Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:30 pm
  • 9th August, 2026
  • Broken Clouds
23.13°C23.13°C
  • Humidity: 97 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആദിയില്‍ വചനമുണ്ടായെന്നാണ്. ദൈവത്തോളം ദിവ്യവും പരിശുദ്ധവുമായ വചനത്തിന് സഭയും സന്മാഭാപിതാക്കൻമാരും പുതിയ കാലത്ത് കല്പിക്കുന്ന വിലയറിയാന്‍ ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി (2019 ജൂണ്‍ 05) മലങ്കര സഭയ്ക്കു കീഴിലെ പള്ളികളില്‍ വായിച്ച കല്പനയിലെ വചനം ശ്രദ്ധിച്ച ശേഷം ഈ ചിത്രമൊന്നു കണ്ടാല്‍ മതി!

പരിസ്ഥിതിയുടെ പ്രാധാന്യവും ജീവന്റെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും തരിച്ചറിഞ്ഞ് ഫലവൃക്ഷങ്ങളും തണല്‍മരങ്ങളും നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയായിരുന്നു, ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായുള്ള സഭാകല്പന. പള്ളികളിലും പള്ളികള്‍ക്കു കീഴിലെ സ്ഥാപനങ്ങളിലും വിശ്വാസികളുടെ വീടുകളിലും ഓരോ വൃക്ഷത്തൈയെങ്കിലും നടുക.

എത്ര സുന്ദരവും ഹരിതാഭവുമായ സങ്കല്പം. പക്ഷേ, ആ കല്പനയ്ക്കു പിന്നിലെ കാപട്യത്തിന്റെ നേര്‍ച്ചിത്രമാണ് ലോകപ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ പരുമല പള്ളി മുറ്റത്ത് കാലങ്ങളായി തണലും തണുപ്പും വിരിച്ചുനിന്ന കൂറ്റന്‍ ആല്‍മരത്തിന്റെയും മറ്റു മരങ്ങളുടെയും വര്‍ത്തമാനകാല സ്ഥിതി. ശിഖരങ്ങള്‍ അരിഞ്ഞുവീഴ്ത്തിയ ഈമരങ്ങൾ സഭപിതാക്കന്മാരോട് പറയും, ഇവരറിയുന്നില്ല, ഇവര്‍ ചെയ്യുന്നതെന്തെന്ന്!

പരിശുദ്ധ പരുമല തിരുമേനിയുടെ അനുഗ്രഹം തേടി ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും പരുമലയിലെത്തുന്ന ആയിരങ്ങള്‍ക്ക് തണലും, എണ്ണമറ്റ പറവകള്‍ക്ക് അഭയവും വിരിച്ചുനിന്ന ഈ കൂറ്റന്‍ ആല്‍മരത്തിനു മേല്‍ വാള്‍ത്തലപ്പു വീഴ്ത്തിയവരുടെ പരിസ്ഥിതിപ്രണയത്തിന്റെ പൊള്ളത്തരം വിശ്വാസികള്‍ തിരിച്ചറിയും. ഹൈന്ദവ സങ്കല്‍പത്തില്‍ ദേവവൃക്ഷമാണ് ആല്‍മരം. ക്ഷേത്രാങ്കണങ്ങളില്‍ അതുകൊണ്ടുതന്നെ തറകെട്ടി, വിളക്കു കൊളുത്തി ആല്‍മരങ്ങള്‍ക്ക് ദൈവിക പരിവേഷവും നല്‍കി.

പക്ഷേ, അതിനു പിന്നിലൊരു ശാസ്ത്രസത്യമുണ്ട്. ഭൂമിയിലെ സസ്യ, വൃക്ഷജാലങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം ഓക്‌സിജന്‍ പുറത്തുവിടുന്നത് ആല്‍മരമാണ്. സ്വാഭാവികമായും ആല്‍മരത്തണലില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ രക്തത്തില്‍ ഓക്‌സിജന്‍ അധികമെത്തുകയും നമുക്ക് ഉന്മേഷവും ശരീരത്തിന് സ്വസ്ഥതയും അനുഭവപ്പെടുകയും ചെയ്യും. ഈ സത്യമറിയാവുന്ന ഋഷിവര്യന്മാരാകാം ആരാധനാലയ പരിസരങ്ങളില്‍ ആല്‍മരം നട്ട്, അതിനു ദൈവിക പരിവേഷം നല്‍കി വിശ്വാസികളെ അവിടേക്ക് പ്രാര്‍ത്ഥനാപൂര്‍വം വരുത്തിയത്.

പരുമല പള്ളിമുറ്റത്ത് ആല്‍മരം നട്ടതിനു പിന്നിലും ഈ ശാസ്ത്രസത്യം പണ്ടേ തിരിച്ചറിഞ്ഞൊരാളുടെ ദീര്‍ഘവീക്ഷണത്തിന്റെ കഥയുണ്ടാകുമെന്നു തീര്‍ച്ച. അതു മനസ്സിലാകാത്ത പുതിയ കാലത്തിന്റെ അജപാലകരോട് പരിസ്ഥിതിയുടെ ദൈവം ക്ഷമിക്കാതിരിക്കട്ടെ.

പള്ളിമുറ്റത്തെ മരത്തിന്റെ ശിഖരങ്ങൾ മാത്രമല്ല സെമിനാരിയുടെ അന്തരീക്ഷത്തിന് ശീതളിമ നല്‍കിയിരുന്ന തണല്‍മരങ്ങള്‍ വെട്ടിമാറ്റിയും അവര്‍ തലതിരിഞ്ഞ പരിസ്ഥിതിപ്രേമം ഇത്തവണ പ്രകടിപ്പിച്ചു. ഇതിനൊക്കെയുള്ള ചേതോവികാരമാണ് വിചിത്രം. ആല്‍മരത്തിലും പരിസരത്തെ മരങ്ങളിലും ചേക്കേറുന്ന പ്രാവുകള്‍ കാഷ്ഠിച്ച് പരിസരം വൃത്തികേടാക്കുന്നു പോലും!

എന്തായാലും, അതിന്റെ പേരില്‍ ആ പ്രാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ തീരുമാനിക്കാതിരുന്നത് ഭാഗ്യം. പക്ഷേ, അതിനേക്കാള്‍ ക്രൂരമല്ലേ കാലങ്ങളായി അവ അഭയം തേടിയിരുന്ന വൃക്ഷശിഖരങ്ങള്‍ മുറിച്ചുമാറ്റി, പറവകളെ പലായനമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന ദുരവസ്ഥയിലേക്ക് എത്തിച്ച കല്പന. ആ പറവകള്‍ ഇനി പുതിയ തണലിടങ്ങള്‍ തേടിപ്പോകും, പുതിയ ശിഖരങ്ങളില്‍ കൂടുകൂട്ടും, ആ തണലിന്റെ ആശ്വാസമറിഞ്ഞിരുന്നവര്‍ മരുപ്പറമ്പു പോലെയായിത്തീര്‍ന്ന പള്ളിമുറ്റത്ത് പൊരിവെയിലില്‍ പൊള്ളിനില്‍ക്കും...

തീര്‍ത്ഥാടകര്‍ക്ക് തണലും, പറവകള്‍ക്ക് ചേക്കേറാന്‍ ഇടവും, പള്ളിമുറ്റത്തിന് തണുപ്പും നല്‍കിയിരുന്ന ആല്‍മരം, പെരുന്നാള്‍ ദിവസങ്ങളില്‍ ദീപാലങ്കാരങ്ങളുടെ കേന്ദ്രവുമായിരുന്നു. വര്‍ണവെളിച്ചങ്ങളുടെ പ്രഭയില്‍ മുങ്ങിനില്‍ക്കുന്ന ആല്‍മരത്തിന്റെ ദൃശ്യം ആ ദിവസങ്ങളില്‍ പരുമല പള്ളിയിലെത്തിയിട്ടുള്ള ആരുടെ മനസ്സിലും മായാതെയുണ്ടാകും.

വചനങ്ങള്‍ കാപട്യംകൊണ്ട് പൊതിഞ്ഞവയ്ക്കാനുള്ളതും, വാഗ്ദാനങ്ങള്‍ ലംഘിക്കാനുള്ളതും, കല്പനകള്‍ വെറും കടലാസുവാക്യങ്ങളെന്നു കരുതി കേട്ടുമറക്കാനുള്ളതുമാണെന്നു കരുതുന്ന സഭാ നേതൃസ്ഥാനികളുടെ ആധുനിക പരിസ്ഥിതി സ്‌നേഹത്തിനു മുന്നില്‍ ഖേദപൂര്‍വം പ്രണാമം. ആരുടെയും ഒരു കല്പനയുമില്ലാതെ നമ്മളറിയണം, ഓരോ മരവും നാളത്തേക്ക് നമ്മള്‍ നടുന്ന നമ്മുടെ തന്നെ ജീവനാണെന്ന്. കപടവാക്യക്കാരോട് ദൈവം പൊറുത്താലും നമുക്ക് പൊറുക്കാതിരിക്കാം.

Readers Comment

Add a Comment