Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:53 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് (63) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച നടുക്കത്തിലാണ് രാജ്യം. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരടക്കം 13 പേരാണ് അപകടത്തിൽ മരിച്ചത്. ഊട്ടിക്കു സമീപം കുനൂരിൽ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. 2020 ജനുവരി ഒന്നിനാണ് റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റത്. അകാലത്തിൽ വിടപറഞ്ഞത് ഇന്ത്യയുടെ ജ്വലിക്കുന്ന സേനാവീര്യത്തിന്റെ ഉദാത്ത മാതൃകയാണ്.

ഉത്തരാഖണ്ഡിലെ പൗരിയിൽ 1958 മാർച്ച് 16നാണ് ബിപിൻ റാവത്ത് ജനിച്ചത്. സൈനിക പാരമ്പര്യമുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്. പിതാവ് ലക്ഷ്മൺ സിങ് റാവത്ത് കരസേനയിലെ ലഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്റ് എഡ്വേഡ് സ്കൂളിലുമായി ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് നാഷനൽ‌ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലുമായി തുടർ വിദ്യാഭ്യാസം. കുനൂരിലെ വെല്ലിങ്ടണിലുള്ള ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽനിന്നു ബിരുദം നേടിയിട്ടുണ്ട്.

യുഎസിലെ കൻസാസിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി കമാൻഡ് ആൻഡ് ജനറൽ സ്റ്റാഫ് കോളജിൽ പരിശീലനം നേടിയിട്ടുണ്ട്. ഡിഫൻസ് സ്റ്റഡീസിൽ എംഫിലും മാനേജ്മെന്റിലും കംപ്യൂട്ടർ സ്റ്റഡീസിലും ഡിപ്ലോമയുമുണ്ട്. മിലിട്ടറി – മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിൽ ‍ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 1978ൽ 11 ഗൂർഖാ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിതാവും അതേ യൂണിറ്റിലായിരുന്നു. ഉയർന്ന പ്രദേശങ്ങളിലെ യുദ്ധമുറകളിൽ പ്രാഗത്ഭ്യം നേടിയിട്ടുള്ള അദ്ദേഹം യുഎൻ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയിൽ സവനമനുഷ്ഠിച്ചിട്ടുണ്ട്.

മ്യാൻമറിലെ ആക്രണങ്ങളുടെയും നിയന്ത്രണ രേഖയ്‌ക്കിപ്പുറമുള്ള മിന്നലാക്രമണങ്ങളുടെയും മേൽനോട്ടം വഹിച്ചിരുന്ന ഏറ്റവും മുതിർന്ന സായുധ സേനാ ഉദ്യോഗസ്ഥനായിരുന്നു ബിപിൻ റാവത്ത്. മിന്നലാക്രമണത്തിന്റെ ആസൂത്രകരില്‍ പ്രമുഖനായിരുന്ന റാവത്ത്, സുപ്രധാന കമാന്‍ഡുകളുടെ നായകനായും തിളങ്ങി. എതിരാളിയുടെ വീര്യം തകർത്തെറിയുന്നതും രാജ്യത്തെ ഓരോ പൗരനും ആത്മ‌വിശ്വാസം നല്‍കുന്നതുമായി വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. ആര് വന്നാലും ഇന്ത്യ നേരിടാൻ സജ്ജമാണെന്ന വാക്കുകൾ പലപ്പോഴും എതിരാളികളെ വിറപ്പിച്ചു.

നിലപാടുകളില്‍ കണിശക്കാരനും ആധുനിക യുദ്ധമുറകള്‍ രൂപപ്പെടുത്തുന്നതില്‍ അഗ്രഗണ്യനുമായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് സേനകളെ എങ്ങനെ സജ്ജമാക്കണമെന്ന് കൃത്യമായ ദിശാബോധമുള്ള മേധാവിയായിരുന്നു ബിപിന്‍ റാവത്ത്. രാജ്യത്തെ പ്രതിരോധസേനകളുടെ പ്രവര്‍ത്തനരീതിയില്‍ ചരിത്രപരമായ മാറ്റത്തിനു വഴിയൊരുക്കുന്ന തിയറ്റര്‍ കമാന്‍‍ഡ് രൂപവല്‍ക്കരണമെന്ന നിര്‍ദേശം ബിപിന്‍ റാവത്തിന്‍റേതായിരുന്നു.

കര, നാവിക, വ്യോമസേനകള്‍ സ്വന്തം കമാന്‍ഡുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന രീതിക്കുപകരം മൂന്നു സേനകളിലെയും ആയുധ, ആള്‍ ബലങ്ങള്‍ ഏകോപിപ്പിച്ചുള്ള സംയുക്ത കമാന്‍ഡ് ആണ് തിയറ്റര്‍ കമാന്‍ഡ്. യുഎസിന്‍റെയും ചൈനയുടെയും സേനകള്‍ തിയറ്റര്‍ കമാന്‍ഡായാണ് പ്രവര്‍ത്തിക്കുന്നത്. സേനകളുടെ ആധുനികവല്‍ക്കരണത്തിനൊപ്പം ആധുനിക യുദ്ധമുറകള്‍ രൂപപ്പെടുത്തുന്നതിനും ബിപിന്‍ റാവത്തിന് വ്യക്തമായ പദ്ധതികളുണ്ടായിരുന്നു.

ആർമി വൈഫ്സ് വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു മധുലിക. സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും ആശ്രിതരുടെയും ക്ഷേമത്തിനായായിരുന്നു മധുലികയുടെ പ്രവർത്തനം. ഇന്ത്യയിലെ ഏറ്റവും വലിയ എൻജിഒകളിൽ ഒന്നാണ് ഇത്. സൈനിക വിധവകളെയും ഭിന്നശേഷിയുള്ള കുട്ടികളെയും സഹായിക്കുന്ന നിരവധി ക്ഷേമ പരിപാടികളുടെയും ക്യാംപെയ്‌നുകളുടെയും ഭാഗമായി മധുലിക റാവത്ത് പ്രവർത്തിച്ചിരുന്നു.
പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിനുപേരുടെ കരുത്തായിരുന്നു അവർ. ഡൽഹി സർവകലാശാലയിൽനിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടിയ മധുലിക, ക്യാൻസർ ബാധിതരുടെ ക്ഷേമത്തിനായും പ്രവർത്തിച്ചിരുന്നു.

Readers Comment

Add a Comment