Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബമ്പര്‍ പരാജയം ഏറ്റുവാങ്ങിയത് സി.പി.എം ആണെന്നാണ് നമ്മുടെ വിചാരം. അതു വെറുതെയാണെന്നും, തോറ്റുപോയത് സി.പി.എമ്മിനെ പാഠം പഠിപ്പിക്കാന്‍ ശ്രമിച്ച പാവം വോട്ടര്‍മാരാണെന്നും ശനിയാഴ്ച പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സംസ്ഥാന ഘടകം അവതരിപ്പിച്ച വിലയിരുത്തല്‍ കേട്ടപ്പോള്‍ മനസ്സിലായി. സംസ്ഥാനത്ത് 16 ലോക്‌സഭാ സീറ്റ് നേടുമെന്നും, സാഹചര്യം അനുകൂലമെങ്കില്‍ പതിനെട്ടു വരെ കിട്ടുമെന്നും ഫലപ്രഖ്യാപനത്തിന് തൊട്ടു മുമ്പുവരെ പരസ്യപ്രതീക്ഷ വച്ചിരുന്ന സി.പി.എം സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തലില്‍ ഈ പരാജയം വെറും താത്കാലികമാണത്രേ. ആറു മാസത്തിനകം ആറ് നിയമസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഗംഭീരജയം നേടുമെന്ന് കേന്ദ്ര നേതൃത്വത്തിന് കോടിയേരി ബാലകൃഷ്ണനും പിണറായിയും ഉറപ്പും നല്‍കി. ഈ ഉറപ്പിനു പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് ഒരു കത്ത് നല്‍കിയത്. കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായ പരാജയം സത്യസന്ധമായി വിലയിരുത്തണം! എന്നുവച്ചാല്‍, കോടിയേരിയും പിണറായിയും കൂടി കേന്ദ്ര കമ്മിറ്റിയില്‍ പോയി പറഞ്ഞ കാരണങ്ങളെല്ലാം കള്ളമാണെന്നല്ലേ അര്‍ത്ഥം? പാര്‍ട്ടി തോറ്റത് എന്തുകൊണ്ടാണെന്ന് സാധാരണക്കാരായ സി.പി.എം പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും അറിയാം. കാരണം, ആ തോല്‍വിക്കു പിന്നില്‍ അവരുടെ കൈകള്‍ കൂടിയുണ്ടായിരുന്നു. അല്ലെങ്കില്‍, പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ ഒരു ബൂത്തില്‍ പാര്‍ട്ടിക്ക് ഒരൊറ്റ വോട്ടു പോലും കിട്ടാത്ത നാണക്കേട് ഉണ്ടാകുമായിരുന്നില്ലല്ലോ. ബൂത്ത് ഏജന്റു പോലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാതെ ശ്രമിച്ചത് സ്വന്തം പാര്‍ട്ടി നേതാക്കളെ ചിലത് പഠിപ്പിക്കാനല്ലെങ്കില്‍ മറ്റെന്തിനാണ്? ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയും, തുറന്നു സമ്മതിക്കാതെയുമുള്ള ഏതു വിശകലനവും വിലയിരുത്തലും കേരളത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ നാശത്തിലേക്കേ നയിക്കൂ എന്ന് സാധാരണക്കാര്‍ക്കു മനസ്സിലായാലും മുതിര്‍ന്ന സഖാക്കള്‍ക്ക് പിടികിട്ടാത്തതെന്ത്? അതു തന്നെയായിരുന്നില്ലേ കേരളത്തിലെ പരാജയത്തിന്റെ അടിസ്ഥാന കാരണം? ഏതു ധിക്കാരവും നേതാക്കളുടെ ധാര്‍ഷ്ട്യവും സര്‍ക്കാരിന്റെ ഭരണപരമായ നിര്‍ജ്ജീവാവസ്ഥയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുടെ അഹങ്കാരപ്രകടനങ്ങളും കേരളം എക്കാലവും സഹിക്കുമെന്ന് ധരിച്ചുപോയി. പ്രളയാനന്തരം കേരളം പുനര്‍നിര്‍മ്മിക്കാനിറങ്ങിയ ഇടതു സര്‍ക്കാര്‍ ആ ദിശയില്‍ എത്ര ദൂരം സഞ്ചരിച്ചെന്ന് ഒരു കണക്കെടുപ്പ് നടത്താമോ? ഏതു സര്‍ക്കാരും ആദ്യം ഉറപ്പാക്കേണ്ടത് ഭരണപരമായ സുതാര്യതയാണെന്നിരിക്കെ, പ്രളയഫണ്ടിന്റെ വിനിയോഗത്തില്‍ പിണറായി സര്‍ക്കാര്‍ അതിനു തയ്യാറായോ? എന്തിന്, മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയെന്ന കീഴ്‌വഴക്കവും സാമാന്യമര്യാദയും പോലും വേണ്ടെന്നുവച്ചപ്പോള്‍, സര്‍ക്കാരിന് എന്തൊക്കെയോ മറച്ചുവയ്ക്കാനുണ്ടെന്നല്ലേ സാമാന്യജനം കരുതുക? സര്‍ക്കാരുമായി ബന്ധപ്പെട്ട ഏതു വിഷയത്തിനും ഏതു സമയവും മറുപടി പറയാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ഉണ്ടെന്നിരിക്കെ, ചോദ്യങ്ങളോട് മാറിനില്‍ക്കങ്ങോട്ട് എന്ന മാടമ്പിത്തരം വിളമ്പാനുള്ള ധാര്‍ഷ്ട്യം എവിടെനിന്ന് കൈവരുന്നതാണ്? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സാധാരണക്കാര്‍ സി.പി.എമ്മിനെ വിശ്വസിച്ചു. ആ വിശ്വാസം തെറ്റിപ്പോയെന്ന് പിന്നെ മനസ്സിലായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ജനം അതു പ്രകടിപ്പിച്ചു. ഇനി വേണ്ടത് തിരുത്തലാണ്. കാര്യങ്ങള്‍ ഇത്ര സിംപിള്‍ ആയിരിക്കെ, കൂടുതല്‍ വിലയിരുത്തലെന്തിന്? മുതലാളിത്തം, നവോത്ഥാനം എന്നൊക്കെ പറഞ്ഞ് കാര്യങ്ങള്‍ കുഴപ്പിക്കാതെ ബാക്കിയുള്ള കാലമെങ്കിലും പാര്‍ട്ടി നേതൃത്വം മര്യാദയോടെ പെരുമാറണമെന്നേ ലോക്കല്‍ സഖാക്കള്‍ക്കുള്ളൂ. അതിനുള്ള സാദ്ധ്യത തീരെ കുറവാണെന്ന് തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്: ഒരു തിരുത്തലും സാദ്ധ്യമല്ല. ഇങ്ങനെയൊക്കെത്തന്നെയാണ് ഇവിടംവരെ എത്തിയത്! സത്യം, ഇതുകൊണ്ടൊക്കെത്തന്നെയാണ് ഈ പരുവത്തിലായത്.
23.88°C








