Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:20 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൊതുവെ, നമ്മള്‍ മലയാളികള്‍ക്ക് ഇച്ചിരി വെപ്രാളം കൂടുതലാണ്. പത്തു പേര്‍ മാത്രമുള്ള ക്യൂവില്‍ തിക്കിത്തിരക്കുന്നതും, എല്ലാവര്‍ക്കും സീറ്റുള്ള പരിപാടിക്ക് ഉന്തിത്തള്ളി കയറുന്നതും, ഭക്ഷണത്തിന് അവസരമുള്ള ആഘോഷങ്ങളില്‍ തിരക്കുകൂട്ടി അലമ്പുണ്ടാക്കുന്നതും ഹരമായികൊണ്ടുനടക്കുന്ന മലയാളികള്‍ സമാധാനവാദികളായും മര്യാദരാമന്മാരുമായി നില്‍ക്കുന്ന ഒറ്റയിടമേ ലോകത്തുള്ളൂ- അത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു മുന്നിലെ ക്യൂവിലാണ്! എത്ര നീളമുള്ള ക്യൂ ആയാലും ആക്ഷേപമില്ല, എത്ര നേരം വൈകിയാലും പരാതിയില്ല, ബോറടിയില്ല...

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് രാജ്യമെങ്ങും ജനതാ കര്‍ഫ്യൂ നടപ്പാക്കിയപ്പോള്‍ മദ്യപന്മാരായ ചേട്ടന്മാരുടെ ഇന്നലത്തെ സങ്കടം എങ്ങനെയും ഒരു കുപ്പി ഒപ്പിച്ചുകിട്ടുന്നതായിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ ബിവറേജ്‌സ് ഔട്ട്‌ലെറ്റുകള്‍ക്കും മുന്നിലും ഇന്നലെ കുടിയന്മാരുടെ ഉത്രാടപ്പാച്ചില്‍ ആയിരുന്നത്രെ. പക്ഷേ, വൈറസിനെ പമ്പകടത്താനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി ഓഒരോരുത്തരും തമ്മില്‍ ക്യൂവില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. തുമ്മിയാലോ ചുമച്ചാലോ നേരെ മുന്നില്‍ നില്‍ക്കുന്ന മാന്യ ഉപഭോക്താവിന്റെ ശരീരത്തിലേക്ക് ഉമിനീര്‍ തെറിക്കരുത്. പരസ്പരം സ്പര്‍ശിക്കരുത്. അടുത്ത് ഇടപഴകരുത്....

എന്തു നിബന്ധനയും അനുസരിക്കുന്ന മദ്യപന്മാര്‍ക്ക് ഇന്നലെ പുതുമയായത് ബിവറേജസിലെ മറ്റൊരു പുതിയ സംവിധാനമാണ്- ഹാന്‍ഡ് വാഷ്! കുടിക്കാനും വാളുവയ്ക്കാനുമല്ലാതെ കൈ കഴുകാന്‍ തീരെ താത്പര്യം കുറഞ്ഞവര്‍ക്കായിരുന്നു ആദ്യം ചെറിയൊരു ബുദ്ധിമുട്ട്. ദാഹിച്ചാല്‍ തൊണ്ട നനയ്ക്കുക എന്നല്ലാതെ, കൈ നനയ്ക്കുക എന്നൊരു ഏര്‍പ്പാട് കുടിയന്മാരുടെ നിഘണ്ടുവില്‍ ഇതുവരെ ഇല്ലേയില്ല!ഇന്നലെ ബിവറേജില്‍ ക്യൂ നില്‍ക്കാന്‍ ചെന്നവരെ വരവേറ്റത് ഒന്നാന്തരം ഹാന്‍ഡ് വാഷും സാനിറ്റൈസറും. കുപ്പി കൈ കൊണ്ടു തൊടും മുമ്പ് കൈ കഴുകണം. മടങ്ങിപ്പോകും മുമ്പ് അണുനാശിനി കൊണ്ട് കൈ തുടയ്ക്കണം!

കുടിച്ച് കരള്‍ വാട്ടാന്‍ ഇത്രയൊക്കെ ആഡംബരം വേണോ എന്നാണ് പലരുടെയും സംശയം. കുളിച്ചിട്ടേ കുറി തൊടാവൂ എന്നു പറയുന്നതു പോലെ, കൈ കഴുകിയിട്ടേ കുപ്പി തൊടവൂ എന്നു കേള്‍ക്കുന്നത് ആദ്യമായാണ്. ഔട്ട്‌ലെറ്റില്‍ ക്യൂ നിയന്ത്രിക്കാന്‍ നില്‍ക്കുന്ന സെക്യൂരിറ്റി അണ്ണന്‍ മാസ്‌കുമണിഞ്ഞ് അറ്റന്‍ഷനായി ആണ് നില്പ്. ഒരുപാട് നിയന്ത്രണങ്ങള്‍ വരുന്ന കൂട്ടത്തില്‍ ഈ മാസ്‌ക് കൂടി ഫുള്‍ടൈം നിര്‍ബന്ധമാക്കുമോ എന്നാണ് ഇപ്പോള്‍ കുടിയന്മാരുടെ പേടി. വായ് പൊതിഞ്ഞുകെട്ടിയാല്‍പ്പിന്നെ കഞ്ഞികുടി മാത്രമല്ല, ഈ കുടിയും മുട്ടിപ്പോകില്ലേ!

Readers Comment

Add a Comment