Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:44 am
  • 2nd May, 2024
  • Overcast Clouds
27.47°C27.47°C
  • Humidity: 89 %
  • Wind: 0.9 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാപമുക്തിക്കുള്ള ഏകമാര്‍ഗമായി തെറ്റിദ്ധരിപ്പിച്ച് ക്രൈസ്തവ സഭകള്‍ വിശ്വാസികള്‍ക്കു മേല്‍ അടിച്ചേല്പിക്കുന്ന കുമ്പസാരം, വൈദികര്‍ക്ക് പാപകര്‍മ്മങ്ങള്‍ക്കുള്ള നീചമാര്‍ഗമായിത്തീരുമ്പോള്‍ ഇത് വീണ്ടുവിചാരത്തിനുള്ള സമയമല്ലേ? കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വിശ്വാസിനികളെ ലൈംഗിക പീഡനങ്ങള്‍ക്കു വിധേയരാക്കുന്ന വൈദികരെക്കുറിച്ച് നിരന്തരം പുറത്തുവരുന്ന വാര്‍ത്തകള്‍ ക്രൈസ്തവ സഭയ്ക്കു തന്നെ നാണക്കേടാകുമ്പോഴും കുമ്പസാരത്തെ നിര്‍ബന്ധിത മതാനുഷ്ഠാനമായി കരുതുന്നത് എങ്ങനെയെന്നാണ് വിശ്വാസികളുടെ ചോദ്യം.

പഞ്ചേന്ദ്രിയങ്ങളാകുന്ന അറയുടെ വാതിലുകള്‍ അടച്ച്, നിന്റെ രഹസ്യത്തില്‍ കാണുന്ന പിതാവിനോട് തെറ്റുകള്‍ ഏറ്റുപറയുന്നതാണ് കര്‍ത്താവു പറഞ്ഞ കുമ്പസാരമെങ്കില്‍,അതില്‍ കുമ്പസാരക്കൂടും വിശ്വാസികളുടെ പാപകഥകള്‍ നേരിട്ടു കേള്‍ക്കാന്‍ വൈദികരുടെ ഇടപെടലും ഉണ്ടാക്കിയത് സഭയാണ്.പള്ളികളെ കച്ചവട കേന്ദ്രങ്ങളാക്കിയവര്‍ക്കു നേരെ ചാട്ടവാറോങ്ങിയ ക്രിസ്തു ഇന്നുണ്ടായിരുന്നെങ്കില്‍,അതേ ചാട്ടവാര്‍ കൊണ്ടു പ്രഹരിച്ച് പുറത്താക്കുന്നത് കുമ്പസാര രഹസ്യങ്ങളെ ദുരുപയോഗം ചെയ്യുന്ന ഈ താന്തോന്നി വൈദികരെയായിരിക്കില്ലേ?

വിശ്വാസിനിയായ യുവതിയുടെ കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി,അവരെ നിരന്തരം ലൈംഗിക പീഡനങ്ങള്‍ക്ക് ഉപയോഗിച്ച അഞ്ചു വൈദികരും യാതൊരു നടപടിക്കും വിധേയരാകാതെ ഇപ്പോഴും ഓർത്തഡോക്സ്‌ സഭയില്‍ത്തന്നെയുണ്ട്. ഭര്‍തൃമതിയായ യുവതിയെ കുമ്പസാരത്തിന്റെ പേരു പറഞ്ഞുതന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ കൈക്കലാക്കുകയും ചെയ്ത ശേഷം മരണത്തിലേക്ക്  വലിച്ചെറിയുകയും,അതിനെ ആത്മഹത്യയാക്കിത്തീര്‍ക്കുകയും ചെയ്ത ഓര്‍ത്തഡോക്സ് വൈദികന്‍ വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ട് ഇപ്പോഴും കുപ്പായമിട്ട് നടക്കുന്നു.

പത്തനംതിട്ടയില്‍,കുമ്പസാര രഹസ്യം വൈദികന്‍ ചോര്‍ത്തുമെന്ന ഭീഷണികളില്‍ പിടിച്ചുനില്‍ക്കാനാകാതെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിനു കാരണക്കാരനായ ബസൽ റമ്പാനെതിരെയും സഭ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. ഫാദര്‍ ജിനോ,വയനാട്ടിലെ ...ബാബു വർഗീസ് പൂക്കോട്ട്-വിശ്വാസിനികളുടെ കുമ്പസാര രഹസ്യങ്ങളെ കാമഭ്രാന്തു തീര്‍ക്കാന്‍ ദുരുപയോഗം ചെയ്ത വൈദികരുടെ നിര നീണ്ടതാണ്. മാപ്പര്‍ഹിക്കാത്ത പാപകര്‍മ്മങ്ങളുടെ കഥ തുടരുമ്പോള്‍... പാപ പങ്കിലരായ വയോധികർ ഇപ്പോഴും സഭയുടെ അധികാര സ്ഥാനങ്ങളിൽ തുടരുമ്പോൾ വിശ്വാസികളെ കുമ്പസാരത്തിനു നിര്‍ബന്ധിക്കാന്‍ സഭയ്ക്ക് എന്ത് അവകാശമുണ്ട്?

വൈദികര്‍ക്കു മുന്നിലെ കുമ്പസാരത്തിനെതിരെ വിശ്വാസി സമൂഹത്തില്‍ ചര്‍ച്ച നടക്കുകയും, കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കല്‍ കര്‍ശനമായി പാലിക്കാന്‍ ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതിനിടയിലാണ് ഓർത്തഡോക്സ്‌ സഭ തിരുവനന്തപുരം മെത്രാപ്പോലീത്ത കഴിഞ്ഞ ദിവസം ഒരു കല്പന പുറപ്പെടുവിച്ചത്.പള്ളിയിലേക്കു നല്‍കാനുള്ളതെല്ലാം അടച്ചുതീര്‍ത്ത് ആണ്ടുകുമ്പസാരവും നടത്തുന്നവര്‍ക്കു മാത്രമെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ എന്നാണ് കല്പന.കുമ്പസാരം നിര്‍ബന്ധമെന്നു ചുരുക്കം.

സാമൂഹിക അകലം പാലിച്ചുള്ള കുമ്പസാരം പ്രായോഗികമല്ല. വൈദികനോട് പരമാവധി മുഖം അടുപ്പിച്ചുപിടിച്ച്,ചെവിയിലാണ് കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്തുക.മഹാമാരിയുടെ വ്യാപനം പ്രതിദിനം വര്‍ദ്ധിച്ചുവരുന്ന കേരളത്തില്‍ ആരോഗ്യപരമായ ആശങ്ക പടരുമ്പോഴാണ് നിബന്ധനകളും നിയന്ത്രണങ്ങളും ലംഘിച്ച് കുമ്പസാരത്തിന്റെ  പേരില്‍ വിശ്വാസികളെ മെത്രാപ്പോലീത്ത നിര്‍ബന്ധിത കുമ്പസാരത്തിനു പ്രേരിപ്പിക്കുന്നതെന്നാണ് ആക്ഷേപം.ഓർക്കുക തിരുവനന്തപുരത്തു കോവിഡ് മൂലം മരിച്ചത് 2 കത്തനാർ മാരാണ്....വിശ്വാസികളല്ല.

വിശ്വാസികള്‍ രഹസ്യമായി വെളിപ്പെടുത്തുന്ന കുമ്പസാര രഹസ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി വൈദികര്‍ നടത്തുന്ന ലൈംഗിക ദുരുപയോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മതാനുഷ്ഠാനത്തിന്റെ മറവിലെ ചൂഷണവും മനുഷ്യാവകാശ ലംഘനവും തടയുന്നതിന്റെ ഭാഗമായി കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ സുപ്രീം കോടതിയെ സമീപിച്ചത് ഈയിടെയാണ്. ഇതുമായി ബന്ധപ്പെട്ട് സഭയ്ക്കും സംസ്ഥാന സര്‍ക്കാരിനും സുപ്രീം കോടതി നിലപാടറിയിക്കാൻ നോട്ടീസ് നൽകിയിരിക്കുകയാണ്.

ക്രൈസ്തവ സഭകളില്‍ യുവതികള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും നേരെ പുരോഹിതര്‍ തന്നെ നടത്തുന്ന ലൈംഗികപീഡനങ്ങള്‍ക്കും,സാമ്പത്തിക തട്ടിപ്പുകള്‍ക്കും വഴിയൊരുക്കുന്നതില്‍ പ്രധാന പങ്ക് കുമ്പസാരത്തിനുണ്ടെന്നാണ് ഇത്തരം കേസുകളുടെ ചരിത്രം പഠിപ്പിക്കുന്നത്.വിശ്വാസികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത് സഭയുടെ മാത്രമല്ല,സംസ്ഥാന സര്‍ക്കാരിന്റെയും പ്രാഥമിക ഉത്തരവാദിത്വമല്ലേ?

ഇനി പറയേണ്ടത് നിങ്ങളാണ്- കുമ്പസാരം നിരോധിക്കണോ?ഐ ടു ഐ ന്യൂസ് 'റിയാക്റ്റ് ഫോര്‍ റൈറ്റി'ലൂടെ തുറന്നു പ്രതികരിക്കുക.

Readers Comment

Add a Comment