Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഓർത്തഡോക്സ് സഭയിലെ മഹാപുരോഹിതനും മലങ്കര സഭാ ചരിത്രത്തിലും മത, സാംസ്‌കാരിക, ബൗദ്ധിക മണ്ഡലത്തിലും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ ജന്മശതാബ്ദിയാണ് ഇന്ന്. കേരളവികസനത്തിന് ദിശാബോധം നൽകിയ കേരളപഠന കോൺഗ്രസിലേക്ക് 1990 കളിൽ ഇ എം എസ് ക്ഷണിച്ച ക്രൈസ്തവ സഭയിലെ ബിഷപ്പ് കൂടിയാണിദ്ദേഹം. ഇടത് സഹയാത്രികനായ ദാര്ശനികനെന്ന നിലയിൽ രാജ്യാന്തര പ്രശസ്തനായിരുന്നു അദ്ദേഹം. ലോകസമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവുമായി രാജ്യാന്തര തലത്തിൽ സഞ്ചരിച്ചു.
ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത, പഴയ സെമിനാരി പ്രിൻസിപ്പൽ, സഭകളുടെ രാജ്യാന്തര സംഘടനയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ്, രാജ്യാന്തര വേദികളിൽ മലങ്കര സഭയുടെ പരിചിത മുഖമായിരുന്നു. സർവ ധർമ നിലയ, നീതി ശാന്തി കേന്ദ്ര, സൗത്ത് ഡൽഹി പീപ്പിൾസ് എജ്യുക്കേഷൻ പ്രൊജക്ട്, സോഫിയ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. ഓർത്തഡോക്സ് സഭയ്ക്കു കീഴിൽ ഡൽഹിയിലുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുടക്കം കുറിച്ചതും ഡോ. പൗലോസ് മാർ ഗ്രിഗോറിയോസാണ്.
ഇന്ത്യ ഇന്റർനാഷണൽ സെന്റർ, മാക്സ് മുള്ളർ ഭവൻ, ഡൽഹി ഇസ്‌ലാമിക് സെന്റർ, രാമകൃഷ്ണ മിഷൻ തുടങ്ങി ഡൽഹിയിലെ പ്രമുഖർ ഒത്തുചേരുന്ന വേദികളിൽ അദ്ദേഹം സ്ഥിര സാന്നിധ്യമായിരുന്നു. തന്റെ പ്രവർത്തനങ്ങളിലെല്ലാം ആധ്യാത്മിക ചൈതന്യം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. പുരോഹിതന്റെ ചൈതന്യ നിർഭരമായ ഉൾക്കാഴ്ച, ആഴത്തിലുള്ള അറിവ്, പണ്ഡിതന്റെ ആത്മചൈതന്യം എന്നിവയാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്ന സവിശേഷതകൾ.
സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡ് ഉൾപ്പെടെ ഇരുപതോളം രാജ്യാന്തര അവാർഡുകളും ഒട്ടേറെ ബഹുമതികളും ലഭിച്ചിട്ടുണ്ട്. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി പരമോന്നത ബഹുമതിയായ ലെനിൻ പ്രൈസിന് അർഹനായ ഏക ഇന്ത്യക്കാരനാണ് . ജോയ് ഓഫ് ഫ്രീഡം , ഫ്രീഡം ഓഫ് മാൻ, കോസ്മിക്‌മാൻ, ഹ്യൂമൻ പ്രെസെൻസ് , എൻലൈറ്റ്മെന്റ് ഈസ്റ്റ് ആൻഡ് വെസ്റ്റ് , സയൻസ് ഫോർ സെയിൻ സൊസൈറ്റീസ് , എ ലൈറ്റ് റ്റൂ ബ്രൈറ്റ് , എ ഹ്യൂമൻ ഗോഡ് തുടങ്ങി മുപ്പതോളം ഇംഗ്ലീഷ് ഗ്രന്ഥങ്ങളും പന്ത്രണ്ട് മലയാള ഗ്രന്ഥങ്ങളും രചിച്ചു. പ്രസിദ്ധീകരിക്കാത്ത മലയാളം, ഇംഗ്ലീഷ് , ജർമ്മൻ ഫ്രഞ്ച് ഭാഷകളിലുള്ള പ്രബന്ധങ്ങൾ ആയിരത്തോളം വരും.
1922 ഓഗസ്റ്റ് 9നു ജനിച്ച ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ്, 1996 നവംബർ 24 നു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കോട്ടയം ചുങ്കം ഓർത്തഡോക്സ് സെമിനാരി ചാപ്പലിൽ കബറടക്കി. അടിയന്തരാവസ്ഥയുടെ നാളുകളിൽ ഇന്ത്യ ഫാസിസത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ അതിനെതിരെ പ്രതികരിച്ചയാളാണ് മാർ ഗ്രിഗോറിയോസ്. 1967 മുതൽ 1996 വരെ കോട്ടയം ചുങ്കം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പലായി. 1975 ൽ മെത്രാപ്പോലീത്തയായി. 1976ൽ ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി ചുമതലയേറ്റ അദ്ദേഹം രാജ്യതലസ്ഥാനത്തെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചു.
ഇന്ന് ഇന്ത്യൻ ഓർത്തഡോയ്ക്സ് സഭയിൽ മെത്രാപ്പോലീത്താമാരുടെ ശ്രേണിയിൽ ഇങ്ങനെയൊരു വ്യക്തിത്വം ഇല്ല എന്നുള്ളതാണ് സഭ അഭിമുകീകരിക്കുന്ന വെല്ലുവിളി.
23.67°C








