Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എസ്.എന്‍.ഡി.പി യോഗം മൈക്രോ ഫിനാന്‍സ് വായ്പാ തട്ടിപ്പു കേസില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ 90 ദിവസത്തിനകം അഴിയെണ്ണിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന സുഭാഷ് വാസുവിന് ആ പ്രഖ്യാപനം അറംപറ്റിയേക്കും. കേസില്‍ കര്‍ശന ഉപാധികളോടെ ഹൈക്കോടതി അനുവദിച്ചിരുന്ന ജാമ്യത്തിലെ വ്യവസ്ഥകള്‍ സുഭാഷ് വാസു തുടര്‍ച്ചയായി ലംഘിച്ചതിന് തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അറസ്റ്റിന് തയ്യാറെടുക്കുകയാണ് പോലീസ്.
ജില്ലാതിര്‍ത്തി വിട്ട് പുറത്തു പോകരുത് എന്നത് ഉള്‍പ്പെടെയുള്ള ജാമ്യവ്യവസ്ഥകളാണ് സുഭാഷ് വാസു നിരന്തരം ലംഘിച്ചത്. സോപാധിക ജാമ്യം നേടിയതിനു ശേഷം സുഭാഷ് വാസു സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി തവണ കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ പോയിരുന്നതായും യോഗങ്ങളില്‍ പങ്കെടുത്തതായും പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസ് ഘടകങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ ഈ യാത്രകളുടെയും ചടങ്ങുകളുടെയും ചിത്രങ്ങള്‍ സുഭാഷ് വാസു തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
കര്‍ണാടകത്തിലും മറ്റും താന്‍ പങ്കെടുത്ത ചടങ്ങുകളില്‍ സംബന്ധിച്ചവരുടെയും, പാര്‍ട്ടി ഘടകത്തിന്റെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവരുടെയും പേരുവിവരങ്ങളും സുഭാഷ് വാസു ഫേസ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ കര്‍ണാടക സന്ദര്‍ശനവും അവിടത്തെ ബി.ഡി.ജെ.എസ് ഘടകത്തിന്റെ രൂപീകരണവും. ജില്ലാതിര്‍ത്തി വിട്ടുപോകാന്‍ അനുമതിയില്ലാത്ത സുഭാഷ് വാസു സംസ്ഥാനത്ത് വിവിധ ജില്ലകളിലും അയല്‍ സംസ്ഥാനങ്ങളിലും നടത്തിയ യാത്രകളുടെ പൂര്‍ണ വിവരങ്ങളും തെളിവുകളും പോലീസ് ശേഖരിച്ചു വരികയാണ്.
ഇതിനിടെ കോയമ്പത്തൂരില്‍ പല തവണ സന്ദര്‍ശനം നടത്തിയ സുഭാഷ് വാസു, തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടും എത്തിയിരുന്നു. സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരും അനുയായികളും പോലും ഒപ്പമില്ലാത്ത സുഭാഷ് വാസു കര്‍ണാടകത്തില്‍ പോയി പാര്‍ട്ടി ഘടകം രൂപീകരിച്ചതിനു പിന്നിലെ രഹസ്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
മൈക്രോ ഫിനാന്‍സ് കേസ്, യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ ആത്മഹത്യ എന്നിവയുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ സുഭാഷ് വാസു, സമുദായാംഗങ്ങളില്‍ രൂപപ്പെട്ട വെള്ളാപ്പള്ളി വിരുദ്ധവികാരത്തെ തനിക്ക് അനുകൂലമായ തരംഗമാക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് നടത്തിയത്. ഏഷ്യാനെറ്റ് ചാനലില്‍ ജോലി ചെയ്തുവെന്നു പറയപ്പെടുന്ന കായംകുളം സ്വദേശിയായ അനുയായി വഴി തന്റെ പ്രസ്താവനകള്‍ക്കും വാര്‍ത്താസമ്മേളനങ്ങള്‍ക്കും കൂടുതല്‍ ഇടം കണ്ടെത്തുകയായിരുന്നു സുഭാഷ് വാസുവെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ത്തന്നെ സംസാരമുണ്ട്.
മാദ്ധ്യമശ്രദ്ധ ആകര്‍ഷിക്കുന്ന വെള്ളാപ്പള്ളിവിരുദ്ധ ആരോപണങ്ങള്‍ തനിക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുകയും, ഇല്ലാത്ത അനുയായിവൃന്ദമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് ബി.ജെ.പിയെ സ്വാധീനിക്കാന്‍ നീക്കം നടത്തുകയും ചെയ്ത രാഷ്ട്രീയതന്ത്രമാണ് ഓര്‍ക്കാപ്പുറത്ത് പാളിപ്പോയത്. സ്വയം ഊതിപ്പെരുപ്പിച്ച്, സമുദായ സംഘടനാ പരിഷ്‌കരണ നേതാവിന്റെ പ്രതിച്ഛായ സൃഷ്ടിക്കാന്‍ നടത്തിയ നീക്കം തിരിച്ചടിച്ചതോടെ പിടിച്ചുനില്‍ക്കാന്‍ കച്ചിത്തുരുമ്പില്ലാത്ത ദയനീയതയിലേക്ക് സുഭാഷ് വാസു പതിക്കുകയും ചെയ്തു.
ദേശീയ ജനാധിപത്യ സഖ്യത്തില്‍ ഉള്‍പ്പെട്ട ബി.ഡി.ജെ.എസിന്റെ അക്കൗണ്ടില്‍ അനുവദിച്ചുകിട്ടിയ സ്‌പൈസസ് ബോര്‍ഡ് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ നീക്കം ചെയ്തത്. പാര്‍ട്ടിയില്‍ നിന്നും എസ്.എന്‍.ഡി.പി യോഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടും സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പദവി ഉപേക്ഷിക്കാതിരുന്ന സുഭാഷ് വാസുവിന് എതിരെ വാണിജ്യമന്ത്രാലയം കൈക്കൊണ്ട നീക്കംചെയ്യല്‍ നടപടി അദ്ദേഹത്തിന് വരുത്തിവച്ചത് വലിയ നാണക്കേടാണ്.
യഥാര്‍ത്ഥ ബി.ഡി.ജെ.എസ് എന്നത് തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ളതാണെന്നും, അവര്‍ മാത്രമാണ് എന്‍.ഡി.എയില്‍ ഉള്ളതെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ നിലയില്ലാക്കയത്തിലായതിനു പിന്നാലെയാണ് ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ സുഭാഷ് വാസുവിന്റെ അറസ്റ്റിന് പോലീസ് ഒരുങ്ങുന്നത്. എസ്.എന്‍.ഡി.പി യോഗത്തിലോ ബി.ഡി.ജെ.എസിലോ പിടിയില്ലാതെയും, ബി.ജെ.പിയുടെ രക്ഷാകവചം ഇല്ലാതെയും സുഭാഷ് വാസു ഇനി എന്തു ചെയ്യുമെന്നതാണ് ചോദ്യം
23.71°C








