Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുൻ മിസ് കേരളയടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ ദുരൂഹത നീക്കാനുള്ള പരിശ്രമം ഊർജ്ജിതമാക്കിയ കൊച്ചി സിറ്റി പൊലീസ് തേടുന്നത് ആ സിസി ടിവി ദൃശ്യങ്ങളാണ്. അപകടത്തിന് മുമ്പ് എന്താണ് നടന്നതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഈ കേസിൽ നിർണായകമാണ്. അതുകൊണ്ട് തന്നെ നമ്പർ 18 ഹോട്ടലിലെ ദൃശ്യങ്ങൾ എങ്ങനെയും കൈക്കലാക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്. ഹോട്ടലുകാർ ഒളിപ്പിച്ച ആ ദൃശ്യങ്ങൾ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ദൃശ്യങ്ങൾ ഒളിപ്പിച്ചതിൽ നിന്നു തന്നെ അവർക്ക് കേസിൽ പലതും ഒളിപ്പിക്കാനുണ്ടന്ന് വ്യക്തമാകും.
ഈ സംഭവത്തിൽ മുൻ മിസ് കേരളയടക്കം മൂന്ന് പേരും രാത്രി ഡിജെ ആഘോഷിച്ച ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിന്റെ ഉടമ റോയ് ജോസഫിനെതിരെ പൊലീസ് കേസെടുക്കാനാണ് പദ്ധതി. ഹോട്ടലിലെ ക്ലബ് 18 പാർട്ടി ഹാളിൽ ആഘോഷത്തിനിടെ മയക്കുമരുന്ന് ഉപയോഗം നടന്നതായി സംശയിക്കുന്നുണ്ട്. ഇതു പുറത്തുവരാതിരിക്കാനാകും ഉടമ ജീവനക്കാരനെക്കൊണ്ട് സി.സി.ടി.വിയുടെ ഹാർഡ് ഡിസ്‌ക് ഊരി മാറ്റിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അന്നേ ദിവസം ഹോട്ടലിലുണ്ടായിരുന്ന വിവിഐപികളെ രക്ഷിക്കാനാണ്ഹോട്ടലുടമ ഹാർഡ് ഡിസ്ക് ഒളിപ്പിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഡിജെ പാർട്ടിയിൽ സിനിമാ നടികൾവേറെയും ഉണ്ടായിരുന്നതായാണ് വിവരം. ഇവരെ രക്ഷി്ക്കാനും നീക്കം നടക്കുന്നുണ്ട്.
ഹാർഡ് ഡിസ്‌ക് റോഡരികിൽ ഉപേക്ഷിച്ചെന്നാണ് റോയ് ജോസഫിന്റെ ഡ്രൈവറുടെ മൊഴി. ഇത് ഹോട്ടലുടമയെ രക്ഷിക്കാൻ വേണ്ടിയാണെന്നും വിലയിരുത്തുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ട് തവണ ആവശ്യപ്പെട്ടിട്ടും റോയ് ജോസഫ് എത്തിയിട്ടില്ല. ഒളിവിലാണെന്നാണ് വിവരം. ഹോട്ടലിന്റെ പ്രവർത്തന സമയം കഴിഞ്ഞും മദ്യം വിളമ്പിയതായി ഹോട്ടലിലെ മറ്റു സ്ഥലങ്ങളൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഹോട്ടലുടമയും നിശാപാർട്ടിയിൽ പങ്കെടുത്തിട്ടുണ്ട്. ഇതിന് പുറമേ ലഭിച്ച ചില നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റോയിക്കെതിരെ കേസെടുക്കുന്നത്. അബ്കാരി കുറ്റങ്ങൾ ഉൾപ്പെടുന്ന അന്വേഷണ റിപ്പോർട്ട് ഉടൻ മട്ടാഞ്ചേരി അസി. കമ്മിഷണർക്ക് കൈമാറും. മട്ടാഞ്ചേരി എ.സി.പിയാകും തുടരന്വേഷണം നടത്തുക. കാറപകടക്കേസ് എറണാകുളം എ.സി.പി അന്വേഷിക്കും. നിലവിൽ പാലാരിവട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന ഓഡി കാർ ഓടിച്ച വ്യവസായിയും കാക്കനാട് സ്വദേശിയുമായ സൈജുവിനെതിരെയും പൊലീസ് കേസെടുക്കും. ഭീതിപ്പെടുത്തും വിധം അമിതവേഗത്തിൽ കാറോടിച്ചതിനാകും കേസ്. അപകടത്തിലേക്ക് നയിച്ചതിൽ ഇയാൾക്ക് പങ്കുള്ളതായും നമ്പർ 18 ഹോട്ടൽ ഉടമയുമായി അടുത്ത ബന്ധമുള്ളതായും സംശയിക്കുന്നു. സൈജുവിനെ ശനിയാഴ്ച മണിക്കൂറുകൾ ചോദ്യം ചെയ്താണ് വിട്ടയച്ചത് .അർദ്ധരാത്രി വരെ നീണ്ട ആഘോഷം കഴിഞ്ഞാണ് മുൻ മിസ് കേരള അൻസി കബീറടക്കം നാലംഗ സംഘം നീല ഫോർഡ് ഫിഗോ കാറിൽ പുറപ്പെട്ടത്. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ സൈജു സ്ഥലത്തെത്തിയെങ്കിലും രക്ഷാ പ്രവർത്തനത്തിനു മുതിരാതെ ഇടപ്പള്ളിയിലേക്ക് പോയതടക്കമുള്ള കാര്യങ്ങൾ ദുരൂഹമാണ്.
അമിതവേഗത്തിൽ പാഞ്ഞ കാർ ഫോർട്ടുകൊച്ചിയിലെ ഹോട്ടലിൽ നിന്നിറങ്ങിയ സമയംവെച്ചു നോക്കുമ്പോൾ പാലാരിവട്ടം ബൈപ്പാസിൽ എത്തിയത് ഏറെ വൈകിയാണ്. പിന്തുടർന്ന കാറിലുള്ളയാളും അപകടത്തിൽപ്പെട്ടവരും തമ്മിൽ യാത്രയ്ക്കിടയിൽ നിർത്തി എന്തോ സംസാരിച്ചിട്ടുണ്ട്. ഇത് വാക്കുതർക്കമായിരുന്നോ എന്നും പൊലീസ് സംശയിക്കുന്നു.
അമിതവേഗത്തിലായിരുന്നു വാഹനമെന്നും അതിനെ ഒരു ഓഡി കാർ പിന്തുടർന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. ഇതുവെച്ച് അപകടത്തിന് വഴിവെച്ച നാല് സാഹചര്യങ്ങളാണ് അന്വേഷണ സംഘം വിലയിരുത്തിട്ടുള്ളത്. ഇതിൽ ഒന്നാമത്തേത് മത്സരയോട്ടമാണ്. അരൂർ-ഇടപ്പള്ളി ദേശീയപാത മത്സരയോട്ടത്തിന്റെ സ്ഥിരം കേന്ദ്രമാണ്. രാത്രി നടക്കുന്ന പല മത്സരയോട്ടങ്ങളും നിശാ പാർട്ടി കഴിഞ്ഞിറങ്ങുന്നവർ തമ്മിലാണ്.
രണ്ടാമത്തേത് സ്ത്രീകൾ അടങ്ങിയ സംഘത്തെ പിന്തുടരുന്ന ചിലരുടെ രീതിയാണ്. പാർട്ടികളിലുണ്ടാക്കുന്ന ചെറിയ ഉടക്കും മറ്റും ഇത്തരം സംഭവങ്ങളിലാണ് അവസാനിക്കാറ്. ഭയപ്പെടുത്തുകയാണ് ഒരു ലക്ഷ്യം. ഇതാകാം ഇവിടെ സംഭവിച്ചിട്ടുണ്ടാകുക എന്നാണ് ലഭിക്കുന്ന സൂചനകൾ. മൂന്നാമത്തേത് ഹോട്ടലുടമയുടെ നിർദേശപ്രകാരമാണ് കാർ പിന്തുടർന്നത് എന്നതാണ്. പിന്തുടർന്ന കാർ ഓടിച്ചിരുന്നയാളും ഹോട്ടലുടമയും ഫോണിൽ ബന്ധപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്.
നാലാമത്തേത് പിന്തുടർന്ന ഡ്രൈവർ പറഞ്ഞ മൊഴിയാണ്. മദ്യപിച്ച് വാഹനം ഓടിച്ചിരുന്ന സംഘത്തിന് മുന്നറിയിപ്പ് നൽകാൻ പോയതാണ് എന്നത്. ഈ മൊഴി ഒറ്റക്കേൾവിയിൽത്തന്നെ കളവെന്ന് വ്യക്തമാണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. പാർട്ടി നടന്ന ഹോട്ടലിലെ ഹാളിലെയും പാർക്കിങ് ഏരിയയിലെയും ദൃശ്യങ്ങൾ മാത്രം മാറ്റിയതാണ് ഹോട്ടലുടമയിലേക്ക് സംശയത്തിന്റെ വിരൽ ചൂണ്ടുന്നത്. ഹാളിൽ നടന്ന കാര്യങ്ങളും കാർ പിന്തുടർന്നതും ഒളിപ്പിക്കാനുള്ള ശ്രമമാണിത്. ചോദ്യംചെയ്യലിൽ ഇതിനെല്ലാം ഉത്തരം നൽകേണ്ടിവരും ഉടമ. ദൃശ്യങ്ങൾ നശിപ്പിച്ചുവെന്നാണ് മൊഴിയെങ്കിലും ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.
അപകടം സംഭവിച്ച കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാൻ ഇപ്പോൾ റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണം. ഹോട്ടലുടമയ്ക്ക് ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും എത്തിയിട്ടില്ല. മറ്റൊന്ന്, പിന്തുടർന്ന കാർ ഓടിച്ചിരുന്ന സൈജുവാണ്. ഇയാളെ കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. മൂന്നുപേരെയും വീണ്ടും വിശദമായി ചോദ്യംചെയ്താൽ മാത്രമേ സംഭവത്തിൽ വ്യക്തത വരുമെന്നാണ് പൊലീസ് ഐടുഐ ന്യൂസിനോട് വ്യക്തമാക്കിയത്.
കുണ്ടന്നൂർ മുതൽ ഈ കാറുകൾ മത്സരയോട്ടം നടത്തിയതായാണു സിസിടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ കാറിനെ പിൻതുടർന്നതായി കണ്ടെത്തിയ ഔഡി കാറിന്റെ ഡ്രൈവർ എറണാകുളം സ്വദേശി സൈജു തങ്കച്ചനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. എന്നാൽ, മദ്യലഹരിയിൽ വാഹനം ഓടിക്കരുതെന്നു പറയാനാണു വാഹനത്തെ പിന്തുടർന്നതെന്നായിരുന്നു ഇയാളുടെ മൊഴി. ഇതു പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
കേസിന്റെ കുരുക്കഴിക്കാൻ ആവശ്യമായ തെളിവുകൾ വരും ദിവസങ്ങളിൽ ലഭിക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. കുണ്ടന്നൂരിൽ മറ്റൊരു വാഹനത്തിന്റെ ഡ്രൈവറും ഇവരും തമ്മിൽ തർക്കം നടന്നിരുന്നു എന്ന വിവരവും ലഭിച്ചുവെങ്കിലും ഈ വാഹനം കണ്ടെത്താനായിട്ടില്ല. 12.30ന് ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്നു വിട്ട വാഹനം 100-120 കിലോമീറ്ററിൽ വേഗത്തിൽ സഞ്ചരിച്ചിട്ടും ഒരു മണിക്കു മാത്രമാണു ചക്കരപ്പറമ്പിൽ എത്തിയത് എന്നതിനാൽ ഇതിനിടെ എന്തോ സംഭവിച്ചിട്ടുണ്ടെന്നു തന്നെയാണു പൊലീസിന്റെ നിഗമനം
23.82°C








