Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:53 am
  • 24th October, 2021
  • Broken Clouds
30.82°C30.82°C
  • Humidity: 59 %
  • Wind: 1.37 km/h

Breaking News

  • കുഞ്ഞിനെ ദത്ത് നൽകിയ സംഭവം   കൂടുതൽ ജീവനക്കാരുടെ മൊഴി എടുത്ത് ഉടൻ റിപ്പോർട്ട് നല്കാൻ ശ്രമം വഞ്ചിയൂർ കോടതിയുടെ നടപടികൾ നാളെ നിർണായകം.
  • ഇന്നും ശക്തമായ മഴ   5 ജില്ലകളിൽ യെല്ലോ അലർട്ട് സിപിഎം സിസി ഇന്നവസാനിപ്പിക്കും 
i2i News Trivandrum

മലങ്കര ഓർത്തഡോക്‌സ്‌ സുറിയാനി സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ്‌ മാർ അത്താനാസിയോസിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന്‌ ആരോപിച്ചു സമർപ്പിച്ച ഹർജിയിൽ എറണാകുളം അഡീ. ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി അന്വേഷണത്തിന്‌ ഉത്തരവിട്ടു. മാത്യൂസ് മാർ സേവേറിയോസ് പ്രതിയായും ഗീവർഗ്ഗീസ് മാർ യൂലിയോസ്, മലങ്കര സഭാസെക്രട്ടറി ബിജു ഉമ്മൻ എന്നിവർ 2 , 3 പ്രതികളായുള്ള കേസ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നോർത്ത് പോലീസിനോടാണ് ഉത്തരവിട്ടിരിക്കുന്നത്.  

പുത്തൻകുരിശ്‌ സ്വദേശി തോമസ്‌ ടി. പീറ്റർ സമർപ്പിച്ച ഹർജിയിലാണു കോടതി നടപടി. തോമസ്‌ മാർ അത്താനാസിയോസ്‌ 2018 ഓഗസ്‌റ്റ്‌ 24-നു വെളുപ്പിനു നാലു മണിക്ക്‌ എറണാകുളം-അഹമ്മദാബാദ്‌ ട്രെയിനിൽ നിന്നും തെറിച്ചു വീണു മരണപ്പെടുകയായിരുന്നു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനും സൗത്ത് റെയിൽവേ സ്റ്റേഷനും ഇടയ്ക്കുളള പുല്ലേപ്പടിയ്ക്ക് സമീപത്തുവച്ചാണ് അദ്ദേഹം  ട്രെയിനിൽനിന്ന് വീണത്.എന്നാൽ തുടക്കം മുതലേ ഈ മരണത്തിൽ ദുരൂഹത നിറഞ്ഞുനിന്നിരുന്നു. എറണാകുളം നോർത്ത്‌ പോലിസ്‌ അസ്വാഭാവിക മരണത്തിന്‌ എഫ്‌.ഐ.ആർ. രജിസ്‌റ്റർ ചെയ്‌തിരുന്നു. എന്നാൽ, തുടരന്വേഷണം നടത്താതെയാണ്‌ അസ്വാഭിവക മരണത്തിനു കേസെടുത്തത്‌.അത്താനാസിയോസിന്റെ മരണത്തിൽ ദുരൂ​​ഹതയുണ്ടെന്ന് ഐടുഐ ന്യൂസ് നിരന്തരം ആവർത്തിച്ച കാര്യമാണ് ഇപ്പോൾ കോടതിയും ശരിവച്ചിരിക്കുന്നത്.എങ്ങുമെത്താതെ കിടന്ന അന്വേഷണം കോടതി ഉത്തരവ് വരെ എത്തിച്ചതും ഐടുഐ ന്യൂസ് തന്നെ. ഏറെ സ്വീകാര്യനായ മെത്രാപ്പോലീത്തയുടെ മരണത്തിന് പിന്നിൽ സഭയിലെ തന്നെ കുത്സിത ശക്തികൾക്ക് ബന്ധമുണ്ടെന്ന വിവരവുമുണ്ടായിരുന്നു.  സഭയോടൊപ്പം കുടുംബാം​ഗങ്ങൾക്കും ഇദ്ദേഹത്തിന്റെ ദൂരൂഹമരണത്തിൽ പങ്കുണ്ടെന്നായിരുന്നു തുടക്കം മുതലേ ആരോപണമുണ്ടായിരുന്നത്. 
സഭയുടെ നിരവധി സ്ഥാപനങ്ങൾ ബറോഡയിലുണ്ട്. ഇതിന്റെയൊക്കെ ചുമതല തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്തയ്ക്ക് ആയിരുന്നു.വിദ്യാഭ്യാസ ആവശ്യത്തിനായാണ് അദ്ദേഹം ബറോഡയിലേക്ക് പോയത്.നെടുമ്പാശേരിയിൽ വിമാനസർവീസ്‌ താൽക്കാലികമായി നിർത്തിയ സാഹചര്യത്തിലാണു ട്രെയിനിൽ മടങ്ങാൻ തിരുമാനിച്ചത്‌. ഹർജിക്കാർക്കുവേണ്ടി അഡ്വ. ബെന്നി കുര്യൻ, അഡ്വ. ബിജു കെ. ചാക്കോ എന്നിവർ ഹാജരായി.

മലങ്കര ഓർത്തഡോക്സ് സഭയുടെ മുതിർന്ന മെത്രാപ്പൊലീത്തമാരിലൊരാളായിരുന്നു മരണപ്പെട്ട മെത്രാപ്പോലീത്ത. ഓർത്തഡോക്സ് സഭ സിനഡിന്റെ സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലകളിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം കൂടുതലും. സഭയുടെ സ്കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അമരക്കാരനാണ്.

സഭയുടെ ശക്തികേന്ദ്രമായ ചെങ്ങന്നൂരിൽ നിർണായക സ്വാധീനമുളള വ്യക്തിയാണ് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത.അപ്രതീക്ഷിതമായുണ്ടായ അദ്ദേഹത്തിന്റെ വിയോഗ വാർത്ത ചെങ്ങന്നൂർ നിവാസികൾക്കും ഞെട്ടലുണ്ടാക്കിയിരുന്നു. അത്താനാസിയോസിന്റെ മരണം ഒരു കൊലപാതകമാണെന്ന് മലങ്കര സഭാവാസികൾ വിശ്വസിക്കുന്നുവെന്നും മാർ അത്താനാസിയോസിന്റെ കൊലപാതകത്തിന് പ്രധാന സൂത്രധാരനായ ഒന്നാം പ്രതിയുടെ  സംഭാഷണത്തിന്റെ രേഖകൾ  ഫേസ്ബുക്കിലും യൂട്യൂബിലും ഇപ്പോൾ ലഭ്യമാണെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.2011-ൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതിയിൽനിന്നും ലഭിച്ച വിധിയുടെ പിന്നാമ്പുറ രഹസ്യങ്ങൾ അത്താനാസിയോസിന് നന്നായി അറിയാമായിരുന്നുവെന്നും ഇതും കൊലപാതകത്തിനുള്ള കാരണമായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അത്താനാസിയോസിന്റെ പേരിലുള്ള ട്രസ്റ്റിന് 500 കോടിയിലധികം ആസ്തിയുണ്ടായിരുന്നുവെന്നും ഇത് സഭയുടെ കീഴിലാക്കണമെന്ന്  അന്നത്തെ കാത്തോലിക്ക ബസേലിയോസ് പൗലോസ് ഒന്നാമനും ഒന്നുമുതൽ 3 വരെയുള്ള പ്രതികളും പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഭീഷണിപ്പെടുത്തിയിട്ടും പ്രസ്തുത ട്രസ്റ്റ് സഭയിൽ ലയിപ്പിക്കുവാൻ മാർ അത്താനാസിയോസ് തയ്യാറാകാഞ്ഞതും പ്രതികളുടെ വിരോധത്തിന് കാരണമായെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു .

 

 

Readers Comment

Add a Comment