Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:30 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിയിൽ രണ്ടു വയസുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ പ്രതി ജോൺ ബിനോയി ഡിക്രൂസിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുളള തർക്കത്തിന് പിന്നാലെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ്  കൊലപാതകം നടത്തിയതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. അർധരാത്രി മുത്തശി പുറത്തുപോയ സമയം ആസൂത്രിതമായി കൊലപാതകം നടത്തിയതാണോയെന്ന കാര്യമാണ് പരിശോധിക്കുന്നത്. നോറ എന്ന രണ്ടരവയസ്സുകാരിയോടൊപ്പം ഉണ്ടായിരുന്ന മുത്തശ്ശിയേയും പോലീസ് ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മൂമ്മ സിപ്‌സി ഒരു അടിമയെപ്പോലെ തന്നെ ഉപയോഗിക്കുന്നതിന്റെ വൈരാഗ്യമാണ് പ്രതി ജോൺ ബിനോയി കുട്ടിയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രാഥമിക മൊഴികളിൽ നിന്നും ലഭിക്കുന്ന സൂചന. കൊല്ലപ്പെട്ട നോറമരിയയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്‌സിയും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ഒട്ടേറെ മോഷണ, ലഹരി മരുന്നു കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് സൂചിപ്പിച്ചു. സിപ്‌സിക്കു വഴിവിട്ട ബന്ധങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇവർ ഹോട്ടലുകളിൽ പലർക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. ലഹരി മരുന്ന് ഇടപാടുകൾക്ക് മറയായും സിപ്‌സി കുട്ടികളെ ഉപയോഗിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. കാണുന്നവർക്ക് സംശയം തോന്നാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഇവരുടെ നടപടികളെ എതിർത്തിരുന്ന കുട്ടികളുടെ മാതാവ് ഡിക്‌സി, ഗത്യന്തരമില്ലാതെ ഭർത്താവുമൊത്തുള്ള ജീവിതം മതിയാക്കി സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു. കുട്ടികളെ ഡിക്‌സിക്കു വിട്ടു കൊടുത്തിരുന്നില്ല. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ചു താൻ ശിശുക്ഷേമസമിതിക്കു പരാതി നൽകിയിട്ടും വേണ്ട ഗൗരവത്തിൽ അന്വേഷിച്ചില്ലെന്നും ഡിക്‌സി പറയുന്നു. കുട്ടിയുടെ മരണവാർത്ത അറിഞ്ഞ് അമ്മ ഡിക്‌സി വിദേശത്തു നിന്നും എത്തിയിരുന്നു. സജീവിന്റെ അമ്മ സിപ്‌സിക്കും പ്രതിയായ ബിനോയിക്കും ഒപ്പം ഹോട്ടലിലുണ്ടായിരുന്ന നാല് വയസുകാരൻ മകനെ ഡിക്‌സിക്കും കുടുംബത്തിനും ഒപ്പം വിട്ടയച്ചതായി ശിശുക്ഷേമസമിതി അറിയിച്ചു.

കുട്ടി ഛർദിച്ചെന്ന് പറഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മുറിയെടുക്കുന്ന സമയത്ത് ഇരുവരുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Readers Comment

Add a Comment