Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വല്ലവരുടെയും വീട്ടിലേക്ക് കാളിംഗ് ബെല്ലടിക്കാതെ കയറിച്ചെല്ലാന്‍ ഒരു കുറുക്കുവഴിയേയുള്ളൂ: നമ്മുടെ ഒരുത്തനെ ആദ്യം അങ്ങോട്ടു കയറ്റിവിട്ട് ചില്ലറ കശപിശയുണ്ടാക്കുക. അത് മൂത്തു വരുമ്പോള്‍ മദ്ധ്യസ്ഥവേഷത്തില്‍, എന്താ ഇവിടെ പ്രശ്‌നമെന്നു ചോദിച്ച് തള്ളിക്കയറിച്ചെല്ലുക. പശ്ചിമ ബംഗാളില്‍ ബി.ജെ.പിയും അത്രയേ ചെയ്തുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ ബംഗാളില്‍ ബി.ജെ.പിയാണ് മുഴുവന്‍ കുഴപ്പവുമുണ്ടാക്കുന്നത് എന്നല്ല. പക്ഷേ, അവര്‍ പ്രതീക്ഷിക്കുന്നത് ഈ കൂട്ടക്കുഴപ്പമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിപദത്തിലെത്തിയ അമിത് ഷാ ക്രമസമാധാനത്തകര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളിലും വെടിവയ്പിലും എട്ടു പേരാണ് നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ തൃണമൂല്‍ പ്രവര്‍ത്തകരും ബി.ജെ.പിക്കാരുമുണ്ട്. ഇരുപക്ഷത്തും മരണസംഖ്യ എത്ര വീതമെന്ന കണക്ക് പോലീസ് പുറത്തുവിട്ടിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കാര്യമായ മുന്നേറ്റം നടത്തിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ബംഗാളിലെ രക്തച്ചൊരിച്ചില്‍. അടിസ്ഥാനപ്രശ്‌നം എന്തെന്നറിയാന്‍ ഈ കണക്ക് ശ്രദ്ധിച്ചാല്‍ മതി. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത് 34 സീറ്റ്. ഇത്തവണ 22. അന്ന് ബി.ജെ.പിക്കു കിട്ടിയത് രണ്ടു സീറ്റെങ്കില്‍ ഇക്കുറി 18. (34 വര്‍ഷം ബംഗാള്‍ വാണ സി.പി.എമ്മിന് 2014 ല്‍ കിട്ടിയ രണ്ടു സീറ്റ് പോലും ഇത്തവണ നിലനിര്‍ത്താനായില്ല). നിലനില്പിനായി തൃണമൂലും പിടിച്ചടക്കാന്‍ ബി.ജെ.പിയും പൊരുതും. അതിനുള്ള അടുത്ത ഗോദ രണ്ടു വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ്. പൊരുതാന്‍ ശേഷിയില്ലാതെ സി.പി.എം അവിടെ മരണമടഞ്ഞുകഴിഞ്ഞു. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിനെ ചവിട്ടിത്തള്ളി ഉയര്‍ന്നുവന്ന മമത തൃണമൂല്‍ കോണ്‍ഗ്രസിനെ നട്ടു വളര്‍ത്തിയത് സി.പി.എമ്മിന്റെ മരണകുടീരത്തിലാണ്. അടുത്തത് തങ്ങളുടെ ഊഴമാണെന്ന് ബി.ജെ.പി കരുതുന്നു. ചരിത്രത്തിന് ആവര്‍ത്തന സ്വഭാവമുള്ളതുകൊണ്ട് ചിലതൊക്കെ പ്രതീക്ഷിച്ചേ മതിയാകൂ. പക്ഷേ, അധികകാലം കാത്തിരിക്കാനൊന്നും ബി.ജെ.പി തയ്യാറല്ല. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് 302 സീറ്റ് നേടിയ ബി.ജെപി, അഞ്ചു വര്‍ഷംകൊണ്ട് 320 സീറ്റിലേക്കു വളരാന്‍ പ്രത്യേക ദൗത്യത്തിന് പദ്ധതിയിട്ട വാര്‍ത്തയ്ക്കു പിന്നാലെ, ബംഗാള്‍ ഭരണം പിടിക്കുകയെന്ന ലക്ഷ്യവുമായി സംസ്ഥാനത്ത് മിഷന്‍ 250- ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണത്രേ. 294 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയില്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ 250 സീറ്റ് നേടുക! തൃണമൂല്‍ കോണ്‍ഗ്രസിന് നിലവില്‍ 208 സീറ്റാണ്. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന് നാല്‍പത്തിമൂന്നും സി.പി.എമ്മിന് ഇരുപത്തിമൂന്നും. ബി.ജെ.പിക്ക് വെറും പത്ത്. അതായത്, രണ്ടുവര്‍ഷം കൊണ്ട് ബി.ജെ.പി ഉന്നംവയ്ക്കുന്നത് 240 സീറ്റ് അധികം! ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടില്‍ നിന്ന് 18 ലേക്കു വളരാമെങ്കില്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തില്‍ നിന്ന് ഇരുന്നൂറ്റമ്പതിലേക്കും വളരാമെന്നാണ് ബി.ജെ.പിയുടെ തിയറി. അതിന് വെറുതെ നോക്കിയിരുന്നാല്‍ പോരാ. ആദ്യം കുളം കലക്കണം. പിന്നെ മീന്‍പിടിക്കണം.
23.67°C








