Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വീണ്ടും അട്ടിമറി നീക്കം. വിചാരണ അവസാന ഘട്ടത്തിലേക്ക് എത്തിനില്‍ക്കവേ വിചാരണ കോടതി ജഡ്ജിയെ സ്ഥലം മാറ്റി. ഈ മാസം അവസാനം അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്താനിരിക്കേയാണ് ദുരൂഹമായ സ്ഥലംമാറ്റ ഉത്തരവ് പുറത്തുവന്നത്.
വിചാരണ കോടതിയായ കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി-1 ജഡ്ജി ജി.ഗോപകുമാറിനെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയിലേക്ക് മാറ്റി ഉത്തരവിട്ടിരിക്കുന്നത്. ഈ ഒഴിവിലേക്ക് പകരം ജഡ്ജിയെ നിയമിച്ചിട്ടുമില്ല. കേസ് അട്ടിമറിക്കാനെന്ന പഴി ഒഴിവാക്കാന്‍ ഒമ്പത് ജഡ്ജിമാര്‍ക്കൊപ്പമാണ് സ്ഥലംമാറ്റമെങ്കിലും വിചാരണയുടെ അവസാന നിമിഷത്തിലുള്ള ഈ നീക്കം അട്ടിമറിയാണെന്ന സംശയമാണ് ഉയരുന്നത്.
കേസിലെ മുഴുവന്‍ സാക്ഷികളുടെയും വിസ്താരം ഈ മാസം 27 ഓടെ പൂര്‍ത്തിയാകാനിരിക്കേയാണ് നടപടി. പുതിയ ജഡ്ജി ചുമതലയേറ്റാല്‍ ഇതുവരെയുള്ള എല്ലാ വിചാരണ നടപടികളും തുടക്കം മുതല്‍ വായിച്ചു മനസ്സിലാക്കേണ്ടിവരും. ഇത് വിധി വരുന്നതിനുള്ള കാലതാമസവുമുണ്ടാക്കും. ഒന്നാം സാക്ഷിയുടെ മൊഴിയും ക്രോസ് വിസ്താരവും തന്നെ 150 പേജില്‍ അധികമുണ്ട്.
ബിഷപിന്റെ ബലാത്സംഗ കേസില്‍ അന്വേഷണത്തിന്റെ തുടക്കം മുതല്‍ നടന്ന അട്ടിമറി ശ്രമങ്ങള്‍ വിജയിക്കാതെ വന്നതോടെയാണ് അവസാന ഗൂഢനീക്കമെന്ന നിലയില്‍ ജഡ്ജിയെ സ്ഥലംമാറ്റുന്നത്. യാതൊരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയപ്പെടാത്തയാൾ എന്ന സൽപ്പേരിൽ അറിയപ്പെടുന്ന ജഡ്ജിയെ സ്ഥലംമാറ്റി വിധി അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന സംശയം ബലപ്പെടുകയാണ്. മേയ് മാസത്തില്‍ സ്ഥലംമാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ അവസാനത്തോടെ വിധി പറയാന്‍ തയ്യാറെടുക്കവേയാണ് ഈ അട്ടിമറി.
കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നേരിട്ട പ്രതിസന്ധികളും ജലന്ധറില്‍ ഫ്രാങ്കോയുടെ മൊഴിയെടുക്കാന്‍ ചെന്ന അന്വേഷണ സംഘത്തെയും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും ഫ്രാങ്കോയുടെ ഗുണ്ടകള്‍ നേരിട്ടതും അന്വേഷണ പുരോഗതിക്കിടെ കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റാനും പ്രതിഭാഗം വിഫല ശ്രമം നടത്തിയിരുന്നു. ഒടുവില്‍ കേരളത്തിലേക്ക് വിളിച്ചുവരുത്തിയ ബിഷപിനെ മൂന്നു ദിസവം നീണ്ട ചോദ്യം ചെയ്യലിനു ശേഷം 2018 സെപ്തംബര്‍ 21 നാണ് അറസ്റ്റു ചെയ്തത്. മൂന്നാഴ്ചയ്ക്കു ശേഷം ബിഷപ് ഫ്രാങ്കോ ജാമ്യത്തിലിറങ്ങി.
കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സുപ്രീം കോടതി വരെ ബിഷപ് ഫ്രാങ്കോ നടത്തിയ നിയമ പോരാട്ടങ്ങളുമെല്ലാം പരാജയപ്പെട്ടതോടെയാണ് അവസാന അട്ടിമറിയായി ജഡ്ജിയെ തന്നെ നീക്കുന്നത്.
2018 ജൂണിലാണ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയത്. 2014 മെയ് മാസം മുതല്‍ രണ്ട് വര്‍ഷത്തോളം ഒരോ മാസം ഇടവിട്ട് ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തി. ഇതിനിടെ 13 തവണ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ ക്രൈം ബ്രാഞ്ചിനു നൽകിയ മൊഴി. നാലു മാസം നീണ്ട അന്വേഷണത്തിനു ശേഷം ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു.
ബലാത്സംഗത്തിനു പുറമെ അന്യായമായി തടഞ്ഞുവയ്ക്കല്‍, അധികാര ദുര്‍വിനിയോഗം, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, ഭീഷണിപ്പെടുത്തല്‍, മേലധികാരമുപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.
ബിഷപ് ഫ്രാങ്കോ ലൈംഗിക പീഡനക്കേസിൽ വിചാരണ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കേ ജ്ഡ്ജിയെ സ്ഥലം മാറ്റിയ സർക്കാർ നടപടി, കേസ് ആട്ടിമറിക്കാനാണെന്നു വ്യക്തമാണെന്നും പകരം മറ്റൊരു ജഡ്ജിയെ നിയമിക്കപോലും ചെയ്യാത്തത് കൂടുതൽ ദുരൂഹമാണെന്നും ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഒരു പ്രസ്താവനയിലൂടെ ആരോപിച്ചു.
സ്ഥലം മാറ്റപ്പെട്ട ജഡ്ജി ജി ഗോപകുമാറിനെ തന്നെ തിരികെ നിയമിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി ജോയിന്റ് ക്രിസ്ത്യൻ കൗൺസിലും സേവ് ഔർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിലും വീണ്ടും രംഗത്ത് വരുമെന്നും പ്രസിഡന്റ് ഫെലിക്സ് ജെ പുല്ലൂടൻ സർക്കാരിന് മുന്നറിയിപ്പ് നൽകി.
കേരളം കണ്ട ഐതിഹസിക സമരങ്ങളുടെ മുന്നിൽ നിന്ന കന്യാസ്ത്രീ സമരത്തിന്റെ സമ്മർദ്ദങ്ങൾക്കു വഴങ്ങിമാത്രം ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാൻ നിർബന്ധിതരായ സംസ്ഥാന സർക്കാർ ഇപ്പോൾ കുറ്റവാളിയെ സംരക്ഷിക്കുവാൻ വഴിവിട്ട മാർഗങ്ങൾ തേടുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഹീനനായ ഈ കുറ്റവാളിയെ രക്ഷിക്കുവാൻ ശ്രമിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും.
സ്ഥലം മാറ്റപ്പെട്ട ജഡ്ജിയെ അടിയന്തരമായി തിരികെ നിയമിക്കണമെന്നും പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാനുള്ള നിയമപരമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോകണമെന്നും ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
അനന്തര നടപടികളെ കുറിച്ച് ആലോചിക്കുവാൻ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിൻെറയും സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിലിന്റെയും യോഗം ഉടൻ വിളിച്ചു കൂട്ടുമെന്ന് പുല്ലൂടൻ അറിയിച്ചു.
23.13°C








