍ ലോകപ്രശസ്തം. രോഗപ്രതിരോധ കാര്യങ്ങളില്‍ നമുക്കുള്ള ശ്രദ്ധയും ജാഗ്രതയും ലോക മാതൃക. ലോകത്തെ തന്നെ ഏറ്റവും വലിയ ഔഷധ വിപണികളിലൊന്നായ ഇന്ത്യയില്‍, പ്രതിശീര്‍ഷ മരുന്ന് ഉപഭോഗത്തില്‍ നമ്മള്‍ നമ്പര്‍ വണ്‍! എന്നിട്ടും ബഹുരാഷ്ട്ര ഔഷധക്കമ്പനികളോട് മത്സരിക്കാന്‍ പാകത്തിന് മരുന്നു നിര്‍മ്മാണ മേഖലയില്‍ നമുക്കൊരു സര്‍ക്കാര്‍ മേല്‍വിലാസമില്ലാത്ത നാണക്കേടിന് എന്ന് അവസാനമാകും?
ഇംഗ്‌ളീഷ് മരുന്നുകളുടെ കയറ്റുമതിക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള കമ്പനികളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നു. ആ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 2006 മരുന്നു കമ്പനികളുണ്ട്. അതില്‍ത്തന്നെ 684 എണ്ണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെയും സ്വന്തം നാടായ ഗുജറാത്ത് ആസ്ഥാനമായുള്ളവ. കേരളത്തില്‍ നിന്നുമുണ്ട്, എട്ടു കമ്പനികള്‍. സംസ്ഥാന വിസ്തൃതി പരിഗണിക്കുമ്പോള്‍ എട്ട് ഒരു ചെറിയ സംഖ്യയല്ലെന്നു തോന്നും. പക്ഷേ, സര്‍ക്കാര്‍ മേഖലയില്‍ നമുക്കൊരു മരുന്നുകമ്പനിയുണ്ടെന്നു പോലും ഇപ്പോഴും പലര്‍ക്കും അജ്ഞാതം.
ആലപ്പുഴയില്‍ കലവൂരിലുള്ള സംസ്ഥാന പൊതുമേഖലാ ഔഷധക്കമ്പനിയായ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്. നാല്പത്തിയഞ്ചു വര്‍ഷം മുമ്പ്, 1974 ല്‍ തുടങ്ങിയതാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുണനിലവാരമുള്ള മരുന്നുകള്‍ ന്യായവിലയ്ക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നിട്ടോ? സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വിവിധ കമ്പനികളില്‍ നിന്ന് മരുന്നുകള്‍ പര്‍ച്ചേസ് ചെയ്യാന്‍ മാത്രമായി 2007 ല്‍ നമ്മളൊരു കോര്‍പ്പറേഷന്‍ തുടങ്ങി- കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍. അതാകുമ്പോള്‍ കമ്മിഷനും ക്രമക്കേടിനും കള്ളക്കളക്കിനും വേണ്ടത്ര സ്‌കോപ്പുണ്ടല്ലോ. ആലപ്പുഴയിലെ സര്‍ക്കാര്‍ മരുന്നു നിര്‍മ്മാണ കമ്പനി തുടങ്ങിയേടത്തുതന്നെ നില്പുമായി.
മലയാളികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം മരുന്നുകള്‍ക്കായി മെഡിക്കല്‍ സ്റ്റോറുകളില്‍ കൊടുത്ത തുക 8000 കോടി രൂപയാണ്. ഊഹക്കണക്കല്ല, പുതിയ ആരോഗ്യനയ രൂപീകരണത്തിനു മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ തന്നെ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടതാണ്. ആശുപത്രി ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും വേണ്ടിവന്ന ആയിരക്കണക്കിനു കോടിക്കു പുറമേ, നമ്മള്‍ ആഹരിച്ച മരുന്നുകളുടെ മാത്രം കണക്കാണിത്.
1990 ല്‍ മാത്രം തുടക്കമിട്ട തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക് അന്ന്, രാജ്യത്തു തന്നെ അത്തരത്തില്‍ ആദ്യ സംരംഭമായിരുന്നു. ഇന്ന് ഐ.ടി മേഖലയില്‍ ലോക ഭൂപടത്തില്‍ത്തന്നെ ശ്രദ്ധേയ സാന്നിദ്ധ്യം. അതിനും പതിനാറു വര്‍ഷം മുമ്പ് നമ്മള്‍ തുടങ്ങിയ പൊതുമേഖലാ മരുന്നു കമ്പനി ജീവശ്വാസത്തിനായുള്ള വീര്‍പ്പുമുട്ടലിലും. പ്രതിവര്‍ഷം എണ്ണായിരം കോടി രൂപയുടെ മരുന്നുവിപണിയില്‍ എന്നിട്ടും ശ്രദ്ധേയ സാന്നിദ്ധ്യമാകാന്‍ നമുക്കു തോന്നാത്തതിനു പിന്നില്‍ എന്തു രാഷ്ട്രീയമാണ്?
നിര്‍മ്മിക്കുന്നതിനേക്കാള്‍ നമുക്കിഷ്ടം മറ്റിടങ്ങളില്‍ നിന്ന് വാങ്ങുന്നതാണ്. സ്വയംപര്യാപ്തിയേക്കാള്‍ നമുക്കു പ്രിയം ആശ്രിതത്വമാണ്. നായകത്വത്തേക്കാള്‍ നമുക്കു പഥ്യം അടിമത്തമാണ്. ചൂഷണങ്ങള്‍ക്ക് ഇരകളാകാന്‍ സ്വയം നിശ്ചയിക്കുന്നവര്‍ എങ്ങനെ ഉയിര്‍ത്തെഴുന്നേല്ക്കും?
23.5°C








