Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സഭാ തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന കുറ്റകരമായ ഉദാസീനതയ്‌ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളുടെ പ്രതിഷേധം നാളെ രോഷാഗ്നിയായി ആളിക്കത്തും. കൊട്ടാരക്കര മൈലം എം.ജി.എം സ്‌കൂള്‍ അങ്കണത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാലോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്ന ചെയ്യുന്ന പ്രതിഷേധ സംഗമത്തില്‍ സഖറിയാസ് മാര്‍ അന്തോണിയോസ് അദ്ധ്യക്ഷത വഹിക്കും. കോട്ടപ്പുറം സെമിനാരിയില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ഇടതു സര്‍ക്കാരിനെതിരെ പതിനായിരക്കണിന് ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ രോഷം ഇരമ്പിയാര്‍ക്കുന്ന അലകടലാകും.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കു കീഴിലെ മുഴുവന്‍ പള്ളികളും 1934 ലെ സഭാ ഭരണഘടനയ്ക്ക് അനുസൃതമായി ഭരിക്കപ്പെടണമെന്ന, ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധിക്കു നേരെയാണ് സര്‍ക്കാര്‍ കണ്ണടയ്ക്കുന്നതും, യാക്കോബായ സഭയ്ക്ക് അനുകൂലമായ നിലപാടു സ്വീകരിച്ച് കോടതിയലക്ഷ്യ നടപടികള്‍ക്കും നീതിരഹിത പ്രവൃത്തികള്‍ക്കും ചൂട്ടുപിടിക്കുന്നതും. കോടതി വിധി ധിക്കരിച്ചുകൊണ്ടുള്ള യാക്കോബായ വിഭാഗത്തിന്റെ ധാര്‍ഷ്ട്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കട്ടച്ചിറ പള്ളിയില്‍ കഴിഞ്ഞ ദിവസം പാതിരാവിന്റെ മറവില്‍ ഒരു സംഘം അക്രമികള്‍ അതിക്രമിച്ചു കയറി, 38 ദിവസം മുമ്പ് മരണമടഞ്ഞ വൃദ്ധയുടെ ശരീരം പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ച ഹീന നടപടി.
പള്ളിക്ക് പൊലീസ് കാവല്‍ ഉണ്ടെന്നിരിക്കെ, മന:പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുന്നതിനായാണ് യാക്കോബായ വിഭാഗക്കാര്‍ വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനു പകരം പ്രത്യേക പേടകത്തിലാക്കി വീട്ടുവളപ്പില്‍ ഇത്രയും ദീര്‍ഘദിവസം സൂക്ഷിച്ചിരുന്നതെന്ന് വ്യക്തം. അവസരം കിട്ടുമ്പോള്‍ നിയമലംഘനത്തിലൂടെ അതിക്രമിച്ചു കയറി ബലാല്‍ക്കാരമായി സംസ്‌കാരം നടത്താനുള്ള ഗൂഢപദ്ധതിയാണ് 150 ഓളം വരുന്ന അക്രമിസംഘം പൊലീസിനെ നോക്കുകുത്തികളാക്കി നടപ്പിലാക്കിയത്. സംസ്‌കാരത്തിനു മുന്നോടിയായുള്ള മതപരമായ ചടങ്ങുകള്‍ വീട്ടില്‍വച്ചുതന്നെ പൂര്‍ത്തിയാക്കിയതിനു ശേഷം നിയമലംഘനത്തിനും മന:പൂര്‍വമായി സംഘര്‍ഷം സൃഷ്ടിക്കുന്നതിനും വൃദ്ധയുടെ മൃതദേഹം ഇവര്‍ ഉപകരണമാക്കുകയായിരുന്നു.
2017 ജൂലായിലെ സുപ്രീം കോടതി വിധിക്കു ശേഷം രണ്ടരവര്‍ഷത്തോളമായിട്ടും വിധി നടപ്പാക്കാതെ ഇടതു സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളിയിലെ പ്രതിഷേധം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്തും നിയമസഭാ ഉപതിരഞ്ഞെടുപ്പു വേളയിലും ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ വ്യക്തമാക്കിയിരുന്നതും സര്‍ക്കാര്‍ വിരുദ്ധ നിലപാട് പരസ്യമായി പ്രകടിപ്പിച്ചിരുന്നതുമാണ്. ഇതു വ്യക്തമായതോടെയാണ്, കോടതി വിധി നടപ്പാക്കുന്നതിനു പകരം യാക്കോബായ വിഭാഗത്തെ പിന്തുണയ്ക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതും ഇരു വിഭാഗങ്ങളെയും തമ്മില്‍ത്തല്ലിച്ച് രാഷ്ട്രീയലാഭം കൊയ്യാമെന്ന ദുഷ്ടലാക്കോടെ സൂത്രശാലിയായ ചെന്നായയുടെ മട്ടില്‍ പെരുമാറുന്നതും.
നിലവിലെ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനെന്ന ഭാവേന മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ മറ്റു വിഭാഗങ്ങളുടെ നേതാക്കള്‍ അനുരഞ്ജന ശ്രമവുമായി മുന്നോട്ടു വരുന്നതിനെ പരിഹാസപൂര്‍വമാണ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ കാണുന്നത്. സീറോ മലബാര്‍ സഭയെ കുരുക്കിലാക്കിയ വിവാദ ഭൂമ ഇടപാടു വിഷയത്തില്‍ സ്വന്തം സഭയിലെ പ്രശ്‌നം പരിഹരിക്കാനാകാത്ത ആലഞ്ചേരി സഭാ തര്‍ക്ക കേസ് പരിഹസിക്കാന്‍ വ്യഗ്രത കാട്ടുന്നത് ആശ്ചര്യകരം മാത്രമല്ല, ആക്ഷേപകരവുമാണെന്ന് വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നു. മദ്ധ്യസ്ഥ ശ്രമങ്ങള്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കഴിഞ്ഞ ദിവസം തന്നെ തള്ളുകയും ചെയ്തിരുന്നു.
സഭാ തര്‍ക്ക കേസില്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധി അനുസരിക്കാന്‍ തയ്യാറാകാത്തവരുമായി മദ്ധ്യസ്ഥ ചര്‍ച്ച നടത്തുന്നതിലെ പ്രയോജനരാഹിത്യം ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇതര സഭാ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാത്ത ഓര്‍ത്തഡോക്‌സ് സഭയുടെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടാന്‍ നടത്തുന്ന ശ്രമങ്ങളെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഓര്‍ത്തഡോക്‌സ് സഭയെത്തന്നെ പ്രതിരോധത്തിലാക്കി തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത സര്‍ക്കാരുമായി ചേര്‍ന്നു നടത്തുന്ന ഒത്തുകളിക്കെതിരെ സഭാ വിശ്വാസികള്‍ക്കിടയിൽ രോഷം പുകയുകയാണ്. യാക്കോബായ വിഭാഗം സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം തുടരുമ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തെക്കന്‍ മേഖലാ പ്രതിഷേധ സംഗമത്തിന് തിരുവനന്തപുരത്തെ ഒഴിവാക്കി കൊട്ടാരക്കര തിരഞ്ഞെടുത്തത് ഇക്കാരണത്താലാണെന്നാണ് മാദ്ധ്യമ നിരീക്ഷകര്‍ കരുതുന്നത്. പതിനായിരങ്ങള്‍ അണിനിരക്കുന്ന പ്രതിഷേധ റാലിയും പ്രതിഷേധ സംഗമവും നല്‍കുന്ന മുന്നറിയിപ്പ് അധികാര കേന്ദ്രങ്ങളെ പിടിച്ചുകുലുക്കുമെന്ന് ഉറപ്പ്.
വിധി നടപ്പാക്കാതെ കോടതിയലക്ഷ്യം കാട്ടുകയും, എതിര്‍പക്ഷത്തിന് തന്നിഷ്ടം പോലെ പെരുമാറാന്‍ മൗനാനുവാദം നല്‍കി പൊലീസിനെപ്പോലും നോക്കുകുത്തിയാക്കുകയും ചെയ്യുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കം എന്തു വില കൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്ന അതിശക്തമായ താക്കീതിന്റെ സ്വരമാകും നാളെ കൊട്ടാരക്കരയില്‍ മുഴങ്ങുക.
23.71°C








