Forecast Weather using OpenWeatherMap with PHP

Kerala

  • Monday 3:26 am
  • 10th August, 2026
  • Overcast Clouds
22.61°C22.61°C
  • Humidity: 97 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വഴിയരികില്‍ ശരീരമാസകലം രക്തമൊലിച്ച്, മരണാസന്നനായി കിടക്കുന്ന ഒരാളെ ആദ്യം എന്തു ചെയ്യണം? സംസ്ഥാന പൊലീസ് മേധാവി തന്നെ അക്കാര്യം പൊതുജനങ്ങളോടു പറഞ്ഞിട്ടുണ്ട്. സര്‍ക്കാരും കോടതിയും പറഞ്ഞിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ ആദ്യം ഏറ്റവുമടുത്തുള്ളആശുപത്രിയിലെത്തിച്ച് അയാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുക. അങ്ങനെ അപരിചിതരെ എത്തിക്കുന്നവരോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും, രേഖകളില്‍ ഒപ്പിടുവിക്കരുതെന്നും ഡോക്ടര്‍മാരോടു പറഞ്ഞിട്ടുണ്ട്. പരിക്കേറ്റയാളെ കൊണ്ടുചെല്ലുന്നവരുടെ മേല്‍വിലാസവും ഫോണ്‍നമ്പറും വാങ്ങിവച്ച് അവരെ പേടിപ്പിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതൊന്നുമില്ലെങ്കിലും, അല്പമെങ്കിലും മനുഷ്യപ്പറ്റുള്ള ആരും അങ്ങനെയൊരാളെ വഴിയോരത്തു കണ്ടാല്‍ ആദ്യം കിട്ടുന്ന വണ്ടിയില്‍ കയറ്റി ആശുപത്രിയിലെത്തിക്കും. പക്ഷേ, പൊതുജനങ്ങള്‍ക്കു മാതൃകയാകേണ്ട പൊലീസ്, നടുറോഡില്‍ ആത്മഹത്യ ചെയ്യാന്‍ കഴുത്തും കൈത്തണ്ടയും മുറിച്ച് ശരീരമാകെ രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവാവിനെ ചോദ്യം ചെയ്യുന്നതു കാണണം. കരുണയുടെ ഒരു കടുകുമണിയോളം ബാക്കിയുള്ളവരാരെങ്കിലും ഈ ക്രൂരത കാണിക്കുമോ എന്ന് ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങള്‍ പറയണം. കഴിഞ്ഞ ദിവസം കൊല്ലത്തെ സ്വകാര്യ ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ച ചവറ പന്മന സ്വദേശി ഖയിസ് റഷീദാണ് ഇത്. കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ഖയിസിന്റെ ആദ്യശ്രമം. അങ്ങനെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ചവറയില്‍ റോഡരികില്‍ വച്ച് ഖയിസ് കഴുത്തും കൈത്തണ്ടയും മുറിച്ചത്. ചോര ചീറ്റിയൊഴുകി വസ്ത്രങ്ങള്‍ മുഴുവന്‍ നനഞ്ഞു. ഖയിസ് അവശനിലയാലിയായി. നാട്ടുകാര്‍ കൂടി. പൊലീസും ആംബുലന്‍സുമെത്തി. അപ്പോഴാണ്, ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് ചവറ സ്‌റ്റേഷനിലെ പോലീസ് ഏമാന്റെ ചോദ്യം ചെയ്യല്‍. വിസ്തരിച്ചുള്ള മൊഴിയെടുപ്പിനിടെ ഖയിസ് അവശനായി ഞരങ്ങുന്നുണ്ട്. വണ്ടിയില്‍ കയറ്റാന്‍ നാട്ടുകാരിലാരോ പറയുന്നുണ്ട്. എന്നിട്ടും ഏമാന് മൊഴിയെടുത്ത് മതിയായില്ല. ഒടുവില്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലുമെത്തിച്ച ഖയിസ് കടുത്ത മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം മുറിയിലേക്കു മാറ്റിയ ഖയിസ്, ശനിയാഴ്ച ഉച്ചയോടെ മുറിയിലുണ്ടായിരുന്ന നഴ്‌സിനെ തള്ളിമാറ്റി നാലാംനിലയിലെ ജനാലയിലൂടെ മരണത്തിലേക്കു ചാടി.  മകനെ ഡോക്ടറാക്കാന്‍ നോമ്പുനോറ്റ അച്ഛനമ്മമാര്‍ ചെലുത്തിയ സമ്മര്‍ദ്ദം ഖയിസിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ ഖയിസിനെ അവര്‍ പാലായിലെ പരിശീലന കേന്ദ്രത്തിലയച്ച് പഠിപ്പിച്ച് വീണ്ടും പരീക്ഷയെഴുതിച്ചു. മെഡിസിന്‍ പഠനത്തില്‍ താത്പര്യമില്ലാതിരുന്ന ഖയിസിന് എന്നിട്ടും മികച്ച സ്‌കോര്‍ കിട്ടിയില്ല. അച്ഛനമ്മമാരോടുള്ള അവന്റെ പ്രതികാരമായിരുന്നു ആത്മഹത്യ. അതെല്ലാം ശരി. പക്ഷേ, പെട്ടെന്നുള്ള വൈകാരികക്ഷോഭത്തില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച് മരണത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരനോട് കാണിക്കേണ്ട ഏറ്റവും കുറഞ്ഞ മര്യാദ എന്താണ്? ഖയിസിനെ ചോദ്യം ചെയ്യുന്ന പൊലീസുകാരാ, താങ്കള്‍ക്കും ഒരു മകനോ മകളോ ഇല്ലേ? അവര്‍ക്ക് ഒരിക്കലും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ. എങ്കിലും, അവരായിരുന്നു ഇതുപോലെ കണ്‍മുന്നിലെങ്കില്‍ നിങ്ങളിതു ചെയ്യുമോ?

Readers Comment

Add a Comment