Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി 1.30 കോടി രൂപ കൈമാറിയ വിവരം ഇന്നത്തെ പത്രങ്ങള്‍ക്ക് ഉള്‍പ്പേജിലെ വെറും രണ്ടു കോളം വാര്‍ത്തയാണ്. 26 വര്‍ഷം പഴക്കമുള്ള കേസില്‍ നമ്മുടെ പത്രങ്ങള്‍ എത്ര നാള്‍, എത്ര സ്ഥലം ചിലവിട്ട്, എത്ര പ്രധാന വാര്‍ത്തകളും എത്ര വാര്‍ത്താ പരമ്പരകളും എഴുതിയെന്നതിന് കണക്കില്ല. കെട്ടിച്ചമച്ച കേസെന്ന് പിന്നീട് സി.ബി.ഐ കണ്ടെത്തിയ സംഭവത്തില്‍ നിയമവിരുദ്ധ പീഡനത്തിനും അറസ്റ്റിനും ഇരയാക്കപ്പെട്ടതിനാണ് നമ്പിനാരായണന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയ നഷ്ടപരിഹാരം.

രാജ്യത്തിന്റെ ബഹിരാകാശ രഹസ്യങ്ങളും ക്രയോജനിക് സാങ്കേതിക വിദ്യയും ശത്രുരാജ്യങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന കേസില്‍ അന്നൊരു കഥാനായികയുണ്ടായിരുന്നു- മാലി സ്വദേശിനി മറിയം റഷീദ. അന്ന് പ്രതിപക്ഷത്തായിരുന്ന സി.പി.എമ്മും, അന്നത്തെ വാര്‍ത്താ മാദ്ധ്യമങ്ങളും ആഘോഷിച്ച കേസിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് കസേര ഒഴിയേണ്ടിവന്നത്. അധികാരവഴികളില്‍ എക്കാലത്തും പേരു ചേര്‍ക്കപ്പെട്ട സ്ത്രീനാമങ്ങള്‍ പിന്നീടും കേരള രാഷ്ട്രീയത്തിലുണ്ടായി- സോളാര്‍ കേസിലെ സരിത എസ്. നായര്‍ മുതല്‍ സ്വര്‍ണക്കടത്തു കേസിലെ സ്വപ്‌നാ സുരേഷ് വരെ!

സി.പി.എം മുഖപത്രമായ ദേശാഭിമാനി, ചാരകേസ് കത്തിനിന്ന കാലത്ത് 1994 ഡിസംബര്‍ 13 ന് എഴുതിയ മുഖപ്രസംഗത്തിന്റെ തലക്കെട്ട് കേരളത്തിലെ മുതിര്‍ന്ന തലമുറ മറന്നിട്ടുണ്ടാകില്ല. 'രാജ്യദ്രോഹികള്‍ വിലസുകയോ' എന്ന ആ തലക്കെട്ടിലെ ചോദ്യം തന്നെയാണ് ഇപ്പോഴും കേരളം ചോദിക്കുന്നത് എന്നത് വിധിയുടെ തമാശയാകാം. പക്ഷേ ഒരു വ്യത്യാസമുണ്ട്. ദേശാഭിമാനിയുടെ അന്നത്തെ ചോദ്യം തന്നെ അസാധുവാക്കുന്നതാണ് ചാരക്കേസ് സംബന്ധിച്ച് പിന്നീടു നടന്ന സി.ബി.ഐ അന്വേഷണത്തിലെ കണ്ടെത്തലുകളും, അത് ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയും.

ചാരക്കേസില്‍ പ്രതിസ്ഥാനത്തായിരുന്ന അന്നത്തെ ഐ.ജി രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ സംരക്ഷിക്കുന്നു എന്ന് ആരോപിച്ചായിരുന്നു, ദേശാഭിമാനി അന്നു ചോദിച്ച ചോദ്യം. അതേ ചോദ്യം ഇപ്പോള്‍ ആര്‍ക്കെല്ലാം നേരെ വിരല്‍ ചൂണ്ടുന്നുവെന്ന് പൊതുസമൂഹത്തിനു മുഴുവനും അറിയാം.ആ ഐ ജി രമൺ ശ്രീവാസ്തവ ഉണ്ടാക്കിയ വ്യാജ കേസിന്റെ നഷ്ടപരിഹാരമായ ഒരു കോടി മുപ്പതു ലക്ഷം ഇന്നലെ സർക്കാർ നമ്പി നാരായണന് നൽകി. അന്നത്തെ ഐ ജി രമൺ ശ്രീവാസ്തവ ഇന്നത്തെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ട്ടാവ്, അന്ന് ഈ വ്യാജ ചാരക്കേസിലൂടെ മുഖ്യമന്ത്രി കെ കരുണാകരന്റെ കസേര തെറിപ്പിക്കാൻ സാധിച്ചു, അപ്പോൾ ആർക്കു വേണ്ടിയായിരുന്നു ഈ വ്യാജ ചാര കേസ് ചമച്ചത് ?  അന്ന് സഹായിച്ചതിന്റെ പ്രതിഫലമല്ലേ റിട്ടയർമെന്റിനു ശേഷവും ലഭിച്ച ഈ പോലീസ് ഉപദേഷ്ട്ടാവ് സ്ഥാനം ?  ചാരവൃത്തിക്കേസില്‍ ഇരയാക്കപ്പെട്ട മറിയം റഷീദ രാജ്യദ്രോഹി ആയിരുന്നില്ല. സോളാര്‍ കേസില്‍ മുഖ്യപ്രതിയായ സരിത എസ്. നായര്‍ സംസ്ഥാന ഖജനാവിന് പത്തു പൈസയുടെ പോലും നഷ്ടമുണ്ടാക്കിയിട്ടില്ല. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷ് എന്ന സര്‍പ്പസുന്ദരിയുടെ കഥ പക്ഷേ വ്യത്യസ്തമാണ്.

 

കേരളത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകം തന്നെ, സംഭവത്തിനു പിന്നിലെ ഭീകരബന്ധം ദേശീയ അന്വേഷണ ഏജന്‍സി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നു നിയമവിരുദ്ധ സ്വര്‍ണക്കടത്ത് ഇടപാടുകളെന്നും എന്‍.ഐ.എ കണ്ടെത്തി. സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തില്‍, പ്രതികളുടെ ഭീകരബന്ധം എന്‍.ഐ.എ ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്തു. രാജ്യദ്രോഹക്കുറ്റമെന്ന് ദേശീയ അന്വേഷണ ഏജന്‍സി തന്നെ കണ്ടെത്തിയ സ്വര്‍ണക്കടത്തു കേസില്‍  പ്രതികള്‍ക്ക് ഇടതു സര്‍ക്കാരിലും പോലീസിലും ഉണ്ടായിരുന്ന സ്വാധീനവും വെളിപ്പെട്ടു കഴിഞ്ഞതാണ്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം. ശിവശങ്കറിന്റെ ശുപാര്‍ശയിലായിരുന്നു സ്വപ്‌ന സുരേഷിന് സര്‍ക്കാര്‍ വകുപ്പിനു കീഴിലെ സ്ഥാപനത്തില്‍ കേട്ടാല്‍ ഞെട്ടുന്ന ശമ്പളത്തില്‍ ഉയര്‍ന്ന തസ്തികയില്‍ നല്‍കിയ നിയമനം. സെക്രട്ടേറിയറ്റിനു തൊട്ടടുത്ത് സ്വപ്‌നയ്ക്ക് ഫ്‌ളാറ്റ് എടുത്തു നല്‍കാന്‍ ഇടനില നിന്നതും ശിവശങ്കര്‍ തന്നെ. എല്ലാറ്റിനും പുറമെ, സ്വപ്‌നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ തുറക്കാന്‍ സ്വന്തം അക്കൗണ്ടന്റിന് നിര്‍ദ്ദേശം നല്‍കിയതും ശിവശങ്കറാണ്. സ്വപ്‌നയുമായി മാത്രമല്ല, സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളുമായും അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ തുറന്നുപറഞ്ഞത് അദ്ദേഹം തന്നെ.

ഇതിന്റെ അനുബന്ധ കഥയാണ് സി.പി.എം മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത്. യു.എ.ഇയില്‍ നിന്ന് തിരുവനന്തപുരത്തെ കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്ത മതഗ്രന്ഥങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയത് മന്ത്രിയുടെ വകുപ്പിനു കീഴിലെ സി ആപ്റ്റ് എന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക വാഹനം ഉപയോഗിച്ചാണെന്ന് കണ്ടെത്തിക്കഴിഞ്ഞു. ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ പ്രാര്‍ത്ഥനാഗ്രന്ഥങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഒരു മന്ത്രി മുന്നിട്ടിറങ്ങിയതീനും  അതിന് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനും ന്യായീകരണമുണ്ടോ?

സംഭവം വിവാദമാവുകയും കസ്റ്റംസ് അന്വേഷണം ജലീലിലേക്ക് നീളുകയും ചെയ്തതോടെ അദ്ദേഹം മുഖ്യമന്ത്രിയെയും സംസ്ഥാന ഗവര്‍ണറെയും കണ്ടിരുന്നു. മതേതരത്വവും രാജ്യത്തിന്റെ അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി, മതപ്രചരണത്തിന് കൂട്ടുനില്‍ക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമല്ലേ? ചാരക്കേസില്‍ ദേശാഭിമാനി കാല്‍ നൂറ്റാണ്ടു മുന്‍പ് എഴുതിയ മുഖപ്രസംഗം മുന്നിലെടുത്തു വച്ച് മുഖ്യമന്ത്രി പിണറായി വിജയനോട് മലയാളികള്‍ അതേ ചോദ്യം ഉത്കണ്ഠയോടെ ചോദിക്കുന്നുണ്ട്: രാജ്യദ്രോഹികള്‍ വിലസുകയോ ?

Readers Comment

Add a Comment