Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് പൂര്‍ണമായതോടെ സംസ്ഥാനത്ത് മൂന്നു മുന്നണികളും കൂട്ടിക്കിഴിക്കലുകളുടെ തിരക്കില്‍. അപ്രതീക്ഷിതമായുണ്ടായ ശക്തമായ മഴ, പോളിംഗിനു തൊട്ടു മുമ്പു വരെയുള്ള സര്‍വത്ര കണക്കുകൂട്ടലും തെറ്റിച്ചതോടെ പുതിയ കണക്കുകള്‍ തിരയുകയാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍. പോളിംഗ് ശതമാനത്തില്‍ സംഭവിച്ച കുറവ് ആരെയെല്ലാം, എങ്ങനെയെല്ലാം ബാധിക്കുമെന്ന് പ്രവചിക്കുക അസാധ്യം. മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞെന്ന് മൂന്നു കൂട്ടരും വാദിക്കുമ്പോള്‍, മഴ കാരണം രേഖപ്പെടുത്താതെ പോയ വോട്ടുകള്‍ ആരുടേതെന്ന ചോദ്യം ബാക്കി.
പോളിംഗ് ശതമാനത്തില്‍ പതിന്നാലു ശതമാനത്തോളം കുറവു സംഭവിച്ച എറണാകുളത്താണ് എല്ലാ പ്രവചനങ്ങളും തെറ്റിപ്പോവുക. യു.ഡി.എഫ് അനുകൂല മണ്ഡലമായി കരുതിപ്പോരുന്ന എറണാകുളത്ത് ഇന്നലെ ഏറ്റവും മികച്ച പോളിംഗ് നേടിയത് പെരുമഴ തന്നെ. വെള്ളക്കെട്ടു കാരണം ബൂത്തുകള്‍ മാറ്റേണ്ടിവന്നതും പോളിംഗ് വൈകിയതും എറണാകുളത്ത് വിനയായി. പോളിംഗ് മാറ്റിവയ്ക്കുകയോ, വോട്ട് രേഖപ്പെടുത്താന്‍ അധികസമയം അനുവദിക്കുകയോ വേണമെന്ന യു.ഡി.എഫിന്റെ ആവശ്യം തിരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളിയതോടെ മണ്ഡലത്തിലെ മുപ്പതോളം ബൂത്തുകളില്‍ വൈകിട്ട് ആറിനു ശേഷവും നീണ്ട ക്യൂ ആയിരുന്നു.
എറണാകുളത്തു മാത്രമല്ല, ഇത്തവണ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയ അരൂരില്‍ ഉള്‍പ്പെടെ അഞ്ചിടത്തും 2016 ലേതിനെക്കാള്‍ കുറഞ്ഞ തോതിലാണ് വോട്ടിംഗ്. ശക്തമായ മത്സരം നടന്ന അരൂരില്‍ ഇത്തവണ 80.47 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 85.82 ആയിരുന്നു. പോളിംഗ് ശതമാനത്തിലെ കുറവ് ആര്‍ക്ക് അനുകൂലമാകുമെന്നതാണ് ആശങ്കയുടെ ചോദ്യം. കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍ തങ്ങളുടെ വോട്ടില്‍ ഒന്നു പോലും നഷ്ടമാകില്ലെന്നാണ് സി.പി.എം നിലപാട്. യു.ഡി.എഫിന്റെ കണക്കും അങ്ങനെ തന്നെ. കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളിലായി പ്രകടനം മെച്ചപ്പെടുത്തി വരുന്ന ബി.ജെ.പി കൂടി ഇതേ അവകാശവാദം ഉന്നയിച്ചതോടെ 24 വരെ കാത്തിരുന്നേ മതിയാകൂ എന്നതാണ് സ്ഥിതി.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അതുപോലെ തന്നെ യാഥാര്‍ത്ഥ്യമായ ചരിത്രമുണ്ടെങ്കിലും, ഈ ഉപതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചില മാധ്യമങ്ങള്‍ നടത്തിയ എക്‌സിറ്റ് പോളിന് സാമാന്യമായ കണക്കുകൂട്ടലുകളുടെ പ്രാധാന്യമേ കല്‍പിക്കാനാകൂ. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ ശക്തമായിരുന്ന സാമുദായിക ഇടപെടല്‍ തന്നെ ഇതിനു കാരണം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യു.ഡി.എഫ് പ്രചാരണത്തില്‍ എന്‍.എസ്.എസ് നേരിട്ട് ഇടപെട്ടതും, കോന്നിയില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പരസ്യമായ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചതും തിരഞ്ഞെടുപ്പു ഫലത്തെ ഏതെല്ലാം വിധത്തില്‍ സ്വാധീനിക്കുമെന്ന് കണ്ടറിയണം.
ഈ സാമുദായിക വോട്ടുകള്‍ കേരളത്തിലെ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു വരുന്നത് അത്രയൊന്നും ശുഭകരമായ വാര്‍ത്തയാകില്ല. പരസ്യമായ സാമുദായിക ഇടപെടലിന് സ്വാധീനമുണ്ടെന്നു വന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ ഈ വഴിക്കു തിരിയും. സാമുദായിക പ്രീണന നടപടികള്‍ ശക്തമാകും. ഇന്ത്യയുടെ മറ്റു മേഖലകളില്‍ ബി.ജെ.പി പയറ്റിത്തെളിഞ്ഞ വര്‍ഗീയ രാഷ്ട്രീയത്തിന് പ്രബുദ്ധ കേരളവും വഴങ്ങും. ഇത്തരം സാഹചര്യത്തില്‍ ഈ തന്ത്രം ഏറ്റവും സമര്‍ത്ഥമായി പരീക്ഷിക്കാന്‍ അറിയാവുന്ന ബി.ജെ.പി ആയിരിക്കും നേട്ടമുണ്ടാക്കുക. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് വാശിപിടിച്ചു നില്‍ക്കുന്ന ഇടത്, വലതു മുന്നണികള്‍ പരോക്ഷമായി അവരെ സഹായിക്കുന്ന അന്തരീക്ഷമാകും ഒരുക്കിക്കൊടുക്കുക.
വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍ മണ്ഡലങ്ങളിലേക്കാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ മുന്നണികളുടെ രാഷ്ട്രീയക്കണ്ണ്. ആദ്യത്തെ രണ്ടു മണ്ഡലങ്ങള്‍ യു.ഡി.എഫിന്റെയും അരൂര്‍ എല്‍.ഡി.എഫിന്റെയും സിറ്റിംഗ് സീറ്റുകളാണെന്നു മാത്രമല്ല, ശക്തമായ രാഷട്രീയചായ്‌വ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പരസ്യമാക്കിയതുമാണ്. ഈ മൂന്നിടത്തും മാറ്റംമറിച്ചിലുകള്‍ സംഭവിച്ചാല്‍, അതിനു പിന്നില്‍ കനത്ത മഴയാണോ, ഇതുവരെ കണക്കുകൂട്ടാതെ പോയ രാഷ്ട്രീയ കാരണങ്ങളാണോ എന്ന് കണ്ടെത്തേണ്ടിവരും.
ഇന്നും നാളെയും കൂടിയേ കാത്തിരിക്കേണ്ടതുള്ളൂ. അവകാശവാദങ്ങളുടെ രണ്ടു ദിനം പിന്നിട്ടാല്‍ രേഖപ്പെടുത്തപ്പെട്ട വോട്ടിന്റെ തനിനിറം പുറത്തുവരും. തിരഞ്ഞെടുപ്പു ഫലം എന്തുതന്നെ ആയാലും അത് ഭരണത്തിലിരിക്കുന്ന ഇടതു സര്‍ക്കാരിനെ ബാധിക്കില്ല. പക്ഷേ, അതൊരു ചൂണ്ടുപലകയാണ്. ഒന്നര വര്‍ഷത്തിനപ്പുറം എത്താനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം എങ്ങനെയെല്ലാം സഞ്ചരിച്ചേക്കാം എന്നതിന്റെ ചൂണ്ടുപലക.
23.67°C








