Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:07 pm
  • 24th October, 2021
  • Scattered Clouds
30.82°C30.82°C
  • Humidity: 59 %
  • Wind: 1.5 km/h

Breaking News

  • കുഞ്ഞിനെ ദത്ത് നൽകിയ സംഭവം   കൂടുതൽ ജീവനക്കാരുടെ മൊഴി എടുത്ത് ഉടൻ റിപ്പോർട്ട് നല്കാൻ ശ്രമം വഞ്ചിയൂർ കോടതിയുടെ നടപടികൾ നാളെ നിർണായകം.
  • ഇന്നും ശക്തമായ മഴ   5 ജില്ലകളിൽ യെല്ലോ അലർട്ട് സിപിഎം സിസി ഇന്നവസാനിപ്പിക്കും 

''നിങ്ങള്‍ എന്നെ കേള്‍ക്കുന്നു; ഞാന്‍ ആസ്വദിക്കുന്നത് മന്നാഡേയുടെ പാട്ടുകളാണ്''- മുഹമ്മദ് റാഫിയുടേതാണ്  വിഖ്യാതമായ ഇ വാക്കുകള്‍ . അനശ്വരഗായകൻ മന്നാഡെയുടെ ഓർമകൾക്ക് ഇന്ന് 8 വര്ഷം തികയുകയാണ് . പദ്മവിഭൂഷണും  ദേശീയ അവാര്‍ഡുകളുമടക്കം ഏഴ് പതിറ്റാണ്ടത്തെ സംഗീതജീവിതത്തില്‍നിന്ന് തനിക്കുലഭിച്ച ബഹുമതികളും പാരിതോഷികങ്ങളുമെല്ലാം റഫിയുടെ ഈ ഒരൊറ്റ വാചകത്തിനുവേണ്ടി കൈമാറാന്‍ ഒരുക്കമായിരുന്നു മന്നാദാ . ''ജീവിതം സാര്‍ഥകമായെന്ന് തോന്നിയ അമൂല്യനിമിഷങ്ങളില്‍ലൊന്ന്''- അപൂര്‍വമായ ആ അംഗീകാരത്തെക്കുറിച്ച് ഒരിക്കല്‍ മന്നാഡേ പറഞ്ഞു .

  പ്രഖ്യാതമായ ചെമ്മീനിലെ വിരഹഗാനത്തിലൂടെ  മലയാളികൾക്ക്  ആസ്വാദനത്തിന്റെ  പുത്തൻ വാതായനങ്ങൾ തുറന്നുകൊടുത്തു മന്നാഡെ .ഗായകൻ പി ജയചന്ദ്രൻ വിവരിച്ചുകേട്ട ഒരനുഭവമുണ്ട്. ചെന്നൈ ജെമിനി സ്റ്റുഡിയോയിൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ``നെല്ല്'' എന്ന സിനിമയ്ക്കായി 'ചെമ്പ ചെമ്പ 'എന്ന് തുടങ്ങുന്ന ഗാനത്തിന്റെ റെക്കോർഡിങ്ങിനായി എത്തിയായതായിരുന്നു ജയചന്ദ്രൻ .കൂടെ പാടുന്നത് സാക്ഷാൽ മന്നാഡെയും .പ്രിയഗായകനെ വണങ്ങി ജയചന്ദ്രൻ പറഞ്ഞു: ``മന്നാദാ, എന്റെ ജീവിതത്തിലെ അനർഘനിമിഷമാണിത്. ഒരാഗ്രഹമുണ്ട്.പൂഛൊ നാ കൈസേ' എന്ന ഗാനത്തിന്റെ തുടക്കത്തിലെ ഹമ്മിംഗ് അങ്ങയുടെ സ്വരത്തിൽ ഒന്ന് നേരിട്ട് കേൾക്കണം.മന്നാഡെ പാടി.ശാന്തമായി ഒഴുകുന്ന നദിയുടെ മാറിൽനിന്നു പൊടുന്നനെ ഒരു വെള്ളച്ചാട്ടം രൂപപ്പെട്ടതുപോലെ .സലിൽ ചൗധരി അടക്കും സർവരും വീർപ്പടക്കി നിൽക്കുന്നു.വിഷദമാധുര്യമായ ആഹിർഭൈരവ് രാഗത്തിന്റെ സഞ്ചാരപഥങ്ങളിലൂടെ ഒഴുകിയലയുകയായിരുന്നു ഞങ്ങൾ" ഭാവഗായകൻ വാചാലനായി .  

  അമ്മാവൻ കെ സി ഡേയാണ് മന്നാഡേയ്ക്ക് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പകർന്നു നൽകിയത്. അമ്മാവനെ കൂടാതെ ഉസ്താദ് അമന്‍അലി ഖാന്റെയും ഉസ്താദ് അബ്ദുള്‍ റഹ്മാന്‍ഖാന്റെയും ശിക്ഷണത്തില്‍ ഹിന്ദുസ്ഥാനി സംഗീതവും മന്നാഡേ അഭ്യസിച്ചിട്ടുണ്ട്. 1942-ല്‍ അമ്മാവന്റെ സംഗീതസംവിധാന സഹായിയായിട്ടായിരുന്നു തുടക്കം.1950-ല്‍ പുറത്തിറങ്ങിയ 'മശാലി'ലെ 'ഊപര്‍ ഗഗന്‍ വിശാല്‍' എന്ന എസ്.ഡി. ബര്‍മന്റെ ഗാനമായിരുന്നു മന്നാഡേയുടെ ആദ്യഹിറ്റ്. അതിനുശേഷം മന്നാഡേയുടെ യുഗമായിരുന്നു. ഹിന്ദിയിലെ അക്കാലത്തെ പ്രമുഖ ഗായികമാരുടെ കൂടെയെല്ലാം അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആശാ ഭോസ്‌ലേയ്ക്ക് ഒപ്പമാണ് മന്നാഡേ ഏറ്റവുംകൂടുതല്‍ യുഗ്മഗാനം പാടിയത്. 160 ഗാനങ്ങളാണ് ഇരുവരും ചേര്‍ന്ന് ജീവന്‍പകര്‍ന്നത്.

തന്റെ പ്രിയഗായകനായിരുന്ന റാഫിയോട്  ഒരിക്കല്‍ നീരസം തോന്നിയിരുന്നു മന്നാഡേക്ക്; സംഗീതജീവിതത്തിന്റെ തുടക്കത്തില്‍ . സിനിമയില്‍ ഭാഗ്യപരീക്ഷണത്തിനായി കൊല്‍ക്കത്തയില്‍നിന്ന് മുംബൈയില്‍ വന്നിറങ്ങിയിട്ട് ഏറെ നാളായിരുന്നില്ല അന്ന് മന്നാ. മനോഹരമായ ഒരു പ്രണയഗാനത്തിന്റെ ഈണം ഹാര്‍മോണിയം വായിച്ച് അനന്തരവനെ പാടി പഠിപ്പിക്കുകയായിരുന്നു അമ്മാവനും വിശ്രുത സംഗീതസംവിധായകനുമായ കൃഷ്ണചന്ദ്ര ഡേ. നല്ലൊരുഗാനം പാടാന്‍ കിട്ടിയതിന്റെ ആഹ്ലാദത്തില്‍ വരികളും ഈണവും മന്നാ ഹൃദയത്തിലേക്ക് ആവാഹിച്ചുകഴിഞ്ഞപ്പോള്‍, അമ്മാവന്‍ പറഞ്ഞു: 'പാട്ട് തയ്യാര്‍ . ഇനി ചെന്ന് റഫിയെ കൂട്ടിക്കൊണ്ടുവരൂ.''

ഒന്നും പിടികിട്ടിയില്ല മന്നാഡേക്ക്. താന്‍ പാടേണ്ട പാട്ടില്‍ റഫിക്ക് എന്തുകാര്യം? പൊട്ടിച്ചിരിച്ചുകൊണ്ട് കെ.സി.ഡേ പറഞ്ഞു: ''ഇല്ല മന്നാ . ഈ പാട്ട് നിനക്കുള്ളതല്ല. റഫിക്കേ ഇത് പാടാനാകൂ. റഫിക്ക് പാടിക്കൊടുക്കാന്‍വേണ്ടിയാണ് ഞാനിത് നിന്നെ പഠിപ്പിച്ചത്.'' മനസ്സില്‍ കെട്ടിപ്പൊക്കിയ സ്വപ്നങ്ങള്‍ മുഴുവന്‍ ഒരൊറ്റനിമിഷംകൊണ്ട് തകര്‍ന്നുവീഴുന്നത് മന്നാഡേ അറിഞ്ഞു. ''അതൊരു വലിയ പാഠമായിരുന്നു എനിക്ക്. നമുക്കുവിധിച്ച ഗാനങ്ങളേ നമുക്ക് ലഭിക്കൂ എന്ന തിരിച്ചറിവുനല്‍കിയ അനുഭവം . റഫി ആ ഗാനം പാടിക്കേട്ടപ്പോഴാണ്, എന്തുകൊണ്ട് അമ്മാവന്‍ അങ്ങനെയൊരു തീരുമാനമെടുത്തെന്ന് എനിക്ക് മനസ്സിലായത്.''

പില്‍ക്കാലത്ത് റഫിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിമാറി മന്നാഡേ . ബര്‍സാത് കി രാത്തിലെ 'ന തോ കാര്‍വാന്‍...', കല്പനയിലെ 'തൂ ഹി മേരാ പ്രേംദേവതാ...', പര്‍വരിഷിലെ 'ഓ മാമാ ഓ മാമാ...' ഇരുവരുംചേര്‍ന്ന് പാടി അനശ്വരമാക്കിയ യുഗ്മഗാനങ്ങള്‍ എത്രയെത്ര. റഫി മാത്രമല്ല, കിഷോര്‍കുമാറും മുകേഷും ഹേമന്ത്കുമാറും തലത്ത് മഹമൂദും എല്ലാം ചേര്‍ന്ന് ദീപ്തമാക്കിയ ഒരു കാലഘട്ടത്തിന്റെ അവസാനത്തെ പ്രതിനിധിയായിരുന്നു 94-ാം വയസ്സില്‍ അരങ്ങൊഴിഞ്ഞ പ്രബോധ് ചന്ദ്ര മന്നാ ഡേ. മേരി സൂറത്ത് തേരി മേരി ആംഖേം എന്ന ചിത്രത്തില്‍ ശൈലേന്ദ്ര എഴുതി സച്ചിന്‍ദേവ് ബര്‍മന്‍ ചിട്ടപ്പെടുത്തിയ ഹൃദയസ്പര്‍ശിയായ ആ ഗാനത്തിന്റെ വരികള്‍ വീണ്ടും മനസ്സില്‍ മുഴങ്ങുന്നു: 'പൂഛോ നാ കൈസേ മേനേ രേ ബിദായീ, ശബ്ദത്തില്‍ ഒരു നേര്‍ത്ത ഗദ്ഗദം ഒളിപ്പിച്ചുകൊണ്ട് മന്നാഡേ പാടി അനശ്വരമാക്കിയ ഗാനം .

അരനൂറ്റാണ്ടുമുമ്പ് ആ ഗാനം പാടി റെക്കോഡ് ചെയ്യുമ്പോള്‍ അത് ഇത്രത്തോളം ജനപ്രിയമാകുമെന്നോ കാലത്തെ അതിജീവിക്കുമെന്നോ കരുതിയിരുന്നില്ല മന്നാഡേ . ഒരു ബംഗാളി നസ്രുല്‍ഗീത് അടിസ്ഥാനമാക്കി എസ്.ഡി . ബര്‍മന്‍ ആഹിര്‍ഭൈരവി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഗാനം . ജുഹുവിലെ മന്നാഡേയുടെ വസതിയായ 'ആനന്ദി'ന്റെ തീന്‍മുറിയിലെ തണുത്തുറഞ്ഞ നിലത്തിരുന്ന് ഒരു രാത്രിമുഴുവന്‍ ഹാര്‍മോണിയം വായിച്ച് സച്ചിന്‍ ദാ പാടി പഠിപ്പിച്ച ആ പാട്ട് പിറ്റേന്ന് റെക്കോഡ്‌ചെയ്ത കഥ മന്നാഡേ തന്റെ ഓര്‍മക്കുറിപ്പുകളില്‍ വിവരിച്ചിട്ടുണ്ട്

അര്‍ധശാസ്ത്രീയഗാനങ്ങളും പ്രണയ യുഗ്മഗാനങ്ങളും ഖവാലികളും ഹാസ്യഗാനങ്ങളുംതൊട്ട് ചടുലമായ റോക്ക് ഗാനങ്ങള്‍വരെ ഘനഗംഭീരമായ ആ ശബ്ദത്തിന് എളുപ്പം വഴങ്ങി. ഉപകാർ എന്ന ചിത്രത്തിലെ  കസ്‌മേ വാദേ പ്യാര്‍ വഫാ, മേരെ ഹുസ്സൂറിലെ  ഝനക് ഝനക്,ആനന്ദിലെ  സിന്ദഗി കൈസി ഹേ,ഷോലെയിലെ യെ ദോസ്തി എന്നിങ്ങനെ നീളുന്ന ഗാനസപര്യ ആരെയും ഉൾപുളകിതരാക്കും . ഒടുവിൽ  മലയാളികള്‍ക്ക് എക്കാലവും ഓർത്തിരിക്കാൻ  ആ വിരഹഗാനം: 'മാനസ മൈനേ വരൂ...' ചെമ്മീനിലെ ആ ഗാനം മന്നാഡേ സമര്‍പ്പിച്ചിരിക്കുന്നത് സ്വന്തം മാനസമൈനയ്ക്കുതന്നെ-മലയാളിയായ ഭാര്യ സുലോചനയ്ക്ക് .

ഭാര്യ സുലോചനയുടെ  ഇടപെടല്‍ ഇല്ലായിരുന്നുവെങ്കിൽ  തന്റെ ശബ്ദം മലയാളികൾ കേൾക്കില്ലായിരുന്നു  എന്ന് മന്നാഡേ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് . സലില്‍ ചൗധരിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മനസ്സില്ലാ മനസ്സോടെ മലയാളത്തില്‍ പാടാന്‍ അദ്ദേഹം സമ്മതിച്ചത് . ''അത്ര എളുപ്പം വഴങ്ങുന്ന ഭാഷയായിരുന്നില്ല മലയാളം . ആദ്യ റിഹേഴ്‌സല്‍ കഴിഞ്ഞശേഷം വീട്ടില്‍വന്ന് ഞാന്‍ പാട്ട് സുലുവിനെ പാടിക്കേള്‍പ്പിച്ചു . എന്റെ ഉച്ചാരണത്തിന്റെ മേന്മ കൊണ്ടാവണം, കേട്ടിരുന്ന മക്കള്‍ രണ്ടുപേര്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല .അവര്‍ക്കറിയാവുന്ന മലയാളം വേറെയാണല്ലോ. ആ നിമിഷം ഞാന്‍ തീരുമാനിച്ചു, ഈ പാട്ട് എനിക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന്. ഗായകന്‍ എന്ന നിലയില്‍ ബുദ്ധിമുട്ടി സമ്പാദിച്ച സല്‍പേര് മുഴുവന്‍ ഒരൊറ്റ മലയാളം പാട്ടുകൊണ്ട് കളഞ്ഞുകുളിക്കേണ്ടതില്ലല്ലോ''- 'മെമ്മറീസ് കം എലൈവ്' എന്ന ആത്മ കഥയില്‍ മന്നാഡേ എഴുതുന്നു .

എന്നാൽ  മന്നാഡേയെ ഭാഷപഠിപ്പിക്കുന്ന ദൗത്യം സന്തോഷപൂര്‍വം ഏറ്റെടുത്തു ഭാര്യ സുലോചന.ദിവസങ്ങൾ  നീണ്ട തീവ്രപരിശീലനത്തിനുശേഷം, ആത്മവിശ്വാസത്തോടെ മൈക്കിനുമുന്നില്‍ തിരിച്ചെത്തിയ മന്നാഡേ, ആ ഗാനത്തിന് ഹൃദയം പകര്‍ന്നുനല്‍കിയതും മലയാള സിനിമാസംഗീതത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി അത് മാറിയതും പില്‍ക്കാല ചരിത്രം.                                                                    

 'ബസന്ത് ബഹാര്‍' എന്ന ചിത്രത്തിലെ വിഖ്യാതമായ ആ ജുഗല്‍ബന്ദി  സാക്ഷാല്‍ ഭീംസന്‍ ജോഷിക്കൊപ്പം പാടി റെക്കോഡ്‌ചെയ്യാന്‍ മന്നാദായ്ക്ക് 'ആത്മധൈര്യം' പകര്‍ന്നതും ഭാര്യതന്നെ. ''എന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തുണയായി, തണലായി അവൾ  ഉണ്ടായിരുന്നു . അവളുടെ വേർപാടോടെ  എല്ലാ അര്‍ഥത്തിലും ഞാന്‍ തനിച്ചായി. ഇനി ആര്‍ക്കുവേണ്ടി പാടണമെന്നുപോലും തോന്നിത്തുടങ്ങിയ ഘട്ടം''- അവസാനമായി നല്‍കിയ അഭിമുഖങ്ങളിലൊന്നില്‍ വികാരവായ്‌പ്പോടെ മന്നാഡേ പറഞ്ഞു.

ഗ്രൂപ്പുകളും ക്ലിക്കുകളും നിറഞ്ഞ ഹിന്ദി സിനിമാസംഗീതലോകത്ത് സ്വന്തം ശബ്ദം വേറിട്ടുകേള്‍പ്പിക്കുക എളുപ്പമായിരുന്നില്ല മന്നാഡേക്ക് . സൂപ്പര്‍ നായകന്മാര്‍ ഓരോരുത്തര്‍ക്കും പ്രിയശബ്ദങ്ങള്‍ ഉണ്ടായിരുന്ന കാലം. ഷമ്മി കപൂറിന് റഫി, രാജ് കപൂറിന് മുകേഷ്, ദിലീപിന് തലത്ത് , മനോജ് കുമാറിന് മഹേന്ദ്രകപൂര്‍, ദേവ്ആനന്ദിനും രാജേഷ് ഖന്നയ്ക്കും കിഷോര്‍ കുമാര്‍ ഇങ്ങനെയൊക്കെയായിരുന്നു സമവാക്യങ്ങള്‍ . ഈ സൂപ്പര്‍ഹിറ്റ് ബോക്‌സ് ഓഫീസ് കൂട്ടുകെട്ടുകള്‍ക്കിടയിലും തനിക്കുമാത്രം പാടി ഫലിപ്പിക്കാന്‍ കഴിയുന്ന ഗാനങ്ങളുമായി മന്നാഡേ തലയുയര്‍ത്തിനിന്നത് താരപ്രഭാവത്തിന്റെ തിളക്കംകൊണ്ടായിരുന്നില്ല; പ്രതിഭകൊണ്ട് മാത്രമായിരുന്നു. ''വേദനകളും അപമാനവും അവഗണനയും എല്ലാമുണ്ട് എന്റെ സംഗീത ജീവിതത്തിന്റെ ബാലന്‍സ്ഷീറ്റില്‍. ചില ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസ്സ് അറിയാതെ വിതുമ്പും. എനിക്ക് മാത്രം അറിയാവുന്ന വേദനയുടെ കഥകളുണ്ട് അവയ്ക്ക് പിന്നില്‍''.  അവസാനമായി മന്നാഡെയുടെ ശബ്ദത്തിലൂടെ പുറത്തുവന്നത്  നാനാ പടേക്കറിന്റെ ‘പ്രഹർ’ എന്ന ചിത്രത്തിലെ ഗാനമാണ് . സംഗീതരംഗത്തെ അതുല്യസംഭാവനകൾ പരിഗണിച്ചു ഭാരത സർക്കാർ മന്നാഡെയ്ക്കു പദ്മവിഭൂഷൺ നൽകി ആദരിച്ചു .  
         ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ ക്ഷീണിതമായ വിരലുകളോടിച്ച് മന്നാഡേ പാടിക്കൊണ്ടേയിരിക്കുന്നുണ്ടാവും ഇപ്പോഴും-മലയാളികളുടെ മനസ്സിൽ മധുരം നുള്ളിയ ആ മാനസമൈന......