Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജനാധിപത്യത്തിന്റെ ഉരകല്ലാണ് തിരഞ്ഞെടുപ്പുകള്‍. അഞ്ചുവര്‍ഷത്തിന്റെ ദൈര്‍ഘ്യത്തില്‍ മൂല്യം തേഞ്ഞുപോകുന്ന ജനാധിപത്യത്തിന്റെ തിളക്കം തേച്ചുമിനുക്കിയെടുക്കാന്‍ നമ്മള്‍ മുറതെറ്റാതെ ചെന്നു വരിനിന്ന് ചൂണ്ടുവിരലില്‍ പൗരാവകാശത്തിന്റെ നിറം പുരട്ടും. നമ്മുടേതല്ലാത്ത കാരണംകൊണ്ട് സംഭവിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ കൊണ്ടുവരുന്ന 'ഭാഗ്യത്തില്‍' ഇന്നത്തേതു പോലെ ഇടയ്ക്കിടെ ഓര്‍ക്കാപ്പുറത്തെ അവസരങ്ങളും വരും!
ഇന്ന് പോളിംഗ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ചു മണ്ഡലങ്ങളില്‍ മഞ്ചേശ്വരത്താണ് ജനപ്രതിനിധിയുടെ അപ്രതീക്ഷിത മരണം കാരണമുള്ള ഉപതിരഞ്ഞെടുപ്പ്. മറ്റു നാലിടത്തും എം.എല്‍.എമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച് ഡല്‍ഹിക്കു പോയപ്പോള്‍ ഈ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് വീണ്ടും ജനാധിപത്യത്തിന്റെ മാറ്റുരയ്ക്കാന്‍ വഴിയൊരുങ്ങി. വട്ടിയൂര്‍ക്കാവില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് തിരുവനന്തപുരം നഗരസഭാ മേയര്‍ ആയ വി.കെ. പ്രശാന്ത് ആണ്. പ്രശാന്ത് ജയിച്ചാല്‍ അവിടെ വീണ്ടും തിരഞ്ഞെടുപ്പു വരും. ഈ ഉപതിരഞ്ഞെടുപ്പില്‍ ആരെല്ലാം ജയിച്ചാലും തോറ്റാലും ഒന്നര വര്‍ഷത്തിനപ്പുറം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരും.
ഇന്ന്, കനത്ത മഴയത്താണ് അഞ്ചു മണ്ഡലങ്ങളിലെയും പോളിംഗ്. ഈ മഴ വോട്ടെണ്ണല്‍ നടക്കുന്ന വ്യാഴാഴ്ച വരെയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രക്രിയ മഴയില്‍ മുങ്ങിയാലും സ്ഥാനാര്‍ത്ഥികളുടെയോ മുന്നണികളുടെയോ ആവേശത്തിന് കുറവില്ല. തിരഞ്ഞെടുപ്പുകള്‍ വോട്ടര്‍മാരില്‍ ഉണര്‍ത്തുന്ന ആവശേത്തിന്റെ ഏറ്റക്കുറച്ചിലുകളാണ് ജനാധിപത്യത്തിലെ വിഷയം. തങ്ങള്‍ ചെയ്ത വോട്ടിന് മൂല്യം കല്പിക്കപ്പെട്ടിരുന്നെങ്കില്‍ നാലു മണ്ഡലങ്ങളിലെ പ്രതിനിധികള്‍ മറ്റൊരു സഭയിലേക്കു മത്സരിച്ചു ജയിച്ച്, തങ്ങളെ വീണ്ടുമൊരു വോട്ടെടുപ്പിലേക്ക് തള്ളിവിടുമായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ ജനാധിപത്യത്തില്‍ ആരും ബാധ്യസ്ഥരല്ല.
കാരണം, തുടര്‍ച്ചകളല്ലാതെ ജനാധിപത്യത്തില്‍ വീണ്ടുവിചാരങ്ങളോ വഴിത്തിരിവുകളോ ഇല്ലേയില്ല. പിഴച്ചുപോകുന്ന തിരഞ്ഞെടുപ്പുകള്‍ക്കു പകരം വീണ്ടും വീണ്ടും അതേ പ്രക്രിയ തുടരാനല്ലാതെ മറ്റു പോംവഴികളൊന്നും ആരും നിര്‍ദ്ദേശിച്ചിട്ടില്ല. തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ ജാതി മുതല്‍ സമ്പത്തു വരെ ഒരുപാട് ഘടകങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെങ്കിലും ആ പട്ടികയിലൊന്നും ഇടംപിടിക്കാത്ത ഒറ്റ വിഭാഗമേയുള്ളൂ: ജനം! തിരഞ്ഞെടുപ്പുകാലത്ത് വോട്ടര്‍മാര്‍ എന്നു മാത്രം വിശേഷിപ്പിക്കപ്പെടുന്ന മാന്യ മഹാജനം!
ഡോക്ടര്‍, അധ്യാപകന്‍, കച്ചവടക്കാരന്‍, അഭിഭാഷകന്‍ എന്നൊക്കെ പ്രൊഫഷനെ ആധാരമാക്കിയുള്ള പേരുകള്‍ പോലെയെന്നു തോന്നും, തിരഞ്ഞെടുപ്പു കാലത്തെ വോട്ടര്‍ പ്രയോഗം. അധ്യാപകന്റെ ജോലി അധ്യാപനം എന്നതുപോലെ വോട്ടറുടെ ജോലി വോട്ടു രേഖപ്പെടുത്തുക എന്നതു മാത്രമാകുന്നു. വിദ്യാര്‍ത്ഥി പഠിക്കുന്നുണ്ടോ, ജയിക്കുന്നുണ്ടോ എന്നൊക്കെ ആത്മാര്‍ത്ഥതയുള്ള അധ്യാപകന്‍ ചിന്തിക്കും. പക്ഷേ, വോട്ടര്‍ക്ക് എത്ര ആത്മാര്‍ത്ഥത ഉണ്ടായാലും ഇത്തരമൊരു മൂല്യനിര്‍ണയത്തിനോ വിലയിരുത്തലിനോ സ്‌കോപ്പില്ല. ലോകത്ത്, ഇത്തരമൊരു ദുര്യോഗം മറ്റേതെങ്കിലും മേഖലയിലുണ്ടാകുമോ?
മത്സരിക്കേണ്ടത് ആരെന്നു നിശ്ചയിക്കുന്നിടം മുതല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ അളക്കാനോ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനോ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ പരാജയമെന്നു തോന്നിയില്‍, കൊടുത്ത വോട്ട് തിരിച്ചെടുത്ത് ആളെ താഴെയിറക്കാനോ വോട്ടര്‍ക്ക് അവകാശമില്ല. അതിന് പാര്‍ട്ടികളും മുന്നണികളും കോടതികളുമുണ്ട്. അപ്പോള്‍, വോട്ടു നല്‍കിയ ജനം ആരായി? പുതിയൊരു ജനാധിപത്യക്രമത്തെക്കുറിച്ച് ആരും ചിന്തിക്കാത്തതെന്ത്? മതവും ജാതിയും വര്‍ഗവും സാമ്പത്തിക സ്ഥിതിയും പോലെ രാഷ്ട്രീയവും ഗുരുതരമായ സാമൂഹിക വിഭജനത്തിനു കാരണമായ യാഥാര്‍ത്ഥ്യമാണ്. അതില്‍ നിന്ന് മുക്തിയില്ലെങ്കില്‍ അതിനെ പരിഷ്‌കരിക്കുകയേ മാര്‍ഗമുള്ളൂ. സാമൂഹികരംഗത്ത് വെറുംവാക്കായി ഇക്കാലത്തു പറയപ്പെടുന്ന നവോത്ഥാനം രാഷ്ട്രീയത്തില്‍ എന്നു സംഭവിക്കും?
ഓരോ തിരഞ്ഞെടുപ്പിലും ചര്‍ച്ചയാകേണ്ട വിഷയങ്ങള്‍ നിശ്ചയിക്കുന്നത് മുന്നണികളും മാധ്യമങ്ങളും ചേര്‍ന്നാണ്. ഈ ഉപതിരഞ്ഞെടുപ്പുകളുടെ തുടക്കത്തില്‍ ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനവും മരട് ഫ്‌ളാറ്റ് വിവാദവും പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായിരുന്നു ചര്‍ച്ച. കോഴിക്കോട് കൂടത്തായിയിലെ ദുരൂഹമരണങ്ങളുടെ രഹസ്യം വെളിപ്പെട്ടതോടെ കേരളം അതിനു പിറകെയായി. കൊലയാളിയും കേസിലെ മുഖ്യ പ്രതിയുമായ ജോളിയെക്കാള്‍ വലിയ നായികയില്ലെന്നായി. അതിന്റെ രസം തീര്‍ന്നുവരുമ്പോഴേക്കും ജാതിക്കളി തുണച്ചു. എന്‍.എസ്.എസും ഓര്‍ത്തഡോക്‌സ് സഭയും മുമ്പൊന്നുമില്ലാത്ത വിധം ഓരോ മുന്നണിക്കു വേണ്ടി പക്ഷം പിടിച്ചപ്പോള്‍ ചര്‍ച്ച സാമുദായിക വിഷയമായി. ശരിദൂരത്തിനും സമദൂരത്തിനുമിടയില്‍ ജനാധിപത്യത്തിലേക്കുള്ള ദൂരം കൂടിവരുന്നത് ആരും അറിഞ്ഞതേയില്ല.
മറ്റ് ഏതു തിരഞ്ഞെടുപ്പും പോലെ ഈ അഞ്ച് ഉപതിരഞ്ഞെടുപ്പുകളും കഴിഞ്ഞുപോകും. അപ്രതീക്ഷിത ജയങ്ങളോ പരാജയങ്ങളോ സംഭവിക്കാം. അതിന്റെ തലനാരിഴ കീറിയുള്ള പരിശോധനകളും പഴിപറച്ചിലുമാകും, പിന്നെ. അതും കഴിഞ്ഞാല്‍ എല്ലാം സാധാരണം. മുന്നണികള്‍ അടുത്ത തിരഞ്ഞെടുപ്പിനുള്ള അണിയറയിലേക്കും, വോട്ടര്‍മാര്‍ ജീവിതപ്രാരബ്ധങ്ങളിലേക്കും മടങ്ങും. ഇതിനിടയിലെങ്ങും ജനാധിപത്യത്തിന്റെ അര്‍ത്ഥത്തിനു സംഭവിച്ചത് എന്തെന്നു ചിന്തിക്കാന്‍ ആരും പുറപ്പെടാത്തത് എന്ത്? നടുക്കുന്നതാണെങ്കിലും ചില യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് കാണാതെ പോകാനാവില്ല. കണ്ടില്ലെന്നു നടിക്കുന്നതാകും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലനില്പിനു നല്ലതെങ്കിലും വോട്ടര്‍മാര്‍ക്ക് അതാകാമോ? കാരണം, ജനാധിപത്യത്തിന്റെ അടിസ്ഥാനം തന്നെ വോട്ടര്‍ ചാര്‍ത്തുന്ന മുദ്രയിലെ വിശ്വാസമാണ്. അത് നഷ്ടമാകാതിരിക്കട്ടെ.
23.84°C








