Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:17 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ ഇര പൊന്നാമറ്റത്ത് ടോം തോമസിന്റെ ഭാര്യ അന്നമ്മ മരിച്ചത് 2002 സെപ്തംബര്‍ 22 നാണ്. മൂന്നാമത്തെ ഇരയായി അന്നമ്മയുടെയും ടോമിന്റെയും മകന്‍ റോയി കൊല്ലപ്പെടുന്നത് 2011 ഒക്ടോബറില്‍. രണ്ടു മരണങ്ങളും തമ്മിലുള്ളത് ഒന്‍പതു വര്‍ഷത്തെ അകലം. റോയിയുടെ ഭാര്യയായിരുന്ന ജോളിയാണ് ആദ്യ കൊലപാതകം മുതല്‍ മറ്റെല്ലാറ്റിനും പിന്നിലെന്നാണ് കരുതപ്പെടുന്നത്. എല്ലാം കൊലകളും നടത്തിയത് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയും!

ഈ സയനൈഡിന്റെ സഞ്ചാരവഴിയാണ് കൂടത്തായി കൊലക്കേസില്‍ പൊലീസിനെ വട്ടംകറക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. സ്വര്‍ണപ്പണിക്കാര്‍ ആഭരണത്തിന് തിളക്കം കൂട്ടാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥമാണ് സയനൈഡ്. ഈ കേസില്‍ ആ സ്വര്‍ണപ്പണിക്കാരന്‍ ജോളിക്കൊപ്പം അറസ്റ്റിലായ പ്രജുകുമാര്‍ ആണ്. പ്രജുകുമാറില്‍ നിന്ന് സയനൈഡ് ജോളിയുടെ കൈവശമെത്തിയത് ജോളിയുടെ സുഹൃത്തും ജൂവലറി ഉടമയുമായ മാത്യു വഴിയും.

പക്ഷേ, മാത്യുവിന്റെ മൊഴിയില്‍ ഒരു പൊരുത്തക്കേടുണ്ട്- റോയിയുടെ മരണത്തിനു കുറച്ചു മുമ്പാണ് താന്‍ ജോളിക്ക് സയനൈഡ് നല്‍കിയതെന്നാണ് മാത്യുവിന്റെ വെളിപ്പെടുത്തല്‍. അതു ശരിയെങ്കില്‍, റോയി മരിക്കുന്നതിന് ഒന്‍പതു വര്‍ഷം മുമ്പ് മരിച്ച അന്നമ്മയെ കൊലപ്പെടുത്താന്‍ ജോളിക്ക് സയനൈഡ് കിട്ടിയത് എവിടെ നിന്ന്? ഭര്‍ത്താവു വഴിയാണ് ജോളി, മാത്യുവിനെയും മാത്യു വഴി പ്രജുകുമാറിനെയും പരിചയപ്പെടുന്നത്. മാത്യു അറിയാതെ ജോളി നേരിട്ട് പ്രജുകുമാറില്‍ നിന്ന് സയനൈഡ് കൈവശപ്പെടുത്തിയിരിക്കാം.

ജോളിക്ക് സയനൈഡ് നല്‍കണമെന്ന് അക്കാലത്ത് താമരശേരി ഡെപ്യൂട്ടി തഹസീല്‍ദാര്‍ ആയിരുന്ന ജയശ്രീ വാര്യര്‍ തന്നോട് നിര്‍ദ്ദേശിച്ചതായി മാത്യു ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലില്‍ പറഞ്ഞിട്ടുണ്ട്. ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനായിരുന്നത്രേ അത്. പക്ഷേ അതിനു ശേഷം കൊല്ലപ്പെട്ടത് റോയി ആയിരുന്നു. സ്വാഭാവികമായും മാത്യുവിന് ജോളിയെ സംശയിക്കാം. താന്‍ ഒരു തവണ മാത്രമേ ജോളിക്ക് സയനൈഡ് നല്‍കിയിട്ടുള്ളൂ എന്ന് മാത്യു പറയുന്നത് സത്യമെങ്കില്‍ പ്രജുകുമാറില്‍ നിന്നോ ഇതുവരെ വെളിച്ചത്തു വരാത്ത മറ്റൊരു കഥാപാത്രത്തില്‍ നിന്നോ ജോളി വിഷം വാങ്ങിയിരിക്കാം.

ആറ് കൊലപാതകങ്ങളില്‍ റോയിയുടെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടുള്ളത്. ആ പോസ്റ്റ്‌മോര്‍ട്ടത്തിനു ശാഠ്യം പിടിച്ചത് ആദ്യം കൊല്ലപ്പെട്ട അന്നമ്മയുടെ സഹോദരന്‍ മാത്യുവായിരുന്നു. ഈ മാത്യുവാണ് പരമ്പരയിലെ നാലാമത്തെ ഇര! റോയിയുടെ മരണം അന്വേഷിച്ച അന്നത്തെ എസ്.ഐ രാമനുണ്ണി കണ്ടെത്തിയത് റോയിയുടേത് ആത്മഹത്യയാണെന്നാണ്. ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടുതാനും. എന്നിട്ടും ആര്‍ക്കും ഒരു സംശയവും തോന്നിയില്ല.

റോയിയുടെ മരണത്തിനു ശേഷമാണ് താന്‍ ഷാജുവുമായി അടുത്തതെന്നാണ് ജോളിയുടെ മൊഴി. അതിനു ശേഷം, ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍, ഷാജുവിന്റെ ഭാര്യ സിലി എന്നിവരെ കൊലപ്പെടുത്തി ജോളി, ഷാജുവിലേക്കുള്ള വഴി തെളിക്കുകയും ചെയ്തു. സ്വന്തം ഭാര്യയുടെയും മകളുടെയും കൊലപാതകത്തിനു പിന്നില്‍ ജോളി ആയിരുന്നുവെന്ന് തനിക്ക് അറിയാമായിരുന്നു എന്ന് ഷാജു തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പക്ഷേ, രഹസ്യമായി സൂക്ഷിച്ചത് തന്നെയും ജോളി കൊലപ്പെടുത്തുമെന്ന് ഭയന്നിട്ടാണെന്നും!

റോയി കൊല്ലപ്പെട്ടതിനു ശേഷം ഇരകളാക്കപ്പെട്ടവരാണ് അന്നമ്മയുടെ സഹോദരന്‍ മാത്യു, ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവര്‍. ഈ മൂന്നു മരണങ്ങളുടെയും വിശദാംശങ്ങള്‍ ഷാജുവിന് അറിയാം. എന്നിട്ടും, കേസില്‍ ഷാജുവിനെ പൊലീസ് അറസ്റ്റ് ചെയ്യാതെ വിട്ടിരിക്കുന്നത് നിരീക്ഷണത്തിനായിരിക്കാം. ജോളി കഴിഞ്ഞാല്‍, ഈ കേസില്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുന്നത് ഷാജു തന്നെയാണ്.

എന്‍.ഐ.ടി അധ്യാപികയെന്നു പറഞ്ഞ് ജോളി പതിവായി പോയിരുന്നത് എങ്ങോട്ടെന്നോ, പതിവായി ദീര്‍ഘനേരം മൊബൈലില്‍ സംസാരിച്ചിരുന്നത് ആരോടെന്നോ, ജോളിയുടെ രാഷ്ട്രീയബന്ധങ്ങള്‍ എങ്ങനെ വന്നുവെന്നോ, ഭാര്യയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ തനിക്ക് ഒന്നുമറിയില്ലെന്നു ഷാജു പറയുന്നത് വെറുതെ പോലും വിശ്വസിക്കാനാകുന്ന കാര്യങ്ങളല്ല. റോയി, സിലി, ആല്‍ഫൈന്‍ എന്നിവരുടെ മരണങ്ങള്‍ക്കെങ്കിലും ജോളിക്കൊപ്പം ചേര്‍ന്ന് തിരക്കഥയൊരുക്കിയത് ഷാജു തന്നെയാകാം എന്നാണ് പൊലീസിന്റെ നിഗമനം.

Readers Comment

Add a Comment