Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിദ്യാ സിന്‍ഹ വിടപറഞ്ഞപ്പോള്‍ ബോളിവുഡിന് നഷ്ടമായത് എഴുപതുകളിലെയും എണ്‍പതുകളിലെയും മുന്‍നിര നായികയെ. രജനീഗന്ധ, ഛോട്ടി സി ബാത്, പതി പത്‌നി ഔര്‍ വോ തുടങ്ങിയ ചിത്രങ്ങളിലൂടെ അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച വിദ്യ സിന്‍ഹയുടെ (71) അന്ത്യം ഇന്നലെ മുംബൈ ജൂഹുവിലെ ക്രിട്ടികെയര്‍ ആശുപത്രിയിലായിരുന്നു. ശ്വസനസംബന്ധമായ അസുഖങ്ങളും ഹൃദ്രോഗവും അലട്ടിയിരുന്ന വിദ്യയെ ഒരാഴ്ച മുമ്പു തന്നെ വെന്റിലേറ്ററിലാക്കിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മൂന്നു മാസമായി വിദ്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടയാണ് അന്ത്യം.
1947 നവംബര്‍ 15 ന് ചലച്ചിത്ര നിര്‍മ്മാതാവ് റാണാ പ്രതാപ് സിംഗിന്റെ മകളായി മുംബൈയിൽ ജനിച്ച വിദ്യ സിന്‍ഹയുടെ കരിയര്‍ തുടക്കം മോഡല്‍ എന്ന നിലയിലാണ്. പതിനെട്ടാം വയസ്സില്‍ മിസ് മുംബൈ കിരീടം ചൂടിയ വിദ്യ പല പ്രമുഖ ബ്രാന്‍ഡുകള്‍ക്കും മോഡലായി പരസ്യലോകത്ത് തിളങ്ങിനില്‍ക്കുമ്പോഴാണ് ചലച്ചിത്രകാരന്‍ ബസു ചാറ്റര്‍ജിയുടെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം വഴി ബോളിവുഡിന്റെ വെള്ളിത്തിരയിലേക്ക്.
21-ാം വയസ്സില്‍ വെങ്കിടേശ്വരന്‍ അയ്യരെ വിവാഹം കഴിച്ച വിദ്യയുടെ അഭിനയത്തുടക്കം, അതിനു ശേഷമായിരുന്നു. 1974 ല്‍ ആദ്യചിത്രം കിരണ്‍കുമാറിന്റെ നായികയായി- രാജ കാക്ക. അതേവര്‍ഷം ബസു ചാറ്റര്‍ജി സംവിധാനം ചെയ്ത ലോ ബഡ്ജറ്റ് ചിത്രമായ രജനീഗന്ധയാണ് വിദ്യയുടെ ആദ്യ സൂപ്പര്‍ ഹിറ്റ്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ഛോട്ടി സി ബാത് കൂടി ഹിറ്റായതോടെ വിദ്യ ബോളിവുഡിന്റെ പ്രിയതാരമായി.
രാജേഷ് ഖന്ന, ശബാനാ ആസ്മി എന്നിവര്‍ക്കൊപ്പം അഭിനയിച്ച കര്‍മ്, ശശി കപൂറിനും സഞ്ജീവ് കുമാറിനുമൊപ്പം മുക്തി, വിനോദ് ഖന്നയ്‌ക്കൊപ്പം ഇന്‍കാര്‍, സഞ്ജീവ് കുമാറിന്റെ നായികയായി പതി പത്‌നി ഔര്‍ വോ, ഗുല്‍സാറിന്റെ കിതാബ്... ആദ്യത്തെ 10 വര്‍ഷത്തിനിടെ മുപ്പതിലധികം ചിത്രങ്ങളില്‍ വിദ്യ വേഷമിട്ടു. ഭിക്ഷക്കാരുടെ സമ്പാദ്യം മോഷ്ടിക്കുന്ന സംഘത്തിന്റെ നേതാവായി വിദ്യ വേഷമിട്ട ജോഷ് ആണ് കരിയറിലെ ഒരേയൊരു നെഗറ്റീവ് റോള്‍. 1986 ല്‍ 39 ാം വയസില്‍ അഭിനയത്തിന് ഇടവേള നല്‍കിയ വിദ്യ 2011 ല്‍ സല്‍മാന്‍ ഖാന്റെ 'ബോഡിഗാര്‍ഡ്' എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അതായിരുന്നു അവസാന ചിത്രവും.
മടങ്ങിവരവ് വിദ്യ ആഘോഷമാക്കിയത് മിനി സ്‌ക്രീനിലാണ്. ബഹു റാണി, ഹം ദോ ഹെ നാ, ഹര്‍ ജീത്, ഖുബൂല്‍ ഹെ തുടങ്ങിയവയാണ് ജനപ്രിയ സീരിയലുകള്‍. ജാന്‍വി ദത്തുപുത്രിയാണ്. ഭര്‍ത്താവ് വെങ്കിടേശ്വര അയ്യര്‍ 1996 ല്‍ രോഗബാധയെ തുടര്‍ന്ന് മരണമടഞ്ഞതിനു ശേഷം അമേരിക്കയിലേക്ക് താമസം മാറ്റിയ വിദ്യ അവിടെവച്ച് ആസ്‌ട്രേലിയന്‍ വംശജനായ ഡോക്ടര്‍, നേതാജി ഭീംറാവുവുമായി പ്രണയത്തിലാവുകയും ഇവര്‍ വൈകാതെ വിവാഹിതരാവുകയും ചെയ്തു. 2009 ല്‍ ഭര്‍ത്താവിനെതിരെ മാനസിക- ശാരീരിക പീഡനം ആരോപിച്ച് വിവാഹ മോചന കേസ്. ഒടുവില്‍ വിവാഹമോചനം. ഏകാന്തവും വേദനാനിര്‍ഭരവുമായിരുന്നു, ബോളിവുഡിന്റെ പഴയ താരസുന്ദരിയുടെ ജീവിതസായാഹ്നം.
29.82°C








