Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നെല്ലിന്റെ ഹാപ്പി ബര്‍ത്ത്‌ഡേ എന്ന്? കന്നി മാസത്തിലെ മകം നക്ഷത്രം. പറയുന്നത് സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ആയതുകൊണ്ടും, നമ്മുടെ കൈവശം നെല്ലിന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതുകൊണ്ടും എതിര്‍ക്കാനാവില്ല. ആ ജന്മദിനത്തില്‍, സ്‌കൂളുകളില്‍ പാഠം ഒന്ന്- പാടത്തേക്ക് എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കും. നല്ലത്, പാഠപുസ്തകത്തിലെ പശു പുല്ലു തിന്നില്ലെന്ന് മന്ത്രി ഓര്‍മ്മിക്കുമോ എന്തോ? കേരളത്തില്‍ നെല്‍പ്പാടങ്ങളുടെ വിസ്തൃതി കുറഞ്ഞുവരുന്നതും. നെല്ലുത്പാദനം കുറയുന്നതും ഒരു കണക്കും കൈവശമില്ലാതെ കണ്ണുമടച്ച് പറയാം. കണക്ക് വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍, സംസ്ഥാന രൂപീകരണ കാലത്ത് എട്ടു ലക്ഷത്തിലധികം ഹെക്ടര്‍ സ്ഥലത്തായിരുന്നു നെല്‍ക്കൃഷിയെങ്കില്‍ അടുത്ത 15 വര്‍ഷത്തിനിടെ അത് 13.3 ലക്ഷം ഹെക്ടര്‍ സ്ഥലത്തേക്ക് വികസിച്ചു. 1980- കളുടെ മധ്യത്തിനു ശേഷമാണ് നെല്‍ക്കൃഷി കുറയാന്‍ തുടങ്ങിയത്. 2010- ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് നെല്ലു വിളയുന്നത് വെറും രണ്ടു ലക്ഷം ഹെക്ടറില്‍ മാത്രം. ഇതിന് ആനുപാതികമായി നെല്ലുത്പാദത്തില്‍ വലിയ ഇടിവുണ്ടായി. പക്ഷേ, കഴിഞ്ഞ ദിവസം കൃഷി മന്ത്രി നിയമസഭയില്‍ പറഞ്ഞത് നെല്ലുത്പാദനത്തില്‍ രണ്ടു ലക്ഷം ടണ്ണിന്റെ വര്‍ദ്ധനവുണ്ടായി എന്നാണ്. കുട്ടനാട്ടില്‍ മാത്രം വിളവ് 40 ശതമാനം വര്‍ദ്ധിച്ചത്രേ. നെല്‍പ്പാടങ്ങള്‍ വ്യാപകമായി നികത്തപ്പെടുകയും, നിയമം കര്‍ശനമായപ്പോള്‍ നിലം തരിശിടുന്ന പരിപാടി കൃഷിക്കാര്‍ നടപ്പാക്കുകയും ചെയ്യുമ്പോള്‍ ഏതു പാടത്താണ് നെല്ലുത്പാദനം വര്‍ദ്ധിച്ചതെന്ന് പിടിയില്ല. കേരളത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ നാല് കാര്‍ഷിക മേഖലകളായി തിരിച്ച്, മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ കാര്‍ഷിരീതികള്‍ ഓരോ മേഖലയിലും പരീക്ഷിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. അതും നല്ലത്. നെല്ല് വിളഞ്ഞില്ലെങ്കിലും കാര്‍ഷിക ഉദ്യോഗസ്ഥമേഖലയില്‍ നല്ല വിളവുണ്ടാകും. ഓരോ മേഖലയ്ക്കും പ്രത്യേക ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ഓഫീസുകള്‍, അനുബന്ധ സൗകര്യങ്ങള്‍, മണ്ണു പരിശോധനാ കേന്ദ്രങ്ങള്‍, കാര്‍ഷിക ഗവേഷണശാലകള്‍, വിപണന ഏജന്‍സികള്‍... എല്ലാം വികസിക്കും. അപ്പോഴും നമുക്ക് ഊണുകഴിക്കാന്‍ അതിര്‍ത്തിക്കപ്പുറത്തു നിന്ന് കിലോയ്ക്ക് 38 മുതല്‍ 45 രൂപ വരെയുള്ള അരി വരണമെന്നു മാത്രം. അപ്പോള്‍, നമ്മള്‍ അധികമായി വിളയിച്ചെടുത്തെന്നു പറയുന്ന അരി ഏതു പത്തായത്തിലേക്കാണ് പോയത്? ദോഷം പറയരുതല്ലോ- നെല്‍ക്കൃഷിയില്‍ മാത്രമല്ല, പുഷ്പ കൃഷിയിലും അടുത്തിടെ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക താത്പര്യമുണ്ട്. പുഷ്പകൃഷിയുടെ സാധ്യത കണ്ടെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലന്‍ഡ്‌സ് വരെ പോയി പഠിത്തം കഴിഞ്ഞുവന്നു. ഇനി, വയനാട് കേന്ദ്രമാക്കി പുഷ്പകൃഷിക്കായി സെന്റര്‍ ഒഫ് എക്‌സലന്‍സ് സ്ഥാപിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. അടുത്ത ഓണക്കാലത്തെങ്കിലും നമുക്ക് തമിഴന്റെ പൂക്കള്‍ തീവില കൊടുത്തു വാങ്ങാതെ, വയനാട്ടിലെ സെന്റര്‍ ഒഫ് എക്‌സലന്‍സില്‍ നിന്ന് ന്യായവിലയ്ക്ക് നന്ത്യാര്‍വട്ടവും അരളിയും ശംഖുപുഷ്പവും പിച്ചിയും ചമ്പകവുമൊക്കെ കിട്ടുമായിരിക്കും. റേഷന്‍കട വഴി കാര്‍ഡൊന്നിന് ഇത്രയെന്ന കണക്കില്‍ കൊടുത്താലും മതി.

Readers Comment

Add a Comment