Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:01 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാശു കൊടുത്ത് വാങ്ങാൻ കഴിയാത്ത പലതും നാട്ടിലുണ്ട് അതിലേറ്റവും വലുത് ജന്മസിദ്ധമായി ലഭിച്ച കഴിവുകളാണ് എന്ന് ഉള്ളുരുകി പറഞ്ഞുകൊണ്ട് നായിക നായകന്റെ മദ്യപാന സദസ്സിൽ നിന്നും ഇറങ്ങിപ്പോകുന്ന, മലയാളികൾ മറക്കാത്ത ഒരു സീനുണ്ട് മോഹൻലാൽ നായകനായ ആറാം തമ്പുരാൻ എന്ന സിനിമയിൽ. പിന്നീട് അദ്ദേഹം താൻ നടത്തിയ സംഗീതയാത്രകളൊക്കെയും സുഹൃത്തുക്കൾക്ക് വിവരിച്ചുകൊടുക്കുകയാണ്. പിന്നീട് ഗന്ധർവ നാദത്തിലുള്ള "ഹരിമുരളീരവം.. ഹരിത വൃന്ദാവനം..." എന്ന പാട്ട് മുഴങ്ങുന്നു. മന്ത്രികതയുള്ള ആ പാട്ടിൽ അയാളുടെ അന്ന് വരെയുള്ള ഭൂതകാലം മുഴുവനുമുണ്ട്. യമുനാനദിക്കരയിലൂടെ അയാൾ നടത്തിയ യാത്ര, പുണ്യസ്ഥലങ്ങൾ, ഉത്തരേന്ത്യയിലൂടെയുള്ള അലച്ചിൽ, ബാർഡാൻസുകൾ, പിടിച്ചുപറികൾ, കൊലപാതകങ്ങൾ, അജ്ഞാതകാമുകിക്ക് വേണ്ടിയുള്ള തീരാത്ത അലച്ചിൽ.... ഒരു പാട്ടിൽ ഉൾകൊള്ളിക്കാനാകുന്നതിന്റെ ആയിരം ഇരട്ടിയുണ്ട് ആ ഒറ്റ പാട്ടിൽ. കേൾക്കുന്ന ആളും നായകനോടൊപ്പം തീർത്ഥയാത്ര നടത്തുന്ന, അയാൾ അലഞ്ഞ വഴികളിലൂടെയൊക്കെ അലയുന്ന മാന്ത്രികത ഉൾക്കൊള്ളിക്കാൻ മലയാളത്തിലൊരു സംഗീതജ്ഞനേ കെൽപ്പുണ്ടായിരുന്നുള്ളൂ. ഒറ്റ കേൾവിയിൽ തന്നെ തിരിച്ചറിയാനാകുന്ന വിധത്തിൽ അത് രവീന്ദ്ര സംഗീതമല്ലാതെ മറ്റൊന്നുമായിരുന്നില്ല.

മലയാള സിനിമ സംഗീത ശാഖയിൽ രവീന്ദ്ര സംഗീതം എന്ന ഒരു ജോണർ പോലുമുണ്ടോ എന്ന് സംശയിക്കുന്ന തരത്തിൽ പ്രകടമായിരുന്നു രവീന്ദ്രൻ മാഷിന്റെ സ്‌പർശം. രവീന്ദ്രൻ മാഷ് മലയാളികളെ വിട്ടു പിരിഞ്ഞിട്ട് 15  വർഷം തികഞ്ഞിട്ടും ആ പ്രൗഢ ഗംഭീര സംഗീതത്തിന് ഇന്നും പകരക്കാരില്ല. "എന്തിന് വേറൊരു സൂര്യോദയം നീ എൻ പൊന്നുഷസന്ധ്യയല്ലേ" എന്ന് മലയാളിയെകൊണ്ട് പാടിപ്പിച്ച രവീന്ദ്രൻ മാഷ് അക്ഷരാർത്ഥത്തിൽ മലയാള ചലച്ചിത്രസംഗീതത്തിന്റെ സൂര്യോദയം തന്നെയായിരുന്നു. എന്താണ് രവീന്ദ്രസംഗീതത്തിന്റെ മാത്രം പ്രത്യേകത എന്ന് ചോദിച്ചാൽ അത് ക്ലാസിക്കൽ ശുദ്ധ സംഗീതത്തിന്റെയും മെലഡിയുടെയും അതുല്യമായ സമ്മേളനം ആയിരുന്നു എന്നതാണ് ഉത്തരം. അതിൽ നാടോടി ഗാനങ്ങളുടെയും അംശങ്ങളുണ്ടായിരുന്നു എന്നതാണ് രവീന്ദ്രൻ മാഷിന്റെ പാട്ടുകളുടെ ജനപ്രിയതയ്ക്കുള്ള പ്രധാനകാരണവും. എന്റെ നന്ദിനിക്കുട്ടിയ്ക്ക് എന്ന ചലച്ചിത്രത്തിലെ "പുഴയോരഴകുള്ള പെണ്ണ്.." എന്ന ഗാനം ഒരു നാട്ടിൻ പുറത്തെയും പുഴപോലെ അഴകുള്ള പാൽക്കാരി പെണ്ണിനേയും അവിടുത്തെ ഇടവഴിയും കേൾവിക്കാരെ ഓർമ്മിപ്പിക്കുന്നത്ര സൂക്ഷ്മമായിരുന്നു.
 രവീന്ദ്രൻ മാഷിന്റെ ഗാനങ്ങളിലെ പ്രണയവും രതിയും ഭക്തിയും വിരഹവും മലയാളികൾ നെഞ്ചേറ്റി. കുടജാദ്രിയിൽ കുടികൊള്ളുന്ന ദേവിയെ പ്രകീർത്തിക്കുന്ന രവീന്ദ്ര സംഗീതം ഏതൊരു വിശ്വാസിയുടെ മനസിലും ദേവിയുടെ ചിത്രവും ക്ഷേത്രത്തിന്റെ ഭൂമിശാസ്ത്രവും പോലും ആഴത്തിൽ പതിപ്പിക്കാൻ പോന്നതായിരുന്നു.  


കൊല്ലം കുളത്തൂപ്പുഴയിൽ ജനിച്ച രവീന്ദ്രൻ മാഷ് വെള്ളിയാഴ്ച എന്ന സിനിമയിലൂടെ ഒരു പാട്ടുകാരനായാണ് വെള്ളിത്തിരയിൽ രംഗപ്രവേശം ചെയ്യുന്നത്. ശശികുമാർ അദ്ദേഹത്തിന്റെ ചൂളയിൽ സംഗീതം ചെയ്യാൻ രവീന്ദ്രൻ മാഷിനെ ക്ഷണിച്ചപ്പോൾ മുതലാണ് രവീന്ദ്രസംഗീതത്തിന്റെ   മാധുര്യം മലയാളികൾ അറിഞ്ഞു തുടങ്ങുന്നത്. തന്റെ ഗാനങ്ങളിലെ പുരുഷ ശബ്ദം ഉറപ്പും ഘനഗാംഭീര്യവും ഉള്ളതായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്ന രവീന്ദ്രൻ  ഗാനങ്ങളിലെല്ലാം തന്റെ പഴയ ക്ലാസ്സ്‌മേറ്റ് യേശുദാസിനെ കൂടി ഉൾപ്പെടുത്തി. ഇരുവരും തൊട്ടതെല്ലാം പൊന്നാക്കാൻ തുടങ്ങിയതോടെ അത് രണ്ടുപേരുടെയും ജീവിതത്തിലെ  വഴിത്തിരിവായി. 


സിനിമയിലെ സ്ഥലകാലങ്ങളെയും വികാരവിചാരങ്ങളെയും രവീന്ദ്രൻ മാഷ് തന്റെ സംഗീതത്തിൽ ഇണക്കിച്ചേർക്കുന്നത് വളരെ മാതൃകാപരമായിട്ടാണ്. അരയന്നങ്ങളുടെ വീട്ടിലെ നായികയ്ക്ക് ഉത്തരേന്ത്യൻ പാരമ്പര്യമുള്ളതുകൊണ്ട് "ദീനദയാലു രാമാ" എന്ന ഗാനം ആലപിക്കാൻ മാഷ് തിരഞ്ഞെടുത്തത് ഹിന്ദുസ്ഥാനി സംഗീതം പഠിച്ച ഗായത്രിയെ ആയിരുന്നുവെന്നത് യാദൃശ്ചികമല്ല. ഹിസ് ഹൈനസ് അബ്ദുള്ളയിലെ "തു ബഡി മാഷാ അള്ളാ" എന്ന് തുടങ്ങുന്ന ഗാനവും അമരത്തിലെ "വികാര നൗകയുമായി" എന്ന ഗാനവും ചലച്ചിത്രത്തിലെ സന്ദർഭത്തിന്റെ സ്ഥലകാലങ്ങളുമായി എത്രമാത്രം യോജിപ്പുള്ളതാണെന്ന് മാത്രം ചിന്തിച്ചാൽ മതി രവീന്ദ്രൻ മാഷ് എന്ന പ്രതിഭയെ തിരിച്ചറിയാൻ. സിനിമാഗാനങ്ങൾക്കുപുറമെ മാമാങ്കം... പലകുറി മുതലായ മനോഹര ലളിതഗാനങ്ങളും മാഷിന്റെ സ്വന്തമാണ്. "ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു... " എന്ന അദ്ദേഹത്തിന്റെ ആ മനോഹര ഗാനം പോലെ തന്നെയാണ് പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞിട്ടും മാഷിന്റെ ഓർമ്മകൾ. 2005 മാർച്ച് മൂന്നിന് നമ്മെ വിട്ട് പിരിഞ്ഞെങ്കിലും രവീന്ദ്ര സംഗീതം മരിക്കുകയില്ലയെന്ന് മലയാളത്തിലെ അദ്ദേഹത്തിന്റെ ഓരോ സുവർണ്ണ ഗാനവും എക്കാലവും ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും... 
   

Readers Comment

Add a Comment