Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നീതി എന്ന പദം വിശുദ്ധമാകുന്നത് ഇരകൾക്ക് അതു ലഭിച്ചുവെന്ന് ലോകത്തിന് ബോദ്ധ്യമാകുമ്പോഴാണ്.കർത്താവിന്റെ മണവാട്ടിയായ ഒരു സന്യാസിനിയെ ലജ്ജാകരമായ പ്രകൃതിവിരുദ്ധ വൈകൃതങ്ങൾ ഉൾപ്പെടെ തുടർച്ചയായ ലൈംഗിക പീഡനങ്ങൾക്ക് വിധേയയാക്കിയെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയപ്പോൾ വിശുദ്ധി മാത്രമല്ല, നീതി എന്ന പദത്തിന് അർത്ഥം പോലും നഷ്ടമായിപ്പോകുന്നതിൽ നമുക്ക് ഖേദവും പ്രതിഷേധവും തോന്നുന്നത് യാദൃച്ഛികമല്ല.
നീതിദേവതയുടെ കണ്ണുകൾ മൂടിക്കെട്ടിയിരിക്കുന്നത് മുഖം നോക്കാതെയും സ്വാധീനങ്ങൾക്കു വഴങ്ങാതെയും നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് എന്നാണ് ശുദ്ധഹൃദയന്മാരുടെ വിചാരം. അത് അങ്ങനെയല്ലെന്നും, ഇരകൾക്കും സത്യങ്ങൾക്കും നേരെ കണ്ണടയ്ക്കുന്ന ക്രൂരമായ നീതിയുടെ തുടർച്ച അവസാനിക്കുന്നതേയില്ലെന്നും ബോദ്ധ്യപ്പെടുത്തുന്നതാണ് ഫ്രാങ്കോ കേസിൽ വിചാരണ കോടതിയുടെ അപ്രതീക്ഷിത വിധി.
കോടതി വിധിക്കു ശേഷം ദൈവത്തിനു സ്തുതിയെന്ന് ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചപ്പോൾ ശിരോവസ്ത്രം ധരിച്ചുപോയതിനെക്കുറിച്ചോർത്ത് ലജ്ജിക്കുകയായിരുന്നു ലോകമെമ്പാടുമുള്ള കന്യാസ്ത്രീ സമൂഹം. ക്രൈസ്തവസഭയും സഭയുടെ മൂടുതാങ്ങികളും കൂടി എഴുതിയൊരുക്കിയ തിരക്കഥയിൽ നീതി വിലയ്ക്കു വാങ്ങപ്പെട്ടപ്പോൾ ദൈവത്തിന്റെ കന്യകമാർ ഇനി ആരെ സ്തുതിക്കും? പൊതുസമൂഹത്തിനു മുന്നിൽ, നിസ്സഹായരായ കന്യാസ്ത്രീകളുടെ അനന്തരകാല ജീവിതത്തെക്കുറിച്ച് ആരെങ്കിലും ഓർമ്മിക്കുമോ? മഠങ്ങളിൽ പുരോഹിത വർഗത്തിന്റെ വെപ്പാട്ടികളായി ചവിട്ടിയരയ്ക്കപ്പെടുന്ന ദൈവദാസികളുടെ നിലവിളികൾ ഇനിയും ഉയർന്നുകൊണ്ടേയിരിക്കും.
കോടതി വിധിയെ വിമർശിക്കുന്നത് അധാർമ്മികം മാത്രമല്ല, കുറ്റകരം കൂടിയാണെന്നാണ് വയ്പ്. പക്ഷേ, വിധിയിൽ എന്തെങ്കിലും ധാർമ്മികതയുണ്ടെന്ന് പൊതുസമൂഹത്തിനു കൂടി ബോദ്ധ്യപ്പെടുമ്പോൾ മാത്രമല്ലേ അതെന്ന ചോദ്യത്തിന് എന്തു മറുപടിയുണ്ട്? ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പീഡന കേസ് വെറും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലല്ല. എല്ലാറ്റിനും കൃത്യമായ തെളിവുകളും സാക്ഷിമൊഴികളുമുണ്ടായിരുന്നു. സാക്ഷികളിൽ കർദ്ദിനാളും മൂന്ന് ബിഷപ്പുമാരും 11 പുരോഹിതരും 25 കന്യാസ്ത്രീകളുമുണ്ടായിരുന്നു. ഒരു സാക്ഷി പോലും അവസാനം വരെ കൂറുമാറിയില്ല. എന്നിട്ടും പ്രോസിക്യൂഷൻ പരാജയപ്പെട്ടത് എന്തിനു മുന്നിലാണ്? കോടതികൾക്ക് പൊതുസമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് വിധിപ്രസ്താവം നടത്തേണ്ട ബാദ്ധ്യതയില്ലായിരിക്കാം. പക്ഷേ, ഏതു കേസിലും നീതി ഉറപ്പാകേണ്ടത് ഇരയുടെ പക്ഷത്തിനാണെന്ന സങ്കല്പത്തിന് ആരെങ്കിലും മറുവാദം പറയുമോ?
2018 ജൂണിലാണ് കോട്ടയം കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ, ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ തന്നെ നിരന്തര പീഡനങ്ങൾക്കു വിധേയയാക്കിയെന്ന പരാതിയുമായി എത്തുന്നത്. 2014 നും 2016 നും ഇടയിൽ ബിഷപ്പ് മഠം സന്ദർശിച്ച അവസരങ്ങളിൽ ആകെ പതിമൂന്നു തവണ തന്നെ ലൈംഗിക പീഡനങ്ങൾക്കു വിധേയയാക്കിയെന്നായിരുന്നു പരാതി. പീഡനമുറകളുടെ വിശദാംശങ്ങളെല്ലാം പിന്നീട് കന്യാസ്ത്രീ പൊലീസിനു നൽകി. മജിസ്‌ട്രേറ്റിനുമുന്നിലും മൊഴിനൽകി. നാണംകെടുത്തുന്ന പ്രകൃതിവിരുദ്ധ ലൈംഗിക ക്രിയകളുമുണ്ടായിരുന്നു അതിൽ. പിന്നീട് മൂന്നു സ്ത്രീകൾ കൂടി ബിഷപ്പിനെതിരെ പീഡന പരാതിയുമായി മുന്നോട്ടുവന്നു. 2018 സെപ്തംബറിലാണ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായത്. അതിനുശേഷം പല ദുരൂഹ മരണങ്ങളും നടന്നു .
അന്ന് പോലീസ് ഐ.ജി ആയിരുന്ന വിജയ് സാഖറെ മാദ്ധ്യമങ്ങളോടു പറഞ്ഞത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണ് എന്ന് ബോദ്ധ്യപ്പെടുന്ന എല്ലാ തെളിവുകളും ലഭിച്ചുവെന്നാണ്. ആ തെളിവുകൾക്ക് പിന്നീട് എന്തു സംഭവിച്ചുവെന്ന ചോദ്യമാണ് ബാക്കി. വിധിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിക്കുന്നുണ്ട്. നേരത്തേ തന്നെ സഭയുടെ വിമർശകരാവുകയും, അതിന്റെ പേരിൽ പുറത്താക്കപ്പെടുകയും ചെയ്ത കന്യാസ്ത്രീകൾ പ്രതികരിക്കുന്നുണ്ട്. ഫ്രാങ്കോയ്ക്ക് എതിരെ ചുമത്തപ്പെട്ട കുറ്റങ്ങളോ , അവയെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളോ നിലനിൽക്കുകയില്ലെന്നാണ് വിചാരണ കോടതിയുടെ തീർപ്പ്. ശാസ്ത്രീയ തെളിവുകൾ നിലനില്ക്കില്ലെങ്കിൽപ്പിന്നെ എന്തു തെളിവുകൾക്കാണ് ബലമുള്ളതെന്ന് ആര് പറഞ്ഞതരും?
വിചാരണ കോടതിയുടെ വിധിയെ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും, വിലയ്ക്കെടുക്കൽ പിന്നിലുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരെ ആർക്കും കുറ്റം പറയാനാവില്ല. വിധി വന്ന് നിമിഷങ്ങൾക്കകം സഭയുടെ അച്ചടിച്ച പ്രതികരണം കോടതിവളപ്പിൽ മാദ്ധ്യമപ്രവർത്തകർക്ക് വിതരണം ചെയ്തുവെന്നാണ് റിപ്പോർട്ട്. അതെങ്ങനെയെന്ന് ആരും ചോദിക്കരുത്. ഉന്നതപീഠങ്ങളുടെ രഹസ്യനിർദ്ദേശങ്ങൾ നടപ്പാക്കപ്പെടുകയായിരുന്നുവോ? സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനാവാത്തവരുടെ രാഷ്ട്രീയവേദന മാറ്റുവാൻ കത്തോലിക്കാ സഭ തുണ നില്ക്കുകയായിരുന്നുവോ? സഭയുടെ തുണകൊണ്ട് ആ രാഷ്ട്രീയ അക്കൗണ്ട് തുറക്കുവാനാകുമോ? ഇതൊക്കെ അണിയറയിലെ ചോദ്യങ്ങളാണ്.
അവിശ്വസനീയ നീതിയെന്ന് കന്യാസ്ത്രീകൾ വിലപിക്കുമ്പോൾ, അവരുടെ വിലാപങ്ങൾക്കാണ് അർത്ഥമില്ലാതായിപ്പോകുന്നത്. ഇനി വിശ്വാസത്തിന്റെ നീതിദേവനുമുന്നിൽ മുന്നിൽ നമുക്ക് മുട്ടുകുത്താം: പാപത്തിന് മരണശമ്പളം നൽകേണ്ട നീതിപീഠങ്ങൾ ദുസ്വാധീനങ്ങൾക്കു വഴങ്ങിയാൽപ്പിന്നെ ആ ശമ്പളം ഏത് നീതിദേവത ഉറപ്പാക്കും? പാപിയോടു പൊറുക്കുന്നവർ കുറ്റവാളിക്ക് രക്ഷ ഉറപ്പാക്കുമ്പോൾ ഇരകൾക്കുള്ള നീതി ഇനി ദൈവം ഉറപ്പാക്കട്ടെ.
28.73°C








