Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൊണ്ണൂറ്റിമൂന്നിന്റെ നിറവിൽ സഹനപാതയിലെ വലിയ ആബൂൻ. ആധുനിക യാക്കോബായ സഭയുടെ ശില്പി, ധിഷണാശാലിയായ ഭരണാധികാരി, ക്രിസ്തുസാക്ഷ്യത്തിന്റെ അമരക്കാരൻ. വിശേഷണങ്ങൾക്ക് അതീതനായ യാക്കോബായ ആകമാന സുറിയാനി സഭയുടെ ഇന്ത്യയിലെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ജന്മദിനമാണ് ഇന്ന്. അഞ്ചലോട്ടക്കാരനിൽനിന്ന്‌ അജപാലനദൗത്യത്തിലേക്കെത്തി യാക്കോബായ സുറിയാനി സഭയുടെ നട്ടെല്ലും നായകനുമായിമാറിയ ശ്രേഷ്ഠബാവായുടെ 93-ാം ജന്മദിനം വിശ്വാസിസമൂഹം വ്യാഴാഴ്ച ആഘോഷങ്ങളില്ലാതെ പ്രാർഥനാപൂർവം ആചരിക്കും.

പ്രാർഥനകളും ആശംസകളുമറിയിച്ച് സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവായുടെ സന്ദേശം ബാവായ്ക്ക് ലഭിച്ചു.വാർധക്യസഹജമായ അവശതകളെത്തുടർന്ന് ഒരുമാസത്തെ ആശുപത്രിവാസത്തിനുശേഷം കഴിഞ്ഞദിവസം പുത്തൻകുരിശ് പാത്രിയർക്കാ സെൻററിൽ തിരിച്ചെത്തിയ ബാവാ തിരുമേനി വിശ്രമത്തിലാണിപ്പോൾ. കോവിഡ് പശ്ചാത്തലത്തിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. ക്രമീകരണങ്ങളോട് വിശ്വാസികൾ സഹകരിക്കണമെന്നും ബാവായ്ക്കുവേണ്ടി പ്രാർഥിക്കണമെന്നും മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ അഭ്യർഥിച്ചു.

യാക്കോബായ സഭയുടെ ആധുനികശില്പിയാണ് േശ്രഷ്ഠ കാതോലിക്ക. സഭാതർക്കത്തെത്തുടർന്ന് മൂന്ന് പതിറ്റാണ്ടുമുമ്പ് മൂന്ന് മെത്രാപ്പൊലീത്താമാരും ഏതാനും വൈദികരും മാത്രമുണ്ടായിരുന്ന സഭയെ ഇന്ന് 30-ലേറെ മെത്രാപ്പൊലീത്താമാരും നൂറുകണക്കിന് പള്ളികളും വൈദികസെമിനാരിയും നിരവധി ആത്മീയസ്ഥാപനങ്ങളും വിദ്യാലയങ്ങളുമുള്ള സഭയാക്കിമാറ്റിയതിനുപിന്നിൽ ബാവയുടെ കർമശേഷിയും കഠിനാധ്വാനവുമാണ്.

എറണാകുളം പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായിയുടെയും കോലഞ്ചേരി കല്ലിങ്കൽ കുഞ്ഞാമ്മയുടെയും എട്ടുമക്കളിൽ ആറാമനാണ് സി.എം.തോമസ് എന്ന കുഞ്ഞൂഞ്ഞ്. 1958-ൽ വൈദികനായി. 1974-ൽ ദമാസ്കസിലെ പാത്രിയാർക്കാ കത്തീഡ്രലിൽ യാക്കൂബ് തൃതീയൻ പാത്രിയാർക്കീസ് ബാവാ, തോമസ് മാർ ദിവന്നാസ്യോസ് എന്നപേരിൽ അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്തായായി വാഴിച്ചു. 2002-ൽ ദമാസ്കസിൽ മോർ ബസേലിയോസ് തോമസ് ഒന്നാമൻ എന്നപേരിൽ ശ്രേഷ്ഠകാതോലിക്കയായി വാഴിച്ചു.

സഭ പ്രതിസന്ധികളുടെ നടുക്കടലിൽ ആടിയുലയുമ്പോഴാണ് ശ്രേഷ്ഠ ബാവാ അമരക്കാരനായെത്തുന്നത്. വീടുകൾ കയറിയിറങ്ങി പിടിയരി പിരിച്ചും സംഭാവനകൾ വാങ്ങിയും വളർത്തിയെടുത്ത് യാക്കോബായസഭയെ കെട്ടുറപ്പുള്ളതാക്കിമാറ്റിയത് ബാവയുടെ അക്ഷീണ പരിശ്രമമാണ്.സഭയുടെ വിശ്വാസപ്പോരാട്ടങ്ങൾക്ക് എന്നും നേതൃത്വം നൽകിയിരുന്നത് ശ്രേഷ്ഠ ബാവയാണ്. 1977 നവംബർ 25-ന് തുടക്കംകുറിച്ച ആലുവ സമരത്തിന് നേതൃത്വം നൽകിയതും, അങ്കമാലി മെത്രാപ്പൊലീത്തായായിരുന്ന തോമസ് മാർ ദിവന്നാസ്യോസ് എന്നറിയപ്പെട്ടിരുന്ന ബാവായാണ്. 
1978 ജനുവരി എട്ടിന് കോട്ടയത്ത്‌ ആരംഭിച്ച ‘ആലുവ ഗ്രേറ്റ് മാർച്ച്’ 12-ന് ആലുവയിലെത്തിയപ്പോൾ ആയിരങ്ങൾ വീണ്ടും അറസ്റ്റിലായി. സർക്കാർ തിരക്കിട്ട് നടത്തിയ ചർച്ചയെത്തുടർന്ന് 19-ന് സമരം ഒത്തുതീർപ്പാക്കി. 44 ദിവസം നീണ്ടുനിന്നു, ആ സഹനസമരം.സമരത്തെത്തുടർന്ന് അറസ്റ്റിലായ മെത്രാപ്പൊലീത്താ പോലീസിന്റെ മർദനങ്ങളും നേരിട്ടു. വിലങ്ങണിയിച്ച് ബാവായെ സ്റ്റേഷനിലിരുത്തി. വിവരമറിഞ്ഞ് ആയിരങ്ങൾ പ്രതിഷേധവുമായി സ്റ്റേഷനുമുന്നിൽ തടിച്ചുകൂടി. ഇവരെ പോലീസ് അടിച്ചോടിച്ചു. രാത്രിതന്നെ ബാവായെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്ത് ജയിലിലടച്ചു. അവിടെ നിരാഹാരം തുടങ്ങിയ ബാവായുടെ ആരോഗ്യസ്ഥിതി വഷളായതോടെ ആശുപത്രിയിലേക്ക്‌ മാറ്റി. കിഴക്കിന്റെ വലിയ മെത്രാപ്പൊലീത്താ കാലംചെയ്ത ഏബ്രഹാം മോർ ക്ലീമീസ് അധ്യക്ഷനായ ആക്ഷൻ കൗൺസിൽ സമരം ഏറ്റെടുത്തു.


പിന്നീടും ഒട്ടേറെ സമരങ്ങൾക്കും പോലീസ് മർദനത്തിനും മുന്നിൽ തിളയ്ക്കുന്ന വിശ്വാസവീര്യവുമായി ബാവാ നിന്നു. ബാവായുടെ വിശ്വാസപ്പോരാട്ടങ്ങൾ കണക്കിലെടുത്ത് സഖാപ്രഥമൻ പാത്രിയാർക്കീസ് ബാവ ‘മലങ്കരയുടെ യാക്കോബ് ബുർദ്ദാന’യെന്ന് പേരുനൽകി ആദരിച്ചു. 2014 ഫെബ്രുവരി ഒന്നിന് തൃക്കുന്നത്ത് പള്ളിയിൽ കുർബാനയർപ്പിച്ച് തന്റെ ചിരകാലാഭിലാഷം യാഥാർഥ്യമാക്കി. ജാതിമതവേർതിരിവുകളോ വലുപ്പച്ചെറുപ്പമോ ഇല്ലാത്ത സൗഹൃദങ്ങൾക്കുടമയാണ് ബാവാ തിരുമേനി.എടുത്തുചാടി തീരുമാനങ്ങളെടുക്കില്ലെന്നതാണ് ബാവയുടെ പ്രത്യേകത. വിഷമകരമായ തീരുമാനങ്ങളെടുക്കുന്നതിനുമുമ്പ് രാത്രിമുഴുവൻ പ്രാർഥനാനിരതനാകും. എടുത്ത തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ല. പ്രതിസന്ധികളിലും തിരിച്ചടികളിലും പരിഹാരമുണ്ടെന്ന് ബാവയ്ക്കുറപ്പാണ്.


വ്യവഹാരങ്ങളാലും സംഘർഷങ്ങളാലും കലുഷിതമായ അന്തരീക്ഷത്തിലും പൂർവികർ പകർന്നുനൽകിയ വിശ്വാസത്തിൽ നിന്ന് അണുവിട വ്യതിചലിക്കാതെ നേരിന്റെ പാതയിലൂടെയാണ് ബാവയുടെ നേതൃത്വം സഭയെ നയിക്കുന്നത്. പ്രതിസന്ധികളിൽ തളരാതെ ക്രൈസ്തവ ദർശനത്തിലൂന്നി ആരോടും പരിഭവമില്ലാതെയാണ് ആ ധന്യജീവിതം വാർധ്യകം ചെലവഴിക്കുന്നത്.ലോകം മുഴുവൻ കോവിഡ് മഹാമാരിയുടെ ഭീഷണിയിലായിരിക്കുന്ന ഈ കാലത്ത് ആഘോഷങ്ങളൊന്നുമില്ല, ശ്രേഷ്ഠ ബാവയുടെ ജന്മദിനത്തിന്. 

Readers Comment

Add a Comment