Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:14 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അധ്യാപകരുടെ ഓൺലൈൻ ക്ലാസുകളിലേക്ക് നുഴഞ്ഞുകയറുന്ന സംഘം സജീവമായതായി പരാതി. കോവിഡിനെ തുടർന്ന് വിദ്യാലയങ്ങൾ അടഞ്ഞതോടെ സംസ്ഥാനത്തെ സ്കൂൾ പഠനം ഇപ്പോൾ ഓൺലൈൻ വഴിയാണ്. ഡിജിറ്റൽ പ്ലാറ്റ് ഫോമുകളായ ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ വിവിധ മാർഗങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. ഇത്തരം മാധ്യമങ്ങൾ വഴി നടക്കുന്ന ക്ലാസുകളിലേക്ക് പ്രത്യേക സംഘം നുഴഞ്ഞുകയറി ക്ലാസുകൾ അലങ്കോലപ്പെടുത്തുന്നതായി പരാതി ഉയരുകയാണ്.വിദ്യാർഥികളായി ക്ലാസിലേക്ക് എത്തുന്ന സംഘം അശ്ലീല വിഡിയോകൾ, നൃത്തങ്ങൾ, കമൻറുകൾ തുടങ്ങിയവ കാണിക്കുന്നു. ഇതേ തുടർന്ന് അധ്യാപകർക്കൊപ്പം കുട്ടികളും കടുത്ത മാനസിക സംഘർഷത്തിനിടയാക്കുന്നു. വിദ്യാർഥികൾക്ക് മുന്നിൽ അധ്യാപകർ അപമാനിതരാവുകയും ചെയ്യുന്നു. ക്ലാസ് നടത്തിപ്പിനായി ഡിജിറ്റൽ ദാതാക്കൾ നൽകുന്ന പ്രത്യേക കോഡുകൾ ഉപയോഗിച്ചാണ് ക്ലാസുകളിൽ പ്രവേശിക്കാൻ കഴിയുക. ഇവയുടെ കൈമാറ്റത്തിനിടയിൽ വരുന്ന ചോർച്ചയാണ് സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുന്നതിന് ഇടയാക്കുന്നതെന്ന് സംശയിച്ചിരുന്നു.കോഴിക്കോട്ടെ, ഒരു പ്രമുഖ സര്‌ക്കാര്‌ സ്കൂളിൽ നടന്ന കാര്യം പറയാം; പതിവു പോലെ കുട്ടികൾക്കു നൽകിയ ടൈം ടേബിൾ അനുസരിച്ച് ഓൺലൈൻ ക്ലാസ് എടുക്കാൻ തയാറായി വന്നതാണ് പ്രമുഖ സ്കൂളിലെ അധ്യാപിക. ഗൂഗിൾ മീറ്റിലാണ് ക്ലാസ്. പ്ലസ്ടു വിദ്യാർഥികളാണ്. ടീച്ചർ ആദ്യം ഹാജർ വിളിച്ചു. കുട്ടികളെല്ലാവരുംതന്നെ ക്ലാസിൽ ഉണ്ടെന്ന് ഉറപ്പു വരുത്തി, ക്ലാസ് തുടങ്ങി. മിനിറ്റുകൾക്കുള്ളിൽ വലിയ ഉച്ചത്തിൽ ഒരു അശ്ലീല വിഡിയോ പ്ലേ ആയി. കുട്ടികളും അധ്യാപകരും ഞെട്ടിത്തരിച്ചിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല. അധ്യാപികയ്ക്ക് വിഡിയോ റിമൂവ് ചെയ്യാനുമാകുന്നില്ല. വളരെ വേഗത്തിൽ ക്ലാസ് അവസാനിപ്പിക്കുക മാത്രമായിരുന്നു ടീച്ചറുടെ മുന്നിലുള്ള വഴി.  ചോതാവൂർ  ഹൈസ്കൂളിൽ  ഓൺലൈൻ ക്ലാസ് നടക്കുന്നതിനിടെ അജ്ഞാതൻ ക്ലാസിൽ നുഴഞ്ഞുകയറുകയും തെറിപറയുകയും നഗ്‌നതാപ്രദർശനം നടത്തിയ സംഭവം ഇന്നലെയാണ് നടന്നത്. മീഞ്ചന്ത ഗവ. ഹൈസ്‌കൂൾ, വിശ്വവിദ്യാപീഠം ട്യൂഷൻ സെന്റർ എന്നിവയുടെ ഓൺലൈൻ ക്ലാസുകളിലാണ്് നുഴഞ്ഞു കയറ്റമുണ്ടായത്.

 ചോതാവൂർ ഹൈസ്കൂളിൽ നടന്ന സംഭവത്തിൽ അധ്യാപകർ നടത്തിയ അന്വേഷണത്തിൽ ലിങ്കുകൾ ചോർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തി. സംഭവത്തെ കുറിച്ച് പൊലീസിൽ പരാതി നൽകി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ഹാക്കിങ്​ നടന്നതായി പരാതി ഉയർന്നിരുന്നു. അറക്കൽ, ഡ്രാക്കുള തുടങ്ങിയ വിവിധ ഗ്രൂപ്പുകൾ ഹാക്കിങ്ങിനായി പ്രവർത്തിക്കുന്നുണ്ടെന്നാണ് സൈബർ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. കണ്ണൂർ പാനൂർ ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒരു അധ്യാപകൻ ഓൺലൈൻ ക്ലാസിലെ നുഴഞ്ഞുകയറ്റക്കാരെക്കുറിച്ചു പറയുന്നതു നോക്കാം. ‘ഗൂഗിൾ മീറ്റ് ക്ലാസ് വൈകിട്ട് തുടങ്ങി. പെട്ടെന്ന് ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന പത്തോളം പേർ ക്ലാസിലേക്ക് ‘ഇടിച്ചു കയറി’. പിന്നീട് നടന്നതു കൂട്ട തെറിവിളി. കേട്ടാലറയ്ക്കുന്ന അശ്ലീല പ്രയോഗങ്ങൾ ഇംഗ്ലിഷിലും മലയാളത്തിലും ഹിന്ദിയിലും. ഇടയ്ക്ക് ഉച്ചത്തിലുള്ള പാട്ടും. നുഴഞ്ഞുകയറ്റക്കാർ കണ്ണൂരുകാരല്ലെന്ന് സംസാരശൈലിയിൽ നിന്നു മനസ്സിലായി. തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ സംസാര രീതിയാണ്.സംഭവം കുട്ടികളിലും അധ്യാപകരിലും വലിയ ഞെട്ടലുണ്ടാക്കി. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ ശ്രമിച്ചെങ്കിലും നടക്കുന്നില്ല. എങ്ങനെയാണ് ഇത്തരം സംഭവമുണ്ടായതെന്നറിയാൻ ഓരോ കുട്ടിയെയും രക്ഷിതാവിനെയും പ്രത്യേകമായി വിളിച്ചു സംസാരിച്ചു. എന്നാൽ ആരും ക്ലാസിന്റെ ലിങ്ക് ഷെയർ ചെയ്തില്ലെന്നാണു പറഞ്ഞത്. ഗൂഗിൾ മീറ്റ് ക്ലാസുകൾ പലയിടത്തും ഹാക്ക് ചെയ്യപ്പെടുന്നതായി അറിയാൻ കഴി‍ഞ്ഞു. ഇതിനായി ചില ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്. അറക്കൽ, ഡ്രാക്കുള തുടങ്ങിയ ഗ്രൂപ്പുകൾ ഓൺലൈൻ ക്ലാസിൽ കയറി ആക്രമിക്കുക വ്യാപകമായിട്ടുണ്ട്. സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും അധ്യാപകൻ പറയുന്നു. 

മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും കഴിഞ്ഞ ദിവസം സമാന സംഭവം ഉണ്ടായി. പ്രശ്നം പരിഹരിക്കാൻ ഗൂഗിൾസ്യൂട്ടിലൂടെ ക്ലാസിലേക്ക് കുട്ടികളെ പ്രവേശിപ്പിച്ചു. ഈ സംവിധാനത്തിൽ കുട്ടിയെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. തിരിച്ചറിയൽ നമ്പറും ഉണ്ടാകും. എന്നാൽ ഗൂഗിൾസ്യൂട്ട്  പലയിടത്തും ആരംഭിച്ചിട്ടില്ല.

 ക്ലാസ്സുകളിൽ നുഴഞ്ഞു കയറി അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച് അലങ്കോലപ്പെടുത്താൻ പലരും ശ്രമിക്കുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ മുന്നറിയിപ്പുമായി കേരളാ പോലീസ്. സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് കേരളാ പോലീസ് മുന്നറിയിപ്പി നൽകിയത്.കുട്ടികളുടെ ക്ലാസുകളിലേക്ക് അശ്ലീല വീഡിയോകളും മെസേജുമിട്ടാൽ പോക്സോ നിയമം ചുമത്തുമെന്ന് പോലീസ് അറിയിച്ചു..എന്നാൽ യഥാർത്ഥത്തിൽ ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ ഇത്തരം പരാതികൾക്കു നടപടിയെടുക്കാനുള്ള സംവിധാനമില്ല. മിക്ക പൊലീസ് സ്റ്റേഷനിലും ഇത്തരം പരാതികൾ ലഭിക്കുന്നുണ്ട്. സൈബർ സെല്ലിനു കൂടി ഇ–മെയിൽ വഴി പരാതി നൽകാനാണ് മിക്ക പൊലീസ് സ്റ്റേഷനിൽനിന്നും ലഭിക്കുന്ന സന്ദേശം. സമാന പരാതികൾ ധാരാളമായി വരുന്നതിനാൽ പ്രശ്നങ്ങൾക്കു പരിഹാരം കാണാനാവുന്നില്ല. ക്ലാസിന്റെ ലിങ്കുകൾ പങ്കുവയ്ക്കരുതെന്ന് സ്കൂളുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പു നൽകുന്നുണ്ട്. പിടിഎ മീറ്റിങ്ങുകളിൽ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ പലപ്പോഴും ഹാക്കർമാരാണ് ക്ലാസുകളിൽ നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കുന്നത്. പുതിയ ടെക്നോളജിയും പുതിയ തന്ത്രങ്ങളുമായി ഹാക്കർമാർ വരുന്നതും പൊലീസിനു വെല്ലുവിളിയാകുന്നുണ്ട്.

Readers Comment

Add a Comment