Breaking News
- ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. നിലവിൽ സെക്കന്റിൽ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. കൂടുതൽ വെള്ളം തുറന്ന് വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവില്ലെന്നത് ആശങ്ക സൃഷ്കിക്കുകയാണ്. ഈ സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നീക്കം.
Your Comment Added Successfully!

സംസ്ഥാനത്ത് കഴിഞ്ഞദിവസത്തേതിന് സമാനമായി ഇന്നും അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇവിടെ അതിശക്തമായ മഴ സാദ്ധ്യതയുണ്ട്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലർട്ടാണ്. നാളെ ആറും മറ്റന്നാൾ ഒൻപതും ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്.ഇന്ന് വടക്കൻ കേരളത്തിലാകും കനത്ത മഴ ലഭിക്കുക.
കാലവർഷക്കാറ്റ് ശക്തിപ്രാപിച്ച് തെക്കോട്ട് നീങ്ങിയതും ജാർഖണ്ഡിന് മുകളിൽ ചക്രവാത ചുഴിയുളളതുമാണ് സംസ്ഥാനത്ത് മഴ കൂടാൻ കാരണം. ഇടുക്കി,തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകൾക്കൊപ്പം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലേക്കും മഴ വ്യാപിക്കുന്നതിനാൽ മറ്റന്നാൾ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.സംസ്ഥാനത്തെ വിവിധയിടങ്ങളിൽ മഴക്കെടുതിയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇന്ന് ഏലപ്പാറയിൽ എസ്‌റ്റേറ്റ് ലയത്തിലെ മണ്ണിടിച്ചിൽ എസ്‌റ്റേറ്റ് തൊഴിലാളി മരിച്ചു. കോഴിക്കാനം എസ്‌റ്റേറ്റിലെ തൊഴിലാളി പുഷ്‌പയാണ് മരിച്ചത്. വിവിധ ജില്ലകളിൽ വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് അറിയിപ്പ്.
അതേസമയം കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 3.3 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനുമാണ് സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ നിന്നും ജൂലൈ ഏഴു വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.