Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ക്രിസ്തുവിനെ കേള്‍ക്കാന്‍ കൂടിയ പുരുഷാരം പോലെയായിരുന്നു അത്. നാലാഞ്ചിറയിലെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ തിങ്ങിനിറഞ്ഞുനിന്ന ആയിരങ്ങള്‍ കാതോര്‍ത്തതും കേട്ടതും പ്രഭാഷക വചനങ്ങളല്ല, ക്രിസ്തുവിന്റെ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും അനുഭവങ്ങളായിരുന്നു. സഭകളുടെ അതിര്‍വരമ്പുകളില്ലാതെയും പള്ളികളുടെ വ്യത്യാസമില്ലാതെയും വന്നവരില്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ വിശ്വാസികളായിരുന്നു ഭൂരിഭാഗവും. അവര്‍ക്കൊപ്പം വിവിധ സഭകളിലെ അമ്പതോളം വൈദികരും കത്തോലിക്കാ സഭയിലെ ബിഷപ്പും. വിശ്വാസത്തിന്റെ പേരിലെ വേര്‍തിരിവുകള്‍ക്കും പള്ളിഭരണത്തെ ചൊല്ലി തെരുവില്‍ തമ്മിലടിക്കുന്ന തെമ്മാടിക്കൂട്ടങ്ങള്‍ക്കുമുള്ള സന്ദേശമെന്നോണം അവര്‍ ഒരുമിച്ചു നിന്ന് ജീവിച്ചിരിക്കുന്ന ക്രിസ്തുവിനെ അറിഞ്ഞു...
സുപ്രീംകോടതി വിധിയുടെ ബലത്തില്‍ പള്ളികള്‍ പിടിച്ചടക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തെയും, പള്ളി വിട്ടുകൊടുക്കാതിരിക്കാന്‍ തെരുവുയുദ്ധം നടത്തുന്ന യാക്കോബായ വിഭാഗത്തെയും ക്രിസ്തുവിലേക്കു മടങ്ങാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു, ജന്മംകൊണ്ട് ഓര്‍ത്തഡോക്‌സ് വിഭാഗക്കാരനായ പ്രൊഫ. എം .വൈ .. യോഹന്നാന്‍ പ്രഭാഷകനായി ക്രിസ്റ്റിയന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച വിശ്വാസപ്രഭാഷണ പരിപാടി.
പക്ഷേ, പരിപാടിയില്‍ പങ്കെടുക്കേണ്ട എം .വൈ. യോഹന്നാന്‍ രോഗബാധിതനായി എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഐ.സി.യുവിലായിരുന്നു. പകരമെത്തിയത് അദ്ദേഹത്തിന്റെ പുത്രന്‍ ജോസഫ് ജോണ്‍. പരിപാടിക്കിടെ ആസ്റ്റര്‍ മെഡിസ്റ്റി ഐ.സി.യുവില്‍ നിന്ന് ലൈവ് ആയി പ്രൊഫ. എം .വൈ. യോഹന്നാന്‍ അല്പനേരത്തേക്ക് വേദിയിലെ സ്‌ക്രീനിലെത്തി. ആ പ്രഭാഷണമാധുര്യം പ്രതീക്ഷിച്ചെത്തിയവരിലാരെയും അദ്ദേഹത്തിന്റെ അസാന്നിധ്യം തരിമ്പും നിരാശരാക്കിയില്ല. കാരണം, യോഹന്നാനെയും ജോസഫ് ജോണിനെയും അനുഭവസാക്ഷ്യങ്ങളുമായി വേദിയിലെത്തിയവരെയുമല്ല- വിശ്വാസികള്‍ തേടിവന്നത് ക്രിസ്തുവിനെയായിരുന്നു!
സഭകള്‍ സ്ഥാപനവത്കരിക്കപ്പെടകയും പള്ളികള്‍ ആഡംബരസൗധങ്ങളായി പരിണമിക്കുകയും ചെയ്തപ്പോള്‍ അവിടങ്ങളില്‍ ക്രിസ്തുവിന്റെ അസാന്നിധ്യം തിരിച്ചറിഞ്ഞ് എത്തിയവരായിരുന്നു ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെയെത്തിയ ഓരോരുത്തരും. ക്രിസ്തു ജനിച്ചതും ജീവിച്ചതും ഭരിക്കാനോ പിടിച്ചടക്കാനോ അല്ലെന്നും, മനുഷ്യരാശിയുടെ മുഴുവന്‍ പാപങ്ങള്‍ക്കുമായാണ് ക്രിസ്തു കുരിശുമരണം വരിച്ചതെന്നും തിരിച്ചറിഞ്ഞവര്‍ ഇന്നും ജീവിച്ചിരിക്കുന്ന ക്രിസ്തുവിന്റെ സാന്നിധ്യമറിഞ്ഞു. ബൈബിള്‍ വാക്യങ്ങളുടെ സത്യമറിഞ്ഞു.
കോടികള്‍ മുടക്കി പള്ളികള്‍ പണിതുയര്‍ത്തുകയും സഭാ പദവികളുടെ ആഡംബരങ്ങളില്‍ അഭിരമിക്കുകയും സഹോദരങ്ങളുടെ ശവം പോലും തെരുവില്‍ വച്ച് സംസ്‌കാരത്തിന് വിലപറയുകയും ചെയ്യുന്ന സഭാപിതാക്കന്മാരോട്, ഹാ... നിങ്ങള്‍ക്കു കഷ്ടം എന്നു നിശ്ശബ്ദം പറഞ്ഞ് ഉള്ളില്‍ ക്രിസ്തുസ്‌നേഹം നിറച്ച് അവര്‍ മനശ്ശാന്തിയോടെ പിരിഞ്ഞുപോയി...
മൂന്നു തലമുറകളായി ഭ്രാന്തന്മാരുടേതായിരുന്ന കുടുംബത്തില്‍ പിറന്ന്, പഠനത്തിനു പോലും വഴികാണാതെ പത്താംവയസ്സില്‍ റബ്ബര്‍ ടാപ്പിംഗിനിറങ്ങേണ്ടിവന്ന ജോണ്‍ കുര്യാക്കോസിന്റെ അനുഭവസാക്ഷ്യം വെളിപ്പെടുത്തിയത് ക്രൂരമായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ച്ചിത്രത്തിനൊപ്പം അസ്തിവാരമിളകാത്ത വിശ്വാസത്തിന്റെ ചരിത്രംകൂടിയായിരുന്നു. ഇന്ന്, നാല്പതിലധികം രാജ്യങ്ങളില്‍ ബിസിനസ് ഉള്ളയാള്‍. പ്രതിമാസം ഏഴര കോടിയിലധികം രൂപ ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കുന്നയാള്‍.... പ്രൊഫ. എം .വൈ. യോഹന്നാന്‍ ക്രിസ്റ്റിയന്‍ റിവൈവല്‍ ഫെലോഷിപ്പിന് തുടക്കമിട്ട് അധികനാളാകും മുമ്പ്, 34 വർഷങ്ങൾക്കപ്പുറം അദ്ദേഹത്തിലൂടെ ക്രിസ്തുവിനെ അറിഞ്ഞ അനുഭവം ജോണ്‍ കുര്യാക്കോസ് വിവരിച്ചത് പുരുഷാരം കേട്ടുനിന്നത് രോമാഞ്ചത്തോടെ.
പതിന്നാലാം വയസ്സില്‍ അന്ധത ബാധിച്ച സ്ത്രീ ഉള്‍പ്പെടെ ഇന്നലെ തീവ്രാനുഭവങ്ങളുടെ സാക്ഷ്യവുമായി വേദിയിലെത്തിയ ഓരോരുത്തരിലൂടെയും ക്രിസ്തുവിന്റെ സ്‌നേഹവും കരുതലും തിരിച്ചറിഞ്ഞ ആയിരക്കണക്കിനു പേരുടെ മനസ്സില്‍ അപ്പോള്‍ തങ്ങളുടെ സഭയോ സഭാമേധാവികളോ ഇടവകയോ പള്ളിയോ ഉണ്ടായിരുന്നില്ല. സഭകളുടെ അതിര്‍വരമ്പുകള്‍ കടന്നൊഴുകുന്ന ദൈവസ്‌നേഹത്തിന്റെ അനുഭവം മാത്രം....
ക്രിസ്തു സ്ഥാപിച്ച സഭ സ്‌നേഹത്തിന്റേതായിരുന്നെന്നും, സഹോദരസ്‌നേഹം മറന്ന സഭകളില്‍ നിന്ന് ക്രിസ്തു എന്നേ സ്വയം ഉപേക്ഷിച്ചെന്നും തിരിച്ചറിയാത്ത മേധാവികള്‍ പള്ളികളുടെ ഭരണാധികാരത്തിനായി മത്സരിക്കുമ്പോഴാണ് സാധാരണക്കാരായ വിശ്വാസികള്‍ ക്രിസ്തുവിനെ തേടി അംശവടികളുടെയോ അരമനകളുടെയോ വീര്‍പ്പുമുട്ടലില്ലാത്ത ഇടത്തേക്ക് എത്തിയതെന്ന തിരിച്ചറിവ് എല്ലാ സഭകള്‍ക്കും നടുക്കമുണ്ടാക്കുന്നതാണ്. യേശു ഉപേക്ഷിച്ച സഭകളെ വിശ്വാസികള്‍ കൂടി ഉപേക്ഷിക്കുന്നതോടെ അവ വെള്ള പൂശിയ കുഴിമാടങ്ങള്‍ മാത്രമായിത്തീരും. ആ യാഥാര്‍ത്ഥ്യം സഭകള്‍ തിരിച്ചറിയുമോ?
23.71°C








