Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:28 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉപതിരഞ്ഞെടുപ്പ് കലാശക്കൊട്ടു ദിവസം വാര്‍ത്താസമ്മേളമെന്നു പറഞ്ഞ് അച്ചന്മാര്‍ പള്ളിപ്രസംഗം നടത്തിയാല്‍ ആ ഘോരഘോര വചനം മാധ്യമപ്രവര്‍ത്തകര്‍ എത്രനേരം സഹിച്ചിരിക്കും? ക്ഷമാശീലരായതുകൊണ്ട് കുറേനേരം സഹിച്ചു. അച്ചോ, തിരക്കുള്ള ദിവസമാണ്, പറയാനുള്ള കാര്യം ചുരുക്കിപ്പറയണമെന്ന് വിനയപുരസ്സരം ഓര്‍മ്മിപ്പിച്ചു. എന്നിട്ടും സഭാചരിത്രപാരായണം നിര്‍ത്തി, നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ ഇതുപോലെയൊക്കെ സംഭവിക്കും!

തലസ്ഥാനത്ത് പത്രപ്രവര്‍ത്തകയൂണിയന്റെ കേസരി സ്മാരക ഹാളില്‍ രാവിലെ വാര്‍ത്താ സമ്മേളനം വിളിച്ചത് ഓര്‍ത്തഡോക്‌സ് സഭാ  വൈദികനായ ഫാ. കെ.കെ. ഗീവര്‍ഗീസും, മാനേജിംഗ് കമ്മിറ്റി അംഗമായ ഫാ. കെ.കെ. തോമസും പിന്നെ.... യേതോ ഒരു അഡ്വ. ഡാനിയും. 'ഉത്തരവാദിത്വമുള്ള' അച്ചന്മാര്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഉപതിരഞ്ഞെടുപ്പു സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക നിലപാട് അറിയാമെന്നു കരുതി ചാനല്‍ ക്യാമറാ സംഘങ്ങള്‍ കൂട്ടത്തോടെ എത്തി. ദിനപത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരും ധൃതിപിടിച്ചെത്തി.

ഒരു മണിക്കൂറോളം വൈകി തുടങ്ങിയ വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. ഡാനിയെന്ന അപരിചിതന്‍ ആമുഖപ്രസംഗം നടത്തിയപ്പോള്‍, അത് സഭയുടെ ഔദ്യോഗിക വക്താക്കളിലൊരാള്‍  ആയിരിക്കുമെന്നേ ശുദ്ധഗതിക്കാരായ മാധ്യമപ്രവര്‍ത്തകര്‍ കരുതിയുള്ളൂ. ആമുഖവും അച്ചന്മാരെ പരിചയപ്പെടുത്തലും കഴിഞ്ഞപ്പോള്‍ ഫാ. കെ.കെ. ഗീവര്‍ഗീസ്, മൈക്കിന്റെ അവകാശം ഏറ്റെടുത്തു. ക്രിസ്തുവിന്റെ തിരുപ്പിറവി മുതലിങ്ങോട്ട്, ആഗോള ക്രൈസ്തവ സഭയും മലങ്കര സഭയും നേരിട്ട പീഡനങ്ങളിലൂടെ കഥ സഞ്ചരിച്ചു തുടങ്ങിയപ്പോള്‍ ഇതെങ്ങോട്ടാണ് പോക്കെന്ന് ഒരു പിടിയും കിട്ടിയില്ല...

ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം തീരുന്ന ദിവസം സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ഓടിയിരുന്ന ചാനല്‍ ക്യാമറകളെ അടിയന്തരം പറഞ്ഞ് വിളിച്ചുവരുത്തി നിര്‍ത്തിയതാണ്. പത്രറിപ്പോര്‍ട്ടര്‍മാര്‍ക്കാകട്ടെ, പ്രസ് ക്‌ളബിലും അല്ലാതെയുമായ നൂറുകൂട്ടം പണിത്തിരക്കുണ്ട്... അതിനിടയില്‍ ദേ, ആകാശം ഇടിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നു എന്നു കേട്ടാണ് പാഞ്ഞെത്തിയത്. ചിലര്‍ ആദ്യമാദ്യം വാച്ചില്‍ നോക്കി, പിന്നെ മുഖാമുഖം നോക്കി... സഭാചരിത്രം മുഴുവന്‍ കഴിഞ്ഞ് അച്ചന്‍ എന്തു പ്രഖ്യാപിക്കുമോ ആവോ?

കോന്നിയില്‍ അല്‍മായ സമിതി ബി.ജെ.പിക്കു വേണ്ടി പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നു. എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് ആകട്ടെ അങ്ങുമിങ്ങും തൊടാതെ ഓരോരോ മണ്ടത്തരങ്ങള്‍ വിളമ്പിക്കൊണ്ടിരിക്കുന്നു. ഇതിനിടയലാണ്, 'എന്റെ കൈയില്‍ ഒരു ബോംബുണ്ടേ...' എന്ന മട്ടില്‍ അച്ചന്മാരുടെ വാര്‍ത്താസമ്മേളനം.

കേട്ടിരുന്ന് സഹികെട്ട് ഒരു പ്രമുഖ ചാനലിന്റെ മാധ്യമ പ്രവര്‍ത്തകന്‍ എഴുന്നേറ്റു: അച്ചോ, തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശമായതുകൊണ്ട് തിരക്കുണ്ട്, സഭയുടെ നിലപാട് വ്യക്തമാക്കിയാല്‍ കൊള്ളാം.

ആ തിരക്ക് അച്ചന് അത്ര പിടിച്ച മട്ടില്ല. 'എന്റെ വ്യക്തിപരമായ നിലപാട് ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാണ്. ഞാന്‍ അത് ചെയ്യുകയും ചെയ്യും.'
മാധ്യമ പ്രവര്‍ത്തകന്‍: 'അച്ചന്റെ നിലപാടല്ല, സഭയുടെ നിലപാട് പറയണം.'
അച്ചന്‍: 'അത് എനിക്കറിയില്ല, ഞാന്‍ പറഞ്ഞത് എന്റെ നിലപാടാണ്.'
മാധ്യമ പ്രവര്‍ത്തകന്‍: 'വിശ്വാസികള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് സഭയുടെ നിലപാട്?'
അച്ചന്‍: 'അത് സഭയുടെ ഔദ്യോഗിക വക്താവ് ഫാ. കോനാട്ട് അച്ചന്‍ പറഞ്ഞിട്ടുണ്ട്- സഭയെ സഹായിച്ചവരെ സഭ സഹായിക്കണം എന്ന്. ഞാന്‍ പറഞ്ഞത് എന്റെ നിലപാടാണ്...'

നിലപാട് തര്‍ക്കം മുറുകിയപ്പോള്‍ മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ എഴുന്നേറ്റു: 'അച്ചോ, ഒരു സംശയം... 
ദേവലോകം അരമനയില്‍ നിന്നുള്ള കല്പന, ബി.ജെ.പിക്ക് അനുകൂലമാണ്. അപ്പോള്‍... വോട്ട് ചെയ്യേണ്ട വിശ്വാസികള്‍ എന്താണ് ചെയ്യേണ്ടത്?'

ശ്ശെടാ... കാര്യം കുഴഞ്ഞല്ലോ. ഓര്‍ക്കാപ്പുറത്തെ ചോദ്യം വന്നപ്പോള്‍ ഫാ. ഗീവര്‍ഗീസ് നിന്നു വിയര്‍ത്തു. തനിക്ക് രാഷ്ട്രീയം അറിയില്ലെന്നും രാഷ്ട്രീയക്കളികള്‍ അറിയില്ലെന്നും വാര്‍ത്താസമ്മേളത്തിന്റെ തുടക്കത്തിലും നടുക്കത്തിലുമൊക്കെ നൂറുവട്ടം പറഞ്ഞതാണ്. ഇനിയിപ്പോള്‍ എന്തോ ചെയ്യും? അച്ചന്മാരുടെ പണി പാളിയെന്നു മനസ്സിലായതോടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ തുരുതുരാ വന്നു.

ഈ കോലാഹലത്തിനെല്ലാമിടയില്‍ നിര്‍ഗുണനായി വേദിയിലിരുന്ന ആമുഖക്കാരന്‍ അഡ്വ. ഡാനി ആരെന്ന് ആരോ ഒരു ചോദ്യം ചോദിച്ചു. അത് തനിക്കറിയില്ലെന്നും, തങ്ങള്‍ തിരുവനന്തപുരത്തായതുകൊണ്ട് ഡാനിയെ അറിയില്ലെന്നുമായി അച്ചന്‍. ചോദിച്ചും പറഞ്ഞും വന്നപ്പോള്‍ ഈ അഭിഭാഷകൻ  ഡാനി, ബി.ജെ.പി യുവജന വിഭാഗമായ യുവമോര്‍ച്ചയുടെ സംസ്ഥാന ഭാരവാഹികളില്‍ ഒരാളാണ്!

അതോടെ, കാര്യങ്ങളുടെ കിടപ്പ് വെളിപ്പെട്ടു. അച്ചന്മാരെക്കൊണ്ട് വാര്‍ത്താസമ്മേളനം നടത്തിച്ച നാടകത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കാവിക്കാരാണ്! അവരില്‍ ചിലരൊക്കെ ലൊക്കേഷനില്‍ത്തന്നെയുണ്ട്. തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിവസം, ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക നിലപാടെന്ന മട്ടില്‍ ബി.ജെ.പി അനുകൂല വാര്‍ത്താസമ്മേളനം സംഘടിപ്പിച്ച് വിശ്വാസികളെ കണ്‍ഫ്യൂഷനില്‍ ആക്കാനുള്ള ഗൂഢതന്ത്രമാണ് എട്ടുനിലയില്‍ പൊട്ടിയത്.

പക്ഷേ, കുറച്ചുകൂടി നെഞ്ചുറപ്പുള്ള രണ്ട് അച്ചന്മാരെ വിളിക്കാമായിരുന്നു. ഇത് ഒരുമാതിരി....! വാര്‍ത്താലേഖകര്‍ ഉറച്ച ശബ്ദത്തില്‍ രണ്ടു ചോദ്യം ചോദിച്ചപ്പോഴേക്കും അച്ചന്‍ 'ഞഞ്ഞഞ്ഞ ബബ്ബബ്ബ...' ആയിപ്പോയി.

തിരക്കിനിടെ വന്നുപെട്ട് ആപ്പിലായിപ്പോയതിന്റെ ദേഷ്യം മനസ്സിലൊതുക്കി ചാനലുകള്‍ ക്യാമറ മടക്കി. റിപ്പോര്‍ട്ടര്‍മാര്‍ പേന പൂട്ടി. നിന്നാല്‍ പണി കിട്ടുമെന്നു തിരിച്ചറിഞ്ഞ അച്ചന്മാരും സില്‍ബന്തികളും ഇനിയിപ്പോള്‍ എന്തു ചെയ്യും? ഓടെടാ... കണ്ടംവഴി!

Readers Comment

Add a Comment