Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജാന്‍വി കപൂര്‍ നായികയായി നെറ്റ്ഫ്‌ലിക്‌സില്‍ പ്രദര്‍ശനം തുടരുന്ന ബോളിവുഡ് ചിത്രം 'ഗുഞ്ചന്‍ സക്സേന: ദി കാര്‍ഗില്‍ ഗേള്‍' എന്ന സിനിമക്കെതിരെ ആരോപണവുമായി മലയാളി പൈലറ്റ് ശ്രീവിദ്യ രാജന്‍. ഗുഞ്ചന്‍ സക്‌സേനക്കൊപ്പം കാര്‍ഗില്‍ ദൗത്യത്തില്‍ പങ്കെടുത്ത പൈലറ്റാണ് ശ്രീവിദ്യ. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഇവര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്.
കാര്‍ഗില്‍ ദൗത്യത്തില്‍ പങ്കെടുത്ത ഒരേയൊരു വനിതാ പൈലറ്റായി ഗുഞ്ചന്‍ സക്സേനയെ ചിത്രത്തില്‍ കാണിച്ചത് വസ്തുതാപരമായി തെറ്റാണെന്ന് അവര്‍ പറയുന്നു. തങ്ങളെ ഒരുമിച്ചാണ് ഉധംപൂരിലേക്ക് നിയോഗിച്ചത്. പുരുഷ പൈലറ്റുകള്‍ക്കൊപ്പം അയച്ച ആദ്യത്തെ വനിതാ പൈലറ്റ് താനായിരുന്നു. സിനിമയില്‍ കാണിച്ചിരിക്കുന്നതുപോലെ ശാരീരികമായ രീതിയില്‍ അപമാനിക്കപ്പെട്ടിട്ടില്ല. ഞങ്ങളുടെ സഹ ഉദ്യോഗസ്ഥര്‍ ഒരിക്കലും ഞങ്ങളെ അപമാനിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. ഗുഞ്ചന്‍ നല്‍കിയ വിവരങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ വളച്ചൊടിച്ചതാണെന്ന് താന്‍ കരുതുന്നു എന്നും ശ്രീവിദ്യ പറയുന്നു.
ശ്രീവിദ്യ രാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പരിഭാഷ:
ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഏറ്റവും പുതിയ ചിത്രം, 'ഗുഞ്ചന്‍ സക്സേന ദി കാര്‍ഗില്‍ ഗേളി'ന് ഞങ്ങളുടെ സഹ ഉദ്യോഗസ്ഥരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിച്ചത്. ഗുഞ്ചന്‍ സക്സേനയ്ക്കൊപ്പം ഉധംപൂരില്‍ ജോലി ചെയ്ത ഒരേയൊരു വനിതാ ഓഫീസര്‍ എന്ന നിലയിലും ആ യാത്രയുടെ ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയതിനാലും ഇപ്പോള്‍ എന്റെ കാഴ്ചപ്പാടുകള്‍ മുന്നോട്ട് വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
ഞങ്ങള്‍ ഒരുമിച്ചാണ് പഠിച്ചത്. എഎഫ്എയിലും എച്ച്ടിഎസിലും ഒരുമിച്ച് പരിശീലനം നേടി. 1996 ല്‍ ഞങ്ങള്‍ രണ്ടുപേരെയും ഉധംപൂരിലേക്ക് നിയോഗിച്ചു. പക്ഷേ അവിടെ നിയോഗിച്ച ഒരേയൊരു വനിതാ പൈലറ്റ് ഗുഞ്ചന്‍ ആണെന്നാണ് സിനിമയില്‍ കാണിച്ചത്. ആ ഹെലികോപ്റ്റര്‍ യൂണിറ്റിലേക്ക് നിയോഗിക്കപ്പെടുന്ന ആദ്യത്തെ വനിതാ പൈലറ്റുമാര്‍ എന്ന നിലയില്‍, പുരുഷ മേധാവിത്വം നിലനില്‍ക്കുന്ന ആ പ്രദേശത്തെ സ്വീകാര്യതയെക്കുറിച്ച് ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു.
കുറച്ച് സഹപ്രവര്‍ത്തകരില്‍ നിന്ന് ചില മുന്‍ധാരണകളും മുന്‍വിധികളും ഞങ്ങള്‍ക്ക് ലഭിച്ചു. പക്ഷേ, ഞങ്ങളെ പിന്തുണയ്ക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥര്‍ അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ കര്‍ശനമായ നിരീക്ഷണത്തിലായിരുന്നു. ഞങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ക്ക് തിരുത്തല്‍ നടപടികള്‍ നേരിടേണ്ടിവന്നു. അത് പുരുഷരായ ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ ചെയ്തിരുന്നുവെങ്കില്‍ ഒരുപക്ഷേ അവഗണിക്കപ്പെട്ടേനെ. ഞങ്ങള്‍ അവരോടൊപ്പം എത്തുന്നവരാണെന്ന് തെളിയിക്കാന്‍ ഞങ്ങള്‍ക്ക് അവരെക്കാള്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നു. പ്രൊഫഷണല്‍ ഇടം ഞങ്ങളുമായി പങ്കുവെക്കുന്നതില്‍ ചിലര്‍ക്ക് വൈമനസ്യം ഉണ്ടായിരുന്നു. പക്ഷേ, ഭൂരിപക്ഷവും ഞങ്ങളെ അംഗീകരിക്കുകയും ഒരു പൊതു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന സഹ ഉദ്യോഗസ്ഥരായി കണക്കാക്കുകയും ചെയ്തു.
ഞങ്ങള്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങളുടെ പറക്കല്‍ ആരംഭിച്ചു, സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതു പോലെ നിസ്സാര കാരണങ്ങളാല്‍ അത് ഒരിക്കലും തടസ്സപ്പെടുകയോ റദ്ദാക്കുകയോ ചെയ്തില്ല. ഞങ്ങളുടെ സ്‌ക്വാഡ്രണ്‍ കമാന്‍ഡര്‍ തികച്ചും പ്രൊഫഷണലായിരുന്നു. വളരെ കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പുരുഷനായാലും സ്ത്രീ ആയാലും ഞങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് സംഭവിക്കുമ്പോഴെല്ലാം അദ്ദേഹം ഞങ്ങളെ ശിക്ഷിച്ചു. സിനിമയില്‍ കാണിച്ചിരിക്കുന്നതുപോലെ ശാരീരികമായ രീതിയില്‍ അപമാനിക്കപ്പെട്ടിട്ടില്ല. ഞങ്ങളുടെ സഹ ഉദ്യോഗസ്ഥര്‍ ഒരിക്കലും ഞങ്ങളെ അപമാനിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല.
സിനിമയില്‍ കാണിച്ചിരിക്കുന്നതുപോലെ, യൂണിറ്റില്‍ ഞങ്ങള്‍ക്ക് പ്രത്യേക ശൗചാലയങ്ങളോ സ്ത്രീകള്‍ക്ക് വസ്ത്രം മാറ്റാനുള്ള മുറികളോ ഉണ്ടായിരുന്നില്ല. ആദ്യത്തെ ചില ബുദ്ധിമുട്ടുകള്‍ക്ക് ശേഷം, ഞങ്ങള്‍ പരിമിതമായ സൗകര്യങ്ങള്‍ സഹ ഉദ്യോഗസ്ഥരുമായി പങ്കിട്ടു, അവര്‍ എല്ലായ്‌പ്പോഴും ഞങ്ങളെ സഹായിക്കുകയും ഞങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു.
കാര്‍ഗില്‍ പ്രവര്‍ത്തനങ്ങളില്‍ പറക്കുന്ന ഒരേയൊരു വനിതാ പൈലറ്റായി ഗുഞ്ചന്‍ സക്സേനയെ ചിത്രത്തില്‍ കാണിച്ചിരുന്നു. ഇത് വസ്തുതാപരമായി തെറ്റാണ്. കാര്‍ഗില്‍ സംഘര്‍ഷം തുടങ്ങിയപ്പോള്‍ ഞങ്ങളെ ഒരുമിച്ചാണ് ഉധംപൂരിലേക്ക് നിയോഗിച്ചത്. ശ്രീനഗറില്‍ വിന്യസിച്ച ഞങ്ങളുടെ യൂണിറ്റിന്റെ ആദ്യ ഡിറ്റാച്ച്‌മെന്റില്‍ പുരുഷ സഹപ്രവര്‍ത്തകരോടൊപ്പം അയച്ച ആദ്യത്തെ വനിതാ പൈലറ്റ് ഞാനായിരുന്നു. ശ്രീനഗറിലെ ഗുഞ്ചന്റെ വരവിനു മുമ്പുതന്നെ ഞാന്‍ സംഘട്ടന മേഖലയില്‍ വിമാനം പറത്തി. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഗുഞ്ചന്‍ സക്സേന പുതിയ കൂട്ടം സഹപ്രവര്‍ത്തകരുമായി ശ്രീനഗറിലെത്തി. അപകടത്തില്‍ പെട്ടവരെ ഒഴിപ്പിക്കല്‍, സപ്ലൈ ഡ്രോപ്പ്, ആശയവിനിമയത്തിനായുള്ള ചെറു യാത്രകള്‍, എസ്എആര്‍ മുതലായവ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞങ്ങള്‍ സജീവമായി പങ്കെടുത്തു. സിനിമയുടെ ക്ലൈമാക്‌സില്‍ ചിത്രീകരിച്ചിരിക്കുന്ന വീരകൃത്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ല, അത് സിനിമാറ്റിക് അനുഭവത്തിനായി കാണിച്ചതാവാം.
ഗുഞ്ചനെയും എന്നെയും രണ്ട് സ്റ്റേഷനുകളിലായി ഒരുമിച്ച് നിയമിച്ചു. ഗുഞ്ചന്റെ കോഴ്സ്‌മേറ്റും നല്ല സുഹൃത്തും ആയതിനാല്‍, പരസ്യപ്രചാരണത്തിനായി ചലച്ചിത്ര പ്രവര്‍ത്തകര്‍ ഗുഞ്ചന്‍ നല്‍കിയ വസ്തുതകള്‍ വളച്ചൊടിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവള്‍ ഒരു മികച്ച ഉദ്യോഗസ്ഥയും പൂര്‍ണമായും പ്രൊഫഷണലുമാണ്. ഔദ്യോഗിക ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ അവര്‍ നേടിയിട്ടുണ്ട്. ചില രംഗങ്ങളില്‍ അവളെ ദുര്‍ബലനും അടിച്ചമര്‍ത്തപ്പെട്ടവളുമായി കാണിക്കുന്നതിനു പകരം യുവതലമുറയെ പ്രചോദിപ്പിക്കുന്ന തരത്തില്‍ ചിത്രീകരിക്കേണ്ടതായിരുന്നു. . വനിതാ പൈലറ്റുമാരുടെവഴികാട്ടി എന്ന നിലയില്‍ ഞങ്ങളെ വളരെ ബഹുമാനത്തോടെയാണ് സമൂഹം പരിഗണിച്ചത്. അതുകൊണ്ട് തന്നെ ആ പ്രതീക്ഷകള്‍ക്ക് അനുസൃതമായി ജീവിക്കുകയും ഭാവിതലമുറയ്ക്ക് വഴിയൊരുക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. നമ്മുടെ രാജ്യത്തെ ആദരിക്കപ്പെടുന്ന സംഘടനയെ അപമാനിച്ചുകൊണ്ട് വ്യോമസേനയിലെ വനിതാ ഓഫീസര്‍മാരെക്കുറിച്ച് സിനിമ തെറ്റായ സന്ദേശം നല്‍കുകയാണ്.
ഇത് ഒരു ബയോപിക് ആയതിനാല്‍, സിനിമ സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് വസ്തുതകള്‍ കാണിക്കാനും വ്യോമസേനയെ പോസിറ്റീവ് ആയി ചിത്രീകരിക്കാനും ഗുഞ്ചന്‍ ഉറപ്പുവരുത്തണമായിരുന്നു.
കാര്‍ഗിലില്‍ പറക്കുന്ന ആദ്യത്തെ ലേഡി പൈലറ്റ് ഞാനാണെങ്കിലും, ലിംഗസമത്വത്തിലുള്ള എന്റെ ശക്തമായ വിശ്വാസം കാരണം ഇതിന് മുമ്പ് എവിടെയും ഞാന്‍ ഇത് അവകാശപ്പെട്ടിരുന്നില്ല. കാര്‍ഗില്‍ പ്രവര്‍ത്തനങ്ങളില്‍ പുരുഷ പൈലറ്റുമാര്‍ ഞങ്ങളെക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ഞങ്ങളെക്കാള്‍ കൂടുതല്‍ പറക്കുകയും ചെയ്തു. പക്ഷേ, അവര്‍ ഒരിക്കലും ഒരു പ്രശസ്തിയും ആഗ്രഹിച്ചിട്ടില്ല. ഞാന്‍ പിന്തുണയ്ക്കാത്ത ലിംഗഭേദം എന്ന കാരണം കൊണ്ടാവാം ഞങ്ങള്‍ക്ക് ഈ പ്രശസ്തി ലഭിച്ചത്. പ്രതിരോധ സേവനങ്ങളില്‍, സ്ത്രീയും പുരുഷനും തമ്മില്‍ വ്യത്യാസമില്ല. ഞങ്ങള്‍ എല്ലാവരും യൂണിഫോമിലുള്ള ഉദ്യോഗസ്ഥരാണ്.
30.82°C








