Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ദിനാചരണങ്ങളോരോന്നും ആഘോഷങ്ങൾ മാത്രമായി പ്രചരിപ്പിക്കപ്പെടുകയും ഉത്സവം പോലെ ആഘോഷിക്കപ്പെടുകയും ചെയ്യുമ്പോൾ ബാക്കിയാകുന്നത് ചോദ്യങ്ങളും ഉത്കണ്ഠകളും മാത്രം. ഓർമ്മിപ്പിക്കുകയോ ചൂണ്ടിക്കാട്ടുകയോ ചെയ്താലും കണ്ണടയ്ക്കുകയും, മുന്നറിയിപ്പുകൾ നൽകിയാൽ സൗകര്യപൂർവം അവഗണിക്കുകയും ചെയ്യുന്ന അധികാരികൾക്ക് ഈ പരിസ്ഥിതി ദിനവും പ്രഹസനം മാത്രമായി കടന്നുപോകും. പക്ഷെ, യാഥാർത്ഥ്യങ്ങൾ കാഴ്ചയിൽ നിന്ന് മാഞ്ഞുപോകാതെ അവിടെത്തന്നെയുണ്ട്. നമ്മുടെ അശ്രദ്ധയുടെയും അലസതയുടെയും അപകടകരമായ അനന്തരഫലങ്ങൾ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ട് ആ സത്യങ്ങൾ ബാക്കിനില്പുണ്ട്...
ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. ഈ കൊവിഡ് കാലത്ത് വ്യക്തിശുചിത്വത്തെക്കുറിച്ച് സംസാരിക്കുന്നവർ പരിസര ശുചിത്വത്തെക്കുറിച്ച് മറന്നുപോകും. പരിസ്ഥിതിയെന്നത് നമ്മുടെ ജൈവപരിസരം തന്നെയാണ്. നമ്മൾ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ചുറ്റുപാടുകളാണ്. ആ പരിസ്ഥിതിയുടെ ഭാഗമാണ് ഞാനും നിങ്ങളും ഉൾപ്പെടെ ഓരോ മനുഷ്യനും. ആ പരിസ്ഥിതിയെ ബാധിക്കുന്നതെന്തും പ്രത്യക്ഷമായോ പരോക്ഷമായോ നമ്മളെ ബാധിച്ചുകൊണ്ടേയിരിക്കും.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിനു സമീപത്തും, ആശുപത്രിയോട് ചേർന്നുകിടക്കുന്ന ജനവാസ കേന്ദ്രങ്ങളോടു ചേർന്നും ഇതേ വാർഡിൽ നിന്നുള്ള അണുപ്രസരണ സാദ്ധ്യതയുള്ള മാലിന്യങ്ങൾ വലിയ പ്‌ളാസ്റ്റിക് ബാഗുകളിലാക്കി നിക്ഷേപിക്കുന്നതിന്റെ ഭീതിയുണർത്തുന്ന ദൃശ്യങ്ങളും വാർത്തയും ഐ ടു ഐ ന്യൂസ് പുറത്തുവിട്ടിട്ട് ആഴ്ചകളായി.
പരിസ്ഥിതിക്കു ഭീഷണിയാകുന്ന പ്‌ളാസ്റ്റിക് മാലിന്യത്തിനൊപ്പം, കൊറോണ വൈറസ് പടരാൻ വഴിയൊരുക്കുന്ന ആശുപത്രി മാലിന്യങ്ങളും ചേർന്ന് ഈ ചികിത്സാകേന്ദ്രത്തെ ആതുരാലയത്തിനു പകരം രോഗങ്ങളുടെ പ്രഭവകേന്ദ്രമാക്കുമെന്ന മുന്നറിയിപ്പിനു മുന്നിൽ ആശുപത്രി അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും ഒരുപോലെ കണ്ണടയ്ക്കുകയായിരുന്നു. ഈ പരിസ്ഥിതി ദിനത്തിലും, ആ മാലിന്യങ്ങൾ മെഡിക്കൽ കോളേജ് പരിസരത്ത് അതുപോലെ തന്നെയുണ്ട്.
ആരോഗ്യജാഗ്രതയുടെ ആവശ്യകത ആവർത്തിക്കുന്ന മന്ത്രി കെ.കെ. ശൈലജയോ, പരിസ്ഥിതിയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന മന്ത്രി കെ. രാജുവോ, പരിസ്ഥിതിയുടെ അർത്ഥം മനസ്സിലാകുമെങ്കിൽ മുഖ്യമന്ത്രി തന്നെയോ ഇതുവഴിയൊന്നു വരണം. ഈ അപകടം നേരിൽ കാണണം. കാൽക്കാശിനു വിലയില്ലാത്ത പ്രസ്താവനകളും പത്രക്കുറിപ്പുകളുമല്ല, ആർജ്ജവമുള്ള പ്രവൃത്തിയാണ് ഈ പരിസ്ഥിതി ദിനത്തിൽ വേണ്ടതെന്ന് ആദ്യം ഇവർ തിരിച്ചറിയണം.
പൊതുമേഖലയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ആധുനിക ചികിത്സാകേന്ദ്രമാണ് തിരുവനന്തപുരം ഗവ. മെഡി. കോളേജ്. ഓരോ ദിവസവും ആയിരക്കണക്കിന് പാവപ്പെട്ട രോഗികൾ ചികിത്സാ- ശസ്ത്രക്രിയകൾക്ക് ആശ്രയിക്കുന്ന സർക്കാർ ആശുപത്രി. സംസ്ഥാനത്ത് ഏറ്റവും അധികം കൊവിഡ് രോഗികൾ ചികിത്സയിലുള്ളതും ഇവിടെത്തന്നെ. കൊവിഡ് ബാധിതനായ വൈദികൻ ഫാ. കെ.ജി. വർഗീസ് കഴിഞ്ഞ ദിവസം മരണമടഞ്ഞത് ഇവിടെയാണ്. ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒരു മാസക്കാലം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വൈദികന് വൈറസ് ബാധയുണ്ടായത് ഇവിടെ നിന്നാണെന്ന കാര്യവും ഐ ടു ഐ ന്യൂസ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളോ ജാഗ്രതയോ ഇല്ലാത്ത മെഡിക്കൽ കോളേജിൽ കൊവിഡ് വാർഡിനു തൊട്ടരികെ, ഈ മാലിന്യശേഖരത്തിനു സമീപം പ്രവർത്തിക്കുന്ന സ്‌നാക്‌സ് കോർണറിന്റെയും, അണുബാധയ്ക്കുള്ള സാദ്ധ്യതയോർക്കാതെ ഇവിടെ നിന്ന് രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണം കഴിക്കുന്നതിന്റെയും ദൃശ്യങ്ങളും കഴിഞ്ഞ ദിവസം ഞങ്ങൾ സംപ്രേഷണം ചെയ്തു.
സുരക്ഷാ ജീവനക്കാരനില്ലാത്ത സമയങ്ങളിൽ കൊവിഡ് വാർഡിലേക്ക് ആളുകൾ നിർബാധം കയറിയിറങ്ങുന്നതിന്റെ ആശങ്കയുണർത്തുന്ന ചിത്രങ്ങളും ഞങ്ങൾ പുറത്തുവിട്ടു. ഇനിയും തുറക്കാത്ത കണ്ണുകൾ ഇനി തുറക്കാൻ തലസ്ഥാന നഗരം പൂർണമായും കൊവിഡ് എന്ന മഹാവ്യാധിയുടെ പിടിയിലാകുന്നതിന്റെ കണക്കുകൾ പുറത്തു വരണമെന്നാണെങ്കിൽ, ഈ ധാർഷ്ട്യവും ധിക്കാരവും തുടർന്നാൽ ആ കണക്കുകൾക്ക് അധികമൊന്നും കാത്തിരിക്കേണ്ടിവരില്ല!
പരിസ്ഥിതി ദിന സന്ദേശത്തിനു പകരം, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിലും ആരോഗ്യജാഗ്രത പുലർത്തുന്നതിലും സംസ്ഥാന സർക്കാരിന്റെ മനോഭാവം വ്യക്തമാക്കുന്ന ഈ ദൃശ്യങ്ങൾ ഞങ്ങൾ ഒരിക്കൽക്കൂടി സംപ്രേഷണം ചെയ്യുകയാണ്. കാരണം, ഈ പാഠം നമ്മൾ പഠിക്കാതെ പോകരുത്. സമൂഹത്തിലേക്ക് തുറന്നിരിക്കേണ്ട കരുതലിന്റെ കണ്ണുകൾ തുറക്കാതെ പോകരുത്. മുന്നറിയിപ്പുകൾ ഇനിയെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോകരുത്.
CLICK THE LINK BELOW FOR MORE INFO;
23.71°C








