Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജവെമ്പാല കടിച്ച് ജീവനക്കാരൻ മരിച്ച സംഭവത്തിന്റെ നടുക്കത് വിട്ടുമാറിയിട്ടില്ല. . മൃഗശാല ജീവനക്കാരൻ മരിക്കുന്നത് രാജ്യത്ത് ആദ്യം. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഹർഷാദാണ് തിരുവനന്തപുരം മൃഗശാലയിൽ വച്ച് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. പാമ്പിന് തീറ്റ നൽകി, കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു കടിയേറ്റത്. സാധാരണ ഉൾക്കാട്ടിൽ കഴിയുന്ന രാജവെമ്പാലകൾ മനുഷ്യന്റെ സാനിധ്യമറിഞ്ഞാൽ തന്നെ മാറി പോകാറാണ് പതിവ്. വലിയ പ്രകോപനം ഉണ്ടായാൽ മാത്രമെ രാജവെമ്പാല കടിക്കാറുള്ളു. 20 പേരെ വരേയൊ, ഒരു ആനയെയൊ കൊല്ലാനുള്ള വിഷം ഒറ്റകടിയിൽ രാജവെമ്പാല പുറത്ത് വിടാറുണ്ട്.
മൂർഖൻ പാമ്പുകളുടെ വർഗത്തിൽ പെട്ടവായാണ് ഇവയെങ്കിലും മൂർഖനിൽ നിന്നും വ്യത്യസ്തമായ ഘടനാ രീതിയാണ് രാജവെമ്പാലയ്ക്കുള്ളത്. ഫണം അല്പം നീണ്ടാണ് കാണപ്പെടുന്നത്. ഇവയുടെ അടിഭാഗം ഇളംമഞ്ഞയും കറുപ്പും കലർന്ന് അകലമുള്ള പട്ടകളായിട്ടാണ് കാണപ്പെടുന്നത്. മുതുകിൽ കറുപ്പ് നിറത്തിൽ ചിത്രപ്പണികളോട് കൂടിയ അകലമുള്ള പട്ടകളും കാണാം.ഇന്ത്യയിൽ സാധാരണയായി രാജവെമ്പാലകൾ കാണുന്നത് കേരളം, തമിഴ്‌നാട്, കർണാടക, ഒഡിഷ, അസാം എന്നീ സംസ്ഥാനങ്ങളിലെ വനപ്രദേശങ്ങളിലാണ്. ഈർപവും തണുപ്പും ഇഷ്ടപ്പെടുന്ന ഇവ നിത്യഹരിത വനപ്രദേശങ്ങളിലാണ് കാണാറ്. വയനാട്ടിൽ തേയില, കാപ്പിത്തോട്ടങ്ങളിൽ ഇവ ധാരാളമായി കണ്ടുവരുന്നു.രാജനാഗം, കൃഷ്ണനാഗം, കരിനാഗം, ശംഖുമാല എന്നീ പലപേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്.
മ്യൂസിയം ജീവനക്കാരന്റെ മരണത്തിന് ഇടയാക്കിയ രാജവെമ്പാലയ്ക്ക് രണ്ട് വയസാണ് പ്രായം. ബാംഗ്ലൂരിൽ നിന്നെത്തിച്ച ആൺ രാജവെമ്പാലയാണ് ഇത്. ഒറ്റയ്ക്ക് ഒരു കൂട്ടിലാണ് ഇതിനെ ഇട്ടിരുന്നത്. മറ്റൊരു കൂട്ടിൽ രണ്ട് രാജവെമ്പാലകളെ കൂടി ഇട്ടിട്ടുണ്ട്. ഇവ ആണും പെണ്ണുമാണ്. നാഗ, നീലു, കാർത്തിക് എന്നിങ്ങനെയാണ് മൂന്ന് രാജവെമ്പാലകളുടെ പേര്. ഒറ്റയ്ക്ക് ഒരു കൂട്ടിൽ കഴിയുന്ന കാർത്തിക് എന്ന ആൺ രാജവെമ്പാലയാണ് ഹർഷാദിനെ കടിച്ചത്. വലത്ത് കൈപ്പത്തിക്കും കൈമുട്ടിനും ഇടയ്‌ക്കാണ് കടിയേറ്റത്. കടിയേറ്റ് അവശനിലയിലായ ഹർഷാദ് പാർക്കിനുള്ളിൽ തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. ഇതിനിടയിൽ ഇരുമ്പ് വാതിലിൽ അടിച്ച് ഇയാൾ ശബ്ദമുണ്ടാക്കി. ഈ ശബ്ദം കേട്ടാണ് മറ്റ് ജീവനക്കാർ എത്തുന്നത്. ഇത്രയേറെ പാമ്പുകൾ ഉള്ളയിടത്ത് ആന്റിവെനം സൂക്ഷിക്കണമെന്ന് ചട്ടമുണ്ട്. അതോടൊപ്പം വെറ്റിനറി ഡോക്ടറുടെ സേവനവും ഇവിടെ എപ്പോഴും ലഭ്യമാവുകയും വേണം. എന്നാൽ മ്യൂസിയത്തിൽ സ്ഥിതി ഇതല്ല. ഇവിടുത്തെ ഡോക്ടർ ഒരിക്കലും ഇവിടെയുണ്ടാകാറില്ല. ഹർഷാദിന്റെ മരണ കാരണം ഈ ഉദ്യോഗസ്ഥ അലംഭാവം തന്നെ. എന്നാൽ രാജവെമ്പാലയുടെ കടിയേറ്റാൽ മരണം ഉറപ്പെന്നാണ് വിദഗ്ധർ പറയുന്നത്. രാജ്യത്ത് രാജവെമ്പാല കടിച്ചാൽ കുത്തിവയ്ക്കേണ്ട ആന്റിവെനം ഇല്ലെന്നും വാദമുണ്ട്.
രാജവെമ്പാലയുടെ വിഷം മനുഷ്യന്റെ നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. ഹർഷാദ് കയറിയ കൂട്ടിൽ നിന്ന് ശബ്ദം കേട്ട് വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് മറ്റ് ജീവനക്കാർ ഹർഷാദ് നിലത്ത് കിടക്കുന്നത് കാണുന്നത്. സംസാരിക്കാനോ, ശ്വാസമെടുക്കാനോ കഴിയാത്ത സ്ഥിതിയിലായിരുന്നു അപ്പോൾ ഹർഷാദ്. എന്നാൽ രാജവെമ്പാല കടിച്ച് 15 മിനുട്ടോളം ഹർഷാദ് കൂടിനുള്ളിൽ കിടന്നുവെന്നത് ഞെട്ടിപ്പിക്കുന്നു. ഈ 15 മിനിട്ട് ആ ചെറുപ്പക്കാരന്റെ ജീവിതത്തിൽ നിർണായകമായിരുന്നു. ഈ സമയത്ത് ഹർഷാദിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലോ ആന്റി വെനം നൽകിയിരുന്നെങ്കിലോ ഒരുപക്ഷേ അയാളുടെ ജീവൻ രക്ഷിക്കാമായിരുന്നു.
വളരെ വൈകിയാണ്ജീവനക്കാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഹർഷാദിനെ മാറ്റിയത്. സാധാരണ വന്യ ജീവികൾക്ക് തീറ്റ കൊടുക്കാൻ പോകുമ്പോൾ രണ്ട് പേർ ഉണ്ടാകാറാണ് പതിവ്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ 50 ശതമാനത്തിൽ താഴെ ജീവനക്കാർ മാത്രമേ മൃഗശാലയിൽ ഉണ്ടായിരുന്നുള്ളൂ. ഒറ്റയ്ക്കാണ് ഹർഷാദ് പാമ്പിനെ പരിചരിക്കാനായി പോയത്.മ്യൂസിയം പ്രോട്ടോക്കോൾ പ്രകാരം ഒറ്റയ്ക്ക് മൃഗങ്ങളെ പരിചരിക്കാൻ ജീവനക്കാർ കൂട്ടിൽ കയറാൻ പാടില്ല. കുറഞ്ഞത് രണ്ട് പേർ ഉണ്ടാകണം. ഒരാൾ തീറ്റ കൊടുക്കുമ്പോൾ രണ്ടാമത്തെ ആൾ പരിസരം സുരക്ഷിതമാണൊ എന്ന് പരിശോധിക്കുകയാണ് വേണ്ടത്. ഇതൊന്നും ഹർഷാദിന്‌റെ കാര്യത്തിൽ പാലിക്കപ്പെട്ടിരുന്നില്ല. ഇതോടൊപ്പം മ്യൂസിയത്തിലെ ജീവനക്കാർ പലരും മദ്യപിച്ചാണ് ജോലിക്കെത്തുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്. മദ്യപിച്ച് ഇത്തരം സാഹസ കൃത്യങ്ങളിലേർപ്പെടുന്നതും കുറ്റകൃത്യമാണെന്നറിഞ്ഞിട്ടും അപകടം ക്ഷണിച്ചുവരുത്തുമെന്ന് അറിഞ്ഞിട്ടും ജീവനക്കാർ ഗുരുതരമായ കൃത്യവിലോപം കാണിക്കുന്നു .
നാല് ജീവനക്കാരാണ് പാമ്പുകളെ പരിചരിക്കുന്ന ടീമിലുള്ളത്. ഇതിൽ ഹർഷാദ് മാത്രമാണ് സ്ഥിരം ജീവനക്കാരൻ. ഇരുപത് വർഷത്തോളമായി മ്യൂസിയത്ത് ജോലി ചെയ്യുന്നു. രണ്ട് വർഷം മുൻപാണ് സ്ഥിരം ജോലി ലഭിക്കുന്നത്. കാലങ്ങളായി താൽക്കാലിക ജീവനക്കാരനായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. ഇതിനിടെ ജോലി സ്ഥിരമാക്കാൻ ഹർഷാദിന് സമരം ചെയ്യേണ്ടിയും വന്നിരുന്നു. മൃഗശാല ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹർഷാദിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞിട്ടുണ്ട്.
രാജവെമ്പാലയടക്കം ഒട്ടേറെ വന്യമൃഗങ്ങൾ ഇവിടെയുണ്ട്. ഇവയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളുമുണ്ട്. ഇവയുടെ പരിചരണത്തിലും അധികൃതർ അനാസ്ഥ കാണിക്കുന്നുണ്ടെന്നാണ് ആക്ഷേപം. പലപ്പോഴും ഗുണനിലവാരം കുറഞ്ഞ ഭക്ഷണമാണ് ഇവയ്ക്ക് നൽകുന്നത്. ഭക്ഷണത്തിൽ കൃത്രിമത്വം കാണിക്കുന്നതും പരിചരിക്കുന്നതിൽ വിട്ടുവീഴ്ച വരുത്തുന്നതും ഗുരുതരമായ കുറ്റകൃത്യമായിട്ടുകൂടി തങ്ങളെ ആരും ചോദ്യം ചെയ്യില്ലെന്ന നിലപാടിലാണ് അധികൃതർ.
23.82°C








