Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അസഭ്യം പറഞ്ഞാൽ ആരുടെ മുഖവും ഒന്നു ചുളുങ്ങും. നാലുപേര് കൂടുന്നിടത്ത് സഭ്യമായതേ പറയാവൂ. സഭയിൽ പറയാവുന്നതിനെയാണ് സഭ്യം എന്ന് മലയാളത്തിൽ പറയുന്നത്. അപ്പോൾ, ഒരു സംശയം തീർന്നു: വായിൽത്തോന്നുന്നത് വിളിച്ചുപറയാവുന്ന സ്ഥലമല്ല സഭ. എന്തു തെമ്മാടിത്തവും കാട്ടിക്കൂട്ടാവുന്ന സ്ഥലവുമല്ല. സഭ്യമെന്ന വാക്കും സംസ്ഥാന നിയമസഭയും തമ്മിൽ പുലബന്ധം പോലുമില്ലെന്ന് കുറേക്കാലമായി നാട്ടുകാർക്കറിയാം. അതു വിട്. പക്ഷേ, കഴിഞ്ഞ മൂന്നുനാലു ദിവസമായി നമ്മുടെ നിയമനിർമ്മാണ സഭയിൽ സഭാനാഥനെന്ന് സങ്കല്പിക്കപ്പെടുന്ന സാക്ഷാൽ സ്പീക്കറും ബഹുമാന്യരായ മന്ത്രിമാരും പക്ഷഭേദമില്ലാതെ എം.എൽ.എമാരും കൂടി കാട്ടിക്കൂട്ടുന്ന പേക്കൂത്തു കാണുമ്പോൾ ആരായാലും ഇത്തിരി അസഭ്യം പറഞ്ഞുപോകും.
ഈ തെമ്മാടികളെയാണല്ലോ ദൈവമേ ഞങ്ങൾ ജയിപ്പിച്ചുവിട്ടത് എന്നോർത്ത് !
ഒരു പ്രതിപക്ഷ എം.എൽ.എ അടുത്ത തിരഞ്ഞെടുപ്പിൽ തോറ്റു തുന്നംപാടുമെന്ന് സ്പീക്കറദ്ദേഹം പറയുന്നു. അക്കാര്യം തീരുമാനിക്കേണ്ടത് സ്പീക്കറല്ല, മണ്ഡലത്തിലെ വോട്ടർമാരാണെന്ന് എം.എൽ.എ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്നു. അടിയന്തര പ്രമേയം തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി നിന്ന് സമാന്തര സമ്മേളനം നടത്തുന്നു. അടുത്ത ദിവസം, സ്പീക്കറുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്ന പ്രതിപക്ഷ എം.എൽ.എമാരെ ഭരണപക്ഷം തൂക്കിയെടുത്ത് നിലത്തടിക്കുന്നു. പാവം, കെ.കെ. രമയുടെ കൈപിടിച്ച് കമ്പു പോലെ ഒടിക്കുന്നു. എന്നിട്ടോ? ഈ തല്ലു മുഴുവൻ കൊണ്ട് സൂപ്പായിപ്പോയ പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാക്കുറ്റത്തിന് കേസെടുക്കുന്നു. അപ്പോൾ, സഭയിലെ തല്ലുവീരന്മാർക്കെതിരെ ഒരു നടപടിയുമില്ലേ? ദോഷം പറയരുത്; സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന നിസ്സാരമായ ചില ലൊടുക്ക് വകുപ്പുകൾ പ്രകാരം കേസില്ലാതില്ലാതില്ല!
ബ്രഹ്മപുരം എന്നൊരു മാലിന്യപുരം ദൈവത്തിന്റെ നാട്ടിലുണ്ടെന്ന് കേരളമറിഞ്ഞത് അവിടെ വർഷങ്ങളായി അടിഞ്ഞുകിടന്ന മാലിന്യമലയ്ക്ക് തീപിടിച്ച് ആ നാറ്റപ്പുക കൊച്ചിക്കു പുറത്തേക്കു കൂടി പരന്നതോടെയാണ് . മാലിന്യ സംസ്കരണത്തിന് കരാറെടുത്തിരുന്നവർ നില്ക്കക്കള്ളിയില്ലാതെ വന്നപ്പോൾ തീയിട്ടതാണെന്നൊരു ആക്ഷേപം വേറെയുണ്ട്. ആ വിഷയം അവിടെ നില്ക്കട്ടെ. സംഭവം നിയമസഭയിൽ വന്നപ്പോൾ സ്പീക്കർ ഒരു തമാശ ഡയലോഗ് പറഞ്ഞു: അത്തരം ലോക്കൽ പ്രശ്നങ്ങളൊന്നും എടുത്ത് സമയം കളയാനുള്ള സ്ഥലമല്ല, നിയമസഭയെന്ന്!
കാപെറുക്കി നടന്നവന്മാരെ പിടിച്ചു സ്പീക്കറാക്കിയതിന്റെ കൊഴപ്പമാണ് എന്ന് ഒരു വോട്ടർ പറയുന്നു .
ബ്രഹ്മപുരത്തെ വീഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷം തൊണ്ടപൊട്ടി ആവശ്യപ്പെട്ടിട്ടും അതു കേട്ട മട്ടു കാണിച്ചില്ല, കിംഗ്
ജോംഗ് ഉന്നിന്റെ കേരള പതിപ്പ് . ഒടുവിൽ, തടിരക്ഷിക്കാൻ ഒരു ഉമ്മാക്കിയിറക്കി- ചട്ടം 300 പ്രകാരം പ്രസ്താവന നടത്താം! അതെന്താ, പ്രസ്താവനയ്ക്ക് ഈ ചട്ടം? അത് വോട്ടർമാരായ സാധാരണക്കാർക്ക് പിടിയുള്ള കാര്യമല്ല. ഈ ചട്ടമനുസരിച്ച് പ്രസ്താവന നടത്തുമ്പോൾ അംഗങ്ങൾക്ക് ചോദ്യം ഉന്നയിക്കാൻ അവകാശമില്ല- അത്രയേയുള്ളൂ. ഊരിപ്പിടിച്ച വാളുകൾക്കു മുന്നിലൂടെ ഉള്ള നെഞ്ചും വീർപ്പിച്ചു പിടിച്ച് നടക്കാൻ പേടിയില്ലാത്ത പിണറായിക്കു സഹിക്കാത്തത് ഒറ്റക്കാര്യമേയുള്ളൂ- ചോദ്യം. ഒറ്റച്ചോദ്യവും അങ്ങോട്ട് ചോദിച്ചുപോകരുത്! ഉത്തരം പറയുന്നെങ്കിൽ അത് ചട്ടം 300 പ്രകാരമായിരിക്കും!
ആകെ 140 ബഹുമാന്യ മെംബർമാരേയുള്ളൂ കേരള നിയമസഭയിൽ. പക്ഷേ, സഭയിൽ നടക്കുന്ന അലമ്പുകൾ കണ്ടാൽത്തോന്നും 1400 എണ്ണം അകത്തുണ്ടെന്ന്. കഴിഞ്ഞ ദിവസം സഭയിലുണ്ടായ ബഹളത്തിൽ കൈക്ക് പരിക്കേറ്റ കെ.കെ. രമയുടെ കാര്യമാണ് കഷ്ടം. ടി.പി. ചന്ദ്രശേഖരൻ സഖാവിന്റെ വിധവയാണ്. പാർട്ടിയുമായി തെറ്റി ആർ.എം.പി എന്ന പുതിയ പാർട്ടി രൂപീകരിച്ചതിന് വല്യേട്ടന്മാർ വെട്ടിയരിഞ്ഞ ടി.പി സഖാവിന്റെ ഓർമ്മയാണ് രമയുടെ നെഞ്ചു നിറയെ. അതുകൊണ്ട് ഇങ്ങനെ കൈപിടിച്ചു തിരിച്ച് ഒടിച്ചാലൊന്നും കെ.കെ. രമയ്ക്കു വേദനിക്കില്ല.
ഇതുകൊണ്ടുന്നും അടങ്ങില്ലെന്ന വാശിയിലാണ് പ്രതിപക്ഷം. അതിനിടയ്ക്കു കേൾക്കുന്നു, പ്രതിപക്ഷം തുടർച്ചയായി സഭസ്തംഭിപ്പിക്കാനാണ് പരിപാടിയെങ്കിൽ സമ്മേളനം വെട്ടിച്ചുരുക്കി ഗില്ലറ്റിൻ ചെയ്തുകളയുമെന്ന്. ഗില്ലറ്റിൻ എന്നു കേട്ട് ആരും പേടിക്കേണ്ട. ഒരു സമ്മേളനത്തിലെ സർവമാന അജണ്ടകളും ഒറ്റയടിക്കു തീർത്ത് സഭ അവസാനിച്ചതായി പ്രഖ്യാപിക്കലാണ് ഗില്ലറ്റിൻ. അത്രയേയുള്ളൂ. ചുരുങ്ങിയ പക്ഷം അത്രയും ദിവസത്തെ തള്ളക്കുവിളിയെങ്കിലും കുറഞ്ഞുകിട്ടുമല്ലോ എന്നേ നാട്ടുകാർക്കു തോന്നൂ. അല്ലാതെ കുറേക്കാലമായി നിയമസഭ കൊണ്ട് നികുതിഭാരമല്ലാതെ വേറെ പ്രയോജനമൊന്നും പറയാനില്ല.
വാഴപ്പിണ്ടി ഒരു അശ്ലീലവാക്കല്ല. നട്ടെല്ല് എന്നു പറയുന്നത് ഒരു അശ്ലീല അവയവമുമല്ല. പക്ഷേ, ഈ പിണ്ടിയും നട്ടെല്ലുമൊക്കെയെടുത്ത് നിയമസഭയിൽ പരസ്പരം പുലഭ്യം പറയാൻ പ്രയോഗിക്കുമ്പോഴാണ് സംഗതി മൊത്തത്തിൽ അസഭ്യമാകുന്നത്. പ്രതിപക്ഷത്തിന് വാഴപ്പിണ്ടി നട്ടെല്ല് ആണെന്നായിരുന്നു മന്ത്രിയായ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം നിയമസഭയിൽ നടത്തിയ ഒരു പരാമർശം. കഞ്ഞിപ്പശ കൂട്ടി ഖദർ പിഴിഞ്ഞ്, ചിരട്ടക്കരിയിട്ടു ചൂടാക്കിയ തേപ്പുപെട്ടിയിൽ തേച്ചെടുത്ത ഉടുപ്പുമിട്ട് യന്തിരൻ മോഡലിൽ നിയമസഭയിൽ വടി പോലെ പ്രത്യക്ഷപ്പെടുന്ന പ്രതിപക്ഷ നേതാവിന് വാഴപ്പിണ്ടി എന്നു കേട്ടാൽ സഹിക്കുമോ?
മുഖ്യമന്ത്രിയുടെ മരുമകനായ മുഹമ്മദ് റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയിലാണ് എന്നു പറഞ്ഞായിരുന്നു സതീശന്റെ കടന്നാക്രമണം. അങ്ങനെ അടുക്കളവഴിയേ മന്ത്രിയായ റിയാസിന് തന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണ് എന്നു പറയാൻ എന്ത് അവകാശമെന്നായിരുന്നു ചോദ്യം. ഈ നട്ടെല്ല് ഐറ്റം കയറി ഹിറ്റായതോടെ, പാർട്ടിയുടെ സെക്രട്ടറി സഖാവ് ജനകീയ പ്രതിരോധയാത്രയുടെ അവസാനലാപ്പിൽ പറയുന്നതു കേട്ടു, അദ്ദേഹത്തിന് ഒന്നല്ല, പത്ത് നട്ടെല്ലുണ്ടെന്ന്. അതുകൊണ്ടാണത്രേ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷിനെതിരെ മാനനഷ്ടത്തിന് കേസു കൊടുത്തത്. ജനത്തിന് പറയാനുള്ളത് ഇത്രയേയുള്ളൂ: നല്ല ബലമുള്ളതാണെങ്കിൽ നട്ടെല്ല് എട്ടും പത്തുമൊന്നും വേണ്ട; ഒറ്റയെണ്ണം മതി.
എന്തായാലും, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ടു ചോദിച്ച് ഇവന്മാരൊക്കെ വരുമ്പോൾ ഒന്നു തിരിഞ്ഞു നില്ക്കാൻ വോട്ടർമാർ പറയണം. എന്നിട്ട്, മുതുകത്ത് ഞെക്കി നോക്കണം- നട്ടെല്ല് എന്നു പറയുന്ന ആ സാധനം ഇവന്മാരുടെയൊക്കെ ശരീരത്തിലുണ്ടോ എന്ന് അറിയണമല്ലോ. അപ്പോഴറിയാം, സംഗതി വാഴപ്പിണ്ടിയാണോ ഉരുക്കുദണ്ഡാണോ എന്ന്. തത്കാലം നിയമസഭ ഗില്ലറ്റിൻ ചെയ്യാൻ തന്നെയാണ് സാദ്ധ്യത. പിന്നെ, ഈ അസഭ്യം പറച്ചിലും അടിതടയുമൊക്കെ നേരെ ജനത്തിനു മുന്നിലാകും. അതാണ് ജനസഭ. അവിടെ എന്ത് അസഭ്യവുമാകാം. ചട്ടം 300 ഒന്നും ജനസഭയ്ക്ക് വിഷയമല്ലാത്തതുകൊണ്ട് അവിടെ ചോദ്യങ്ങളാം. പക്ഷേ, ചോദിക്കണം. ചോദ്യങ്ങൾ ചോദിക്കാനുള്ള നട്ടെല്ല് നമ്മൾ കാണിക്കാത്തതുകൊണ്ട് ഈ വേതാവള വേഷങ്ങൾ നിയമസഭയിൽ കയറി നിന്ന് മുണ്ടുപൊക്കി കാണിക്കുന്നതും അസഭ്യ വർഷം നടത്തുന്നതും . ഇടയ്ക്ക് മുതുകത്ത് സ്വയം ഒന്നു തപ്പി നോക്കാനും മറക്കണ്ട.
28.73°C








