Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്കു പിന്നാലെ ബി.ജെ.പിയില്‍ കേന്ദ്രനേതൃത്വത്തിന്റെ പുതിയ തീരുമാനത്തിന് വിധേയനായി മിസോറമിലേക്ക് പി.എസ്. ശ്രീധരന്‍പിള്ള നാടുകടത്തപ്പെടുന്നതോടെ ഒഴിയുന്ന സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ. സുരേന്ദ്രന് സാധ്യതയേറി. യുവത്വത്തിനു പുറമെ, മികച്ച സംഘാടകനും പ്രസംഗകനുമെന്ന മികവും,കോന്നിയിലെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണനേടിയെടുക്കാനായതിന്റെ അധികബലവും,നേതൃത്വം ഉന്നമിടുന്ന സാമുദായിക ലക്ഷ്യവുംചേര്‍ന്ന് നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുരേന്ദ്രന്റെപേരിന് മുന്‍തൂക്കം നല്‍കുന്നു. ആര്‍.എസ്.എസിന്റെ ആശിസ്സുകൂടിയാകുമ്പോള്‍ സുരേന്ദ്രനു തന്നെ നിയോഗമെത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.
കുമ്മനം രാജശേഖരന്‍, പി.എസ്. ശ്രീധരന്‍ പിള്ള എന്നിവരുടെ പ്രായാധിക്യവുമായി താരതമ്യം ചെയ്യുമ്പോള്‍ കെ. സുരേന്ദ്രന്റെ 49 വയസ്സിന് ചെറുപ്പത്തിന്റെ വീര്യമുണ്ട്. ശ്രീധരന്‍പിള്ളയ്ക്ക് 63 ആണ് പ്രായം. കുമ്മനത്തിന് 66.മോദി പ്രഭാവത്തില്‍ രാജ്യത്ത് ബി.ജെ.പി നേടിയമേല്‍ക്കൈയ്ക്ക് മുഖ്യസംഭാവന നല്‍കിയത് യുവജനങ്ങളാണെന്നിരിക്കെ,കേരളത്തില്‍ താരതമ്യേന പ്രായക്കുറവുള്ളനേതാവിന്റെ സാരഥ്യം അനിവാര്യമാണെന്ന ചിന്തകേന്ദ്രനേതൃത്വത്തിനുണ്ട്. നിലവില്‍ സീനിയര്‍നേതൃനിര കഴിഞ്ഞാല്‍കേരളത്തില്‍ ഏറ്റവും പരിചിതനും ജനസ്വാധീനമുള്ളനേതാവും സുരേന്ദ്രന്‍ തന്നെ.
ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെപേരുകളും സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും, ഇവര്‍ക്കെല്ലാം മീതെ സുരേന്ദ്രനുള്ള മികവ് തീവ്രഹിന്ദുത്വ മുഖമില്ലെന്നതും സമുദായഭേദമില്ലാതെ നേടാനായ സ്വീകാര്യതയുമാണ്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ജയം വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്കു ചുരുക്കിയ കെ. സുരേന്ദ്രന് ഇത്തവണ കോന്നിയില്‍ സംഭവിച്ച പരാജയത്തെ വ്യക്തിപരമായി ആരും കരുതുമെന്നുതോന്നുന്നില്ല. അത് പാര്‍ട്ടിക്കു സംഭവിച്ച പരാജയമാണെന്ന സ്വയം വിമര്‍ശനം ചിലനേതാക്കളെങ്കിലും ഉള്‍ക്കൊണ്ടിട്ടുമുണ്ട്.
മുന്‍ അധ്യക്ഷനും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ ഇത്തവണ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുകയും, പിന്നീട് സീറ്റ് നിഷേധിക്കുകയും ചെയ്ത സാഹചര്യം പരിഗണിച്ച് അദ്ദേഹം ഒരിക്കല്‍ക്കൂടി പ്രസിഡന്റ് പദവിയിലെത്തിയേക്കുമെന്ന് ശ്രുതിയുണ്ടെങ്കിലും യുവത്വവിഷയം അവിടെയും സുരേന്ദ്രന് തുണയാകും. കുമ്മനത്തെപ്പോലെ തന്നെ ആര്‍.എസ്.എസിന് സ്വീകാര്യനാണ് സുരേന്ദ്രന്‍. കേരളം പോലെയൊരു സംസ്ഥാനത്ത് വടക്കേയിന്ത്യന്‍ മാതൃകയില്‍ തീവ്ര ഹിന്ദുത്വ നിലപാടുമായി വേരുറപ്പിക്കാനാകില്ലെന്ന യാഥാര്‍ത്ഥ്യം ഇപ്പോള്‍ ആര്‍.എസ്.എസിനുണ്ട്. സംസ്ഥാന അധ്യക്ഷപദവിയിൽ കുമ്മനത്തിനു ഒരു അവസരം ലഭിച്ചപ്പോൾ കേരളത്തിൽ ബി ജെ പിക്ക് ഒരു അക്കൗണ്ട് തുറക്കുവാൻ സാധിച്ചുവെങ്കിലും , കേന്ദ്ര നേതൃത്വം കേരളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് വലിയൊരു മുന്നേറ്റമാണ് .ആ വെല്ലുവിളി ഏറ്റെടുക്കുവാൻ തക്ക കാര്യപ്രാപ്തിയും ഊർജസ്വലതയുമുള്ള യുവനേതാവാണ് സുരേന്ദ്രൻ എന്ന് വിലയിരുത്തപ്പെടുന്നു .
എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസുമായുള്ള അസ്വാരസ്യങ്ങളാണ് മറ്റൊരു ഘടകം. ഘടകകക്ഷി തന്നെയാണോ എന്ന മട്ടിലുള്ള പ്രതികരണങ്ങള്‍ പോലും തുഷാര്‍ വെള്ളാപ്പള്ളിയില്‍ നിന്ന് ഉണ്ടാവുകയും, ബി.ഡി.ജെ.എസിന് സഖ്യം കേന്ദ്ര ബി.ജെ.പിയുമായി ആണെന്ന തുഷാറിന്റെ പ്രസ്താവന കാര്യങ്ങള്‍ കുഴച്ചുമറിക്കുകയും ചെയ്തതോടെ ഈഴവ സമുദായത്തിലുണ്ടായ ആശയക്കുഴപ്പം, ഈഴവ സമുദായാംഗമായ കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കുന്നതിലൂടെ പരിഹരിക്കാമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
ക്രൈസ്തവ സഭകളുടെ കൂട്ടത്തില്‍ തീവ്ര പാരമ്പര്യവാദികളായ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ ബി.ജെ.പി അനുകൂലമാക്കിയെടുക്കാന്‍ കോന്നിയില്‍ സുരേന്ദ്രനു കഴിഞ്ഞത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കോന്നി ഉപതിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനം ചെലുത്താനായില്ലെങ്കിലും ക്രൈസ്തവ വിശ്വാസികള്‍ക്കിടയിലേക്ക് പാര്‍ട്ടിക്ക് കടന്നെത്താന്‍ കഴിഞ്ഞത് ബി.ജെ.പി ഒട്ടും കുറച്ചുകാണുന്നില്ല. ആ ക്രെഡിറ്റ് കെ. സുരേന്ദ്രന് അവകാശപ്പെട്ടതാണ്.
ഒന്നര വര്‍ഷത്തിനു ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബി.ജെ.പിയെ സംസ്ഥാനത്ത് സജ്ജമാക്കാന്‍ ശേഷിയുള്ള നേതാവാകണം, അധ്യക്ഷപദവിയിലെന്ന നിര്‍ബന്ധം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനുണ്ട്. പാര്‍ട്ടിയിലെ കൃഷ്ണദാസ് പക്ഷം കെ. സുരേന്ദ്രന്‍ അധ്യക്ഷനാകുന്നതിനെ അനുകൂലിക്കുന്നില്ലെങ്കിലും കേന്ദ്ര നേതൃത്വത്തില്‍ ശക്തമായ സ്വാധീനമുള്ള വി. മുരളീധരന്റെ പിന്തുണ സുരേന്ദ്രന് തുണയാകും. രാഷ്ട്രീയ, സാമുദായിക ഘടകങ്ങളും ബി.ജെ.പിയുടെ ലക്ഷ്യങ്ങളും വിലയിരുത്തുമ്പോള്‍ കെ. സുരേന്ദ്രന്‍ തന്നെ പുതിയ അധ്യക്ഷനാകുമെന്നാണ് നിരീക്ഷകരുടെ മൂല്യനിര്‍ണയം.
23.84°C








