Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് വില നല്‍കി ഏറ്റെടുക്കുന്നതിനു പിന്നിലെ ഗൂഢലക്ഷ്യം ചോദ്യം ചെയ്തും, നിലവില്‍ പാരിസ്ഥിതിക, അനുബന്ധ അനുമതികള്‍ നേടിയിട്ടുള്ള ആറന്മുള സ്വകാര്യ വിമാനത്താവള പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടും ചര്‍ച്ചകള്‍ സജീവമായതോടെ നിര്‍ദ്ദിഷ്ട ആറന്മുള പദ്ധതിക്ക് സാധ്യതയേറി. ഇനിയും ഭൂമി ഏറ്റെടുക്കുകയോ പരിസ്ഥിതി സംബന്ധമായ പുതിയ അനുമതി ആവശ്യമായി വരികയോ ചെയ്യാത്തതും, റണ്‍വേ നിര്‍മ്മാണത്തിന് അനുയോജ്യമായ വിധത്തില്‍ സമതല ഭൂപ്രകൃതിയുള്ളതുമായ ആറന്മുളയിലെ പദ്ധതിയില്‍ ഓഹരി നിക്ഷേപം നടത്തി, സ്വകാര്യ- പൊതുമേഖലാ പങ്കാളിത്ത പദ്ധതിയായി (പി.പി.പി) ഏറ്റെടുക്കണമെന്നാണ് ആവശ്യം.
പ്രമുഖ വ്യവസായികളായ മൗണ്ട് സിയോണ്‍ ഗ്രൂപ്പ് ആണ് ആറന്മുളയിലെ നിര്‍ദ്ദിഷ്ട സ്വകാര്യ വിമാനത്താവള പദ്ധതി വര്‍ഷങ്ങള്‍ക്കു മുമ്പേ മുന്നോട്ടുവച്ചത്. എന്നാല്‍ വിമാനത്താവളത്തിനായി ഭൂമി വാങ്ങല്‍, പാരിസ്ഥിതിക അനുമതി, കേന്ദ്ര സര്‍ക്കാരിന്റെ അനുബന്ധ അനുമതികള്‍ എന്നിവ നേടിയതിനു ശേഷം, പരിസ്ഥിതി പ്രക്ഷോഭങ്ങളുടെ പേരില്‍ പദ്ധതി മുടങ്ങിപ്പോവുകയായിരുന്നു. ഇപ്പോള്‍, ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണ് ആറന്മുള പദ്ധതി വീണ്ടും ചര്‍ച്ചകളിലെത്തിയത്.
ആറന്മുള വിമാനത്താവളം മൗണ്ട് സിയോണ്‍ ഗ്രൂപ്പ് വീണ്ടും മുന്നോട്ടുവയ്ക്കുകയാണെന്നും ഇതിനായി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഗ്രൂപ്പിന്റെ സാരഥി ഡോ. എബ്രഹാം കലമണ്ണില്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്കു മാത്രല്ല, മധ്യകേരളത്തില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് പ്രവാസികള്‍ക്കു കൂടി പ്രയോജനപ്പെടുന്ന വിധത്തിലും, ആഭ്യന്തര വിമാനയാത്രികരെ ഉദ്ദേശിച്ച് എയര്‍ ടാക്‌സി സര്‍വീസിന് പ്രാമുഖ്യം നല്‍കിയുമാണ് മൗണ്ട് സിയോണ്‍ ഗ്രൂപ്പിന്റെ ആറന്മുള വിമാനത്താവള പദ്ധതി.
ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ബിലീവേഴ്‌സ് ചര്‍ച്ച് ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍, ഉടമസ്ഥാവകാശം തര്‍ക്കത്തിലുള്ള ഭൂമി വില നല്‍കി ഏറ്റെടുക്കുന്നതിലെ നിയമപ്രശ്‌നങ്ങള്‍, അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍, മൊട്ടക്കുന്ന് ഇടിച്ചുനിരത്തി റണ്‍വേ പണിയുന്നതിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, പദ്ധതിക്ക് വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനുള്ള തടസ്സങ്ങള്‍, സാങ്കേതിക- പാരിസ്ഥിതിക തടസ്സങ്ങള്‍ കാരണം പദ്ധതിക്ക് വന്നേക്കാവുന്ന അനന്തമായ കാലതടസ്സം, സര്‍ക്കാരിന് വേണ്ടിവരുന്ന ഭീമമായ മുതല്‍മുടക്ക്, ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് ആറന്മുളയ്ക്കുള്ള അനുകൂലഘടകങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തുമ്പോള്‍ വിമാനത്താവളത്തിന് ഏറ്റവും യോജിക്കുക ആറന്മുളയിലെ ഭൂമിയായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇതു സംബന്ധിച്ച് പ്രാഥമിക പഠനം നടത്തിയ, മുംബയ് ആസ്ഥാനമായുള്ള എര്‍ത്ത് ആന്‍ഡ് എണ്‍വയണ്‍മെന്റ് സൊസൈറ്റി (ഈസ്- ഇ.ഇ.എസ്) ഇക്കാര്യങ്ങള്‍ വിശദമാക്കി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് മൗണ്ട് സിയോണ്‍ ഗ്രൂപ്പ് കേന്ദ്ര സര്‍ക്കാരിന് കൈമാറും. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട വികസന സാധ്യതകളും, വിമാനത്താവള നടത്തിപ്പിലെ ലാഭ സാദ്ധ്യതകളും ശബരിമല തീര്‍ത്ഥാടകര്‍ക്കും മൂന്നു ജില്ലകളിലെ പ്രവാസികള്‍ക്കും കൈവരുന്ന പ്രയോജനങ്ങളും ശാസ്ത്രീയ സര്‍വേകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സമഗ്ര റിപ്പോര്‍ട്ട്, പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തേ ഉയര്‍ന്ന പരിസ്ഥിതി വാദങ്ങളെ ഖണ്ഡിക്കുന്നതാണ്.
ഇതിനിടെ, ആറന്മുള വിമാനത്താവള പദ്ധതിയെ അനുകൂലിച്ചും നേരത്തേ പദ്ധതി മുടങ്ങിപ്പോകുന്നതിന് ഇടയാക്കിയ കപട പരിസ്ഥിതിവാദികള്‍ക്കെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് പ്രഖ്യാപിച്ചും ആറന്മുള വികസന സമിതിയും രംഗത്തെത്തി. ഒരിക്കല്‍ പദ്ധതി മുടങ്ങിപ്പോയതു കാരണം ആറന്മുള മേഖലയ്ക്ക് വികസനം നഷ്ടമായ ദുരവസ്ഥ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും, പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഏതു വിധത്തിലുള്ള പിന്തുണയും മൗണ്ട് സിയോണ്‍ ഗ്രൂപ്പിന് നല്‍കുമെന്നും സമിതി കണ്‍വീനര്‍ വി. വാസുദേവന്‍ പോറ്റി പറഞ്ഞു.
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഇല്ലാതെയും ഭൂമി ഏറ്റെടുക്കാതെയും പൂര്‍ണ മുതല്‍മുടക്ക് ഇല്ലാതെയും നിലവില്‍ സാങ്കേതിക അനുമതികള്‍ ഉള്ള ആറന്മുള വിമാനത്താവള പദ്ധതി, പങ്കാളിത്ത പദ്ധതിയായി ഏറ്റെടുക്കുന്നതു തന്നെയാകും ഇപ്പോഴത്തെ സാഹചര്യത്തില്‍ ലാഭകരവും പ്രായോഗികവുമെന്ന് ആസൂത്രണ- സാമ്പത്തിക മേഖലകളിലെ വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറന്ന് ചെറുവള്ളി എസ്റ്റേറ്റ് വില നല്‍കി ഏറ്റെടുക്കാനുള്ള ധൃതിപിടിച്ച നീക്കങ്ങള്‍ക്കു പിന്നില്‍ ദുരൂഹമായ സാമ്പത്തിക ഇടപാടുകളും റിയല്‍ എസ്റ്റേറ്റ് ക്രമക്കേടുകളുമാണെന്നാണ് ആക്ഷേപം.
27.1°C








