Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നേമത്ത് ശക്തനായ സ്ഥാനാർഥി വേണമെന്ന നിലപാടിൽ രമേശ് ചെന്നിത്തല ഉറച്ച് നിൽക്കുകയും നേമത്ത് മത്സരിക്കാൻ തയാറല്ല എന്ന നിലപാടിൽ ഉമ്മൻ ചാണ്ടിയും ഉറച്ച് നിന്നപ്പോൾ  നേമത്തേക്ക് തന്നെയാണ് എല്ലാ കണ്ണുകളും. കോൺഗ്രസിൽ ആരും ഏറ്റെടുക്കാൻ തയ്യാറാകാത്ത വെല്ലുവിളിയായി ബിജെപിയുടെ സിറ്റിംഗ് സീറ്റ് നേമം മാറുമ്പോൾ അവിടെ കരുത്തനായ സ്ഥാനാർത്ഥിയായി രമേശ് ചെന്നിത്തല തന്നെ വരുന്നതിനും സാധ്യതയുണ്ട്. അപ്രതീക്ഷിത സ്ഥാനാർത്ഥികൾ ഇക്കുറി കോൺഗ്രസ് പട്ടികയിൽ ഉണ്ടാകുമെന്നു രമേശ് ചെന്നിത്തല പറയുമ്പോൾ അങ്ങനെയൊരു സാധ്യത തന്നെയാണ് തെളിയുന്നത്. 

ഉമ്മൻ‌ചാണ്ടി പോലും ഏറ്റെടുക്കാൻ മടികാട്ടിയ നേമത്ത് മത്സരിക്കാൻ രമേശ് ചെന്നിത്തല രംഗത്ത് വന്നാൽ അത് കോൺഗ്രസിൽ രമേശ് ചെന്നിത്തലയുടെ  പ്രഭാവം വർധിപ്പിക്കുമെന്ന ചിന്ത അദ്ദേഹത്തിന്റെ അനുയായികൾക്കുണ്ട്. എന്നാൽ ഉമ്മൻ‌ചാണ്ടി തന്നെ മത്സര രംഗത്ത് ഇറങ്ങുന്നതിനും സാധ്യതയുണ്ട്. നേമത്ത് മത്സരിക്കാൻ ഉമ്മൻചാണ്ടിയും ഹൈക്കമാൻഡിനെ സന്നദ്ധത അറിയിച്ചതായാണ് വിവരം.രമേശ് ചെന്നിത്തല നേമത്ത് മത്സരിച്ചാൽ അത് നാളിതുവരെ കേട്ട സംഘി എന്ന വിളിക്കുള്ള ചുട്ട മറുപടികൂടിയാകും ഈ തീരുമാനം എന്നും രമേശ് അനുകൂലികൾ കണക്കു കൂട്ടുന്നു.രമേശ് ചെന്നിത്തലയെ സംബന്ധിച്ചടുത്തോളം തന്റെ മുഖ്യമന്ത്രി സ്ഥാന മോഹം തട്ടി തെറിപ്പിച്ച ഉമ്മൻചാണ്ടിക്കുള്ള രാഷ്ട്രീയ മറുപടിയും ഇതിലൂടെ നൽകാൻ കഴിയും എന്നാണ് കണക്കു കൂട്ടുന്നത്. എൻ എസ് എസ് സ്വാധീനത്തിന്റെ കാര്യത്തിൽ ഹരിപ്പാടിനേക്കാൾ സുരക്ഷിതം നേമം ആണെന്നും ചെന്നിത്തലയുടെ അടുപ്പക്കാർ അദ്ദേഹത്തെ ധരിപ്പിച്ചതായാണ് വിവരം. ഇങ്ങനെ ചെന്നിത്തലയുടെ നീക്കങ്ങൾ ലക്‌ഷ്യം കാണുകയാണെങ്കിൽ പുതുപ്പള്ളിയിൽ നിന്ന് മാറാൻ തയ്യാറാകാത്ത ഉമ്മൻചാണ്ടിക്കുള്ള മറുപടി നേമത്ത് മത്സരിക്കുന്നതിലൂടെ രമേശ് ചെന്നിത്തലയ്ക്ക് നല്കാൻ കഴിയും. 

നേമത്ത് ബിജെപി വിജയിക്കുന്നത് കോൺഗ്രസിന്റെ പിടിപ്പു കേടു കൊണ്ടാണ് എന്ന് മുസ്ലിം ലീഗ് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ്  നേമത്ത് കരുത്തനെ രംഗത്തിറക്കാൻ കോൺഗ്രസ് ആലോചിക്കുന്നത്. ഉമ്മൻ ചാണ്ടിയെയും, കെ മുരളീധരൻ എം പി യെയും ഒക്കെ സ്ഥാനാർഥികളായി കോൺഗ്രസ് നേമത്തേക്ക് പരിഗണിക്കുന്നുണ്ട്. ബിജെപിയുടെ സിറ്റിംഗ് സീറ്റിൽ ഇക്കുറി രണ്ടും കല്പിച്ചുള്ള പോരാട്ടത്തിന് തന്നെയാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. അതുകൊണ്ടു തന്നെ സ്ഥാനാർഥി രമേശ് ചെന്നിത്തലയായാലും ഞെട്ടേണ്ട എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.ഹരിപ്പാട് നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമല്ല എന്ന തിരിച്ചറിവും രമേശ് ചെന്നിത്തലയ്ക്കുണ്ട്. തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസ് പാർട്ടിയുടെ അടിത്തറ ഇളകാതിരിക്കാൻ പ്രമുഖ സ്ഥാനാർത്ഥികൾ തന്നെ രംഗത്ത് ഇറങ്ങണം എന്ന അഭിപ്രായമാണ് പാർട്ടി നേതാക്കൾക്കുള്ളത്. അതുകൊണ്ടു തന്നെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി നേമത്ത്  കടന്നു വരുന്ന ഉന്നത നേതാവ് രമേശ് ചെന്നിത്തലയായാലും  ഞെട്ടേണ്ട കാര്യമില്ല.കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം നേമത്ത് ഇക്കുറി ജീവന്മരണ പോരാട്ടമാണ്.ഇക്കുറി നേമത്ത് വിജയത്തിൽ കുറഞ്ഞു യാതൊന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നില്ല, വിജയം നേടാൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കുകയാണെങ്കിൽ അത് രമേശ് ചെന്നിത്തല ആകുന്നതിനാണ് സാധ്യത. ആ രാഷ്ട്രീയ വെല്ലുവിളി രമേശ് ചെന്നിത്തല ഏറ്റെടുക്കുവാനുള്ള ധൈര്യം കാട്ടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

രാഷ്ട്രീയത്തിൽ ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയാത്തതുകൊണ്ട് തന്നെ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വരെ കാത്തിരുന്നേ മതിയാകൂ. രമേശ് ചെന്നിത്തലയെ സംബന്ധിച്ചടുത്തോളം ഇക്കുറി ജീവന്മരണ പോരാട്ടമാണ്.പിണറായി സർക്കാരിന്റെ തുടർ ഭരണ സാധ്യതകളിലേക്ക് സർവേകൾ എത്തുമ്പോൾ അത് പ്രതിപക്ഷ നേതാവിന്റെ കഴിവുകേടുകൾ തന്നെയാണ് തുറന്നു കാട്ടുന്നത്. അതുകൊണ്ടു തന്നെ നേമത്ത് കളത്തിലിറങ്ങി സിപിഎമ്മിനേയും ഞെട്ടിച്ചാൽ അത് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ  അനുകൂലികളുടെ പ്രതീക്ഷ.ബിജെപിക്കെതിരെ കരുത്തനായ നേതാവ് രംഗത്ത് വന്നാൽ ന്യൂനപക്ഷ വോട്ടുകളുടെ ദ്രുവീകരണം യു ഡി എഫിന് അനുകൂലമാകുമെന്നും കോൺഗ്രസ് നേതാക്കൾ കണക്കു കൂട്ടുന്നു.ന്യൂനപക്ഷങ്ങൾക്കിടയിൽ ഇടതുപക്ഷം നേടുന്ന സ്വാധീനം തകർക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം നേമത്ത് ഉന്നത നേതാവ് രംഗത്ത് ഇറങ്ങിയാൽ അത് ഏറെ ഗുണം ചെയ്യും എന്നാണ് പ്രതീക്ഷ. എന്തായാലും കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ നേമം തന്നെയാണ് താരമായി മാറുക എന്ന് ഉറപ്പാണ്. 

Readers Comment

Add a Comment