Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:56 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രളയം തകര്‍ത്തെറിഞ്ഞ വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ നേരില്‍ക്കാണാന്‍ മണ്ഡലത്തിന്റെ സ്വന്തം എം.പി സാക്ഷാല്‍ രാഹുല്‍ ഗാന്ധി(ജി) വന്നു. പ്രത്യേകവിമാനം, പ്രത്യേക സുരക്ഷ, പ്രത്യേക താമസ സൗകര്യം, മാറിയുടുക്കാന്‍ തുണിയില്ലാതെ ജനം കഷ്ടപ്പെടുന്ന ക്യാമ്പുകളില്‍ ഉടയാത്ത വേഷമിട്ടു നടന്ന് രാഹുല്‍ജി എല്ലാം കണ്ടു. പ്രഖ്യാപനം പിന്നാലെ വന്നു: പ്രത്യേക സഹായത്തിന് കേന്ദ്രത്തില്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തും!

കൊള്ളാം, പരാജയം പ്രളയജലം പോലെ വന്നപ്പോള്‍ പേടിച്ച് പാര്‍ട്ടി അധ്യക്ഷസ്ഥാനം തന്നെ രാജിവച്ച് സിനിമയ്ക്കു പോയ ആളാണ്, കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പോകുന്നത്. ഇനി അതുണ്ടായാല്‍ത്തന്നെ, ആവശ്യപ്പെടുന്നത് മുഖ്യ പ്രതിപക്ഷ കക്ഷിയുടെ പപ്പുജി ആണെന്നതുകൊണ്ട് മോദിജിയുടെ വക പ്രത്യേക സമ്മാനം വല്ലതും വയനാടിനു കിട്ടുമോ? സംസ്ഥാനം ഭരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്ന് വയനാട് എം.പിക്ക് പ്രത്യേക ഫണ്ട് വല്ലതും അനുവദിക്കുമോ? എന്തെങ്കിലും ചെയ്താല്‍ ആ ക്രെഡിറ്റ് രാഹുലിനു കിട്ടും എന്നതുകൊണ്ടുതന്നെ ജനത്തെ പരമാവധി ദുരിതത്തിലാക്കി രാഷ്ട്രീയവൈരം തീര്‍ക്കാനേ ഭരണക്കാര്‍ നോക്കൂ.

എം.പി എന്ന നിലയില്‍ സ്വന്തം മണ്ഡലത്തില്‍ ദുരന്തകാലത്ത് എത്തേണ്ട ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിക്കുണ്ട്. പക്ഷേ, അതുകൊണ്ട് ജനങ്ങള്‍ക്ക് എന്തു പ്രയോജനമാണ് കിട്ടാന്‍ പോകുന്നതെന്നു കൂടി ആലോചിക്കണം. സ്വന്തം നിലയ്ക്ക് ദുരിതാശ്വാസം നല്‍കാന്‍ കോണ്‍ഗ്രസിനു ഫണ്ടില്ല. സംസ്ഥാനത്തോ കേന്ദ്രത്തിലോ സമ്മര്‍ദ്ദം ചെലുത്തി വല്ലതും നേടിയെടുക്കാമെന്നു വച്ചാല്‍ രണ്ടിടത്തും ഭരണവുമില്ല. 'സമ്മര്‍ദ്ദം' പ്രസ്താവനയിലൊതുക്കാനേ പറ്റൂ എന്നു ചുരുക്കം. ഇനി നാലു മാസത്തിനകം ആറിടത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് രാഷ്ട്രീയക്കാര്‍ക്ക് വോട്ട് ഉറപ്പിക്കാനും വേറെ ചിലരെ വെറുപ്പിക്കാനും അവര്‍ക്കു കിട്ടിയ അവസരമാണ് ജനം ജീവനോടു മല്ലടിക്കുന്ന പ്രളയകാലം.

ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍, ഇസഡ് കാറ്റഗറി സുരക്ഷയില്‍, പെരുമ്പറയും പരിവാരവുമായി കോടികള്‍ ചെലവിട്ട് സന്ദര്‍ശത്തിനെത്തുന്ന നേതാവിന് പാര്‍ട്ടിയുടെ കേന്ദ്ര ഫണ്ടില്‍ നിന്ന് നയാപ്പൈസ സ്വന്തം മണ്ഡലത്തിലെ ദുരിതബാധിതര്‍ക്കായി കൊണ്ടുവരാനാകുമോ? ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ഒരു ഉടുമുണ്ടെങ്കിലും നല്‍കാനാകുമോ? പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന് ഫണ്ടില്ലെന്നും, പ്രവര്‍ത്തകരെല്ലാം അകമഴിഞ്ഞു സഹായിക്കണമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി ആഹ്വാനം ചെയ്തിട്ടുണ്ട്. മതിയല്ലോ! പ്രസ്താവനകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും കാല്‍ക്കാശിന്റെ ചെലവില്ല!

വെള്ളപ്പൊക്കമോ കടലാക്രമണമോ ദുരന്തങ്ങളോ ഉണ്ടാകുമ്പോള്‍ ഉടനേ സംഭവസ്ഥലത്തു ചെല്ലുന്ന ശീലം ജനാധിപത്യത്തിലെ നേതാക്കള്‍ക്കുണ്ട്. വോട്ട് ചെയ്തു വിജയിപ്പിച്ചു വിട്ടവരുടെ സങ്കടത്തില്‍ പങ്കുചേരാന്‍ ആണെന്നാണ് വയ്പ്. പക്ഷേ, ജനം നേതാവിനെ അന്വേഷിക്കുന്നത് മുഖസൗന്ദര്യം കാണാനല്ല, അടിയന്തര സഹായം കിട്ടാത്തതിന്റെ സങ്കടം പറയാനാണ്. ഭരണത്തിലിരിക്കുന്നത് ഇടതനായാലും വലതനായാലും കാവിക്കാരനായാലും ആദ്യം ചെയ്യേണ്ടത് ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ക്ക് എത്രയും വേഗം സഹായമെത്തിക്കാനുള്ള സൗകര്യങ്ങളൊരുക്കലാണ്.  ഓരോ ജില്ലയിലെയും കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയും, ആവശ്യമായത്ര തുകയും സൗകര്യങ്ങളും നല്‍കിയും, സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തിയും, ഉദ്യോഗസ്ഥ വീഴ്ച സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കിയും കാര്യങ്ങള്‍ 'വെടിയും പുകയും പോലെ' നടത്തണം. ഇതൊന്നും നടക്കാതിരിക്കുമ്പോള്‍ ജനം നേതാവിനെ അന്വേഷിക്കും.

രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടക്കുന്ന സ്ഥലത്ത്, പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടറുമെല്ലാം അതിന്റെ തിരക്കുകളില്‍ ഓടിനടക്കുന്നിടത്തേക്ക് ജനപ്രതിനിധി സന്ദര്‍ശനത്തിനു ചെല്ലുമ്പോഴത്തെ പ്രോട്ടോകോള്‍ നടപടിക്രമങ്ങള്‍ മാത്രം ഓര്‍ത്താല്‍ മതി,  അവര്‍ ചെയ്യുന്ന പാതകം എന്തെന്ന്. അകമ്പടിയും പാറാവും പരിവാരങ്ങളും ഒരുക്കിയില്ലെങ്കില്‍ അതിന്റെ ശിക്ഷ കയ്യോടെ കിട്ടും, പൊലീസിന്. കൂടെനടന്ന് വഴികാണിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്ല ശകാരവും കിട്ടും. എത്ര ദൂരത്തിരുന്നും കാര്യങ്ങള്‍ നടത്താന്‍ ഒരു ബുദ്ധിമുട്ടുമില്ലാത്ത കാലത്ത്, കാഴ്ച കാണാന്‍ ഇറങ്ങുന്നവര്‍ സ്വയം 'സെലിബ്രിറ്റി' ചമയുകയല്ലേ ചെയ്യുന്നത്.

നിനച്ചിരിക്കാതെ ഉരുള്‍പൊട്ടി മലവെള്ളം സര്‍വവും കശക്കിയെറിഞ്ഞ ദുരന്തഭൂമിയില്‍ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തകര്‍, മണ്ണിനടിയില്‍ നിന്നു കണ്ടെടുക്കുന്ന ജഡങ്ങള്‍ക്കിടയില്‍ ഉറ്റവരെക്കണ്ട് അലമുറയിടുന്നവര്‍, വീടു നിന്നിരുന്ന സ്ഥലത്തെ ശൂന്യതയിലേക്കു മിഴിനട്ട് നെഞ്ചുതകര്‍ന്ന് ഇരിക്കുന്നവര്‍, എല്ലാ സമ്പാദ്യങ്ങളും മലവെള്ളമെടുത്ത സ്ഥലത്ത് ഇനിയെങ്ങോട്ട് എന്നറിയാതെ നില്‍ക്കുന്നവര്‍, ഇരമ്പിയെത്തിയ മലവെള്ളത്തിനു മുന്നില്‍ പ്രാണന്‍ മാത്രം കൈയിലെടുത്ത് ക്യാമ്പുകളില്‍ അഭയം തേടിയവര്‍, മാറിയുടുക്കാന്‍ വസ്ത്രങ്ങളില്ല, കുടിക്കാന്‍ ശുദ്ധജലമില്ല, വിശന്നുകരയുന്ന കുഞ്ഞുങ്ങള്‍ക്കു നല്‍കാന്‍ ആഹാരമില്ല, ശുചിമുറികളില്ല... 

ഏതു ക്യാമ്പിലെയും കാഴച്കള്‍ ഇതൊക്കെത്തന്നെയെന്ന് അറിയാവുന്ന നേതാക്കള്‍ ചെയ്യേണ്ടത് എല്ലാം മുഖദാവില്‍ കാണാന്‍ ചാനല്‍പ്പടയും പൊലീസ് അകമ്പടിയുമായെത്തി കോമാളിവേഷം കെട്ടുകയല്ല. ജനങ്ങളുടെ ദുരിതത്തിന് ഉടന്‍ പരിഹാരമുണ്ടാകണം. ഓരോ ക്യാമ്പിലും അവശ്യസാധനങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. വീടു നഷ്ടമായവര്‍ക്ക് തത്കാലം പുനരധിവാസം നല്‍കണം. സമയബന്ധിതമായി പുതിയ വീട് പൂര്‍ത്തിയാക്കാന്‍ സഹായം നല്‍കണം. തൊഴില്‍ സാമഗ്രികള്‍ നഷ്ടമായവര്‍ക്ക് വീണ്ടും ജീവിതത്തിലേക്ക് നടന്നു കയറാന്‍ കൈത്താങ്ങു നല്‍കണം. അതിനു പകരം ചാനല്‍ വാര്‍ത്തകളില്‍ മുഖം വരുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ധൃതിപ്പെട്ട് പുറപ്പെടുന്ന നേതാക്കളോട് ഒരു വാക്ക്: വേണ്ട!

വരികയേ വേണ്ടെന്നല്ല. ഈ ഉത്തരവാദിത്വങ്ങളെല്ലാം നിര്‍വഹിച്ച്, ദുരിതാശ്വാസ ക്യാമ്പുകളില്‍ നരകജീവിതം ജീവിക്കുന്നവര്‍ തിരികെ വീടുകളിലേക്കു മടങ്ങി, അവരുടെ മുഖത്ത് വീണ്ടും പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും പുഞ്ചിരി പിറക്കുന്ന സമയത്ത് വന്നോളൂ. അന്ന്, നേതാവിന് ഒരു കപ്പ് കാപ്പി നല്‍കി സ്വീകരിക്കാന്‍ ജനത്തിന് സന്തോഷമേയുള്ളൂ. 

Readers Comment

Add a Comment