Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:15 pm
  • 11th April, 2021
  • Haze
31°C31°C
  • Humidity: 70 %
  • Wind: 4.63 km/h

Breaking News

  • മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്.
  •  ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരായ ലോകായുക്ത ഉത്തരവ് തിങ്കളാഴ്ച 
i2i News Trivandrum

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസത്തെ 'ജീവിതത്തിന്റെ വഴിത്തിരിവ്' എന്നാണ് മാതാപിതാക്കൾ കണക്കാക്കാറ്. ഈ  ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുള്ള വീടുകളിലെ അന്തരീക്ഷം കണ്ടതോടെ ഡോ. വിജയലക്ഷ്മി എന്ന വിദ്യാഭ്യാസശാസ്ത്രജ്ഞ  മനസ്സിലുറപ്പിച്ചു. "ഞാൻ ഒരു സ്‌കൂൾ തുടങ്ങിയാൽ അവിടെ കുട്ടികളിൽ അനാവശ്യമായ സ്ട്രെസ് അടിച്ചേൽപ്പിക്കുകയില്ല." കാരണം ആ വീടുകളിലെ ഒക്കെ അവസ്ഥ അത്ര ഭയാനകമായിരുന്നു. ഉറക്കെ മിണ്ടാനോ കളിക്കാനോ എന്തിന് സ്വസ്ഥമായി ശ്വസിക്കാനോ പോലും അനുവാദം ഇല്ലാതെ ആരുടെയൊക്കെയോ മത്സരങ്ങളുടെ ഇരകളായി തീരുകയായിരുന്നു ആ കുട്ടികൾ. സമ്പൂർണ്ണ വിദ്യാഭ്യാസത്തെക്കുറിച്ച് സമുന്നതവും സുന്ദരവുമായ സങ്കല്പങ്ങളുണ്ടായിരുന്ന ഡോ. വിജയലക്ഷ്മിയുടെ ഭാവനയിൽ അങ്ങനെയാണ് സന്ദീപനി സ്കൂൾ എന്ന ആശയം പിറക്കുന്നത്. ഇന്ത്യയിലെ തന്നെ  "സ്ട്രെസ് ഫ്രീ" വിദ്യാഭ്യാസശാഖയുടെ വക്താവായ ഡോ.വിജയലക്ഷ്മി തുടങ്ങിവെച്ച ഈ വിദ്യാഭ്യാസവിപ്ലവം ഇന്ന് ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന സമ്പൂർണ്ണവും സമഗ്രവുമായ വിദ്യാഭ്യാസ രീതിയാണ്. 
  സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണത്തിനായും തുല്യതയ്ക്കായും ജന്മം ഉഴിഞ്ഞുവെച്ച ഡോ .വിജയലക്ഷ്മിയുടെ ജീവിതം തന്നെ ഒരു തുറന്നപാഠപുസ്തകമാണ്. സ്ത്രീകളുടെ സവിശേഷ അധികാര അവകാശങ്ങൾക്കായി രൂപം കൊണ്ട അന്താരാഷ്ട്രസംഘടനയായ ഇന്റർനാഷണൽ അലൈയ്ൻസ്  ഓഫ് വിമെൻ അംഗം എന്നതിന്റെ  പ്രയോഗികപരിചയം ഈ അക്ഷരലക്ഷ്മി സ്വന്തമായി ഒരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയർത്തിയപ്പോൾ അതിൽ പ്രതിഫലിച്ചു. 
കുട്ടികൾക്ക് വേണ്ടത് അനാവശ്യ സ്‌ട്രെസ്സോ മത്സര ബുദ്ധിയോ ശകാരമോ അല്ലെന്ന തിരിച്ചറിവിലാണ് ഡോ. വിജയലക്ഷ്‍മി തന്റെ സന്ദീപനി സ്‌കൂളിൽ കുട്ടികൾക്ക് പരിപൂർണ്ണ സ്നേഹവും പരിചരണവും ഉറപ്പാക്കിയത്. അതിനായി തന്റെ സ്‌കൂളിൽ ഓരോ ക്ലാസിലും പരമാവധി കുറച്ച് കുട്ടികളെ പാടുള്ളൂവെന്ന്  ഉറപ്പുവരുത്തി. അയ്യായിരമോ ആറായിരമോ കുട്ടികൾ പഠിക്കുന്നു എന്നതല്ല സ്‌കൂളിന്റെ മേന്മയെന്നും, ഓരോ ക്ലാസിലും പരമാവധി  കുറച്ച്  കുട്ടികൾ മാത്രമുള്ള ഘട്ടത്തിലേ പരിപൂർണ്ണ ശ്രദ്ധ നൽകാനാവൂ എന്നും ഇവർ ഉറച്ച് വിശ്വസിക്കുന്നു. അധ്യാപകർക്ക് തന്റെ മുൻപിലിരിക്കുന്ന ഓരോ കുട്ടിയേയും കുറിച്ച് കൃത്യമായ ധാരണ വേണം. അവരെ സ്നേഹിക്കണം. സ്വന്തം തെറ്റുകൾ പറഞ്ഞ് ബോധ്യപ്പെടുത്തിയാണ്  അവരെ തിരുത്തേണ്ടത്, അല്ലാതെ തല്ലിയും ശകാരിച്ചുമല്ല  എന്നാണ് ഡോ.വിജയലക്ഷ്മി പറയുന്നത്. 
സ്ത്രീകളുടെ അന്താരാഷ്ട്രസെമിനാറുകളുമായി ബന്ധപ്പെട്ട് ഓരോ രാജ്യത്തെത്തുമ്പോഴും കുറച്ച് സമയം ആ രാജ്യത്തെ സ്‌കൂളുകളെയും അവിടുത്തെ അന്തരീക്ഷത്തെയും മനസിലാക്കാനായി വിജയലക്ഷ്മി മാറ്റിവെക്കാറുണ്ട്. ആ കാഴ്ചകളുടെയും അനുഭവങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമാണ് തിരുവനന്തപുരം  മ്യൂസിയത്തിന് സമീപമുള്ള ഡോ. വിജയലക്ഷ്മിയുടെ സന്ദീപനി സ്ട്രെസ് ഫ്രീ സ്‌കൂൾ.  തല്ലിപ്പഴുപ്പിച്ചാലേ കുട്ടികൾ നന്നാകൂ എന്ന മിഥ്യാധാരണയെയാണ് വിജയലക്ഷ്മിയുടെ സ്‌കൂൾ മാറ്റിമറിച്ചത്. 2004 ൽ പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂളിൽ പഠിച്ചിറങ്ങിയ എല്ലാ കുട്ടികളും പഠനത്തിലും ജീവിതത്തിലും ഒരേപോലെ മികവുപുലർത്തുന്നുവെന്ന് മാതാപിതാക്കൾ  സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജീവശാസ്ത്രം എന്ന് കേട്ടാൽ പാഠപുസ്തകത്തിലെ ചിത്രങ്ങളും പാഠങ്ങളും ആണ് എന്ന് മാത്രം മനസിലാക്കുന്ന ഒരു തലമുറയിൽ സ്‌കൂൾ വളപ്പിൽ ചെടികൾ നട്ടുനനച്ച് ഇലയുടെയും ചെടികളുടെയും ഘടന മനസിലാക്കിയാണ് സന്ദീപനിയിലെ കുട്ടികൾ വ്യത്യസ്തരാകുന്നത്. കുട്ടികൾക്ക് ആകെ തലവേദനയായി മാറുന്ന ഹോം വർക്ക് എന്ന പദാവലി തന്നെ തന്റെ സ്‌കൂളിൽ നിന്ന് എടുത്ത് കളഞ്ഞതായി ഇവർ പറയുന്നു. പകരം  വീട്ടിലെത്തിയാൽ ചില രസകരമായ കഥകളും കളികളും പ്രവർത്തനങ്ങളും ചെയ്തുവരാൻ മാത്രമേ ഈ സ്‌കൂളിലെ കുട്ടികളോട് അധ്യാപകർ പറയാറുള്ളൂ. 
കുട്ടികൾക്ക് നേരെ അതിക്രമങ്ങൾ പെരുകുന്ന ഈ നാട്ടിൽ സ്‌കൂളിന് ശേഷവും ഓരോ കുഞ്ഞിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ആഫ്റ്റർ സ്‌കൂൾ പദ്ധതിയ്ക്കും കൂടി തുടക്കമിടുകയാണ് കാലത്തിന് മുന്നിൽ തുറന്ന് പിടിച്ച കണ്ണുള്ള വിജയലക്ഷ്‍മി എന്ന അക്ഷരലക്ഷ്മി.

Readers Comment

Add a Comment