Forecast Weather using OpenWeatherMap with PHP

Kerala

  • Friday 7:27 pm
  • 15th May, 2026
  • Light Rain
29.82°C29.82°C
  • Humidity: 92 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇരുപത്തിമൂന്നാം വയസ്സില്‍, മലയാളം പോലെ ഒരു ചെറിയ ഭാഷയില്‍ ഒരു നടനു പ്രതീക്ഷിക്കാവുന്ന എല്ലാ സൗഭാഗ്യങ്ങളും തീരെച്ചെറിയ കാലയളവില്‍ കൈപ്പിടിയില്‍ വന്നയാളാണ് ഷെയ്ന്‍ നിഗം. കൈ നിറയെ ചിത്രങ്ങള്‍, പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം ഹിറ്റ്, തിരക്കഥയുമായി സംവിധായകര്‍ പിറകേ, പുത്തന്‍ തലമുറയുടെ പ്രിയതാരമെന്ന മൈലേജ്, സോഷ്യല്‍ മീഡിയയുടെ സപ്പോര്‍ട്ട്... ആര്‍ക്കായാലും കുറച്ച് അഹങ്കാരമൊക്കെ തോന്നാവുന്ന എല്ലാ അനുകൂല ഘടകങ്ങളുമുണ്ട്, ഈ നടന്റെ കരിയര്‍ഗ്രാഫില്‍. സ്വാഭാവികമായും ഒരു സാധാരണ മനുഷ്യനു സംഭവിക്കാവുന്നതേ ഷെയ്ന്‍ നിഗമിനും സംഭവിച്ചുള്ളൂ. കാരണം, പേരിലെ വൈചിത്ര്യത്തിനപ്പുറം വെറും തനി സാധാരണ മനുഷ്യനാണ് ഇയാള്‍!

ഒരു നടന്റെ പ്രാഥമിക ഉത്തരവാദിത്വം സംവിധായകനോടും അതു വഴി സിനിമയ്ക്ക് പണം മുടക്കുന്ന നിര്‍മ്മാതാവിനോടുമാണ്. തിരക്കഥയും സീനും ഷോട്ടും ചിത്രീകരണത്തിന്റെ ഷെഡ്യൂളും ക്രമവുമൊക്കെ സംവിധായകനേ അറിയാവൂ. ആ നിലയ്ക്ക് സിനിമ കൃത്യസമയത്തിന് പൂര്‍ത്തിയാകണമെങ്കില്‍ സംവിധായകന്‍ പറയുന്നത് നടനോ നടിയോ അനുസരിച്ചേ പറ്റൂ. കഥാപാത്രത്തിന്റെ തുടര്‍ച്ച സിനിമയില്‍ അത്യന്താപേക്ഷിതമാണ്. തുടര്‍ച്ചയെന്നാല്‍ നടന്റെ താടിയും മുടിയും മീശയുമൊക്കെ ചേര്‍ന്ന ഗെറ്റപ്പ്! പത്തു സീന്‍ മുടിവളര്‍ത്തി കഥാപാത്രമായി അഭിനയിച്ച നടന്‍ അടുത്ത ഷെഡ്യൂളില്‍ മുടി ക്രോപ്പ് ചെയ്ത് ക്ലീന്‍ ഷേവുമായി വന്നാല്‍ സംവിധായകന്‍ എന്തു ചെയ്യും?

സിനിമയെ സംബന്ധിച്ച് നടന്റെ മുടിയും താടിയും ഗെറ്റപ്പുമൊക്കെ വിഷയമാണ്. നടന്‍ മുടി വെട്ടിയാല്‍ സിനിമ ബ്രേക്കിട്ടതു പോലെ അവിടെ നില്‍ക്കും. ഷെയ്ന്‍ നിഗം നായകനായ വെയില്‍ എന്ന സിനിമ അത്തരമൊരു ബ്രേക്കിലാണ്. സംവിധായകന്‍ ശരത് വല്ലാത്ത ബ്രേക് ഡൗണിലും. വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായി കൊമ്പുകോര്‍ക്കുന്നത് ഇതാദ്യമല്ല. അതിന് നിര്‍മ്മാതാക്കളുടെ സംഘടന ഇടപെട്ട് ഒരു പരിഹാരമുണ്ടാക്കിയതാണ്. ഈ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടേ ഷെയ്‌നിനെ ഇനി മറ്റു സിനിമകളില്‍ അഭിനയിപ്പിക്കാവൂ എന്നാണ് ഒത്തുതീര്‍പ്പു വ്യവസ്ഥ. അന്നത്തെ ഒത്തുതീര്‍പ്പില്‍ വെയിലിന് 15 ദിവസത്തെ ഡേറ്റ് കൂടി ഷെയ്ന്‍ വാഗ്ദാനം ചെയ്തതുമാണ്.

പറഞ്ഞതുപോലെ ഷെയ്ന്‍ ഷൂട്ടിംഗിന് എത്തി. പക്ഷേ, കാരവനില്‍ നിന്ന് പുറത്തിറങ്ങില്ല. കൈയും കാലുംപിടിച്ചാണത്രേ നടനെ കാമറയ്ക്കു മുന്നിലെത്തിക്കുന്നത്. അതിനിടെയാണ് ഈ സിനിമയിലെ കഥാപാത്രത്തിനു ചേരാത്ത വിധത്തില്‍ ഷെയ്ന്‍ പോയി മുടിയും താടിയും വടിച്ചുകളഞ്ഞത്. അതു മന:പൂര്‍വമാണെന്നു വ്യക്തം. കാരണം, ക്ലീന്‍ ഷേവ് ഗെറ്റപ്പില്‍ ഷെയ്ന്‍ തന്റെ ചിത്രം സംവിധായകന് വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്തു! കൂടെ ഒരു കുറിപ്പും: പ്രതിഷേധിക്കുന്നു!

തന്റെ സഹകരണമില്ലാതെ ചിത്രം പൂര്‍ത്തിയാക്കുന്നത് ഒന്നു കാണട്ടെ എന്ന പരസ്യമായ വെല്ലുവിളിക്കു തുല്യമല്ലേ നടന്റെ അഹങ്കാരമെന്നാണ് സംവിധായകന്റെ ചോദ്യം. ഉടുതുണിക്കു മറുതുണിയില്ലാത്ത പ്രതിസന്ധിയിലായിപ്പോയ മലയാള സിനിമ വല്ല വിധവും കരകയറിവരുന്ന കാലമാണ്. ചെറിയ, നല്ല സിനിമകള്‍ക്ക് മാര്‍ക്കറ്റുള്ള കാലം. വമ്പന്‍ ബാനറുകളോ  വലിയ സംവിധായകരോ വന്‍കിട താരനിരയോ ഒന്നും വേണമെന്ന് പ്രേക്ഷകര്‍ക്ക് ഒരു നിര്‍ബന്ധവുമില്ല. ബിഗ് ബജറ്റിന്റെ കെട്ടുകാഴ്ചകളും വേണ്ട. അത്തരം ചില സിനിമകളാണ് ഷെയ്ന്‍ നിഗമിനെ താരമാക്കിയത് എന്നതും ചരിത്രം. ഇതെല്ലാം മറന്ന് ഷെയ്ന്‍ താരജാഡ കളിക്കാനിറങ്ങിയാല്‍ പ്രേക്ഷകര്‍ ഒപ്പം നില്‍ക്കുമെന്നു തോന്നുന്നുണ്ടോ?

ഭഗ്നകാമുകന്റെ രൂപമാണ് ഷെയ്ന്‍ നിഗമിന്. വളര്‍ന്നുനീണ്ട മുടിയും കുറ്റിത്താടിയും ഒട്ടിയ കവിളും വെളുത്തു മെലിഞ്ഞ ശരീരപ്രകൃതിയുമെല്ലാം ചേര്‍ന്ന്, ആരു കണ്ടാലും ഒരു 'അയ്യോ പാവം' ലുക്ക്! മാസ് നായകന്‍ ആകാനുള്ള മസില്‍പ്പെരുക്കമോ ഡയലോഗ് ഡെലിവറിയോ ആക്ഷന്‍ മികവോ നൃത്തപാടവമോ ഒന്നും ഈ നടനു സ്വന്തമല്ല. ആകെയുള്ളത് ഈ രൂപമാണ്. പിന്നെ, സിനിമയ്ക്കും പ്രേക്ഷകര്‍ക്കും സംഭവിച്ച പരിണാമം എന്ന അനുകൂല ഘടകവും. ഇതൊന്നും എല്ലാക്കാലവും ഇതുപോലെ നിലനില്‍ക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഷെയ്‌നിനെ താരമാക്കിയത്, പലപ്പോഴും അയാളുടെ അഭിനയപാടവല്ല, ആ കഥാപാത്രങ്ങളുടെ വിശുദ്ധിയായിരുന്നു.

നടനെ നടനാക്കുന്നത് അയാള്‍ കൈയാളുന്ന കഥാപാത്രങ്ങളുടെ വൈവിധ്യവും, വ്യത്യസ്ത കഥാപാത്രങ്ങളുടെ ശരീരത്തിലേക്ക് ആ നടന്‍ നടത്തുന്ന അനായാസ പരകായപ്രവേശവും ഒക്കെയാണ്. ഇതൊന്നുമില്ലാതെ രൂപപരമായ സൗജന്യംകൊണ്ട് ഒരു നടന് എത്ര കാലം പിടിച്ചുനില്‍ക്കാന്‍ കഴിയും? ആ സത്യം ഷെയ്ന്‍ മനസ്സിലാക്കുന്നില്ല എന്നു വേണം കരുതാന്‍. ഷെയ്‌നിന്റെ രൂപവും സംസാരവും വിളിച്ചുപറയുന്നതുപോലെ, അത്യാവശ്യം ലഹരിപദാര്‍ത്ഥങ്ങള്‍ക്കൊക്കെ ഇഷ്ടന്‍ വിധേയനാണെന്നാണ് സംസാരം. കഴിഞ്ഞ ഓണക്കാലത്ത് ഒരു ടിവി ചാനലില്‍ അഭിമുഖത്തിനെത്തിയ നടന്റെ പ്രതികണങ്ങളുടെ പൊരുള്‍ പിടികിട്ടാഞ്ഞ് അവതാരകയും ചാനലുകാരും വിയര്‍ത്തതാണ്. എന്നിട്ടും, ഈ അയ്യോ പാവം ലുക്ക് കാരണം ഷെയ്‌നിനെ പുത്തന്‍ തലമുറ ഇഷ്ടപ്പെട്ടു.

ഷെയ്‌നിന്റെ അച്ഛന്‍ അബി ഒരുപാടു കാലം സിനിയിലും അതിന്റെ വെളിമ്പറമ്പുകളിലുമൊക്കെ ഉണ്ടായിരുന്നെങ്കിലും നടന്‍ എന്ന നിലയില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയാതെ പോയ ശുദ്ധഗതിക്കാരനായിരുന്നു. എക്കാലത്തും മിമിക്രി എന്ന പേരുദോഷം ആ നടനെ പൊതിഞ്ഞുനില്‍ക്കുകയും ചെയ്തു. അച്ഛന്റെ മരണശേഷമാണ് ഷെയ്ന്‍ നടനെന്ന നിലയില്‍ പേരെടുത്തത്. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഷെയ്‌നിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും ഏറ്റവുമധികം സന്തോഷിക്കുമായിരുന്നത് ആ അച്ഛനാണ്. ഒരുപക്ഷേ, ഷെയ്‌നിന്റെ അഹങ്കാരത്തില്‍ ദു:ഖിക്കുന്നയാളും!

ഒത്തുതീര്‍പ്പു വ്യവസ്ഥ തെറ്റിച്ച നടനു മേല്‍ നിര്‍മ്മാതാക്കളുടെ സംഘടന ഇനി എന്തു നടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമല്ല. താക്കീത്, വിലക്ക്, നിരോധനം അങ്ങനെ പലതുമുണ്ട്. താരസംഘടനയായ അമ്മയില്‍ വലിയ സ്വാധീനമുള്ളയാളല്ല ഷെയ്ന്‍. ഒപ്പമുള്ളത് പ്രേക്ഷകരാണ്. അതില്‍ത്തന്നെ പുതുതലമുറയാണ്. ഏച്ചുകെട്ടുകളോ വച്ചുകെട്ടുകളോ ജാഡയോ തീരെ സഹിക്കാത്തവരാണ് പുത്തന്‍ തലമുറക്കാര്‍. ആ നിലയ്ക്ക് ഷെയ്‌നിന്റെ ധിക്കാരവും അഹങ്കാരവും ഇനിയും അവര്‍ സഹിക്കുമോ? താരഗോപുരത്തില്‍ നിന്ന് താഴെയിറങ്ങിയാല്‍ താന്‍ ആരുമല്ലെന്നും, കൊച്ചി ഡയലോഗ് അല്ലാതെ മറ്റൊന്നും തന്റെ വായില്‍ കൊള്ളില്ലെന്നും, അവസരങ്ങള്‍ എല്ലാക്കാലത്തും ഒപ്പമുണ്ടാകില്ലെന്നും ഷെയ്ന്‍ ഓര്‍ക്കുമായിരിക്കും.

Readers Comment

Add a Comment