Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തോമസ് ടി. പരുമല
1975 കാലം. അന്ന്, പരുമല ഇടവകയില്‍ കാരിക്കോട്ട് അച്ചന്‍ വികാരിയായിരിക്കുന്ന സമയത്താണ് പരുമല നിവാസികള്‍ക്കായി ഒരു ആശുപത്രി എന്ന ആശയമുണ്ടായതും, അത് യാഥാര്‍ത്ഥ്യമായതും. ആതുരസേവനവും ആരാധനയാണല്ലോ. ആ നിലയ്ക്ക് പരുമലക്കാരുടെ അഭിമാനങ്ങളിലൊന്നായിരുന്നു പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി. ആശുപത്രിയുടെ ഏറ്റവുമടുത്ത്, തൊട്ടു മുന്നിലെ താമസക്കാരിലൊരാള്‍ എന്ന നിലയ്ക്കും, അഞ്ചു വര്‍ഷം ഹോസ്പിറ്റല്‍ ഭരണസമിതി അംഗമായിരുന്നയാള്‍ എന്ന നിലയ്ക്കും പരുമല ആശുപത്രിക്ക് തറക്കല്ലിട്ടതു മുതലുള്ള എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ് ഇതെഴുതുന്ന ഞാന്‍. ആശുപത്രിയുടെ പിറവിക്കും പ്രതാപകാലത്തിനും ഇപ്പോഴത്തെ പരമദയനീയ സ്ഥിതിക്കും സാക്ഷി.
വിശ്വാസികളുടെ പ്രതീക്ഷയും സ്വപ്‌നവുമായിരുന്ന ആശുപത്രിയും അതിനോടനുബന്ധിച്ച് വിഭാവനം ചെയ്ത പരുമല ക്യാന്‍സര്‍ സെന്ററും ഒടുവില്‍ വിശ്വാസികള്‍ക്കും സഭയ്ക്കു തന്നെയും നാണക്കേടാകുന്ന സ്ഥിതിയിലേക്കു പരിണമിച്ചതിനും, പുറത്തുപറയാന്‍ കൊള്ളാത്ത വിധമുള്ള കുഴുത്തറുപ്പന്‍ കൊള്ളയുടെ കേന്ദ്രമായതിനും പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ വിശ്വാസികളല്ലാത്തവരെപ്പോലും ഞെട്ടിക്കുന്നതാണ്. കണ്ണുമടച്ചും സഭയുടെ കണ്ണു വെട്ടിച്ചും കടമെടുക്കാന്‍ പണയമായി പള്ളി വക സ്ഥാവര- ജംഗമ വസ്തുക്കളില്‍ എന്ത് ഉപയോഗിച്ചാലും ഒരുപക്ഷേ വിശ്വാസികള്‍ പൊറുത്തേനെ- പരുമലയുടെ എല്ലാ ഖ്യാതിക്കും ആധാരവും വിശ്വാസികളുടെ സര്‍വസ്വവുമായ പരിശുദ്ധ കൊച്ചുതിരുമെനിയുടെ കബര്‍ പണയപ്പെടുത്തിയ അവിവേകം ഒഴികെ.
ലോകം മുഴുവനും കാല്‍ക്കലെത്തി വണങ്ങുന്ന പരിശുദ്ധ പിതാവിന്റെ കബര്‍ ഉള്‍പ്പെടുന്ന സ്ഥലം അടക്കം സ്ഥാവര ജംഗമ വസ്തുക്കള്‍ പണയപ്പെടുത്തി ഫെഡറല്‍ ബാങ്ക് മാന്നാര്‍ ശാഖയില്‍ നിന്ന് കടമെടുത്തത് 120 കോടി രൂപയാണ്. അത് ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ടേക്ക് ഓവര്‍ സൗകര്യമനുസരിച്ച് 140 കോടി രൂപയുടെ വായ്പയായി ഭീമാകാരം പ്രാപിച്ചിരിക്കുന്നതായാണ് അറിവ്. ഇതിനു പുറമെയാണ് മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍ കോര്‍പ്പ്, മുത്തൂറ്റ് ജനറല്‍ ഫിനാന്‍സ് എന്നീ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്ന് പള്ളി സ്വത്തുക്കള്‍ പണയം വച്ച് എടുത്തിട്ടുള്ള ശതകോടികളുടെ വായ്പയ്ക്കു പിന്നലെ ദുരൂഹതകള്‍. കോടിയോളം രൂപയാണ് വായ്പകള്‍ക്കുള്ള പലിശ ഇനത്തില്‍ പ്രതിമാസം ഈ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്.
ക്യാന്‍സര്‍ സെന്റര്‍ പണി തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ അതിനു സമാന്തരമായി മറ്റൊരു കൊള്ള നടക്കുന്നുണ്ടായിരുന്നു- ആശുപത്രിയുടെ പേരില്‍ വിശ്വാസികളില്‍ നിന്നുള്ള പിരിവ്! വിശ്വാസികളില്‍ നിന്നുള്ള വരുമാനമല്ലാതെ മറ്റൊരു സാമ്പത്തിക സ്രോതസുമില്ലാതിരുന്ന പള്ളിക്കു കീഴില്‍ ഒരു വന്‍കിട ക്യാന്‍സര്‍ സെന്റര്‍ വിഭാവനം ചെയ്തതിലെ പാളിച്ചയുടെ തുടര്‍ച്ചയായിരുന്നു പിരിവിന്റെ തുടര്‍ക്കഥ. പിന്നെപ്പിന്നെ, അത് വര്‍ഷാവര്‍ഷം പിരിവിനുള്ള ഒരു കാരണം മാത്രമായിത്തീരുകയും ചെയ്തു.
വിശ്വാസികളില്‍ നിന്നുള്ള സംഭാവനയും പല പേരിലുള്ള പിരിവുകളും കഴിഞ്ഞപ്പോള്‍ പരുമല പെരുന്നാളിനോടനുബന്ധിച്ച് ആശുപത്രി നിര്‍മ്മാണത്തിന് ഫണ്ട് സ്വരൂപിക്കാന്‍ എന്ന മട്ടില്‍ വര്‍ഷംതോറുമുള്ള പിരിവായി. ഇന്ത്യയിലും വിദേശങ്ങളിലുമുള്ള സഭാമക്കളില്‍ നിന്ന് ഒരു സ്‌ക്വയര്‍ ഫീറ്റ് പരുമലയ്ക്ക് എന്ന അഭ്യര്‍ത്ഥനയുമായി ചതുരശ്ര അടിക്ക് 3750 രൂപ എന്ന നിരക്കിലുള്ള പിരിവായി. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും മെത്രാച്ചന്മാരും അച്ചന്മാരും നേരിട്ടു പോയി പിരിവെടുത്തു. ആശുപത്രി നിര്‍മ്മാണത്തിനെന്നു പറഞ്ഞ് സഭാമക്കളില്‍ നിന്ന് അഞ്ച്, ഏഴ്, ഒന്‍പത് ശതമാനം വീതം പലിശയ്ക്ക് റീഫണ്ടബിള്‍ ബോണ്ട് എന്ന പേരില്‍ 75 കോടിയിലധികം രൂപ വാങ്ങിക്കൂട്ടി.
ക്യാന്‍സര്‍ സെന്ററില്‍ അഞ്ചു ലക്ഷം രൂപയ്ക്ക് ഒരു മുറി സ്‌പോണ്‍സര്‍ ചെയ്യുക എന്ന നിലയില്‍ ഇന്ത്യയിലെയും വിദേശത്തെയും ഇടവകകളില്‍ നിന്ന് പിരിച്ചെടുത്തത് കോടിക്കണക്കിനു രൂപയാണ്. ഇതിനെല്ലാം പുറമെയാണ് പരുമല നിവാസികളോടു കാണിച്ച മറ്റൊരു വന്‍ ചതിയുടെ കഥ. പരുമല നിവാസികളുടെ സമര്‍പ്പണം എന്ന രീതിയില്‍ പ്രത്യേക എന്‍ക്‌ളോഷര്‍ നല്‍കാമെന്നു വാഗ്ദാനം നല്‍കി ഉദ്ദേശം ഒരു കോടിയോളം രൂപ തട്ടിയെടുത്തു. പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ പണവുമില്ല, സമര്‍പ്പണവുമില്ല! പരുമലക്കാര്‍ പടിക്കു പുറത്ത്!
സെന്റിന് 100 രൂപ നിരക്കില്‍ ഭൂമി വാങ്ങി പണിത ആശുപത്രി തുടക്കത്തില്‍ ചെറുതായിരുന്നെങ്കിലും പരുമലക്കാര്‍ അതിന്റെ പേരില്‍ അഭിമാനിക്കുകയും ആശുപത്രിയുടെ സേവനം അവര്‍ക്ക് അനുഗ്രഹമാവുകയും ചെയ്തിരുന്നു. പിന്നീടാണ് ആശുപത്രിയുടെ ഭാഗമായിത്തന്നെ നഴ്‌സിംഗ് കോളേജ് ആരംഭിച്ചത്. അതിനു ശേഷം പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ. കെ.എം. ചെറിയാന്റെ നേതൃത്വത്തില്‍ പരുമല ഹാര്‍ട്ട് ഫൗണ്ടേഷനും തുടങ്ങി. കാര്യങ്ങള്‍ സുഗമമായി തുടരുന്നതിനിടയിലാണ് പരുമല പള്ളിക്കു കീഴില്‍ ഒരു ക്യാന്‍സര്‍ സെന്റര്‍ എന്ന ആശയം ഉരുത്തിരിഞ്ഞതും അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും.
പിന്നീട് ക്യാൻസർ സെന്ററിന്റെ ചുമതലയുണ്ടായിരുന്ന കൂടാരത്തില്‍ അച്ചന്റെ നേതൃത്വത്തില്‍ പരുമല ക്യാന്‍സര്‍ സെന്ററിന്റെ പണി തുടങ്ങിയെങ്കിലും അപ്പോള്‍ത്തന്നെ അച്ചനെ സ്ഥലം മാറ്റി, പകരം ഡല്‍ഹി ഭദ്രാസനത്തിലെ ഒരു പള്ളി വികാരി മാത്രമായിരുന്ന ഫാ. എം.സി. പൗലോസ് അച്ചനെ നിര്‍ദ്ദിഷ്ട ക്യാന്‍സര്‍ സെന്ററിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിച്ചു. ആതുരസേവന രംഗവുമായോ ആശുപത്രി നടത്തിപ്പുമായോ ഒരു ബന്ധവുമില്ലാതിരുന്ന പൗലോസ് അച്ചനെ ഇത്രയും വലിയൊരു സംരംഭത്തിന്റെ സി.ഇ.ഒ ആയി നിയമിച്ചതിനെ സെമിനാരി കണ്ടിട്ടില്ലാത്തയാളെ സെമിനാരി പ്രിന്‍സിപ്പല്‍ ആയി നിയമിക്കുന്നതു പോലെയായെന്നേ കരുതാനാകൂ. അതോടെ, മാമ്മോദീസയ്ക്കു മുമ്പേ അന്ത്യകൂദാശ എന്ന മട്ടിലായി ക്യാന്‍സര്‍ സെന്ററിന്റെ അവസ്ഥ.
ആതുരസേവന രംഗത്ത് ലോകത്തെവിടെയും ക്യാന്‍സര്‍ ആശുപത്രി മാത്രമായി ഒരു സംരംഭം ലാഭകരവും വിജയകരവുമായി നടത്തിക്കൊണ്ടുപോയ ചരിത്രമല്ല. മുടക്കുമുതലിന് അനുസരിച്ച് അതിഭീമമായ ചികിത്സാ ചെലവ് ചുമത്താനാകുന്നതല്ല ക്യാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍. അത്തരം ആശുപത്രികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ഫീഡര്‍ വിഭാഗത്തില്‍ അനുബന്ധ ചികിത്സാ വിഭാഗങ്ങള്‍ വേണം. ഈ പ്രാഥമിക പാഠം പോലുമറിയാതെ പരുമല ക്യാന്‍സര്‍ സെന്റര്‍ വിഭാവനം ചെയ്തതില്‍ നിന്നേ തുടങ്ങുന്നു, പാളിച്ചകള്‍.
ആശുപത്രി കെട്ടിടത്തിന്റെ ഡിസൈനില്‍ത്തന്നെ സംഭവിച്ച പിഴവുകള്‍ കാരണം ലോഡ് കണക്കിന് കമ്പിയും സിമന്റും ഉപയോഗിച്ചു വാര്‍ത്ത കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണുകള്‍ ഉപയോഗയോഗ്യമല്ലാതാവുകയും അവ ഇടിച്ചുപൊളിച്ച് പമ്പാനദിയില്‍ ഒഴുക്കുകയും ചെയ്തു. ഇങ്ങനെ ഒഴുക്കിക്കളഞ്ഞ അവശിഷ്ടങ്ങള്‍ക്കൊപ്പം ഒഴുകിപ്പോകാതെ ബാക്കിയായ അഴിമതിക്കഥകള്‍ എന്റെ ഓര്‍മ്മയിലുണ്ട്.
ദീര്‍ഘവീക്ഷണമില്ലാതെ ക്യാന്‍സര്‍ ആശുപത്രി വിഭാവനം ചെയ്യുമ്പോള്‍ നിര്‍മ്മാണത്തിലും ആശുപത്രിക്കായി യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിലും മരുന്ന് പര്‍ച്ചേസിലും ഒളിച്ചിരിക്കുന്ന കോടികളുടെ കമ്മിഷന്‍ പണം മാത്രമായിരുന്നു പദ്ധതിക്ക് നേതൃത്വം വഹിച്ചവരുടെ മനസ്സില്‍. ക്യാന്‍സര്‍ സെന്റര്‍ പദ്ധതിക്ക് തുടക്കമിട്ടതു തന്നെ ഈ അഴിമതി സാധ്യത മുന്നില്‍ക്കണ്ടാണെന്ന് ഉറപ്പിച്ചു പറയാനാകും.
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി മാറിയ പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിക്ക് ഇലക്ട്രിസിറ്റി ബില്‍ ഇനത്തില്‍ പ്രതിമാസ ചെലവ് എത്രയെന്നോ? 35ലക്ഷം രൂപ! ഒരു ആശുപത്രി എങ്ങനെ നടത്തിക്കൂടാ എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്ന് പരുമല ആശുപത്രിയുടെ ഭരണം.
നൂറ് രോഗികളും അവരെ പരിചരിക്കാന്‍ ആയിരം ജീവനക്കാരും എന്നതാണ് ഇപ്പോള്‍ പരുമല ആശുപത്രിയിലെ പേഷ്യന്റ്- സ്റ്റാഫ് അനുപാതം. ജീവനക്കാരില്‍ അധികം പേരും ശുപാര്‍ശയും സ്വാധീനവും വഴി എത്തിയവര്‍. മെത്രാപ്പോലീത്തമാരുടെയും അച്ചന്മാരുടെയും ബസ്‌കിയാമമാരുടെയും ബന്ധുക്കളോ വേണ്ടപ്പെട്ടവരോ ആണ് ജീവനക്കാരില്‍ പലരും. പരിശുദ്ധ പിതാവിനെ സേവിക്കുന്നത് ജീവിതവ്രതമായി കാണുന്ന ചില ഡോക്ടര്‍മാര്‍ ഇപ്പോഴും ഇവിടെ ബാക്കിയുണ്ട്.
ഒരു പദവിക്ക് ഒരു ജോലി ഫ്രീ എന്നു പറയാവുന്ന വിധത്തിലാണ് മറ്റൊരു നിയമനരീതി. വേണ്ടത്ര രോഗികളുള്ള മിടുക്കനായ പുരുഷ ഡോക്ടറെ നിയമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു ഡിമാന്‍ഡ് ഭാര്യയ്ക്കു കൂടി ആശുപത്രിയില്‍ ജോലി നല്‍കണമെന്നായിരിക്കും. വനിതാ ഡോക്ടറാണെങ്കിലും ഇതു തന്നെ അവസ്ഥ. വൈദഗ്ദ്ധ്യം വേണ്ടാത്ത ജോലികളില്‍ പ്രതിമാസം 15,000- 20,000 രൂപ ശമ്പളത്തിനു പോലും അര്‍ഹരല്ലാത്തവര്‍ അങ്ങനെ അരലക്ഷം മുതല്‍ 60,000 രൂപ വരെ ശമ്പളത്തില്‍ നിയമിതരാകുന്നു.
നിയമന കാര്യത്തിലെ ഔദാര്യം ഇങ്ങനെ തുടരുമ്പോഴാണ് അതിസമര്‍ത്ഥരായ പല ഡോക്ടര്‍മാരെയും, അവര്‍ക്ക് വേണ്ടത്ര പേഷ്യന്റ് ലോഡ് ഉണ്ടായിരുന്നിട്ടു പോലും നാമമാത്രമായിപ്പോലും ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കാതെ ധാര്‍ഷ്ട്യത്തോടെ ആട്ടിപ്പായിച്ചത്. ആശുപത്രിയുടെ വരവു ചെലവുകളുടെ ആഭ്യന്തര പരിശോധനയ്ക്ക് മിടുക്കനായൊരു ഓഡിറ്റര്‍ ഉണ്ടായിരുന്നു. കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുകയും പരിശോധനകള്‍ നടത്തുകയും വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ പരിശ്രമിക്കുകയും ചെയ്ത അദ്ദേഹത്തെയും പുറത്താക്കി. ഇപ്പോള്‍ പുറത്ത് ഓഡിറ്റര്‍ ആയി സന്തുഷ്ടജീവിതം ജയിക്കുന്ന അദ്ദേഹം പരുമല പള്ളിക്ക് സ്തുതി പറയുന്നുണ്ടാകും!
ഡോക്ടര്‍മാരെ നിയമിക്കുന്നതിനു പോലും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയില്ല, മരുന്നുകളും ആശുപത്രി ഉപകരണങ്ങളും മറ്റ് കണ്‍സ്യൂമബിള്‍സും വാങ്ങുന്നത് പരിശോധിക്കാനോ നിയന്ത്രിക്കാനോ പര്‍ച്ചേസ് കമ്മിറ്റിയില്ല. പേരിന് ആകെയുള്ള ഒരു കമ്മിറ്റിക്കാകട്ടെ ഇതിലൊന്നും ഒരു റോളുമില്ല! ഏറ്റവും കൂടുതല്‍ കമ്മിഷന്‍ ലഭിക്കുന്ന, നിലവാരം കുറഞ്ഞ ചാത്തന്‍മരുന്നുകളും കണ്‍സ്യൂമബിള്‍സും ആശുപത്രി സ്‌റ്റോറുകളില്‍ കെട്ടിക്കിടക്കുമ്പോള്‍ ചിലരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങള്‍ കമ്മിഷന്‍ ഇനത്തില്‍ ഒഴുകിയെത്തുന്നു.
കാര്യങ്ങള്‍ ഈ നിലയില്‍ അപകടകരമായി തുടരുമ്പോഴാണ് അന്നത്തെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അത്തനാസിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ഒരു ആശുപത്രി ശുദ്ധീകരണ കമ്മിറ്റി ഉണ്ടായത്. നിയമന കാര്യങ്ങളില്‍ മുതല്‍ മരുന്നുകളുടെ പര്‍ച്ചേസ് വരെയുള്ളവയിലെ അഴിമതിയും ക്രമക്കേടുകളും വിശദമായി പഠിച്ച കമ്മിറ്റി സമഗ്രവും സത്യസന്ധവുമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒടുവില്‍ റിപ്പോര്‍ട്ടും പോയി, അത്തനാസിയോസ് തിരുമേനിയും പോയി...
ഏതു വലിയ സംരംഭങ്ങളും തുടങ്ങുമ്പോള്‍ തദ്ദേശീയര്‍ക്ക് നിശ്ചിത വിഹിതം ജോലികള്‍ മാറ്റിവയ്ക്കാറുണ്ട്. പരുമല ആശുപത്രിയുടെ കാര്യത്തില്‍ അത് നാട്ടുകാര്‍ക്ക് തൂപ്പ്- തുടപ്പ് ജോലിയും, വേണ്ടപ്പെട്ടവര്‍ക്ക് കൊള്ളാവുന്ന ജോലികളും എന്നതാണ് അവസ്ഥ. നഴ്‌സിംഗ് ബിരുദവും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് വിഷയത്തില്‍ ഡിപ്‌ളോമ- ഡിഗ്രിയുമുള്ള പരുമല ഇടവകയിലെ ചെറുപ്പക്കാര്‍ സ്വന്തം സഭയുടെ ആശുപത്രിയില്‍ ജോലി കിട്ടാഞ്ഞ് അപേക്ഷയുമായി ഇതര സഭകള്‍ക്കു കീഴിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് മെഡി. കോളേജ് ഹോസ്പിറ്റലിലും, പുഷ്പഗിരി മെഡി. കോളേജ് ആശുപത്രിയിലും പോകാറുണ്ട്.
പരുമലയില്‍ നിന്നാണെന്ന് കാണുമ്പോള്‍ അവര്‍ പറയും: നിങ്ങള്‍ക്ക് വലിയ ആശുപത്രിയുണ്ടല്ലോ. ഇത് ഞങ്ങളുടെ പിള്ളേര്‍ക്കുള്ളതാ...! ആ പരിഹാസത്തിനു മുന്നില്‍ നിസ്സഹായതയോടെ നിശ്ശബ്ദരായി നില്‍ക്കേണ്ടിവരുന്ന പരുമല നിവാസികളുടെ വേദന സങ്കല്പിച്ചുനോക്കുക. കാലങ്ങളായി തുടരുന്ന തട്ടിപ്പുകള്‍ക്കെല്ലാം കുടപിടിച്ച് ഔപചാരികതയുടെ പേരില്‍ വര്‍ഷാവര്‍ഷം അരങ്ങേറുന്ന ഒരു കലാപരിപാടിയുണ്ട്: ആശുപത്രിയുടെ കണക്ക് അവതരണവും അതു പാസാക്കലും! പരുമല കൊച്ചുതിരുമേനിയുടെ കബറില്‍ കണ്ണുനീരോടെ പ്രാര്‍ത്ഥിക്കുന്ന വിശ്വാസികള്‍ ഈ കൊള്ളക്കച്ചവടത്തിനു മുന്നില്‍ കണ്ണു തുറക്കേണ്ടവരല്ലേ? വായ്പയ്ക്ക് ഈടു നല്‍കുന്ന വസ്തുക്കളുടെ പട്ടികയില്‍ നിന്ന് പരിശുദ്ധ കൊച്ചു തിരുമേനിയുടെ കബര്‍ ഒഴിവാക്കാനുള്ള വിവേകം പോലും കാണിക്കാത്ത കൊള്ളക്കൂട്ടത്തിനു നേരെ വിശ്വാസികള്‍ ചമ്മട്ടിയെടുക്കേണ്ടേ?
പരുമല ആശുപത്രി നശിച്ചുപോകാതിരിക്കണമെങ്കിലും, ഈ ആശുപത്രിയുടെ പേരില്‍ സഭ തന്നെ നാണക്കേടില്‍ മുങ്ങാതിരിക്കണമെങ്കിലും അടിയന്തരമായി ഒരു അന്വേഷണ സമിതിയെ നിയോഗിക്കണം. ആ സമിതിക്ക് സ്വതന്ത്രമായും സത്യസന്ധമായും പ്രവര്‍ത്തിക്കാനും പഠിക്കാനുമുള്ള അവസരം നല്‍കണം. അഴിമതിക്കാരെ പുറത്താക്കി ആശുപത്രി തൂത്തുതുടച്ച് ശുദ്ധമാക്കി, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് രംഗത്ത് വൈദഗ്ദ്ധ്യവും പരിചയസമ്പത്തുമുള്ള പ്രൊഫഷണല്‍ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരെ ആശുപത്രി ഭരണം ഏല്പിക്കണം.
നാളെ:
വിശ്വാസികളേ, നിങ്ങള്‍ നില്ക്കുന്നത് പരിശുദ്ധന്റെ
കബറിങ്കലല്ല, ബാങ്കുകളുടെ പണയ വസ്തുവില്‍!
(പരുമലയിലെ പുരാതന കുടുംബാംഗമായ ലേഖകന്‍ തോമസ് ടി. പരുമല പത്തു വര്‍ഷത്തോളം പരുമല പള്ളി മുന്‍ കൗണ്‍സില്‍ അംഗവും, അഞ്ചു വര്‍ഷം പരുമല ആശുപത്രി കൗണ്‍സില്‍ അംഗവും ആയിരുന്നു)
23.71°C








