Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാന ഗവര്‍ണര്‍ പദവിയില്‍ നിന്ന് ജസ്റ്റിസ് പി. സദാശിവം വിരമിക്കുന്ന ഒഴിവില്‍ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ നിയമിക്കപെടുമെന്നു പാര്‍ട്ടി വൃത്തങ്ങളില്‍ അഭ്യൂഹം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ്, മിസോറം ഗവര്‍ണര്‍ പദവി രാജിവയ്പിച്ച് കേന്ദ്ര നേതൃത്വം കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. രണ്ടാം മോദി മന്ത്രിസഭയില്‍ കുമ്മനത്തിന് സ്ഥാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും സംഭവിച്ചില്ല. ഈ സാഹചര്യത്തില്‍ കേരള ഗവര്‍ണര്‍ സ്ഥാനത്തേക്ക് കുമ്മനത്തെ സജീവമായി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.
2014 ആഗസ്റ്റ് 31-ന് കേരള ഗവര്‍ണര്‍ പദവിയേറ്റ, സുപ്രീം കോടതി മുന്‍ചീഫ് ജസ്റ്റിസ് കൂടിയായ തമിഴ്‌നാട് സ്വദേശി പി.സദാശിവത്തിന്റെ കാലാവധി ഇന്ന് പൂര്‍ത്തിയാകും. ബുധനാഴ്ചയാണ് അദ്ദേഹത്തിനുള്ള ഔദ്യോഗിക യാത്രയയപ്പ്. ഗവര്‍ണര്‍ പദവി ഒഴിഞ്ഞുകിടക്കാന്‍ പാടില്ലാത്തതിനാല്‍ അതിനു മുമ്പു തന്നെ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സദാശിവത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജിതനായ കുമ്മനത്തെ ഈ ഒഴിവില്‍ നിയമിക്കാമെന്നു കണക്കുകൂട്ടിയാണ് ഇതുവരെ മറ്റു പദവികള്‍ നല്‍കാതിരുന്നത് എന്നാണ് അറിയുന്നത്.
ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍, സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാരിന് ഏറ്റുമുട്ടലില്ലെങ്കിലും ഗവര്‍ണര്‍ പദവിയില്‍ ഒരു വിശ്വസ്തന്‍ ഉണ്ടായിരിക്കണമെന്നത് ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും ആവശ്യമാണ്. സംഘപരിവാര്‍ പശ്ചാത്തലമുള്ള കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ ആക്കുന്നതിനോട് ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ക്ക് പൂര്‍ണ യോജിപ്പേയുള്ളൂ. ആര്‍.എസ്.എസ് ഇടപെടലിലൂടെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ത്ഥിയായി എത്തിയത്. ആ കടം ബാക്കി കിടപ്പുണ്ടു താനും. മിസോറം ഗവര്‍ണര്‍ ആയുള്ള കുമ്മനത്തിന്റെ പരിചയസമ്പത്തു കൂടി കണക്കിലെടുക്കുമ്പോള്‍ എല്ലാ സാഹചര്യങ്ങളും അനുകൂലമാണ്.
2015 ഡിസംബര്‍ പതിനെട്ടിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി നിയോഗിക്കപ്പെട്ട കുമ്മനം രാജശേഖരന്‍ ആര്‍.എസ്.എസ് നോമിനി എന്ന നിലയില്‍ പലര്‍ക്കും അപ്രിയനായിരുന്നെങ്കിലും പാര്‍ട്ടിയുടെ സംഘടനാ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം കാര്യമായ പ്രവര്‍ത്തനം നടത്തിയിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ കഴിഞ്ഞ മേയ് മാസത്തില്‍ കുമ്മനത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റി, മിസോറം ഗവര്‍ണര്‍ ആയി നിയമിച്ചതിനെച്ചൊല്ലി പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഗവര്‍ണര്‍ സ്ഥാനത്തില്‍ താത്പര്യമില്ലെന്ന കാര്യം കുമ്മനം തന്നെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ നേരിട്ട് അറിയിക്കുകയും ചെയ്തു. പക്ഷേ, അന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയിലെ ചില പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവ് അനുസരിക്കുക മാത്രമേ കുമ്മനത്ത് പോംവഴിയുണ്ടായിരുന്നുള്ളൂ.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.പി ശശി തരൂരിനോട് കഴിഞ്ഞ തവണ കുമ്മനം രാജശേഖരന്റെ പരാജയം 99,989 വോട്ടുകള്‍ക്കായിരുന്നു. ശബരിമല വിഷയത്തില്‍ ഹൈന്ദവ വോട്ടുകളുടെ ധ്രുവീണകരണം ബി.ജെ.പിക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടിലലാണ് സംഘപരിവാര്‍ മുഖമായ കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയതെങ്കിലും ശശി തരൂരിന് മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനത്തിലധികം വോട്ട് കൂടുകയാണ് ചെയ്തത്. എന്നാല്‍ തോല്‍വിയുടെ ചരിത്രമില്ലാത്ത സി.പി.ഐ നേതാവ് സി. ദിവാകരനെ പിന്‍തള്ളി, എല്‍.ഡി.എഫിനെ തലസ്ഥാനത്ത് മൂന്നു സ്ഥാനത്തുതന്നെ തളച്ചു നിര്‍ത്തുന്നതില്‍ ബി.ജെ.പി വിജയിക്കുകയും ചെയ്തു.കേന്ദ്ര മന്ത്രിസഭാ വികസനം അടുത്തെങ്ങും അജണ്ടയില്‍ ഇല്ലാതിരിക്കെ, സംസ്ഥാന ഗവര്‍ണര്‍ പദവിയില്‍ നിന്ന് സദാശിവം ഒഴിയുമ്പോള്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം കുമ്മനത്തെ തന്നെ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
23.71°C








