Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പോപ്പുലർ ഫിനാൻസ് നടത്തിയ തട്ടിപ്പിൽ നഷ്‌ടമായ പണം തിരികെ വാങ്ങി നൽകാമെന്നു വാഗ്‌ദാനം ചെയ്‌ത് വീണ്ടും തട്ടിപ്പ്. പോപ്പുലർ തട്ടിപ്പിൽ അരക്കോടി രൂപ നഷ്‌ടമായ ഡോക്‌ടറിൽനിന്ന് കമ്മിഷൻ അഡ്വാൻസെന്നു പറഞ്ഞ് തട്ടിപ്പുകാർ വാങ്ങിയെടുത്തത് വൻ തുക.കഴിഞ്ഞ വർഷമാണ് പോപ്പുലർ ഫിനാൻസ് ഉടമകൾ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയത്. സംസ്‌ഥാനത്തിനകത്തും പുറത്തുമായി ആയിരം കോടിയോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. ഈ പണം തിരികെ വാങ്ങി നൽകാമെന്നു പറഞ്ഞാണ് പുതിയ തട്ടിപ്പ്. പോപ്പുലർ തട്ടിപ്പിൽ 50 ലക്ഷം പോയ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്‌ടറിൽനിന്നാണ് കമ്മിഷൻ അഡ്വാൻസെന്നു പറഞ്ഞ് ഒരു സംഘം പണം തട്ടിയത്. വടക്കൻ ജില്ലയിൽനിന്നുള്ള ഈ ഡോക്‌ടർ, ഇവർ ജോലി ചെയ്യുന്ന ആശുപത്രി ഉടമകളുടെ ഫിനാൻസ് സ്‌ഥാപനത്തിൽ പോലും നിക്ഷേപിക്കാതെയാണ് കൂടിയ ശതമാനം പലിശ മോഹിച്ച് പോപ്പുലറിൽ 50 ലക്ഷം ഇട്ടത്. പ്രാദേശിക മാനേജരുടെ വാക്കുകളിൽ ഡോക്‌ടർ വീണു പോവുകയായിരുന്നു. പോപ്പുലർ ഫിനാൻസ് അടച്ചതോടെ ധർമസങ്കടത്തിലായ ഡോക്‌ടർക്ക് പണം തിരികെ വാങ്ങി നൽകാമെന്നു വാഗ്‌ദാനം ചെയ്‌താണ് ഏജന്റ് സമീപിച്ചത്.
ഡോക്‌ടർ വടക്കൻ ജില്ലക്കാരിയാണെന്നു മനസിലാക്കി, തൃശൂരിൽനിന്നെന്നു പറഞ്ഞാണ് ഏജന്റുമാർ വന്നത്. നിക്ഷേപകയും ഏജന്റുമാരും തമ്മിൽ കോഴഞ്ചേരിയിൽ ദിവസങ്ങൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ഡീൽ ഉറപ്പിച്ചു. പോപ്പുലറിൽനിന്ന് മടക്കി വാങ്ങി നൽകുന്ന തുകയുടെ 20 ശതമാനം ഏജന്റിന് കമ്മിഷൻ നൽകണമെന്നായിരുന്നു കരാർ. പണം തിരികെ വാങ്ങാനായി പോപ്പുലർ നിക്ഷേപത്തിന്റെ രേഖകൾ ഏജന്റുമാർക്കു നൽകി. ഇവർ ആവശ്യപ്പെട്ട കടലാസുകളിൽ ഒപ്പിട്ടു നൽകുകയും ചെയ്‌തു. പണം അക്കൗണ്ടിലേക്ക് അയയ്‌ക്കാനുള്ള വിവരങ്ങളും കൈമാറി. എല്ലാം വിശ്വസിച്ച ഡോക്‌ടറുടെ പക്കൽനിന്ന് ഇരുപത് ശതമാനം കമ്മിഷന്റെ അഡ്വാൻസും ഇവർ കൈപ്പറ്റി. പറഞ്ഞ സമയത്തൊന്നും തുക ബാങ്കിലേക്കോ നേരിട്ടോ എത്തിയില്ല. ഇതോടെയാണ് തട്ടിപ്പ് മണത്ത ഡോക്‌ടർ ഏജന്റുമാരെ തിരിക്കി ഇറങ്ങിയത്. ഇതേ സംഘം കോഴഞ്ചേരി, ആറന്മുള, തെക്കേമല അടക്കം പല ഭാഗത്തു നിന്നും ഇത്തരത്തിൽ പണം വാങ്ങിയതായി അന്വേഷണത്തിൽ വ്യക്‌തമായി. ആദ്യ നിക്ഷേപം നഷ്‌ടപ്പെട്ടതിനു പുറമേ വീണ്ടും പണം നഷ്‌ടമായ ദുഃഖത്തിലാണു ഡോക്‌ടർ. ആശുപത്രി മാനേജ്‌മെന്റും പോലീസ് രഹസ്യാന്വേഷണ വിഭാഗവും ഇതേപ്പറ്റി അന്വേഷിക്കുന്നുണ്ട്.
നിക്ഷേപം ഇരട്ടിച്ചു കൊടുക്കാം എന്ന വ്യാജേന പത്തനംതിട്ട ജില്ല ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് സ്ഥാപന ഉടമകൾ നിക്ഷേപകരിൽ നിന്നും 2000 കോടി രൂപയിലേറെ പണം തട്ടിച്ച സംഭവമാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പ്.
മത മേലധ്യക്ഷന്മാരും ബിഷപ്പുമാരുമടക്കം നിരവധി പേർ കള്ളപ്പണം കോടികളായി ഇവിടെ നിക്ഷേപിച്ചിരുന്നു. കണക്കിൽപെടാത്ത പണമായതിനാൽ ഇവർ പരാതിയായോ മറ്റേതെങ്കിലും നിയമ നടപടിക്കോ മുതിരാറില്ല. എന്നാൽ പാവപ്പെട്ട നിരവധി പേരാണ് ഇത്തരത്തിൽ പോപ്പുലർ ഫിനാൻസിന്‌റെ കോടികളുടെ തട്ടിപ്പിനിരയായത്.പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതാണ് കേസ്. കേസിൽ പ്രധാനപ്രതികൾ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ. മക്കളായ റിനു, റീബ, റിയ എന്നിവരായിരുന്നു. വിവിധ സ്റ്റേഷനുകളിലായിട്ടാണ് 1,368 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിബിഐ കൊച്ചി യൂണിറ്റാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നത്. കൊച്ചി യൂണിറ്റ് എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. പോപ്പുലർ ഫിനാൻസ് ഉടമകൾ നിക്ഷേപം വിദേശത്തേക്ക് കടത്തിയതായി സംസ്ഥാന പൊലീസ് കണ്ടെത്തിയിരുന്നു.
23.82°C








