Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:26 am
  • 2nd May, 2024
  • Overcast Clouds
27.82°C27.82°C
  • Humidity: 88 %
  • Wind: 0.9 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇത് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ജീവചരിത്രമല്ല. പക്ഷേ, കഴിഞ്ഞ ബുധനാഴ്ച രാവിലെ യോഗത്തിന്റെ കണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട കെ.കെ. മഹേശന്‍ എന്ന യൂണിയന്‍ സെക്രട്ടറി എഴുതിയതായി കരുതപ്പെടുകയും പ്രചരിക്കുകയും ചെയ്യുന്ന 32 പേജ് ദൈര്‍ഘ്യമുള്ള ആത്മഹത്യാക്കുറിപ്പില്‍ ആ ജീവചരിത്രമുണ്ട്.

വെറും ജീവചരിത്രമല്ല, മൂന്നു പതിറ്റാണ്ടു മുന്‍പ് നടേശന്‍ അബ്കാരിയായിരുന്ന കാലം തൊട്ട്, പിന്നീട് നടേശന്‍ മുതലാളിയായും, ലോകമെങ്ങുമുള്ള ഈഴവ സമുദായത്തിന്റെ സമുദ്ധാരകനായും, എസ്.എന്‍.ഡി.പി യോഗത്തിന്റെ സര്‍വാധികാരിയായ വെള്ളാപ്പള്ളി നടേശനായും വളര്‍ന്നുയര്‍ന്നതിന്റെ ദുര്‍ഗന്ധപൂരിതമായ ചരിത്രം കൂടിയാണ് മഹേശന്റേതായി പുറത്തുവന്ന ആത്മഹത്യാക്കുറിപ്പ്.

ഈ ആത്മഹത്യാക്കുറിപ്പ് യഥാര്‍ത്ഥമല്ലെന്ന് വെള്ളാപ്പള്ളി നടേശനോ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയോ ഇതുവരെ പറഞ്ഞിട്ടില്ല. ആ നിലയ്ക്ക്, അതിലെ വിവരങ്ങള്‍ മുഖവിലയ്‌ക്കെടുത്താല്‍ വെള്ളാപ്പള്ളിയുടെ സമുദായജീവിതം വെള്ള പൂശിയ വെറും കുഴിമാടമാണ്. അവസാനമില്ലാത്ത തട്ടിപ്പുകളുടെയും വിശ്വാസ വഞ്ചനകളുടെയും അഴിമതിയുടെയും സമുദായത്തിന്റെ മറവില്‍ കൊയ്‌തെടുത്ത രാഷ്ട്രീയലാഭങ്ങളുടെയും കാപട്യത്തിന്റെയും കളങ്കം നിറഞ്ഞ ഒരു ജീവിതത്തിന്റെ മൂടുപടം ചീന്തുന്നതാണ് 32 പേജിലും കെ.കെ. മഹേശന്റെ കൈയ്യൊപ്പോടു കൂടിയ ആത്മഹത്യാക്കുറിപ്പ്.

1980-കളില്‍ അബ്കാരി കോണ്‍ട്രാക്ടര്‍ ആയിരുന്ന വെള്ളാപ്പള്ളി, മദ്യത്തിന് വീര്യം കൂട്ടി ലാഭം കൊയ്യാന്‍ അതില്‍ മാരകവിഷമായ ക്‌ളോറിന്‍ ഹൈഡ്രേറ്റ് എന്ന വീര്യമേറിയ രാസപദാര്‍ത്ഥം കലര്‍ത്തിയിരുന്ന രഹസ്യം തൊട്ട്, കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിന്റെ സ്‌ട്രോംഗ്‌റൂമില്‍ കള്ളക്കടത്തു സ്വര്‍ണം സൂക്ഷിച്ചിരുന്നതിന്റെ സാക്ഷിവിവരണം വരെ ആ കുറിപ്പിലുണ്ട്.

ഇന്‍കംടാക്‌സ് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ വെട്ടിക്കാന്‍ നടത്തിയ ഓപ്പറേഷന്‍ മുതല്‍, നോട്ട് നിരോധനം പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ കണിച്ചുകുളങ്ങര ക്ഷേത്ര അക്കൗണ്ടിലെ പണം രായ്ക്കുരാമാനം മാറ്റിയെടുത്ത് ചാക്കുകളിലാക്കി മഹേശനും സംഘവും വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിച്ച് അദ്ദേഹത്തിന്റെ ഭാര്യയ്ക്കു കൈമാറിയതു വരെയുള്ള നാടകീയതകള്‍ നിറഞ്ഞ രംഗവിവരണമുണ്ട്. തട്ടിപ്പുകള്‍ക്കും കൊടിയ അഴിമതികള്‍ക്കും കൂട്ടുനിന്ന വിശ്വസ്തരായ അനുചരന്മാരെപ്പോലും വെള്ളാപ്പള്ളി പിന്നീട് തള്ളിപ്പറഞ്ഞതിന്റെയും, കേസുകളിലേക്കും നിയമനടപടികളിലേക്കും തള്ളിവിട്ടതിന്റെയും ഒളിവോ മറയോ ഇല്ലാത്ത ആഖ്യാനം കൂടിയാണ് ആ 32 പേജുകള്‍!

എന്റെ ജീവിതപന്ഥാവില്‍ വെളിച്ചവും വഴികാട്ടിയും, എന്റെ അച്ഛനും ഗുരുവും, ഞാന്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ശ്രീ. വെള്ളാപ്പള്ളി നടേശന്‍ അവര്‍കള്‍ക്ക് ഏറെ വേദനയോടും ആത്മസംഘര്‍ഷത്തോടും ഒപ്പം ശരിയായ അര്‍ത്ഥത്തില്‍ ഈ കാര്യങ്ങളെ അങ്ങു മനസ്സിലാക്കുകയും ചെയ്യുമെന്ന ശുഭപ്രതീക്ഷയോടും കൂടി സമര്‍പ്പിക്കുന്ന ഹൃദയസ്പര്‍ശിയായ അപേക്ഷ എന്ന ആമുഖത്തോടെയാണ് കെ.കെ. മഹേശന്റെ കുറിപ്പ് ആരംഭിക്കുന്നത്.

ഈ കഴിഞ്ഞ ഏപ്രില്‍ പതിനഞ്ചാം തീയതി താനും വെള്ളാപ്പള്ളി നടേശനുമായുള്ള അടുത്ത ബന്ധം ആരംഭിച്ചിട്ട് 31 വര്‍ഷമായെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് എഴുതിത്തുടങ്ങുന്ന മഹേശന്‍, അന്നു മുതല്‍ മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ പ്രതിയാക്കപ്പെടുന്നതു വരെയുള്ള സ്വന്തം ജീവിതം വെളിപ്പെടുത്തുന്നുവെന്ന രീതിയില്‍ പുറത്തുവിട്ടിരിക്കുന്നത് വെള്ളാപ്പള്ളിയുടെ വളര്‍ച്ചയ്ക്കു പിന്നിലെ മഹാരഹസ്യങ്ങളാണ്.

വെള്ളാപ്പള്ളിയുടെ ചാരായ ഗോഡൗണില്‍ മൂപ്പനായിരുന്ന തന്നെ എസ്.എന്‍.ഡി.പി യോഗം നേതാവും കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോഫിനാന്‍സ് സംസ്ഥാന കോ- ഓര്‍ഡിനേറ്ററും വരെയാക്കിയത് വെള്ളാപ്പള്ളിയുടെ മാത്രം കാരുണ്യമാണെന്ന് കൃതജ്ഞതാപൂര്‍വം ഓര്‍മ്മിക്കുന്ന മഹേശന്‍ ആത്മഹത്യാക്കുറിപ്പില്‍ ഉടനീളം വ്യക്തമാക്കുന്ന ഒന്നുണ്ട്- 31 വര്‍ഷത്തെ വെള്ളാപ്പള്ളിയുടെ ജീവചരിത്രം തനിക്കു മനപ്പാഠമാണ്. അതിനിടയിലെ ഓരോ രംഗത്തിനും താന്‍ സാക്ഷിയാണ്. ഈ രഹസ്യങ്ങളൊന്നും ഇത്രയും കാലം പുറത്തുവിട്ട് താന്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയോ എന്നാണ് വെള്ളാപ്പള്ളിയോട് കെ.കെ. മഹേശന്റെ ചോദ്യം.

കെ.കെ. മഹേശന്റെ ആത്മഹത്യയ്ക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നും, അദ്ദേഹത്തെ ചിലര്‍ കൊലയ്ക്കു കൊടുക്കുകയായിരുന്നെന്നും, കൊലപാതകത്തിനു സമാനമാണ് സംഭവമെന്നും മഹേശന്റെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് ധാരാളം ഊഹാപോഹങ്ങള്‍ പ്രചരിക്കപ്പെടുന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം. അദ്ദേഹത്തിന്റെ ശത്രുപക്ഷത്തു നിലയുറപ്പിച്ച സുഭാഷ് വാസുവും, ഗോകുലം ഗോപാലനും അടങ്ങുന്ന സംഘം ആവശ്യപ്പെടുന്നതാകട്ടെ, മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന് എതിരെ സി.ബി.ഐ അന്വേഷണവും.

യോഗം ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനെ ഭീഷണിപ്പെടുത്താനാണ് കെ.കെ. മഹേശന്‍ കത്തെഴുതി വച്ചത് എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ പ്രതികരിച്ചത്. കത്തില്‍ പറയുന്ന ഒരു കാര്യത്തിനും അടിസ്ഥാനമില്ലെന്ന് പറയുന്ന തുഷാര്‍, അതിലെ വാദങ്ങള്‍ ഖണ്ഡിക്കുന്ന രേഖകള്‍ ഒരാഴ്ചയ്ക്കകം പൊതുസമൂഹത്തിനു മുന്നിലെത്തിക്കുമെന്നും പറഞ്ഞു. കത്ത് വ്യാജമെന്ന് തുഷാര്‍ പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

അടിമുടി ദൂരൂഹത മൂടിയ സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ സത്യങ്ങള്‍ പുറത്തുവരണമെങ്കില്‍, മഹേശനെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനൊപ്പം, അദ്ദേഹം ആത്മഹത്യാക്കുറിപ്പില്‍ വെളിപ്പെടുത്തിയിരിക്കുന്ന വിവരങ്ങളുടെ സത്യസന്ധത കൂടി അന്വേഷണ വിധേയമാക്കണം. പൊതുപ്രവര്‍ത്തന മേഖലയുടെ സംശുദ്ധി കാത്തുസൂക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായതുകൊണ്ടാണ് ഞങ്ങള്‍ ഈ ആവശ്യം മുന്നോട്ടു വയ്ക്കുന്നതും, കെ.കെ. മഹേശന്‍ ഓരോ പേജിലും കൈയ്യൊപ്പു വച്ച ആത്മഹത്യാക്കുറിപ്പിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഒരു പരമ്പരയായി പുറത്തുവിടുന്നതും.

കെ.കെ. മഹേശന്റേതായി പുറത്തുവന്നിട്ടുള്ള ആത്മഹത്യാക്കുറിപ്പ് അദ്ദേഹത്തിന്റെ കൈപ്പടയിലല്ല. ഭാര്യയ്ക്ക് സ്വന്തം കൈയ്യക്ഷരത്തില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയ മഹേശന്‍, പോലീസിനും വെള്ളാപ്പള്ളി നടേശനും എഴുതി പോസ്റ്റ് ചെയ്തിരിക്കുന്ന കത്ത് കംപോസ് ചെയ്ത് പ്രിന്റ് എടുത്തിട്ടുള്ളതാണ്. മഹേശനെക്കൊണ്ട് നിര്‍ബന്ധപൂര്‍വം മറ്റാരെങ്കിലും തയ്യാറാക്കിച്ച കത്താണോ ഇതെന്നാണ് പോലീസിലെ ഒരു വിഭാഗത്തിന്റെയും നിയമവിദഗ്ദ്ധരുടെയും സംശയം. ഇതുള്‍പ്പെടെ നിയമവിദഗ്ദ്ധര്‍ ഉന്നയിക്കുന്ന സംശയങ്ങളും അനുമാനങ്ങളും അന്വേഷണവിധേയമാക്കേണ്ടതാണ്-

1. കെ.കെ. മഹേശന്റേതായി പുറത്തു വന്നിരിക്കുന്ന ആത്മഹത്യാക്കുറിപ്പ് യഥാര്‍ത്ഥത്തില്‍ മറ്റാരെങ്കിലും തയ്യാറാക്കിയതാണോ? വെള്ളാപ്പള്ളി നടേശന്റെ പതനവും അദ്ദേഹത്തിന്റെ പൊതുജീവിതത്തിന്റെ അന്ത്യവും ലക്ഷ്യമിടുന്ന ഒരാളോ ഒരു സംഘമോ ഇതിനു പിന്നിലുണ്ടോ? കെ.കെ. മഹേശനെ ആരെല്ലാമോ ചേര്‍ന്ന് ബലിയാടാക്കുകയായിരുന്നില്ലേ?

2. മുപ്പത്തിരണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പിന്റെ ഓരോ പേജിലും ഏറ്റവും അടിവശത്തായാണ് മഹേശന്റെ കൈയ്യൊപ്പ് കാണപ്പെടുന്നത്. മറ്റെന്തോ കാര്യത്തിനെന്ന് വിശ്വസിപ്പിച്ച് മഹേശനെക്കൊണ്ട് വെള്ള പേപ്പറില്‍ ഒപ്പിടുവിച്ചതിനു ശേഷം പിന്നീട് അതില്‍ ഈ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കുകയായിരുന്നോ?

3. രഹസ്യങ്ങളെല്ലാം വെളിപ്പെടുത്തിക്കൊണ്ട് ഒരാള്‍ അവസാനമായി എഴുതുന്ന കത്ത് സ്വന്തം കൈയ്യക്ഷരത്തിലായിരിക്കാനാണ് സാദ്ധ്യതയെന്നിരിക്കെ, മഹേശന്‍ ഇതിന്റെ ഡി.ടി.പി എടുക്കാന്‍ കാരണമെന്ത്? ആത്മഹത്യ ചെയ്യാന്‍ പോകുന്നയാള്‍ സ്വന്തം കൈയ്യക്ഷരം മറച്ചുവയ്‌ക്കേണ്ട കാര്യമെന്ത്? ആത്മഹത്യാക്കുറിപ്പ് കംപോസ് ചെയ്തത് മറ്റാരെങ്കിലുമാണെങ്കില്‍ അത് ആര്? കംപോസ് ചെയ്തതും അതിന്റെ പ്രിന്റ് എടുത്തതും ആര്?

4. മഹേശനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് 2020 ജൂണ്‍ 17 ന് രാവിലെയാണ്. ആത്മഹത്യാക്കുറിപ്പില്‍ കാണുന്ന തീയതി 2020 ജൂണ്‍ 14. ഇത്രയും വലിയ രഹസ്യങ്ങള്‍ അടങ്ങിയ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചതിനു ശേഷം രണ്ടു ദിവസം മഹേശന്‍ സാധാരണപോലെ കഴിഞ്ഞുവെന്നത് വിശ്വസനീയമാണോ?

5. ആത്മഹത്യാക്കുറിപ്പിന്റെ 32 പേജും മഹേശന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട ഓഫീസ് മുറിയുടെ ഭിത്തിയില്‍ ഒട്ടിച്ചുവച്ചിരുന്നതായാണ് പോലീസ് പറയുന്നത്? ആത്മഹത്യയ്ക്കു തയ്യാറെടുത്തു വന്നയാള്‍ 32 പേജുകള്‍ ഭിത്തിയില്‍ ഒട്ടിച്ചുവയ്ക്കാന്‍ മിനക്കെടുമോ? മഹേശന്റെ ആത്മഹത്യയില്‍ കൊലപാതക സാദ്ധ്യത സംശയിക്കപ്പെടേണ്ടതല്ലേ?

6. മൈക്രോഫിനാന്‍സ് കേസില്‍ അറസ്റ്റ് ഉണ്ടാകുമെന്ന് മഹേശന്‍ ഭയന്നിരുന്നതായി വെള്ളാപ്പള്ളിയും തുഷാറും പറയുന്നു. കാര്യങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ തീരുമാനിച്ച ദിവസം തന്നെയാണ് മഹേശന്‍ ആത്മഹത്യ ചെയ്തതെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. പറഞ്ഞുതീര്‍ക്കാന്‍ നിശ്ചയിച്ചിരുന്ന ആ കാര്യങ്ങള്‍, ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളെ സാധൂകരിക്കുന്നതല്ലേ?

7. മൂന്നു ദശാബ്ദക്കാലം വെള്ളാപ്പള്ളിയുടെ സന്തതസഹചാരിയായിരുന്ന കെ.കെ. മഹേശന്‍ മൈക്രോ ഫിനാന്‍സ് കേസില്‍ പ്രതിയാക്കപ്പെട്ടത് എങ്ങനെ? മുന്‍പു നല്‍കിയ മൊഴികളില്‍ വ്യക്തത വരുത്താന്‍ ക്രൈംബ്രാഞ്ച് മഹേശനെ മാത്രം ഓഫീസിലേക്ക് വിളിച്ചുവരുത്തിയതെന്ത്? മൊഴി മാറ്റിപ്പറയാന്‍ മഹേശനു മേല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നില്ലേ?

8. മൈക്രോ ഫിനാന്‍സ് കേസില്‍ പ്രതിയാക്കപ്പെടുകയും, വെള്ളാപ്പള്ളിയില്‍ നിന്ന് മതിയായ സംരക്ഷണം ലഭിക്കുകയില്ലെന്ന് ഉറപ്പാവുകയും ചെയ്ത ഘട്ടത്തില്‍ മറുപക്ഷത്തേക്കു പോകാന്‍ മഹേശന്‍ തീരുമാനിച്ചിരുന്നോ? അതിനു മുന്നോടിയായി മഹേശന്‍ എഴുതിയ കത്താണോ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്?

9. മുപ്പത്തിരണ്ട് പേജുകളില്‍ എവിടെയും മഹേശന്‍ ആത്മഹത്യയെക്കുറിച്ച് സൂചിപ്പിക്കുന്നതേയില്ല. ആത്മസംഘര്‍ഷം ഉള്ളിലൊതുക്കിക്കൊണ്ട് എന്നാണ് മഹേശന്റെ കുറിപ്പ് അവസാനിക്കുന്നത്. ഈ കുറിപ്പ് തയ്യാറാക്കുമ്പോള്‍ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് മഹേശന്‍ തീരുമാനമെടുത്തിരുന്നില്ലേ? അങ്ങനെയെങ്കില്‍, പിന്നെ എന്ത് ഉദ്ദേശത്തിലായിരിക്കും മഹേശന്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന കുറിപ്പ് തയ്യാറാക്കിയത്?

വിവാദ ആത്മഹത്യാക്കുറിപ്പിലെ ഇതുവരെ വെളിച്ചത്തുവരാത്ത രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന പരമ്പര നാളെ മുതല്‍ ഐ ടു ഐ ന്യൂസില്‍ വായിക്കുക.

Readers Comment

Add a Comment